Wednesday, September 21, 2011

പ്രൊഡ്യൂസ്ഡ് ബൈ ദൈവം ബ്രദേഴ്സ് പി. ലിമിറ്റഡ്



നിങ്ങളുടെ വാദം എന്താണ്... ദൈവം ഇല്ല എന്നാണൊ? എങ്കിൽ പിന്നെ ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി...എങ്ങനെ പരിപാലിക്കപ്പെടുന്നു.. അപ്പോൾ അതിനു പിറകിൽ ഒരു ശക്തി ഉണ്ട്.. അത് ദൈവം അല്ലെ?!!


ആയിക്കോട്ടെ..! അല്ല അപ്പൊ ഒരു സംശയം...എന്തിനാ ഈ ‘ഒരു’ ശക്തി? രണ്ട് ആയികൂടെ? 100 ആയികൂടെ? 1000 ആയികൂടെ??


ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ദൈവങ്ങളുടെ ഒരു കൺസോർഷ്യം ആണ് പ്രപഞ്ചം ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ?? ദൈവം ഏകൻ ആയിരിക്കണമെന്നും.. ഒറ്റക്കിരുന്ന് ആ പാവം ബോറടിക്കണമെന്നും പറയണെന്തിനാ..! എന്താ ദൈവങ്ങൾക്ക് കൺസോർഷ്യം പറ്റില്ലാന്നാണോ..? വെറും കൂതറകളായ മനുഷ്യർ ഒന്നിച്ച് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഒരേ ലക്ഷ്യത്തോടെ നടത്തി വൻ ലാഭം ഉണ്ടാക്കുന്നില്ലേ! എന്നാ പിന്നെ ദൈവങ്ങൾക്ക് എന്തേ ആയിക്കൂടെ? ഇനി ഏതെങ്കിലും ഇത്തരത്തിൽ ഉള്ള കമ്പനി അത് പതിനായിരക്കണക്കിന് ആളുകൾ കൂടി ഒന്നിച്ച് നടത്തണ കമ്പനിയാ..അവരും ആയിട്ടുള്ള ഇടപാട് ശെരി ആവൂല്ലാ എന്ന് കരുതി ആരെങ്കിലും ആ വഴിക്ക് പോവാതിരിക്കണുണ്ടോ! കമ്പനിയെ നമ്മൾ കമ്പനി ആയാണ് കാണുന്നത്...അല്ലാതെ പതിനായിരക്കണക്കിന് പേരുടെ ഒരു കൂട്ടം ആയിട്ടല്ല.. അത് പോലെ അനേകം ദൈവങ്ങൾ ഒരൊറ്റ ശക്തി!.. അങ്ങനെ വരുവോ??

എന്തായാലും ഒരു വിശ്വാസം ആണ്...സ്വപ്നം കാണുമ്പം കുന്നോളം കാണണം എന്ന് പറയും... അപ്പറഞ്ഞ മാതിരി എന്തായാലും വിശ്വാസം അല്ലേ.. എന്നാ പിന്നെ എന്തിനാ ഒന്നിൽ ഒതുക്കണേ... ധാരാളം ആയിട്ടങ്ങ് വിശ്വസിച്ചൂടെ...!

ഇനി നമ്മുടെ സ്വന്തം ദുരനുഭവത്തിലോട്ട് വരാം! (എന്റെ സ്വന്തം)


ജനിച്ചിട്ട് കണ്മുന്നിൽ 3 മതങ്ങൾ ഞാൻ കണ്ടു..(മൂന്നേ കണ്ടുള്ളു... ദൈവം കാത്ത്!)


ആദ്യം ഉണ്ടായ മതം.. നമ്മുടെ മെയ്ഡ് ഇൻ ഇന്ത്യ മതം! എന്താ പ്രത്യേകത...! തൊട്ടതും പിടിച്ചതും വന്നതും പോയതും ഒക്കെ ദൈവം ആണ്! മൂന്ന് പേർ ഏറ്റവും മേലെ.. പിന്നെ അതിലൊരാൾ ഇടയ്ക്കിടയ്ക്ക് എടുത്ത അവതാരങ്ങൾ.. പിന്നെ ദേവ രാ‍ജാവും ദേവഗണങ്ങളും... പിന്നെ കാറ്റ് കടൽ സൂര്യൻ ഭൂമി, പുഴ, നദി, ചന്ദ്രൻ വാഹനങ്ങളായ ആന മയിൽ ഒട്ടകം എലി പുലി പോത്ത് കാള പശു.. അങ്ങനെ അങ്ങനെ അങ്ങനെ!

പിന്നേം ഉണ്ട് പ്രത്യേകതകൾ... ദൈവം ആണാണോ പെണ്ണാണോ എന്ന കൺഫ്യൂഷനും വേണ്ട.. ആണും ഉണ്ട് പെണ്ണും ഉണ്ട്... സൃഷ്ടിക്കൽ അല്ലാതെ സ്വന്തം ആയി പിള്ളാരുണ്ടാകുവോ ദൈവത്തിനു (Potency) എന്ന ചോദ്യവും വേണ്ട.. അവർക്കൊക്കെ ഇഷ്ടം പോലെ മക്കളും! അങ്ങനെ അവരെല്ലാരും കൂടി മിണ്ടീം പറഞ്ഞും സ്നേഹിച്ചും കോപിച്ചും ഒക്കെ കഴിഞ്ഞ് പോണ്!

രണ്ടാമത്തെ മതം പറഞ്ഞു..ദൈവം ഒരു കൊട്ടക്ക് ഒന്നും ഇല്ല... ഒന്നേ ഉള്ളു...പക്ഷെ അതിൽ തന്നെ മൂന്ന് പേരുണ്ട്... ദൈവത്തിന് ഭാര്യേം കുടുംബോം ഒന്നൂല്ല.. പക്ഷെ മോൻ ഒരെണ്ണം ഉണ്ട്... കക്ഷീനെ ലോകത്തേയ്ക്ക് അയക്കേം ചെയ്തിന്!

മൂന്നാമതൊരു മതം വന്ന് പറഞ്ഞു... ദൈവം ഒന്നേ ഉള്ളൂ... ഒന്നിന്റുള്ളിൽ മൂന്നൊന്നൂല്ല.. ഭാര്യേം ഇല്ല.. മക്കളുണ്ടാവേം ഇല്ല! ലോകത്തിലേക്ക് സ്വന്തം ആയി വരുവേം ഇല്ല... കൂടിയാൽ ഒരു പ്രവാചകൻ... അതുമല്ലേൽ ഒരു മാലാഖ! മനുഷ്യന്റെ നേരെ വരത്തേ ഇല്ല കക്ഷി!

സത്യത്തിൽ ഓർക്കുമ്പോൾ സങ്കടം ഉണ്ട്... മതങ്ങൾ ഉണ്ടാകും തോറും ദൈവത്തിന്റെ റേഞ്ച് കുറഞ്ഞ് കുറഞ്ഞ് വരണ്! ആ‍ദ്യം ഭാര്യേം മക്കളും ധാരാളം കൂട്ടുകാരും എല്ലാം ഉണ്ടാരുന്ന്.. മനുഷ്യരുമായിട്ട് നല്ല ടേംസ് ഒക്കെ ആരുന്ന്.. തോന്നുമ്മെ ഒക്കെ മനുഷ്യരുടെ ഇടയിൽ പ്രത്യക്ഷപെടുമാരുന്ന്... പിന്നെ അതൊക്കെ പോയ് അപ്പനും മോനും അത്മാവും മാത്രായ്.. അപ്പൻ വന്നില്ലേലും മോൻ വന്ന്... പിന്നെ അതെല്ലാം പോയ് ഒറ്റപെട്ട് ആരോരും ഇല്ലാത്തോനായ്.. കാശ് കടം തന്നവനെ കണ്ട പോലെ മനുഷ്യന്റെ മുന്നിൽ പോലും വരാ‍തെ ഒളിച്ച് നടക്കണ്! ദൈവം ശുഷ്ക്കിക്കുന്നു എന്നോ വംശനാശം നേരിട്ടു എന്നോ..എന്താ പറയാന്നറിയില്ല!


ഇനി ഈ പറഞ്ഞ ദൈവങ്ങളുടെ ഒക്കെ പിറകേ പോയ മനുഷ്യന്റെ കാര്യോ.. അത് അതിലേറെ കഷ്ടം!


ആദ്യത്തെ മതത്തിലെ ദൈവങ്ങളുടെ ഭക്തന്മാർ തമ്മിൽ തമ്മിൽ ഒരു പ്രശ്നോം ഇല്ല! ഒന്നാമത്തെ അവതാരത്തിന്റെ ഭക്തൻ രണ്ടാമത്തെ അവതാരത്തിന്റെ ഭക്തന്റെ മെക്കെട്ട് കേറണില്ല..! ഉണ്ടാക്കിയവന്റെ ഭക്തൻ പരിപാലിക്കണവന്റെ ഭക്തന്റെ മെക്കെട്ട് കേറി എന്റെ ആളാടാ കൂടുതൽ സ്ട്രോങ്ങ്.. നിന്നേം നിന്റെ ആശാനേം ഞങ്ങൾ തുരത്തും.. എന്നൊന്നും പറയണില്ല..! അവർക്കിടേലും പ്രശ്നം ഇല്ല... അവരുടെ ഭക്തന്മാർക്ക് ഇടേലും പ്രശ്നമില്ല്ല..തമ്മിൽ തമ്മിൽ!

പക്ഷേ ഒന്നും ഒന്നിൽ മൂന്നും ഒക്കെ ഉള്ളവരുടെ കാര്യമാണ് മഹാ കഷ്ടം! ദൈവ ദാരിദ്ര്യം ശരിക്ക് അവരെ വേട്ടയാടുന്നുണ്ട് എന്ന് തന്നെ വേണം കരുതാൻ! ഒരേ ഒരു ഫുട്ബോളിന് വേണ്ടി 22 പേർ തല്ലിടുന്നത് പോലെ ആകെ ഉള്ള ഒന്നിനെ വച്ച് അവർക്കിടയിൽ തന്നെ കൊട്ടയ്ക്ക് തല്ലാ! ദൈവം ഞങ്ങടെ ആളാ.. അല്ല ഞങ്ങടെ ആളാ എന്ന ഭാവേന... ഫുട്ബോൾ ഇങ്ങനെ തട്ടി കൊണ്ടിരിക്കുവാ!

പക്ഷെ മനസാക്ഷിയെ നുറുക്കുന്ന ഒന്ന് ഈ കളിയിലും ഉണ്ട്...എന്താ! ഫുട്ബോളിന് ഈ തല്ലും ബഹളോം ഒക്കെ തീരുമ്മെ ചെന്ന് കേറാൻ ഒരു ഗോൾ വല എങ്കിലും ഉണ്ട്.. പാവം ദൈവത്തിനോ.. അതും ഇല്ല :( എന്നും തട്ട് മാത്രം... ലക്ഷ്യമില്ലാത്ത അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കണ്ണീചോര ഇല്ലാത്ത തട്ട്...!

3 comments:

എന്തായാലും ഇവരെല്ലാരുംകൂടെ ചേർന്ന് ഈ ഫൂമിയൊരു വഴിക്കാക്കി.......ഇനിയെന്തരാണോ എന്തോ.....!!!

ദൈവത്തിനു വംശനാശമോ? ഹത് കൊള്ളാല്ലോ...
ആക്ച്വലി, എന്താ പ്രശ്നം? ഈ വിശ്വാസിയും ഫാനും തമ്മില്‍ (ആ ഫാനല്ല, മറ്റേ ഫാന്‍, ഈ അസോസിയേഷനൊക്കെയുള്ള) എന്താ വ്യത്യാസം?

Post a Comment