Wednesday, April 11, 2012

ന്നാ പിന്നെ കേരളത്തിനൊരു ത്രിയേകമുഖ്യൻ കൂടിയാവാല്ലോ!!


നസ്രാണികളുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് ദൈവം ഏകൻ ആണെങ്കിലും അതിൽ തന്നെ മൂന്നാ. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന് ഏകദൈവം! ഇങ്ങനെ ഒക്കെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ ത്രിയേകതത്വം കേരളത്തിലും ഒന്ന് പരീക്ഷിക്കാല്ലോ!!


പ്രബുദ്ധത കൂടുംതോറും കീഴ്മേൽ മറിയുന്ന ബുദ്ധിയെ ആണോ ഈ സെക്യുലറിസം എന്ന് പറയണേ? പത്ത് മുപ്പതിൽ പരം വർഷം ആയി കേരളത്തിൽ ജനിച്ച് ജീവിക്കാൻ തുടങ്ങീട്ട്. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും കേരളം മാറി മാ‍റി ഭരിക്കുന്നത് കാണാൻ തുടങ്ങീട്ടും! കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് വരെ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മുസ്ലീമിനോ വോട്ട് ചെയ്തിട്ടില്ലെന്നാണ് ന്റെ കാലുക്കുലേഷ്യം! ഒരുമാതിരിപ്പെട്ട സകലമാന കേരളീയരുടേം കാൽകുലേറ്റർ കുന്ത്രാണ്ടവും എന്റെ കുന്ത്രാണ്ടവും ഒന്ന് തന്നേണ്ന്നാണ് ന്റെ വിചാരോം.

നിങ്ങ ഞങ്ങളെ ഹിന്ദൂം ക്രിസ്ത്യാനീം മുസ്ലീമും ആക്കി!
സമുദായം കൊണ്ട് കഞ്ഞികുടിച്ച് പോണ ചില സാമുദായിക നേതാക്കന്മാരല്ലാതെ ജനങ്ങൾ ആരും അവരുടെ പള്ളീം പട്ടോം വിശ്വാസോമുള്ള മന്ത്രിമാർ വേണംന്ന് പറഞ്ഞ് സമരം നയിച്ചതോ യുദ്ധത്തിനിറങ്ങിയതോ ചരിത്രപുസ്തകത്തിൽ വായിച്ചിട്ടില്ല. 

ഇന്നിപ്പൊ ദോണ്ടേ പറയണ് മന്ത്രിമാരൊക്കെ ഓരോരോ സമുദായക്കാരുടെ പ്രോപ്പർട്ടി ആണെന്ന്. നായര് മന്ത്രി വേറെ ഈഴവമന്ത്രി വേറെ നാടാര് മന്ത്രി വേറെ സുന്നി മന്ത്രി വേറെ ക്രിസ്ത്യാനി മന്ത്രി വേറെ! അപ്പൊ വോട്ട് ചെയ്തവരൊക്കെ ആരായി? (ശശി ആയീ‍ന്ന് പറയാനും ഒക്കൂല്ല; സാമുദായികമായിപ്പോവും! ശശിക്ക് തതുല്യ തസ്തികയിൽ മുസ്ലീമിലും ക്രിസ്ത്യാനിയിലും കൂടി ഓരോരുത്തർ വേണം എന്ന ആവശ്യം നിയമസഭയിൽ വക്കണം, പ്ലീസ്)

ചുരുക്കം പറഞ്ഞാൽ ക്രിസ്ത്യാനി മന്ത്രി ആവാൻ വിത്തിനിട്ടവനൊക്കെ വോട്ട് ചെയ്ത ഹിന്ദൂം മുസ്ലീമും അവനോന്റെ സമുദായ ശശി ആയി; മുസ്ലീം മന്ത്രി ആവാനും ഹിന്ദു മന്ത്രി ആവാനും വെയിലത്തിട്ടവന് വോട്ട് ചെയ്ത മറ്റു മതസ്ഥരും ഈ പറഞ്ഞമാതിരി ഒക്കെ ആയി!നിങ്ങൾ ആക്കി!!

കലികാലം ഇക്കണക്കിന് പോയ് അവസാനം കേരളത്തിൽ മൊത്തത്തിൽ ഒരു ഉടച്ച് വാർക്കൽ തന്നെ വേണ്ടി വരുവോ?? മുസ്ലീമുകളായ മുസ്ലീമുകളൊക്കെ വടക്ക് വശം കേന്ദ്രീകരിച്ച് അങ്ങ് താമസം മാറ്റ! ക്രിസ്ത്യാനിയായ ക്രിസ്ത്യാനിയൊക്കെ നടുകേരളം കേന്ദ്രീകരിച്ചങ്ങ് താമസം മാറ്റ! ഹിന്ദുവായ ഹിന്ദുവൊക്കെ ബാക്കിയുള്ള വശം കേന്ദ്രീകരിച്ച് അങ്ങ് താമസം മാറ്റ! അങ്ങനെ മാറി താമസിക്കുമ്പം നായന്മാര് ഒന്നിച്ച് ഒരു ഏരിയയിലും ഈഴവർ ഒന്നിച്ച് ഒരു ഏരിയയിലും അങ്ങനെ ഓരോ മതത്തിലേം ഓരോ സമുദായക്കാർ ഒന്നിച്ച് ഓരോ ഏരിയായിലും അങ്ങ് പാർക്കാം! എന്നിട്ട് ആ കണക്കും തോതും വച്ച് അങ്ങ് മണ്ഡലം തിരിക്കാം. അതത് സമുദായത്തിന്റെ സ്ഥാനാർത്ഥിയെ യു ഡി എഫും എൽ ഡി എഫും ബാക്കീള്ളോരും നിർത്താം. എന്നിട്ട് അവരീന്നങ്ങ് മന്ത്രിമാരെ തീരുമാനിക്കാം! എന്തൊരു സാമുദായിക സന്തുലനം ന്റെ തള്ളേ!!

ഇത്രേം ഒക്കെ ആവുമ്പം അടുത്തപടി നമുക്ക് ത്രിയേകമുഖ്യമന്ത്രീയം പരീക്ഷിക്കാം! ഒരു സമയം ഒരേ മനസ്സോടെ (സെക്യുലറായ് പ്രവർത്തിക്കുന്ന!!) മൂന്ന് മുഖ്യമന്ത്രിമാർ ചേർന്ന ഒരു ഏകമുഖ്യമന്ത്രി! ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം മുഖ്യമന്ത്രി! 

എന്തേ പറ്റൂല്ലേ? ബേണിയും ഇഗ്നേഷ്യസും കൂടി ബേണി-ഇഗ്നേഷ്യസ്; റാഫിയും മെക്കാർട്ടിനും കൂടി റാഫി-മെക്കാർട്ടിൻ എന്നൊക്കെ പറഞ്ഞ പോലെ ഉമ്മനും രമേശും അബ്ദുള്ളേം കൂടി “കേരളമുഖ്യമന്ത്രിത്രയ ശ്രീശ്രീശ്രീ ഉമ്മരമേശബ്ദുള്ള” ഇല്ലെങ്കിൽ “ശ്രീശ്രീശ്രീ അച്ചുതമത്തായിമൊഹമ്മദ്” (പേരുകൾ എല്ലാം വെറും ഉദാ‍ഹരണങ്ങൾ മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഞാൻ അറിയാതെന്തേലും സാദൃശ്യം ഉണ്ടേല്‍ യഥാ യാദ്രിശ്ചിഹ സ്വാഹ!)


തീർന്നിട്ടില്യാട്ട! എന്നിട്ട് ഈ മുമുഖ്യന്മാരിൽ ഓരോരുത്തരും അവരവരുടെ മതത്തിലെ സമുദായങ്ങളിൽ പെട്ടവർക്ക് വേണ്ടി റൊട്ടേഷൻ ബേസിസിൽ ആറ് മാസം കൂടുമ്പോഴോ ഒരു വർഷം കൂടുമ്പോഴോ ഒഴിഞ്ഞ് കൊടുക്കാം. ഉദാ: ഹിന്ദു മുഖ്യമന്ത്രി റോളിൽ ആദ്യം കേറിയത് നായരാണേൽ അടുത്ത ആറ് മാസം ഈഴവന് കൊടുക്ക പിന്നെ അടുത്ത ജാതിക്കാരന് കൊടുക്ക! അത് പോലെ ക്രിസ്ത്യാനിയിൽ മാർത്തോമ്മക്ക് കൊടുക്ക കത്തോലിക്കക്ക് കൊടുക്ക യാക്കോബായക്ക് കൊടുക്ക അങ്ങനെ ആറാറ് മാസം കൊടുക്ക കൊടുക്ക കൊടുഹ!

അങ്ങനെ സെക്യുലറിസത്തിന്റെ ഉത്തമ മാതൃകയായി കേരളം ഇന്ത്യയുടെ ശിരസ്സാകുമ്പം, മഹിമയുടെ മകുടമായ് വിരാജിക്കുമ്പം പിന്നെ ഭൂപടം വരക്കുന്നവരൊക്കെ കേരളത്തിനെ ഇന്ത്യയുടെ വാലിൽ കെട്ടാതെ തലയ്ക്കാം ഭാഗത്ത് വരുന്ന വിധത്തിൽ മാപ്പ് തലകുത്തി വരക്ക്യ! ഹായ് ഹായ്!തള്ളോട് തള്ളേ!! 


ന്റെ പൊന്നു സഹോരാ.. നിങ്ങളീ കാണിക്കണതും പറയണതും ഒന്നും ശരിയല്ല! മന്ത്രി വകുപ്പിന്റേം ജനത്തിന്റേം ആണ്.. സമുദായത്തിന്റെ അല്ല! ന്യൂനപക്ഷത്തുന്ന് ഒരു മന്ത്രി കൂടിയാലോ ഭൂരിപക്ഷത്തുന്ന് ഒന്ന് കൂട്യാലോ ഒന്നും ഒന്നും സംഭവിക്കില്ല. സംഭവിക്കാൻ പാടില്ല. കാ‍രണം ഓരോ മന്ത്രിയുടേയും സത്യപ്രതിജ്ഞ സെക്യുലറാ! ഈ ജനത്തിന് നിങ്ങൾ പുതിയ പാഠങ്ങൾ ഓതിതരരുത്.. കേരളത്തെ ഇനിയും ഭ്രാന്താലയമാക്കരുത്. അത് വിളിച്ച് പറയാൻ ഒരു വിവേകാനന്ദൻ ഇനിയും ബാക്കിയുമില്ല!

കേരളം ഒന്നാ.. ഓണവും വിഷുവും വല്യപെരുന്നാളും ചെറിയപെരുന്നാളും, ഈസ്റ്ററും ക്രിസ്ത്മസും കേരളീയർക്ക് മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും അയല്പക്കപലഹാരം പങ്ക് വയ്ക്കാനും സ്നേഹിക്കാനുമുള്ളതാ.. 

15 comments:

അങ്ങനെ സെക്യുലറിസത്തിന്റെ ഉത്തമ മാതൃകയായി കേരളം ഇന്ത്യയുടെ ശിരസ്സാകുമ്പം, മഹിമയുടെ മകുടമായ് വിരാജിക്കുമ്പം പിന്നെ ഭൂപടം വരക്കുന്നവരൊക്കെ കേരളത്തിനെ ഇന്ത്യയുടെ വാലിൽ കെട്ടാതെ തലയ്ക്കാം ഭാഗത്ത് വരുന്ന വിധത്തിൽ മാപ്പ് തലകുത്തി വരക്ക്യ! ഹായ് ഹായ്!തള്ളോട് തള്ളേ!!

കഷ്ടം!!

>> നിങ്ങ ഞങ്ങളെ ഹിന്ദൂം ക്രിസ്ത്യാനീം മുസ്ലീമും ആക്കി!
സമുദായം കൊണ്ട് കഞ്ഞികുടിച്ച് പോണ ചില സാമുദായിക നേതാക്കന്മാരല്ലാതെ ജനങ്ങൾ ആരും അവരുടെ പള്ളീം പട്ടോം വിശ്വാസോമുള്ള മന്ത്രിമാർ വേണംന്ന് പറഞ്ഞ് സമരം നയിച്ചതോ യുദ്ധത്തിനിറങ്ങിയതോ ചരിത്രപുസ്തകത്തിൽ വായിച്ചിട്ടില്ല. <<

വായിച്ചിട്ടേയില്ല!

ബേണിയും ഇഗ്നേഷ്യസും കൂടി ബേണി-ഇഗ്നേഷ്യസ്; റാഫിയും മെക്കാർട്ടിനും കൂടി റാഫി-മെക്കാർട്ടിൻ എന്നൊക്കെ പറഞ്ഞ പോലെ ഉമ്മനും രമേശും അബ്ദുള്ളേം കൂടി “കേരളമുഖ്യമന്ത്രിത്രയ ശ്രീശ്രീശ്രീ ഉമ്മരമേശബ്ദുള്ള” ഇല്ലെങ്കിൽ “ശ്രീശ്രീശ്രീ അച്ചുതമത്തായിമൊഹമ്മദ്” (പേരുകൾ എല്ലാം വെറും ഉദാ‍ഹരണങ്ങൾ മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഞാൻ അറിയാതെന്തേലും സാദൃശ്യം ഉണ്ടേല്‍ യഥാ യാദ്രിശ്ചിഹ സ്വാഹ!)


സ്വാമിവിവേകാനന്ദൻ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. അപാരം കഠോരം,മീ മാതിരി സാമുദായികസന്തുലനം. ഹൂ....യ്...ദൈവേ.... നരനായിങ്ങനെ ജനിച്ച് ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തിൽ നിന്നെന്നെ കരകേറ്റീടണേ തിരുവൈക്കം വാഴും ശിവശംഭോ...!
ഇതിലും ഇനി വല്ല സാമുദായികമായ എന്തേലും അസന്തുലനം കണ്ട് പിടിക്ക്വോ ആവോ ? നല്ല എഴുത്ത്. ആശംസകൾ.

ഒരു തരം തീറ്റ പണ്ടാരഭരണം

ശശിക്ക് തതുല്യ തസ്തികയിൽ മുസ്ലീമിലും ക്രിസ്ത്യാനിയിലും കൂടി ഓരോരുത്തർ വേണം എന്ന ആവശ്യം നിയമസഭയിൽ വക്കണം, പ്ലീസ്...
- നല്ല നിര്‍ദ്ദേശം, എനിക്കിഷ്ടായീ.

കാര്യമൊക്കെ കൊള്ളാം, പക്ഷെ ഇങ്ങനെ ആറുമാസം-ഒരു വര്‍ഷം കണക്കില്‍ മുഖ്യനെ മാറ്റിയാല്‍ കഷ്ടപ്പെടുന്നത് കേരളത്തിലെ സ്കൂള്‍കുട്ടികളും ലക്ഷക്കണക്കിന് പി.എസ്.സി.പരീക്ഷിതരുമാണ്. ചോദ്യമിടുമ്പോള്‍ ഒരു മുഖ്യന്‍, ആന്‍സര്‍ കീയിലും അയാള്‍ തന്നെ. പരീക്ഷ നടക്കുമ്പോള്‍ വേറെ ഒരു മുഖ്യന്‍. ഇതിനിടയില്‍ നേരത്തെ കാലയളവ് കണക്കുകൂട്ടി വച്ചാലും പരീക്ഷ മാറ്റിവച്ചാല്‍... എന്തിനാ ആ പാവങ്ങളുടെ വയറ്റത്തടിക്കുന്നെ?

കേരളം ഒന്നാ.. ഓണവും വിഷുവും വല്യപെരുന്നാളും ചെറിയപെരുന്നാളും, ഈസ്റ്ററും ക്രിസ്ത്മസും കേരളീയർക്ക് മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും അയല്പക്കപലഹാരം പങ്ക് വയ്ക്കാനും സ്നേഹിക്കാനുമുള്ളതാ..

വല്ലാതെ ഇഷ്ടപ്പെട്ട വരികള്‍.... നന്ദി.. (ചിരിച്ചു ചിരിച്ച് മണ്ണ് കാപ്പി.. അല്ല കുപ്പി.. (എന്തോ മണ്ണാങ്കട്ട))

മനസ്സിലാകുന്നവനു മനസ്സിലാകും....നന്നായി....

ജാതിയില്ലാത്തവരെ നമുക്ക് മന്ത്രിയാക്കാം...അതിനുള്ള തന്ത്രം എവിടെയാണോ ആവോ?

ജാതിയില്ലാത്തവനെ കണ്ടാൽ നമ്മൾക്ക് ഇഷ്ടമാവില്ലല്ലോ...ജാതിയും മതവുമില്ലാത്തവരാണ് ഭയങ്കര കുഴപ്പക്കാർ എന്നല്ലേ? ജാതിയും മതവും മാറി കല്യാണം കഴിച്ച വീരശൂര പരാക്രമികൾ പോലും ഏതെങ്കിലും ഒരു ജാതിയിൽ ഒന്നു പെട്ടു കിട്ടാൻ എന്തൊക്കെ പാടാ സഹിയ്ക്കുന്നത്! സംഗതി എന്തായാലും നമുക്ക് നമ്മുടെ ജാതി മത വിശ്വാസങ്ങൾ കെങ്കേമം, അന്യന്റെ ജാതി മത വിശ്വാസങ്ങൾ അന്ധവും.

കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

“കേരളമുഖ്യമന്ത്രിത്രയ ശ്രീശ്രീശ്രീ ഉമ്മരമേശബ്ദുള്ള” ...ഹ ഹ ,,,ചിരിച്ചു ചിരിച്ചു ഞാനിപ്പ ചാകുമേ ..ശക്തമായ പ്രതികരണം !!

കേരള മുഖ്യമന്ത്രി... ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍‌ന്‍‌ന്‍‌ന്‍.................... ല്ലേ...

ല്ലടേ... അപ്പോ ഈ മിശ്ര ടീം എന്ത് ചെയ്യും ? അവര്‍ക്കും വേണ്ടേ ഒരു മന്ത്രി ?

സാമുദായിക സമവാക്യം ത്ഫൂ..............

ഇഷ്ടായി ട്ടോ നമ്മ്ടെ നാടുപോണ പോക്കേ?!!
ആശംസകള്‍

അപേക്ഷകളുമായി വന്ന നായന്മാര്‍ നിയമസഭയുടെ തെക്കേ വാതിലിനടുത്തുള്ള വനം മന്ത്രിയെ കാണേണ്ടതാണ്... എന്നാ മട്ടിലാകുമോ ഇനി കാര്യങ്ങള്‍??

ആക്ഷേപഹാസ്യം അസലായി....കണ്ണ് തുറക്കേണ്ടവര്‍ കൂടി വായിച്ചിരുന്നെങ്ങില്‍ ...

Post a Comment