Sunday, March 4, 2012

ഇന്ത്യക്കാരാ ചതിക്കല്ല്.. അമേരിക്കാന്റെ നിക്കറ് കീറണ്..!

                                           
അവിഹിതനിയമപ്രകാരമുള്ള മുന്നറിയിപ്പ്: ജട്ടി എന്ന വാക്ക് അസംസ്കൃതം ആണെന്ന് ധരിക്കുന്നവരും ജട്ടി തന്നെ ധരിക്കാത്തവരും ആയ സദാചാരവാദികള്‍  ഈ പോസ്റ്റ്‌ വായിക്കണ്ട..ണ്ട..ണ്ട!
                                           ***********

അപ്പൊ സംഗതിയുടെ കിടപ്പ് ഇങ്ങനെയാണ്...

അമേരിക്കയില്‍ ജട്ടിവില കത്തി പടരുകയാണ്!

കീഴോട്ടു നോക്കിയാല്‍ ഒബാമക്ക് പോലും കുന്തോണ്ടെങ്കിലും ഒരു അന്തോല്യാന്ന് പറഞ്ഞ പോലത്തവസ്ഥ! പ്രതിപക്ഷം പാര്‍ലമെന്‍റില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഇനിയും തത്സ്ഥിതി തുടര്‍ന്നാല്‍ പണ്ട് കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു വന്നപ്പോ പഠിച്ച മുണ്ടുപൊക്കൽ പരിപാടി അമേരിക്കന്‍ പാര്‍ലമെന്റിലും മുണ്ടുടുത്ത് വന്നു ആവര്‍ത്തിക്കും എന്ന് വരെ അവര്‍ ഭീക്ഷണി പെടുത്താന്‍ തുടങ്ങിയിരിക്കുന്നു! ഇക്കണക്കിനു പോയാ ഇവന്മാരേം പിടിച്ച് ഇറാന്‍ കരോടൊപ്പം നിരായുധീകരണം നടത്തേണ്ടി വരുവോ!

വില കുത്തനെ ഉയരുന്നു. അമേരിക്കയിലെ സാധാരണക്കാർക്ക് പോലും ജട്ടി തീർത്തും അപ്രാപ്യമായി കഴിഞ്ഞു! സംഗതി വഷളാകുവാ! സാമ്പത്തിക മാന്ദ്യം തലയില്‍ വീണ നായ മോങ്ങാന്‍ ഇരിക്കുമ്പോഴാണ് ഈ ചതി! പണ്ട് പ്രതാപകാലത്ത് അമേരിക്കന്‍ ഫുട്പാത്തില്‍ ഡോളര്‍ ഒന്നിന് ഒരു കോറമ്പല്‍ കിട്ടിയിരുന്ന സാധനം ആയിരുന്നു. ഇന്ന് ജട്ടി ഒരെണ്ണം വാങ്ങിയാല്‍ 44" കളര്‍ എല്‍ സി ഡി ടി.വി. ഫ്രീയാ..! വില കുതിച്ചുയരുന്നു. 

പണ്ട് ഹനീഫണ്ണൻ പറഞ്ഞ പോലെ ചോര്‍ന്നു പോയാല്‍ താങ്ങാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പ്രതിപക്ഷ ബഹളത്തെ നല്ല രീതിയില്‍ നേരിടാനും ഒബാമക്കും കൂട്ടർക്കും ആവുന്നില്ല.

കാര്യം എന്നതൊക്കെ ആയാലും കൂലങ്കുഷമായ പഠനങ്ങൾക്കൊടുവി നടുക്കണ്ടം നെടുകേ കീറിയ നിക്കറലക്കി കൊണ്ടിരിക്കലേ ഒബാമയുടെ തലയിൽ സംഗതിയുടെ ഗുട്ടന്‍സ് തെളിഞ്ഞു! പിന്നെ യുറേക്ക യുറേക്കാ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരേ ഒരോട്ടം ആയിരുന്നു വൈറ്റ് ഹൗസിലേക്ക്!

പൊന്നുംവിലയ്ക്ക് വാങ്ങി ഷോക്കേസില്‍ വച്ചിരുന്ന  ഓട്ടയില്ലാതെ ബാക്കിയുണ്ടായിരുന്ന ഒരേ ഒരു നിക്കറെടുത്തു "ദോണ്ടേ.. ഇതിട്ടിട്ടു പോ മനുഷ്യാ ഇങ്ങളെ പണ്ടാരടങ്ങാന്‍!" എന്ന് മിഷേല്‍ വിളിച്ചു പറയണുണ്ടാരുന്നു. പക്ഷെ എന്തെങ്കിലും കണ്ടു പിടിച്ചാല്‍ വല്യ വല്യ മഹാന്മാര്‍ യുറേക്ക വിളിച്ചു ഇറങ്ങി ഓടുമ്പോള്‍ നിക്കറിടാൻ നിക്കാറില്ലെന്നുള്ളത് ജി കെ യില്‍ പിറകോട്ടായ മിഷേലിനറിയുവോ!


പാര്‍ലമെന്റില്‍ ഓടി കിതച്ചെത്തിയ ഒബാമ വിളിച്ചു പറഞ്ഞു.. കണ്ടു പിടിച്ച്.. ഞാന്‍ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ച്! ജട്ടിക്കു വില കൂടാനുള്ള കാരണം കണ്ടു പിടിച്ച്!

ഒക്കേത്തിനും കാരണം ആ ഒടുക്കത്തെ ഇന്ത്യേം ചൈനേം ആണ്! പണ്ട് അവര്‍ പിള്ളാരെ ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തില്‍ മാത്രമേ മത്സരിച്ചായിരുന്നുള്ളൂ! ലവന്മാരിപ്പോ വികസിക്കാന്‍ തുടങ്ങിയെക്കണേ! മുഴുപട്ടിണീം അര പട്ടിണീം  ആയി കിടന്ന അവമ്മാരുടെ കയ്യിലൊക്കെ ഇപ്പൊ കാശായി. ഉടുതുണിയും മറുതുണിയും  ഇല്ലാതിരുന്ന അവരിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ടവര്‍ ഇപ്പോള്‍ സ്വന്തമായി അണ്ടര്‍ വെയര്‍വാങ്ങാന്‍ കെൽ‌പ്പുള്ളവരായ് മാറിയിരിക്കുന്നു! ഇന്ത്യന്‍ ചൈനീസ് സര്‍ക്കാരുകള്‍ അമേരിക്കൻ നിക്കർ വിപണി തകർക്കാൻ ലക്ഷ്യമിട്ട് ജട്ടിക്കു സബ്സിഡി അനുവദിക്കുന്നുണ്ടോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.


ഇന്ത്യയിലും ചൈനയിലും വര്‍ദ്ധിച്ചു വരുന്ന ജട്ടിയുടെ ഉപയോഗം ആഗോള വിപണിയില്‍ വിലക്കയറ്റത്തിന്  കാരണമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുന്പ് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളത്.


അവര്‍ മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭക്ഷണസാധനങ്ങള്‍ക്ക് വില കൂടിയത്.
അവരിലെ ഇടത്തട്ടുകാര്‍ സ്വന്തമായി കാര്‍ വാടകക്കെടുതും ലോണ്‍ എടുത്തും ഓടിക്കാന്‍ തുടങ്ങിയപ്പോഴാണ് ആഗോള ഇന്ധന ക്ഷാമപ്രശ്നം നേരിട്ടത്. അല്ലാതെ ഇറാന്റെ പള്ളക്കടിക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഇറാക്കിനെ കുട്ടിചോറാക്കിയതുകൊണ്ടോ അല്ല. ഇന്ത്യയും ചൈനയും അടിയന്തിരമായി വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ യു എന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അമേരിക്ക പട്ടിണിയാവും. അടപ്പൂരും!


ഇന്ത്യയെ നിയന്ത്രിക്കൂ അമേരിക്കയെ രക്ഷിക്കൂ! പ്രേമയം അമേരിക്കന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി വോട്ടിനിട്ട് പാസ്സാക്കി!

മൂന്നാം ലോക അവികസിത രാജ്യങ്ങൾ വരുത്തി വക്കുന്ന ഓരോരോ വിനകൾ! ചൈനക്കാരാ.. നിന്റെ കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് ഞങ്ങളൊക്കെ പറഞ്ഞതല്ലേ.. ഇന്ത്യക്കാരാ നിങ്ങടെ ആർഷ ഭാരത സംസ്കാരം.. ധർമ്മപുരാണങ്ങൾ..ഗാന്ധിജി ഒക്കെ നല്ലതാണെന്ന് നിങ്ങളോടും പറഞ്ഞതല്ലേ.. നിങ്ങക്കൊക്കെ ആ കേട്ടതിന്റെ സുഖം കൊണ്ട് വയറ് നിറച്ച് കിട്ട്യ ‘കട’തിണ്ണേലെങ്ങാൻ കിടന്നാ പോരേ.. ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ??