Tuesday, October 11, 2011

നമ്മട പാർട്ടി എന്ന സ്വതന്ത്രന്ത്ര രാഷ്ട്രം!

സർഗ്ഗാസോ എന്നൊരു കടൽ ഉണ്ട്. സർഗ്ഗാസോയുടെ പ്രത്യേകത അതിനു കരകൾ ഇല്ലെന്നുള്ളതാണ് കാരണം അതിനു ചുറ്റും ഉത്തര അറ്റ്ലാന്റിക്ക് സമുദ്രം ആണ്. നാല് വശവുമുള്ള സമുദ്ര പ്രവാഹങ്ങൾ നിക്ഷേപിച്ച പായൽ ശേഖരം നിറച്ചുള്ളത് കൊണ്ടാണ് അതിനാ പേരു വന്നതും. അങ്ങനെ കടലിനകത്തൊരു കടൽ ആണ് സർഗ്ഗാസോ!

പറഞ്ഞ് വരുന്നത് കടലിന്റെ കഥ അല്ല, നുമ്മടെ സ്വന്തം പാർട്ടിയുടെ കഥ ആണ്! സർഗ്ഗാസൊ കടൽ പോലെ തന്നെ അല്ലെ നമ്മ അടിസ്ഥാനവർഗ്ഗന്റെ പാർട്ടിയും എന്ന് കുബുദ്ധിയിൽ തോന്നിപ്പോയതു കൊണ്ടാണ് കടലിന്റെ കാര്യം പറഞ്ഞത്.! എന്ന് വച്ചാൽ  രാജ്യത്തിനകത്തൊരു രാജ്യം... അതും ചെറുതാണെങ്കിലും അതിരുകൾ ഇല്ലാത്ത ഒരു രാജ്യം... പായൽ മൂടിയ സർഗ്ഗാസൊയെ പോലെ തന്നെ എല്ലാം അടിയിലൊളിപ്പിച്ച ഒരു രാജ്യം!

അകത്ത് തന്നെ ഉള്ള ചില രാജ്യ ദ്രോഹികളും (ഇംഗ്ലീഷിൽ- റിബെൽ) വൈദേശിക പ്രതിലോമക ശക്തികളുടെ ചില ചാര സംഘടനകളും (ഇംഗ്ലീഷിൽ-മാധ്യമ സിന്റിക്കേറ്റ്) നുഴഞ്ഞ് കയറി ചില രഹസ്യങ്ങൾ വലിച്ച് പുറത്തിടാൻ കുടില ശ്രമം നടത്തുന്നതൊഴിച്ചാൽ ഒന്നും തന്നെ പുറത്ത് വരുന്നില്ല... വരുകയും ഇല്ല! ശത്രുക്കൾ എത്ര കിണഞ്ഞ് ശ്രമിച്ചാലും വരില്ല. വന്നാലും അത് കടലിൽ വരച്ച വരകൾ ആക്കാൻ രാജ്യം ഭരിക്കുന്നവർക്കറിയാം!

തള്ളരാജ്യത്തിന്റെ നിയമസംഹിതയായ ഐപിസി എന്ന് വിളിക്കപെടുന്നതൊന്നും ഈ സർഗ്ഗാസോക്ക് ബാധകമല്ല. എന്ന് വച്ച് കുത്തഴിഞ്ഞ കെട്ടഴിഞ്ഞ ഭരണം ആണ് രാജ്യത്തിനുള്ളത് എന്ന് തെറ്റിദ്ധരിക്കരുത്. Strict laws; prompt action! കഠിന നിയമങ്ങളും ഉടനടി പ്രാവർത്തികമാക്കലും ആണ് രാജ്യത്തിന്റെ പോളിസി. ആർക്കും എന്തും ആവാം എന്നൊന്നും നടക്കൂല്ല. രാജ്യത്തിന്റെ ധാർമ്മീകതയ്ക്കും സദാചാ‍രത്തിനും എന്തിന്, അഖണ്ഡതയ്ക്കു പോലും എതിരേ ആരു പ്രവർത്തിച്ചാലും ഉടനടി നടപടി ഉണ്ട്. ഫോർ എക്സാമ്പിൾ ആയിട്ട് പറഞ്ഞാൽ.. മോക്ഷണം, സദാചാര ലംഘനം, കുത്തിതിരിപ്പ് ആദിയായവ.

രാജ്യത്തിന്റെ ഏതെങ്കിലും ഒരംഗം തള്ളരാജ്യത്തിന്റെ പൊതുമുതൽ കട്ടാൽ തള്ളരാജ്യത്തിന്റെ തന്നെ നിയമാവലി പ്രകാരം കേസ് എടുക്കാം. വിരോധം ഒന്നുമില്ല. എന്ന് വച്ച് അംഗത്തെ തള്ളി പറയില്ല. പ്രതിലോമക വിധ്വംശക ശക്തികൾക്കെതിരെ പ്രകടനങ്ങൾ നടത്തും ബാക്കി ഉള്ള പൊതുമുതലിൽ കുറച്ച് നശിപ്പിക്കും. എങ്കിലും കേസ് നടക്കും. പിള്ളരാജ്യം തന്നെ നടത്തും കേസ്. സ്വന്തം ചെലവിലോ, ഭരിക്കുന്ന നാട്ടുരാജ്യത്തിന്റെ ഖജനാവ് ചിലവിലോ. 

ഇനി അതല്ല സ്വരാജ്യത്തിനകത്ത് സ്വന്തം ജനതയുടെ വിയർപ്പിൽ നിന്ന് പ്ലാസ്റ്റിക് ബക്കറ്റിലെ, തിരമാലയിലേക്കൊഴുകി വന്ന മുതലിൽ നിന്ന് ആരെങ്കിലും ഒരംഗം കട്ടാൽ അവന് ഉടനടി ശിക്ഷ ആണ്. വച്ച് കൊണ്ടിരിക്കുന്ന പരിപാടി ഇല്ല. സ്വജനപക്ഷപാതങ്ങൾ ഇല്ല. കണ്ണ് കെട്ടിയ നിയമദേവത തന്നെ അവിടെയും വാഴ്ച നടത്തുന്നവൾ! (അറ്റ്ലാന്റിക്ക് അതിൽ ഇടപെടേണ്ട കാര്യം ഇല്ല) പക്ഷെ കട്ടത് എന്തെന്നോ എത്ര എന്നോ അറിയാൻ ഏതൊരു ചാരസംഘടനകൾ ശ്രമിച്ചാലും അത് അനുവദിക്കില്ല... അറിയിക്കുകയും ഇല്ല. അങ്ങ് പരുമല പള്ളീൽ പോയ് പറഞ്ഞാ മതി. (ഞങ്ങളാ വഴിക്ക് പോവാറും ഇല്ല)


ഇനി സർഗ്ഗാസോയുടെ സ്വന്തം ശിക്ഷാ നിയമങ്ങളെ പറ്റി ഒന്ന് പ്രതിപാദിക്കാതിരിക്കുന്നത് ശെരി അല്ലല്ലോ! വായനക്കാരന്റെ തെറ്റിദ്ധാരണകൾ അകറ്റാൻ വേണ്ടി നിയമങ്ങളിലൂടെ ഒരു ചുരുട്ട് സഞ്ചാ‍രം നടത്താം. 

രാജ്യത്തിന്റെ പോലീസിയം അല്പം വ്യത്യസ്തം ആണ്. കേസ് അന്വേഷിക്കാൻ ഉള്ളത് ഒരു സമാധാന പോലീസ്. (പ്രതികരിക്കാനും തല്ലിപൊളിക്കാനും ഒരു യുവനിര പോലീസും ഉണ്ട്) പോലീസിങ്ങിന്റെ ഏറ്റവും പ്രധാനപ്രത്യേകത, സ്ഥിരമായ പോലീസ് സംവിധാനം ഇല്ലെന്നുള്ളതാണ്. ഓരോ കേസും പ്രത്യേകം പ്രത്യേകം അന്വേഷിക്കാൻ ഓരോ പോലീസിങ്ങ് ‘കമ്മിറ്റി’ ചൂടോട് കൂടിയത് അപ്പാപ്പൊ ഉണ്ടാക്കുവാണ് പതിവ്. ഈ പോലീസിങ്ങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ആണ് ശിക്ഷ. 



ഇനി ശിക്ഷ എന്താണ് എന്നല്ലെ..! 

ഫ്യൂഡൽ സംവിധാനങ്ങളിൽ പോലും ഇല്ലാത്ത അതികഠിന ശിക്ഷ ആണ് കുറ്റം തെളിഞ്ഞാൽ ഉണ്ടാവുക. കണ്ണീചോര ഇല്ലാത്ത ശിക്ഷ. ജെയിലെല്ലാം ഉണ്ട്! ജെയിലിൽ ഇടുന്നത് തന്നെ ആണ് പ്രധാന ശിക്ഷകളിൽ ഒന്ന്. 

രാജ്യത്തെ ജെയിലിന്റെ ഒഫീഷ്യൽ പേര്, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി എന്നൊക്കെ ആണ്. 

കുറ്റം കഠിനം ആണെന്ന് തെളിഞ്ഞാൽ നേരെ ജെയിലിലേക്ക് വിടും. അത് എത്ര കൊമ്പത്തിരിക്കണ പൗരൻ ആണെന്ന് പറഞ്ഞാലും. നടപടിയുടെ കാര്യത്തിലും ജെയിലിൽ ഇടുന്ന കാര്യത്തിലും ഒരു കോറമ്പമൈസും ഇല്ല. ശേഷിച്ച കാലം ജയിലിൽ കിടന്ന് നരകിക്കാം. കുറേ കാലത്തെ നല്ല നടപ്പ് ശ്രദ്ധയിൽ പെട്ടാൽ മോചനവും ലഭിക്കും, അത് വേറെ കേസ്.


സർഗ്ഗാസോയ്ക്ക് കാപിറ്റൽ പണിഷ്മെന്റും ഉണ്ട് കേട്ടോ. കാപിറ്റൽ പണിഷ്മെന്റ് - നാടു കടത്തൽ ആണ്. പുറത്താക്കി കളയും! ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടുന്നവന് തള്ള രാജ്യത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ എവിടെയെങ്കിലും ശേഷിച്ച ജീവിതകാലം അലഞ്ഞ് തിരിയാം. ശിക്ഷ നൽകി കഴിഞ്ഞു. വേറെ ശിക്ഷകൾ ഒന്നും (ഇനി അത് തള്ളയുടെ ആയാലും പിള്ളയുടെ ആയാലും) അവന് ബാധകമല്ല. രാജ്യത്തിലെ അംഗങ്ങൾ ആരും ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടിയവരെ സന്ദർശിക്കാനോ അവരുടേന്ന് പച്ച വെള്ളം വാങ്ങി കുടിക്കാനോ.. തൊട്ടടുത്ത് ഒരു കസേര വലിച്ചിട്ടിരുന്ന് കിന്നാരം പറയാനോ പാടില്ല! കിട്ടും അപ്പം ശിക്ഷ!

മോക്ഷണകേസിൽ സാധാരണ ഗതിയിൽ ജയിൽ ആണ് ശിക്ഷ. പക്ഷേ അവസാനം പറഞ്ഞ കുത്തിതിരിപ്പ് കേസ് അല്പം ഗൌരവമേറിയ കുറ്റം ആണ്. മിക്കവാറും കാപിറ്റൽ പണിഷ്മെന്റ് തന്നെ കിട്ടും. ചുരുക്കം ചില കേസിൽ, കാപിറ്റൽ പണിഷ്മെന്റിന്റെ മണം അടിച്ചിട്ട് ആഭ്യന്തര കോലാഹലക സാധ്യതകളെ പ്രതി ശിക്ഷ ഇളവ് കൊടുത്ത ദുർലബ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതേ നിയമങ്ങൾ തന്നെ ആണ് ‘സദാചാര’ കേസിലും! സർഗ്ഗാസോയിലെ അംഗങ്ങൾ തള്ള രാജ്യത്തിലെ അന്യജാതികളുമായ് പീഡന ബന്ധത്തിൽ ഏർപെടാൻ പാടില്ല എന്നതാണ് അലിഖിത നിയമം. പീഡന ബന്ധങ്ങൾ എല്ലാം രാജ്യത്തിനകത്ത് തന്നെ ആയിരിക്കണം. പീഡനം കിട്ടി ബോധിച്ചവർ പരാതി പറയുന്നതും ഈ പറഞ്ഞ മാതിരി രാജ്യത്തിനകത്ത് തന്നെ ആയിരിക്കണം. സർഗ്ഗാസോയിലെ ഒരു പെണ്മീനും പരാതിയും കൊണ്ട് അറ്റ്ലാന്റിക്കിലോട്ട് പോയേക്കരുത്. രാജ്യത്തിന്റെ ഉന്നതതലസമിതി മാത്രം അറിഞ്ഞ ഒരു രഹസ്യമായ് പീഡനപർവ്വം നിലകൊള്ളും. പതിവ് പോലെ കമ്മിറ്റി ഉണ്ടാക്കും. അതിശക്തമായ അന്വേഷണം നടക്കും. കുറ്റം തെളിഞ്ഞാൽ ‘ജയിലിലേക്ക്’! ഇത്തിരി കൂടി നന്നായ് തെളിഞ്ഞാൽ പിന്നെ കാപിറ്റൽ പണിഷ്മെന്റ് ആണ്.

ഉഡായിപ്പ്: രാജ്യം വിടാൻ തീരുമാനിച്ച ചില പിന്തിരിപ്പന്മാർ എന്തായാലും പോകുവല്ലേ.. പോണ പോക്കിലൊരാണി എന്ന് പറഞ്ഞ പോലെ ചില സദാചാരങ്ങളും കുത്തി തിരിപ്പുകളും ഒപ്പിക്കുന്നുണ്ടെന്നും കേട്ടുകേൾവി ഉണ്ട്. പൗരൻ ഇച്ഛിച്ചതും ശിക്ഷ; രാജ്യം കല്പിച്ചതും ശിക്ഷ!


2 comments:

വായിച്ചു കൊള്ളാം
ആശംസകള്‍

രാജ്യത്തെ ജെയിലിന്റെ ഒഫീഷ്യൽ പേര്, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി :)

അപ്പോള്‍ അച്ചടക്കനടപടി?
അത് തെറ്റിച്ചാല്‍ പടിയടച്ചു പിണ്ഡം വയ്ക്കല്‍,
ഊണ്, ഇളനീര്‍, പിന്‍വാതില്‍....?
(അക്ഷര പിശാചുക്കളെ പടിയ്ക്ക് പുറത്താക്കിയിട്ട് പോസ്റ്റണെ)

Post a Comment