Sunday, April 1, 2012

സത്യായിട്ടും ഒള്ളതാ.. നൊണേല്ല..

ഇന്ന് നേരം വെളുത്തെണീറ്റപ്പം ഞാൻ ഒരു കൊച്ച് പയ്യനാരുന്നു! ഒരു അന്തോം കുന്തോം ഇല്ലാത്ത പയ്യൻ.. എനിക്കിന്ന് ഒരു നേരം പോക്കും ഇല്ല. ആരുടെ മെക്കെട്ട് കേറണമെന്നറിയില്ല. ഞാൻ തീരുമാനിച്ചു. മൊത്തം കീഴ്മേൽ മറിയ്ക്കാം!


ഞാനൊരു ലോകഭൂപടം എടുത്തു....! നിറയെ വരയും കുറിയുമുള്ള  വൃത്തിയും വെടിപ്പുമില്ലാത്ത ഭൂപടം എനിക്ക് പണ്ടേ ഇഷ്ടല്ല.  ആ കുറുവരകൾക്ക് അവർ അതിർത്തികൾ എന്ന് പേരിട്ടിരിക്കുന്നു! അവക്കിടയിലുള്ള മണ്ണിനെ അവർ രാജ്യം എന്ന് വിളിക്കുന്നു! അതിർത്തികൾ.. അവ ലോകത്തെ  മലീമസമാക്കി.. പിച്ചിയെറിഞ്ഞ ലില്ലി പൂ പോലെ!


ഈ അതിർവരകൾ, അപ്പുറത്തുള്ള മനുഷ്യനെ വിദേശി എന്നും അലിയൻ എനിമി എന്നും വിളിപ്പിച്ചു. വെറും വാരകളുടെ അകലത്തിൽ ആയിരുന്നിട്ടും അവർ ഒരിക്കലും അയൽക്കാർ എന്ന് വിളിക്കപ്പെട്ടില്ല. പരസ്പരം നോക്കി ചിരിക്കാൻ പോലും പരിമിതികൾ ഉള്ള അന്യദേശക്കാർ ആയിരുന്നു.അതിർത്തികൾ ഒന്നും പരസ്പരം പങ്കു വക്കാൻ അനുവദിച്ചില്ല. അവിടെ എല്ലാം  നിറയെ നിയമങ്ങളും ചട്ടങ്ങളുമായിരുന്നു. ഒരു കാലെടുത്ത് വച്ചാൽ അതിക്രമിച്ച് കടക്കൽ ആയിരുന്നു!


അതിർത്തികൾ! അവ എപ്പോഴും അലറിക്കൊണ്ടിരുന്നു, " മനുഷ്യൻ അല്ല ഞങ്ങൾ ആണ് ഉൽകൃഷ്ടര്‍!" അതെ വ്യക്തി അല്ല അതിരുകൾ ആയിരുന്നു വലിയവ; അവയുടെ ഗർജ്ജനത്തിൽ മനുഷ്യൻ ഒരിക്കലും വിലമതിക്കപ്പെട്ടില്ല! ആ അതിരുകൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചതും!! അതെ അവ തന്നെ ഉത്കൃഷ്ടം!!


അയ്യോ.. ഇതെത്ര കഠിനമാണ്! ഞാൻ ഒരു നല്ല റബ്ബർ കയ്യിലെടുത്തു! എന്നിട്ട് വരകൾ ഓരോന്നായ്  മായ്ച്ചു. വളഞ്ഞ് പുളഞ്ഞ് പോകുന്ന കട്ടിയേറിയ വരകൾ! ചോര വീണ് കറപിടിച്ച് അവ മായ്ചാൽ പോകാത്ത വിധം കഠിനമായിരിക്കുന്നു.

മായ്ച്ചു. മുഴുവൻ മായ്ച്ചു!

ആഹാ! ഈ ഭൂപടം ഇപ്പോൾ എത്ര സുന്ദരമാണ്! ലോകത്തിന്റെ മുഖം അഴുക്കില്ലാത്തതായിരിക്കുന്നു. ഇപ്പോൾ നോക്കൂ.., അകെ ഒരേ ഒരു അതിർവരമ്പ് മാത്രം! കരയും വെള്ളവും തമ്മിലുള്ള അതിർ വരമ്പ്! അവ തമ്മിലോ പ്രണയവിജയിതരായ കാമുകികാമുകന്മാരുടെ ആദ്യ രാത്രി പോലെ, ആർദ്രമായ് പരസ്പരം ആലിംഗനം ചെയ്തുകൊണ്ടേ ഇരിക്കുന്നു! അവക്കു ശത്രുതയില്ല. അവ പരസ്പരം ചുംബിക്കുന്നു... വാരി പുണരുന്നു! പരസ്പരം പങ്ക് വക്കുന്നു!


ഇപ്പോൾ ലോകത്തിൽ ആകെ സൌന്ദര്യം മാത്രമേ ഉള്ളൂ! തടാകങ്ങളുടെ നീലിമ താഴ്വാരങ്ങളുടെ ഹരിതാഭ..പർവ്വതങ്ങളുടെ തലയെടുപ്പ്! അഴകുള്ള ഒരു ഭൂപടം. സുന്ദരമായ ഒരു ഭൂപടം. പുഞ്ചിരിക്കുന്ന പ്രകൃതി പോലെ ഒരു ഭൂപടം!!


പക്ഷേ അങ്ങകലെ ലക്ഷ്യം നഷ്ടപ്പെട്ടവരെ പോലെ, കണ്ണടച്ച് തുറക്കുമ്പോൾ കളം നഷ്ടപ്പെട്ട കളിക്കാരെ പോലെ കുറേ പേർ!

ഓഹ്! പട്ടാളക്കാർ!

 എല്ലാ അതിർവരകളിലും തടിച്ച് കൂടി തമ്പടിച്ച് കുടി കിടന്നിരുന്ന പട്ടാളക്കാർ! അവർക്കിന്ന് ജോലി നഷ്ടപ്പെട്ടിരിക്കുന്നു!! അവരെ ഞാൻ ഇനി എന്ത് ചെയ്യും!! പക്ഷേ അവർ ഇന്ന് വരെ ആ വരകൾ മാത്രമേ കണ്ടിരുന്നുള്ളൂ! അവർ ഒരിക്കലും സൌന്ദര്യം കണ്ടിരുന്നില്ല. വർണ്ണങ്ങൾ കണ്ടിരുന്നില്ല. കാരണം അവർ ഒരിക്കലും തിരിഞ്ഞ് നോക്കിയിരുന്നില്ല.., നോക്കാനായിരുന്നില്ല!


സ്നേഹം സങ്കല്പങ്ങളിൽ വരച്ച ചിത്രങ്ങൾ മാത്രമായിരുന്നു അവർക്ക്. ജാഗ്രത അയയാതെ സങ്കല്പങ്ങൾ നെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ! അവർ കണ്ടത് ശത്രുക്കളെ മാത്രമായിരുന്നു. സ്വന്തം അമ്മയെ സഹോദരനെ സംരക്ഷിക്കാൻ ആ വരകൾക്ക് അപ്പുറത്തുള്ള ശത്രുവിനെ നിരീക്ഷിച്ച് പടപൊരുതി വകവരുത്തി വിജയം മാത്രം ലക്ഷ്യമിട്ടവർ!! കമ്പിവേലികളും, വന്മതിലുകളും, പൊടി പടലവും, മണ്ണും, കല്ലും, മലയും എല്ലാം കൂടി കട്ടകുത്തിയ തവിട്ട് നിറമുള്ള ജീവിതം. ഇല്ല ജീവിച്ചില്ല അവർ ജീവിപ്പിക്കാൻ വേണ്ടി അവർ ജീവിച്ചില്ല!


ഞാൻ അവരെ വിളിച്ചു. അവരോട് തിരിഞ്ഞ് നോക്കാൻ ആവശ്യപ്പെട്ടു! കാരണം ഇനി നിങ്ങൾക്ക് ബാക്കി അതിർ വരമ്പുകൾ ഇല്ല. നിന്റെ മുഖത്തിന് എതിരെ നിൽക്കുന്നവനിൽ നിന്റെ ശത്രുവുമില്ല. തിരിഞ്ഞ് നോക്കുക. അവർ അത്ഭുതപ്പെട്ടു! ഇന്ന് വരെ ഭൂമിയുടെ സൌന്ദര്യം അവർ കണ്ടിരുന്നില്ല! ആസ്വദിച്ചിരുന്നില്ല! അവർക്ക് ഭൂമി വെറും ആ വരകുറികൾ മാത്രമായിരുന്നു! തടാകങ്ങൾ അവർക്ക് വെറും കടമ്പകൾ മാത്രമായിരുന്നു. മലനിരകൾ അവർക്ക് വെറും സഹായികൾ മാത്രമായിരുന്നു!!


മുന്നോട്ട് നോക്കിയ അവർ പിന്നെയും അത്ഭുതപ്പെട്ടു!! മുന്നിൽ ഇപ്പോൾ ശത്രുക്കളില്ല. പുഞ്ചിരിക്കുന്ന അയൽക്കാർ മാത്രം!! ആലിംഗനത്തിനായ് ആയുധങ്ങൾ എറിഞ്ഞ് അവർ കൈ വിരിച്ച് നിൽക്കുന്നു!! തിളക്കുന്ന അവരുടെ ഊർജ്ജം മുഴുവൻ നിരാശ്രിതർക്ക് വേണ്ടി അവർ ചിലവഴിച്ചു. നന്മക്ക് വേണ്ടി ചിലവഴിച്ചു! മരിച്ച് മടുത്ത യുദ്ധങ്ങളിതാ സ്വയം പിൻവാങ്ങിയിരിക്കുന്നു! ആയുധങ്ങൾ ഉലയിലടിച്ച് അവർ കലപ്പകൾ തീർത്തു!! ആണവായുധങ്ങളും വിഷവാതകങ്ങളും വെടിമരുന്നുമെല്ലാം നിർവീര്യമാക്കി! എന്തിനാ ഇനി അതൊക്കെ!!


പേറ്റന്റുകൾ അവകാശ രേഖകൾ ആധാര പത്രങ്ങൾ എല്ലാം റദ്ദാക്കി! കറൻസികൾ നിർത്തലാക്കി!   കറൻസികളും ആധാരപത്രങ്ങളും അരച്ച് കലക്കി പൾപ്പ് ആക്കി വർണ്ണക്കടലാസുകളും വെള്ള കടലാസുകളും തീർത്തു. അവയിൽ കുഞ്ഞുങ്ങൾ പുതിയ ലോകത്തിന്റെ ചിത്രങ്ങൾ പകർത്തി! ആ ചിത്രങ്ങൾ എല്ലാം നിഷ്കളങ്കമായിരുന്നു! പീനൽ നിയമങ്ങൾ റദ്ദാക്കി. കൊലപാതകികൾ ജോലിനിർത്തി.. കാരണം അവരാരും നരഭോജികൾ ആയിരുന്നില്ല!! മോക്ഷണവും കൊള്ളയടിയും എന്നൊന്നും തിന്മകളേ ഇല്ല! എല്ലാ റെഫ്രിജറേറ്ററുകളും വലിച്ചെറിഞ്ഞു. പത്തായപുരകൾ പൊളിച്ച് ഭവനങ്ങൾ പണിതു. അതിരുകളില്ലാത്ത ഭൂമിയിലെ ഭവനങ്ങൾ!


ചാരിറ്റബിൾ പ്രസ്ഥാനങ്ങൾ എല്ലാം നിർത്തലാക്കി. കാരണം, ചാരിറ്റി ഇനി ഒരു പ്രസ്ഥാനമേ അല്ല!! പഴയ ബാർട്ടർ സമ്പ്രദായം തിരിച്ച് വന്നു. ഒരുവനും നാളേക്ക് എടുത്ത് വച്ചില്ല. വിശപ്പിന്റെ നിലവിളികൾ അതിർവരമ്പുകൾ ഇല്ലാത്ത ഭൂമിയിൽ ദിക്കുകൾക്കപ്പുറം എളുപ്പം എത്തുമായിരുന്നു. അതുകൊണ്ട് ആരും ഒന്നും ബാക്കി വച്ചില്ല. ആരും പട്ടിണികിടന്നില്ല!


ആരും ആത്മഹത്യ ചെയ്തില്ല. ജീവിച്ച് ശാന്തിയടഞ്ഞവർ ഒരു പത്ര പരസ്യം നൽകി; “ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലാത്ത ഒരു ജീവിതം ഉണ്ട്. ആർക്കെങ്കിലും ഉപകാരപ്രദമാവുമെങ്കിൽ ബന്ധപ്പെടുക!!”


അയ്യേ ഏപ്രിൽ ഫൂൾ!!! ഒരുപാട് ബുദ്ധി ഉള്ളോണ്ട് ഈ ഏപ്രിൽ ഫൂളിന് നമ്മ സ്വയം വിഡ്ഡിയാവാൻ തീരുമനിച്ചു! ഇത് ഏപ്രിൽ ഒന്നിന്റെ അവസാന യാമം! 11.55 PM!!

19 comments:

നിഷ്കളങ്കരായ വിഡ്ഡികൾക്ക് മാത്രം വായിക്കാൻ...

ഹോ.. ഞാന്‍ വിചാരിച്ചു ഈ പഹയന് ഇതെന്തു പട്ടി എന്ന്...

ഞാനൊരു പാവം(?) നിഷ്ക്കളങ്കനായ വിഡ്ഢി, അത് കൊണ്ട് വായിച്ചു.
പക്ഷെ ഞാനീ കീ ബോർഡ് മടക്കി തൊഴുത് അഭിനന്ദിക്കുന്നു, ഈ എഴുത്തിനെ, ചിന്തയെ, എല്ലാം. എങ്ങനെ ഇങ്ങനേയൊരു ചിന്തയെ വളർത്തിയെടുത്ത് എഴുതാൻ കഴിയുന്നു. ഞാൻ സ്വല്പം അസൂയപ്പെടട്ടെ. നന്നായിരിക്കുന്നു. ലോകമേ തറവാട് എന്ന സങ്കൽപ്പത്തിന് നല്ല ആശംസകൾ.

ഓരോരോ സ്വപ്നങ്ങളേ...............!
എന്തായാലും കൊള്ളാം.........! ഇഷ്ടപ്പെട്ടു.

“ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലാത്ത ഒരു ജീവിതം ഉണ്ട്. ആർക്കെങ്കിലും ഉപകാരപ്രദമാവുമെങ്കിൽ ബന്ധപ്പെടുക!!” ഉണ്ടുവേയ്‌! ഇഷ്ട്ടായി!!

സുന്ദരമായ ഒരു സ്വപ്നം

എത്ര സുന്ദരമായ... നടക്കാത്ത... സ്വപ്നം...!
എന്നാലും എഴുത്ത് നന്നായി, ആശയങ്ങള്‍

നന്ദി എല്ലാർക്കും.. വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..

അതിരുകള്‍ മനുഷ്യ മനസില്‍ അല്ലെ ....ഭൂമിയില്‍ ഉണ്ടോ ....ണ്ടോ ...??

മനുഷ്യന്‍ തീരത്ത അതിര്‍ വരമ്പുകള്‍ ആണെല്ലാം..അത് മായ്ക്കാന്‍ ആര്‍ക്കുമാവില്ല അത്രയ്ക്ക് ആഴത്തില്‍ വേരൂന്നിയിരിക്കുന്നു

അതെ.. അത് കൊണ്ടാണല്ലോ ഏപ്രിൽ ഫൂൾ ഉണ്ടായതും.. ഇമ്മാതിരി വിവരക്കേടൊക്കെ വിളിച്ച് പറയാൻ അവസരം ലഭിക്കുന്നതും! യഥാർത്ഥ്യങ്ങളിൽ ഇതൊന്നും ഒരിക്കലും ഇല്ല. അതിർവരമ്പുകൾ കടുപ്പമേറിയതാണ്. മനുഷ്യനേക്കാൾ ഉൽക്രിഷ്ഠമായതും!

അവസ്സാനം കാറ്റടിച്ചപ്പഴാണു കാര്യം മനസ്സിലായതു..

പക്ഷേ നല്ല ചിന്ത... ചെറുപ്പത്തിലെ എന്‍-റ്റെ ഒരു ആഗ്രഹമായിരുന്നു.... ഇന്ത്യന്‍ പ്രധാനമന്ത്രിയായി, പാക്കിസ്ഥാനും ബംഗ്ലാദേശും അതിര്‍ത്തികള്‍ പൊളിച്ച് കളഞ്ഞ് പഴേ ഭാരതം തിരികെ കൊണ്ട് വരണമെന്ന്...

ഇത് പക്ഷെ വിഡ്ഢിത്തം അല്ലല്ലോ ..വളരെ ഉയര്‍ന്ന ഒരു ചിന്തയാണല്ലോ,നന്നായി ..

സത്യായിട്ടും...

നല്ല ചിന്തകള്‍. മുന്നോട്ട് തന്നെ പോകട്ടെ.

കൊള്ളാം വളരെ നന്നായിട്ടുണ്ട്

Athirthikal maayatte... Samaadhanakkodi paaratte... Nanmayude Vella velicham parakkatte... Souhrudhangal perukatte.... Bhoopadam sundaramaakatte... Othiri nalla ezhuthaanutto. Great writing with wonderful thoughts...

pleasure to see still somebody is coming here.. thank you

Post a Comment