Friday, September 30, 2011

ഒരു കോടതി ലക്ഷ്യം..!മനപൂർവ്വം കോടതിയെ ലക്ഷ്യം വച്ച് പറയുന്നതാണ് കോടതി അലക്ഷ്യം! അതെങ്ങനെ അലക്ഷ്യം ആവും ലക്ഷ്യം അല്ലേ എന്ന് ചോദിക്കരുത്.. എനിക്കത്ര മലയാളം വശോല്യ!


പറഞ്ഞ് വരുന്ന സംഭവം വേറെ ആണ്.. ഇന്ത്യയ്ക്ക് ഉണ്ട് ഒരു സുപ്രീം കോടതി. ഇന്ത്യക്ക് മാത്രല്ല സകല രാജ്യങ്ങൾക്കും ഉണ്ട് ഒരോ സുപ്രീം കോടതികൾ. ഇന്ത്യേടേ സുപ്രീം കോടതിക്ക് ഇന്ത്യേടെ കാര്യം; വല്ലേടത്തേം സുപ്രീം കോടതിക്ക് അവടവിടത്തെ കാര്യം! ഇന്ത്യയിലെ ജനങ്ങൾക്ക് നീതി നടപ്പാക്കികൊടുക്കൽ ആണ് നമ്മുടെ സുപ്രീം കോടതിയുടെ ലക്ഷ്യം, അമേരിക്കകാരന്റെയോ കംബോഡിയക്കാരന്റെയോ അല്ല എന്ന് ചുരുക്കം!


എൻഡോസൾഫാൻ വല്യ പ്രശ്നക്കാരൻ ആണ്. ഉപയോഗിച്ചിടത്തൊക്കെ മനുഷ്യർ ദുരിതം അനുഭവിച്ച് കൊണ്ടിരിക്കണേം ആണ്. കേരളം അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണവും ആണ്. എൻഡോസൾഫാൻ ബാധിച്ച് നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾ പിറന്ന്..വളർന്ന് കെട്ട് പ്രായവും കഴിഞ്ഞ് കാലം കുറേ ആയപ്പോൾ അവിടിവിടെ മുറവിളികൾ ഉയർന്നു. നിരോധിക്കണം എൻഡോസൾഫാനെ എന്നും പറഞ്ഞ്!ഇലക്ഷൻ കഴിഞ്ഞ് ഭരണം കഷ്ടി വലതര് കൊണ്ട് പോകുവേം പണി തുടങ്ങാൻ രണ്ട് ദിവസം ഗ്യാപ് കിട്ടുവേം ചെയ്തപ്പം ഇടതർ ഒരു സമരം നടത്തി. ഇന്നുച്ചക്ക് തന്നെ എൻഡോസൾഫാൻ നിരോധിക്കണം എന്നും പറഞ്ഞ്! (കേരളത്തിൽ അതിനൊരു നിരോധനം നിലവിൽ ഉണ്ടെന്നുള്ള വിവരം അതും കഴിഞ്ഞാ അവരറിയണേ, അത് വേറെ കാര്യം)


എന്തൊക്കെ ആയാലും അവരുടെ സമരം കണ്ട് ഞെട്ടി സ്റ്റോക്ക് ഹോമിൽ കൂടിയവന്മാര് തീരുമാനവും ആക്കി..! ഭൂലോക എൻഡോസൾഫാൻ കച്ചവടത്തിന്റെ 70 ശതമാനം  മാർക്കറ്റ് നെഞ്ചത്തിരിക്കുന്ന ഇന്ത്യൻ  ഭരണാധികാരികൾക്ക് അത് ദഹിച്ചില്ല.. 


അവരതിന് പരമാവധി ഒഴിവ് കഴിവും വാങ്ങി. അപ്പ നുമ്മടെ പവർ ഓഫ് യൂത്ത് സുപ്രീം കോടതിയെ കണ്ടു. ഒന്ന് പറഞ്ഞ് രണ്ടിന് സുപ്രീം കോടതി ഒരു, രണ്ട് മാസത്തേക്ക് ബാൻ ചെയ്യുവേം ചെയ്തു. (ഭാഗ്യം രണ്ട് മാസം എങ്കിലും ജനിക്കുന്ന പിള്ളാർ വൈകല്യമില്ലാത്തോരാവുല്ലോ!) ഘട്ടം ഘട്ടം ആയ് ബാൻ നീട്ടി ബാൻ ഒരു ശീലമാക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് കോടതി ഇപ്പോൾ. 

പക്ഷേ അതിനിടയ്ക്ക് ബാൻ ചെയ്താൽ ദുരിതം അനുഭവിക്കുന്ന ഒരു ന്യൂനപക്ഷം (പാവപെട്ട പ്രൊഡ്യൂസേഴ്സ്) കോടതിയെ കണ്ടു. ഒന്നും വേണ്ട ഇപ്പം കയ്യിലിരിക്കണ സാധനം ഒന്ന് വിറ്റ് തീർക്കാൻ അനുവദിക്കണം.. സമ്മതിക്കൂല്ല.. ഈ ഇന്ത്യാ ദുനിയാവിൽ നടക്കൂല്ല.., കോടതി! എന്നാ ഇവിടെ വേണ്ട ഇതിനു പുറത്തുള്ള ദുനിയാവിലെങ്കിലും വിറ്റോട്ടേ? കൺഫ്യൂഷൻ. കോടതി സർക്കാരിനോട്, വിറ്റോട്ടെ?.. ആ വിറ്റോട്ടെ! കേസ് കൊടുത്ത പവർ ഓഫ് യൂ‍ത്തിന്റെ അഭിപ്രായം എന്താ? ആദ്യത്തെ വാക്ക്, വെട്ടൊന്ന് മുറി രണ്ട് എന്ന പോലെ ഒന്നും ആലോചിക്കാതെ വിളിച്ച് പറയുന്ന സ്വഭാവന്മാരായ അവരും പറഞ്ഞു...ആ..വിറ്റോട്ടേ! അങ്ങനെ എല്ലാരും പറഞ്ഞ്; കോടതിയും പറഞ്ഞു!
സൈനബമാർ വേറെവിടേലും പിറക്കട്ടെ.. ഇന്ത്യയിൽ വേണ്ട!


ഉത്തരവിറങ്ങി. ഇന്ത്യയിൽ ഉണ്ടാക്കാനോ വിൽക്കാനോ പാടില്ല! പക്ഷേ ബാക്കി ഉള്ളത് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ എന്ന് പരസ്യത്തിൽ പറയുന്ന പോലെ ബാൻ ഇല്ലാത്ത രാജ്യങ്ങളിലേക്ക് അയക്കാം! 

ഭാരതീയരായ നമുക്ക് അഭിമാനിക്കാം! ഭാരതത്തിൽ ജനിച്ചവനും ജീവിക്കുന്നവനും ഭാഗ്യവാൻ! അവർക്കാർക്കും ഇനി എൻഡോസൾഫാൻ ശല്യം ഇല്ല. ഭാരതം എന്ന സ്വർഗ്ഗത്തിനപ്പുറം ഉള്ള നരകങ്ങളിലേക്ക് അത് കയറ്റി അയക്കുവാണ്! അവിടെ ഉള്ള പാപികൾ അനുഭവിക്കട്ടെ!


നുമ്മടെ നാട്.. നുമ്മടെ കോടതി! ലോകത്ത് ബാക്കി ഉള്ളവന്റെ കാര്യം നുമ്മ അറിയണെന്തിനാ‍! അവനെ ഒക്കെ അവന്റെ തറവാട്ട് വക കോടതി സംരക്ഷിക്കട്ടെ!


അപ്പൊ ചെല കുരുത്തം കെട്ടവന്മാരുടെ കുരുട്ട് ഫുദ്ധിയിലൊരു കൊനിഷ്ട് ചോദ്യം.. എന്നാ പിന്നെ ഇവിടെ കൊലേം കൊള്ളേം നടത്തുന്നവനേം അഴിമതിക്കുന്നവനേം ഒക്കെ ഇങ്ങനെ അങ്ങ് ഫൂമീടെ പടിഞ്ഞാറേ അറ്റത്തുള്ള ഏതെങ്കിലും നരകത്തിലോട്ട് എക്സ്പോർട്ട് ചെയ്താ പോരേ.. എന്തിനാ ഇവിടെ ജയിലിൽ തന്നെ ഇടാനും കൊല്ലാനും നിക്കണേ! അവൻ ജയിൽ ചാടി വരും,, ജാമ്യത്തിലിറങ്ങി വരും പരോളിലും പരേതാത്മായ് വരേം വരും!

പൃഥ്വീരാജേ.. പൊന്നുമോനേ.. ഒന്നടങ്ങെടാ…

കാര്യം ആരോ പടച്ച കോമഡി ആണേലും ഈ വീഡിയോ കണ്ടപ്പം പ്രിഥ്വിരാജിനെ വിളിച്ച് രണ്ട് വാക്ക് പറയണം എന്നൊരു തരിതരിപ്പ്! പക്ഷേ എന്റേൽ ലവന്റെ ഫോൺ നമ്പരും ഇല്ല... ലവനെ വിളിച്ച് കളയാൻ  കാശും ഇല്ല... ആരേലും പരിചയക്കാര് വായിക്കുവാണേൽ ഇത് അവനെ ഒന്ന് കാണീര്! ഒരു സിനിമാ നടനെ ഡീസന്റ് ആക്കാൻ കൊതിയാവണേണ്...
                          *************

പ്രിഥ്വീരാജേ.. പൊന്നു മോനേ...

ഇതു  നിന്നോടു സ്നേഹം ഇല്ലാഞ്ഞിട്ടല്ല… നിനക്കു പ്രതിഭ ഇല്ലാഞ്ഞിട്ടും അല്ല… പക്ഷേ നിന്നോടു ചിലതു പറയാൻ ഉണ്ട്… 

ആദ്യം,
അഹങ്കാരം, ജാട, ഒക്കെ മനുഷ്യ സഹജം ആണ്… എന്നു വച്ച് അതു കാണിച്ചു നിന്നെ സ്നേഹിക്കുന്നവരുടെ ഉള്ള സ്നേഹം കളയരുത്.. അതൊക്കെ മനസ്സിൽ വക്കാനെ കൊള്ളു പുറത്തു കാണിക്കാനോ, ചാനലുകളിൽ വിളമ്പാനോ കൊള്ളൂല്ല..! പരമാവധി ഭാര്യയുടെ മുൻപിൽ കാണിച്ചോളൂ.. (ഭാര്യ ആണെങ്കിൽ ചങ്കരനൊത്ത ചക്കിയ.. അതുകൊണ്ട് അവൾ അതിജീവിചോളും..നിന്നെയും നിന്റെ ജാഡയെയും…!) 

പിന്നെ..
കാരണവന്മാരെയും മറ്റുള്ളവരെയും ബഹുമാനിക്കണം… അവരുടെ കഴിവുകളെ മാനിക്കണം.. എന്നോളം ആർക്കും കഴിയില്ലെന്ന ഭാവം വെറും വിവരക്കേടു മാത്രം ആണ് എന്നു തിരിച്ചറിയാൻ ഉള്ള വിവരം എങ്കിലും ആർജ്ജിക്കണം..
നി കഴിവുള്ള നടൻ ആണ്.. സ്മാർട്ട് ആണ്.. അത്യാവശ്യം ഗ്ലാമറും ഉണ്ട്… ഞങ്ങൾക്ക് അതിൽ സന്തോഷവും ഉണ്ട്..
പക്ഷെ, കുറച്ചു കാര്യങ്ങൾ നി മനസ്സിലാക്കണം..
മമ്മൂട്ടിയെയും മോഹൻലാലിനെയും കേരളീയ ജനത നെഞ്ചിലേറ്റുന്നത് അവരുടെ സൌന്ദര്യം കണ്ടിട്ടല്ല… അവരുടെ പ്രതിഭ ഞങ്ങളെ പലതവണ അത്ഭുതപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്,, അവർ ഞങ്ങളിൽ ഒരാൾ ആയതു കൊണ്ടാണ്..! രജനീകാന്തും കമലഹാസനും അന്താരഷ്ട്ര തലത്തിൽ ആരാധിക്കപെടുന്നത് ജനങ്ങൾക്കു മുഴുവൻ വട്ടായിട്ടല്ല എന്നും മനസ്സിലാക്കുക..

ഇനി അവർ വയസ്സാങ്കാലത്തും ചെറുപ്പമായിരിക്കണേൽ നിനക്ക് വല്ല കലിപ്പും ഉണ്ടേൽ അതിന് അവർ കഴിക്കുന്ന (ഇഷ്ടം പോലെ കഴിക്കാതിരിക്കുന്ന) കഷ്ടപാടും ആലോചിക്കുക.. അവരോടൊപ്പം തന്നെ നായകന്മാരായിരുന്ന ചില നല്ല നടന്മാർ മലയാളത്തിലുണ്ടാരുന്നു.. ഉദാഹരണം സോമൻ പിന്നെ അന്റച്ഛൻ... ഐ മീൻ സുകുമാരൻ! പക്ഷേ അവർക്കൊക്കെ ഇത്തിരികാലത്തെ റൊമാൻസ് കഴിഞ്ഞപ്പോഴേയ്ക്കും സൂപ്പർ സ്റ്റാറുകളുടെ അച്ഛനും അച്ഛിച്ചനും ആയി അഭിനയിക്കേണ്ടി വന്നതിന്റെ ഗുട്ടൻസ് അറിയാവോ അനക്ക്?... വയർ! വയറ് ചാടിപോയ് അത്രന്നെ.. എന്തിന്.. ഈ ഇന്നാളു വന്ന യുവനായകന്മാർ... സായികുമാറിന്റേയും സിദ്ദിഖിന്റെയും കാര്യം ഒന്നാലോചിച്ച് നോക്കിക്കെ! ക്ഷമിച്ചും കണ്ട്രോൾ ചെയ്തും വയറും ശരീരവും പരിരക്ഷിക്കുന്നതിനാൽ ഇന്നും അവർ കുമാരന്മാരായി ഇരിയ്ക്കണു..!

ഇനി ഇതുകൂടി ശ്രദ്ധിക്കുക…
അമരത്തിലെ മമ്മൂട്ടിയാവാൻ നിനക്കു കഴിയില്ല.. വത്സല്യത്തിലെ അദ്ദേഹത്തിന്റെ ഒരു ഡയലോഗിന്റെ ആ‍ാഴം ഉൾകൊള്ളാൻ നിനക്കു ആവില്ല..പൊന്തന്മാടയും ഭൂതകണ്ണാടിയും, വിധേയനും നിനക്ക് കഴിയില്ല…!
മോഹൻലാലിന്റെ ഭരതമോ, വാനപ്രസ്ഥമോ, ഇരുവരോ, ദേവദൂതനോ, ഇന്ദുചൂഡനോ, ആറാം തമ്പുരാനോ, ദേവാസുരമോ അഭിനയിക്കാൻ നിനക്കാവില്ല!
അര രജനിയോ, കാൽ കമലഹാസനോ ആവാൻ നിനക്കു കഴിയില്ല!
എന്തിനു, കലാഭവൻ മണിയുടെ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രതിലെ അന്തനാവാനും അഭിനയമുഹൂർത്തങ്ങൾ പകർത്താനും നിനക്ക് കഴിയില്ല..കരുമാടികുട്ടനും നിനക്കു കഴിയില്ല…

പിന്നെ നിനക്കെന്തു കഴിയും, അതെ നിനക്കു കഴിയുന്ന കാര്യങ്ങൾ ഉണ്ട്.. ആ കാര്യങ്ങളിൽ ഞങ്ങൾ നിന്നെ ബഹുമാനിക്കുകയും ചെയ്യുന്നു…
പിന്നെ, തെന്നിന്ത്യയിലെ നായകന്മാർക്കൊന്നും ഇംഗ്ലീഷ് അറിയില്ല എന്നു നിന്റെ പെണ്ണുമ്പിള്ളയെ പറഞ്ഞു പറ്റിച്ചതു നി തന്നെ ആണെങ്കിൽ അവളൊട് അതു പബ്ലിക്കിൽ വിളമ്പരുതെന്നുകൂടി പറയണമായിരുന്നു.. ഇനി പറഞ്ഞാൽ, ജയന്റെ ഡയലോഗ് എടുത്ത് എറിയും എന്നു കൂടി പറഞ്ഞേര്..“ let it be the last time,,,,if yu dare to say that once more..i ll pull out your bloody tongue... (sorry sir)“

Wednesday, September 28, 2011

നിത്യയുടെ ബോൾഡ്നെസ്സിന് ബെർളീന്റ നെഞ്ചത്ത്!

തേങ്ങ ഉടയ്ക്കുമ്പം ആശാന്റെ നെഞ്ചത്ത് തന്നെ ഉടയ്ക്കണം! ഒരു സാദാ ദാദ ഫേമസ് ആവാൻ സ്ഥലത്തെ പ്രധാന ദാദയുടെ നെഞ്ചത്ത് തന്നെ കേറണം! ഒരു എഴുത്ത് കാരൻ ഫേമസ് ആവാൻ ഏറ്റവും നന്നായ് എഴുതുന്നവന്റെ നെഞ്ചത്ത് കേറണം! (സ്വന്തം ഗുണവതികാരം കൊണ്ട് കൂട്ടിയാ കൂടാത്തവരുടെ കാര്യാ..) ഒരു ബ്ലോഗർ ഫേമസ് ആവാൻ ബെർളീടെ നെഞ്ചത്ത് തന്നെ കേറണം! കാരണം ബെർളി തന്നെ പ്രധാന ദാദ! 

ഇത് സത്യത്തിൽ അല്പം വൈകി കിട്ടിയ അറിവാ! പല ചോട്ടാ ബ്ലോഗർമാരും ബെർളിയുടെ നെഞ്ചത്ത് തേങ്ങ അല്ല പൊങ്കാല ഇട്ട് തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്ന വിവരം ഈ ഉള്ളോന്റെ അറിവിൽ പെട്ടത് അഞ്ചാറ് പോസ്റ്റ് ഇട്ട് കഴിഞ്ഞാ... എന്തായാലും നെവറിനേക്കാൾ ബെറ്റെർ ആണല്ലൊ ലേറ്റ്!അത് കൊണ്ട് നേരം കളയാതെ അങ്ങ് കേറട്ട്! (ആരുടേം നെഞ്ചത്ത് കേറാൻ ഇല്ലാഞ്ഞിട്ട് ഞാൻ ആദ്യം കേറീത് ബ്ലോഗിന്റേം ഇന്റർനെറ്റിന്റേം എന്ന് വേണ്ട സകലതിന്റേം ഉടയോനായവന്റെ നെഞ്ചത്താ...അത് വേറെ കാര്യം) 
ബെർളിച്ചായനോട് ഒരു വിരോധോം ഒണ്ടായിട്ടല്ല! ഇനീപ്പം ഒണ്ടായാ തന്നെ ഇച്ചായനത് രണ്ട് ഉണ്ടയാ.! തരത്തിൽ പോയ് കളിക്കടേയ് എന്നെങ്ങാൻ പറയും അത്രന്നെ! ന്നാ ഐശ്വര്യമായിട്ട് പ്രാർത്ഥിച്ച് ഉടയ്ക്കട്ട്...

പെണ്ണുങ്ങടെ അഹങ്കാരത്തെ മലയാളികൾ ബോൾഡ്നെസ്സ് എന്ന് വിളിച്ചു എന്നാണ് ഇച്ചായൻ പറയുന്നെ! അഹങ്കാരത്തിന്റെ സ്ത്രീലിംഗം ആണ് ബോൾഡ്നെസ്സ് എന്ന് ഒരു കണ്ടുപിടിത്തവും നടത്തി ചങ്ങായി! ഈ ഒരു കേസിൽ ബെർളിച്ചായന് തെറ്റി! തെറ്റി എന്ന് തന്നെ ആണ് ഇമ്മടെ ശക്തമായ അഭിപ്രായം! ഒരു തെറ്റൊക്കെ ഏത് ബെർളിച്ചായനും പറ്റും! കാരണം...

മലയാളി, തനി മലയാളി, അഹങ്കാരത്തെ, അതും സ്ത്രീഅഹങ്കാരത്തെ ബോൾഡ്നസ്സ് എന്ന് വിളിക്കണെങ്കിൽ നുമ്മടെ പരശുമാമൻ മഴു പണ്ടെറിഞ്ഞത് കാൻസലടിച്ചിട്ട് ഒന്നൂടി എറിയേണ്ടി വരും! അഹങ്കാരത്തിന് സ്ത്രീലിംഗം ബോൾഡ്നസ്സ് എന്ന് ഇനി ഓക്സ്ഫോഡ് ഡിക്ഷണറി പറഞ്ഞാപ്പോലും ഞങ്ങ മലയാളിയൻസ് ആ പേജ് അങ്ങ് കീറും എന്നല്ലാതെ അംഗീകരിക്കത്തില്ല എന്നത് സത്യം!

അഹങ്കാരത്തിൽ അസൂയ ഉള്ളവരാണ് മലയാളികൾ എന്ന മിനിമം കാര്യം പോലും ഇച്ചായനറിയില്ലാരുന്നെന്ന് തോന്നണ്! എന്ന് വച്ചാൽ, അഹങ്കാരത്തിന്റെ കാര്യത്തിൽ പോലും വേറെ ഒരുത്തൻ തന്നേക്കാൾ മേലെ ആവുന്നത് നുമ്മ മലയാളിയോൾക്ക് സഹിക്കൂല്ല! പിന്നെ ആണോ ഇത്രേം പുരുഷ മേധാവികൾ ഉള്ള കേരളത്തിൽ ഒരു പെണ്ണഹങ്കാരം ബോൾഡ്നെസ്സ് ആക്കണെ!! കോലുമ്മെ തുണി ചുറ്റിയാലും ഒലിച്ചിറങ്ങുന്നവരാണ് മലയാളികൾ എന്ന് ചിന്തിക്കല്ല്! 

പെണ്ണുങ്ങടെ അഹങ്കാരത്തിനോട് മലയാളി പുരുഷ കേസരികൾക്ക് ഒരു സോഫ്റ്റ് കോണകം ഉണ്ടെന്ന് ഇനിയും ഇച്ചായന് സംശയം ബാക്കി ഉണ്ടേൽ നുമ്മടെ സ്റ്റാർ സിംഗർ പരിപാടിയിൽ ആ മുളക് വള്ളിക്ക് ഫാഷൻ ഡിസൈൻ ചെയ്ത പോലെ ഇരിക്കണ മൊതലിനോട് ചോദീര്, കൃത്യമായ് പറഞ്ഞ് തരും! (കൊഞ്ഞപ്പു മലയാളം മനസ്സിലായില്ലേൽ എന്നെ പറയല്ല്)

എന്ത് കൊണ്ട് നിത്യയെ ഞങ്ങൾ മല്ലൂ‍സ് വെറുതേ വിട്ടു..? ഉത്തരം ലളിതമാണ്... ഒരു കൂട്ടം അഹങ്കാരത്തെ ഞങ്ങൾ ഒരു അഹങ്കാരം കൊണ്ട് നേരിട്ടു! അത്ര തന്നെ! തലക്കനം സംഘടന പ്രാപിച്ച് ഒരു വശത്ത് നിക്കുമ്പം തമ്മിൽ ഭേതം അബലയായ ഒരു അഹങ്കാരിയുടെ കൂടെ നിക്കുന്നതല്ലേ! അത് കൊണ്ട് മാത്രം! 

പ്രൊഡ്യൂസർമാർ, പഴേ മമ്മൂക്കാന്റെ പോലീസ് പടങ്ങളിലെ വില്ലന്റെ പോലെ “സാധാരണ ഇൻസ്പെക്ടർമാർ ഒക്കെ എന്നെ അങ്ങോട്ട് വന്ന് കാണുവാണ് പതിവ്; പിന്നെ പുതിയ പഹയൻ അല്ലേ ഒന്ന് കണ്ടളയാം എന്ന് കരുതി വന്നതാ! (കരണം ചൊറിഞ്ഞ്)” എന്ന്  ഒരു ഡാവും ഇറക്കി നമ്മുടെ ക്ടാവിന്റടുത്ത് ചെന്ന് ഒരു ജാതി ഷോ ആക്കാൻ നോക്കീപ്പം നുമ്മടെ ക്ടാവൊരു അലക്കാ അലക്കി! നമ്മ ക്ടാവിന്റൊപ്പം നിക്കണോ അതോ ലവന്മാരുടെ ഡാവിന്റൊപ്പം നിക്കണോ...ഇങ്ങള് പറ!

പണ്ടൊരു എക്ണോമിക്സ് മാഷൊരു കഥ പറഞ്ഞ് തന്ന പോലെ... ഒന്നൊന്നര കറവ ഉള്ള ഒരു പശൂനെ വാങ്ങി; പാല് വിറ്റ് കൊട്ടയ്ക്ക് കാശായപ്പം പശൂനെ നോക്കാൻ ഒരു പണിക്കാരനെ നിർത്തി; പണിക്കാരൻ മൊടയായപ്പം അവനെ നോക്കാൻ ഒരു സൂപ്പർ വൈസറെ നിർത്തി; കാശും കണക്കും എഴുതാൻ ഒരു കണക്കപിള്ളയെ നിർത്തി; എല്ലാരേം നോക്കാ‍ൻ ഒരു മാനേജരെ നിർത്തി; പിന്നെ അടീം പിടീം ഇല്ലാണ്ടിരിക്കാൻ ഒരു എച്ച് ആർ മാനേജരേം നിർത്തി; അവസാനം എല്ലാരും കൂടി യൂണിയൻ ഉണ്ടാക്കി സമരം ചെയ്ത് പശു പുല്ല് കിട്ടാ‍ണ്ട് ചത്ത്! അമ്മാതിരി ആണ് പാവം നമ്മുടെ മലയാള സിനിമേടെ കാര്യം! 

ഒരു ശല്യോം ഇല്ലാരുന്ന്! കുറേ പേർ അഭിനയിച്ച്, സംവിധാനം ചെയ്ത്, പിന്നെ പിന്നണി മുന്നണി വിതരണം ഒക്കെ ആയിട്ട് ഡീസന്റ് ആയിട്ട് പോകുവാരുന്ന്! ഓലേം ചോർച്ചേം ഒക്കേണെങ്കിലും ഉള്ള കൊട്ടകേലൊക്കെ ഇരുന്ന് നമ്മ മലയാളികൾ സിനിമേം കണ്ട്! പിന്നെ വന്നൊരു പൂത്താരം, അമ്മ, അമ്മേടെ നായിര്, മൂക്കട്ട, മാക്കട്ട, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് കണ്ടവൻ കണ്ടവൻ കൂട്ടം തിരിഞ്ഞ് സംഘടനകൾ തുടങ്ങി, മലയാള സിനിമയ്ക്ക് കൊട്ടക്ക് സംഭാവന നൽകാനാന്നും പറഞ്ഞ്! മൂക്കിന്റെ ഉള്ളിലെ രോമത്തേൽ പോലും ജാഡയും കൊണ്ട് നടക്കണ ഇവന്മാര് തമ്മിൽ പിന്നെ എന്നും അടി ആയി! അടി വിഷയത്തിൽ അല്ലാതെ ഇച്ചായൻ പറഞ്ഞ മാതിരി ഇവരെ പുറത്തൊരാള് അറിയാറും ഓർക്കാറും പോലൂല്ല!

അവൻ അടിക്കും, വെലക്കും; വെലക്കും, അടിക്കും! കാലിൽ വീണില്ല, തെറി പറഞ്ഞ്, അവന്റെ നിക്കറിന്റെ തനി നിറം പറഞ്ഞ് എന്നൊക്കെ പറഞ്ഞ് മലയാളി കാണണ്ട അഭിനയ പ്രതിഭകൾക്ക് ഒടക്ക് വയ്ക്കാൻ ലവൻ യാര്?? നമ്മൾ എന്തിനാ അവന്റെ ഒക്കെ അടീം വഴക്കും താങ്ങണേ!?? അവനൊക്കെ എന്തൊക്കെ കാണിച്ച് കൂട്ടിയാലും ഞങ്ങള് വ്യാജ സി ഡി വങ്ങാതിരിക്കേം തിയ്യറ്ററിൽ പോയ് കണ്ടാലും അല്ലേ പടം വിജയിക്കത്തുള്ളു! നമ്മളോട് ചോദിക്കാതെ ഒരാളെ അഭിനയിപ്പിക്കണ്ട ഈ കേരളത്തിലെങ്ങും എന്നൊക്കെ തീരുമാനിക്കാമോ!?? ഞങ്ങടെ കാശ്, നിങ്ങടെ ക്രൂരത, ഒക്കെ ഞങ്ങള് സഹിക്കണ്! എന്നിട്ട് പിന്നേം പ്രോഡ്യൂസർക്ക് തന്നെ മുറുമുറുപ്പാ??!

ഞങ്ങക്ക് നിത്യ ബോൾഡ് തന്നാ! ശബ്ദം കൊണ്ട് ഭാവമഭിനയിക്കണ നുമ്മടെ തിലകൻ ചേട്ടനിട്ട് എത്ര സംഘടനന്മാര് എത്ര പണി വച്ച്...ആർക്ക് നഷ്ടം..? ഈ മലയാളിക്ക് നഷ്ടം! തിലകന് തിലകൻ തന്നെ വേണ്ടെ!! ഉപ്പിന് പകരാവ്വോ പഞ്ചാര??

പിന്നെ അഹങ്കാരം കൊണ്ട് പെരുന്നാള് കൊണ്ടാ‍ടണ പ്രിഥ്വീരാജിനോട് ക്ഷമിക്കണം എന്ന് മലയാളികളോട് അഭ്യർത്ഥിച്ചിട്ടും കാര്യം ഇല്ല! അവനോട് അത്ര ദേഷ്യം ഒന്നും ആർക്കും ഇല്ല... ഒക്കേം ലവന്റെ അണ്ണാക്കീ കിടക്കണ നാലിഞ്ച് സാധനത്തിന്റെ കേടാ... (തെറ്റിദ്ധരിക്കല്ല്...നാക്ക്) ഞങ്ങള് താഴത്തും വക്കൂല്ല തലേലും വക്കുല്ലാന്ന് പറഞ്ഞ് കൊണ്ട് നടക്കണ മമ്മൂട്ടീം മോഹൻലാലും അവരുടെ ഇംഗ്ലീഷം വരെ അവന് കുതിര കേറാൻ ഉള്ളേണ്ന്നാണ് ഓന്റെ വിചാരം! ഒവ്വ മറച്ച്..!!

ബെർളിച്ചായന്റെ ലിങ്ക്.... http://berlytharangal.com/?p=7928

Saturday, September 24, 2011

മലയടിവാരം റിയാലിറ്റി ഷോ..!നന്മകൾ മാത്രം പങ്ക് വയ്ക്കുന്ന ടെലിവിഷനെ എലിവിഷം എന്ന ഭാവേന വിമർശിക്കുന്ന കുബുദ്ധികളുടെ നാടാണ് നമ്മുടേത്..! വിമർശനം മുഖമുദ്രയാക്കിയവർ.. എന്ത് കണ്ടാലും വിമർശിക്കുന്നവർ..! നീലയാണ് കറുപ്പാണ് എന്നൊക്കെ അവിശ്വാസികൾ അപഖ്യാതി പറഞ്ഞ് പരത്തിയിരുന്ന ശിവനേയും രാമനേയും കൃഷ്ണനേയും എല്ലാം നല്ല ഗോതമ്പ് നിറമുള്ളവരാക്കി, നിറയെ പുകയത്ത് നിർത്തി സ്വർഗ്ഗവും ആകാശവും അമ്പും വില്ലും അസുരനും കാടും മേടും അടങ്ങിയ സുന്ദര പുരാണ കഥകൾ നമുക്ക് പറഞ്ഞ് തന്ന്..തുളസി തറയിലോ ആൽതറയിലോ അല്ല ദൂരദർശന്റെ മുന്നിലാണ് കൈ കൂപ്പേണ്ടത് എന്ന് പഠിപ്പിച്ച ഭക്തി മാർഗ്ഗ സീരിയലുകളെ നമുക്ക് സംഭാവന ചെയ്തതും ഈ ടെലിവിഷൻ ആണെന്ന് മറക്കരുത്!


ഇന്നിപ്പം ആ കാലം ഒക്കെ പോയ്! എന്റച്ഛനെനിക്കൊരു പായ വാങ്ങി തന്നു..തെറുത്തിട്ടും തെറുത്തിട്ടും തീരണില്ല എന്ന് പറഞ്ഞ പോലെ ഒരിയ്ക്കലും തീരാത്ത മെഗാ സീരിയലുകളിൽ സുന്ദരിമാരായ തരുണീമണികൾ ലിപ്സ്റ്റിക്ക് പോവാതെ, സാരിയ്ക്ക് ചുളിവ് വീഴാതെ, ഒണ്ടാക്കി വച്ച ഹെയർ ഡിസൈൻ പോകാതെ വെളുപ്പിന്  കിടക്കപ്പായയിൽ നിന്നും കല്യാണത്തിന് പോകാൻ ഒരുങ്ങിയ പോലെ എണീറ്റ് വരുന്ന കാഴ്ച കാണിക്കുന്ന ടെലിവിഷൻ കാലം വന്നു! അവർ നമ്മുടെ സ്ത്രീജനങ്ങളെ കൊണ്ടൊഴുക്കുന്ന കണ്ണീർ ശേഖരിച്ച് ശുദ്ധീകരിച്ചെടുത്താൽ വൈപ്പിനിൽ എന്നല്ല കേരളത്തിലെങ്ങും കുടിവെള്ള പ്രശ്നം തന്നെ ഇല്ലാതാകും എന്ന സാരിയുടുത്ത സത്യം സർക്കാരും കൂടി തിരിച്ചറിഞ്ഞാരുന്നെങ്കിൽ! എവിടന്ന്...ഒക്കേം ബൂർഷകൾ! 


(ഈ സീരിയലിന്റെ കാര്യം പറയുമ്പം ഒരു കാര്യം ഓർമ്മിപിക്കാൻ മറന്നു.. പുരുഷാധിപത്യത്തിന്റെ അടിച്ചമർത്തലുകളിലുള്ള നാട്ടിൻപുറത്തെ പെണ്ണുങ്ങടെ മൌനരോഷത്തിന്റെ വീക്കൻസിൽ പിടിച്ചാണ് മെഗാസീരിയല് പിടിക്കുന്ന കാലമാടന്മാർ പെണ്ണുങ്ങടെ അണ്ഡകടാകത്തിലോട്ട് കേറുന്നത്..! ഏത് സീരിയൽ എടുത്താലും കണ്ണീരും കയ്യുമായ് ഒരു നായിക, സ്ഫഡികത്തിലെ മോഹൻലാലിന്റെ പോലത്തെ മറ്റൊരു നാ‍യിക..സുരേഷ് ഗോപീടെ പടത്തിലെ വില്ലന്മാരുടെ പോലെ കുബുദ്ധിയായ ഒരു വില്ലത്തി.. പിന്നെ ഇവരുടെ എല്ലാം വാലായ്.. ഒരു ശല്യോം ഇല്ലാത്ത, തോട് പൊളിച്ച കോഴിമൊട്ട പോലത്തെ പാവം രണ്ട് മൂന്ന് ‘നായകന്മാരും’ പിന്നെ ചേച്ചി എന്ത് പറഞ്ഞാലും ചെയ്യുന്ന രണ്ട് ശിങ്കിടികളും-സ്റ്റണ്ട് ചെയ്യാൻ മലയാളം സീരിയൽ നടിമാർ വിജയശാന്തി അല്ലല്ലോ! എന്തൊക്കേണെങ്കിലും പെണ്ണുങ്ങളായ നായികമാരുടെ വാലിൽ തൂങ്ങി നടക്കുന്ന നെടുനീളൻ നായികന്മാരെ കാണുന്നത് വീട്ടിലിരുന്ന് കെട്ട്യോന്റെ ഇടി വാങ്ങണ പെണ്ണുങ്ങൾക്ക് കണ്ണിനൊരാ‍നന്ദം ആണ്! ഒരാത്മസുഖം!)


ആ..അതും പോട്ടെ... അതും പഴങ്കഥ ആയി! കുബുദ്ധികൾ ഇപ്പോൾ ടെലിവിഷന്റെ ഹൈടെക്ക്നോളജി സെറ്റ് അപ് ആയ റിയാലിറ്റി ഷോകളുടെ പിറകേയാ! 


റിയാലിറ്റി ഷോകളുടെ കാര്യം ആണേൽ ഒന്നുമൊട്ട് പറയേം വേണ്ട! കണ്ണീർ സീരിയൽ കണ്ട് കരഞ്ഞ് തളർന്ന് കണ്ണ് ഡ്രൈ ആവണ അസുഖത്തിന് ഡോക്ടർ കൊടുത്ത മരുന്നും വാങ്ങി വന്ന യെന്റമ്മച്ചി കണ്ണീര് തോർന്നിത്തിരി നേരോണ്ടാവാൻ സീരിയൽ ചാനൽ മാറ്റി റിയാലിറ്റി ചാനൽ എടുത്തപ്പോ അവിടെ പന്തം കുളത്തി കണ്ണീർ! കണ്ണീരിന്റെ ഗാഗുൽത്താമല! എന്തുവാ... എലീമിനേഷൻ റൌണ്ട്! നെഞ്ചത്തിടീം നെലവിളീം! വിധി വിളയാട്ടം കൊണ്ട് മാത്രം പുറത്താകേണ്ടി വന്ന പാവം കണ്ടക്സ്റ്റണ്ടിന് സമ്മാനം കിട്ടിയില്ലെങ്കിലും സമാധാനത്തിന് സെലിബ്രറ്റി ഗസ്റ്റ് ജഡ്ജി ചേച്ചീന്റെ വക അമർത്തി ഒരു കെട്ടിപിടി! (ഇനിയെന്ത് കുന്തത്തിനാ ഫ്ലാറ്റും കാറും സ്വർണ്ണോം ഒക്കെ!) അച്ഛൻ ചത്ത് പുലകുളി കഴിഞ്ഞെത്തിയ കുടുംബാംഗങ്ങടെ മട്ടിൽ നാടൊട്ടുക്ക് മൌനം തേങ്ങൽ കരച്ചിൽ! എന്നാ ഒരു റിയാലിറ്റി ആന്നേയ്!


പക്ഷേ കുബുദ്ധികളുടെ ലേറ്റസ്റ്റ് പാഷാണം അതൊന്നും അല്ല....


വന്ന് വന്നിപ്പം അവസാനം റിയാലിറ്റി ഷോ കണ്ടാൽ മലയാറ്റൂർ മല കേറാൻ പോയ പ്രതീതിയാണെന്നാ അവർ പറയണെ..! എസ് എം എസ് യാചനാ സംഘത്തിന് സഹതാപ തരംഗം കുറയാതിരിയ്ക്കാനാണോ എന്നൊന്നും ചോദിച്ചേക്കരുത്.. കണ്ണില്ലാത്തവരും കയ്യില്ലാത്തവരും കാലില്ലാത്തവരും ധാരാളം ആയി ഇപ്പം റിയാലിറ്റി സംഘത്തിൽ കൂടി വരുന്നു! കേരളത്തിലെ ചില റിയാലിറ്റി ഷോകളുടെ പരസ്യം കണ്ടാൽ ശരിയ്ക്കും മലയടിവാരത്തെ ചില്ലറകിലുക്കം ആണ് ഓർമ്മ വരുന്നത് എന്ന് കുബുദ്ധികൾ പറഞ്ഞാൽ കുറ്റം പറയാൻ പറ്റുവോ...!

പിച്ചക്കാർക്കും ടെക്നോളജി വന്ന കാലം ആണിത്..! സ്വീകരണമുറിയിലെ കൊച്ച് പെട്ടിയിലിരുന്ന് പാട്ടും പാടി എസ് എം എസ് യാചിക്കുമ്പോൾ കണ്ണീചോരയില്ലാതെ തിരിഞ്ഞിരിക്കുന്നതെങ്ങിനെ! അയച്ച് പോകും..! ബി എസ് എൻ എൽ ഉം ബാക്കി പരിവാരങ്ങളും സഹായിച്ചിപ്പൊ നാടൊട്ടുക്ക് റേഞ്ച് ആയത് കൊണ്ട് പഴേ പോലെ പടിഞ്ഞാറേ പാടത്തോട്ടിറങ്ങണ്ടേം കാര്യം ഇല്ല തെങ്ങേൽ ഒന്നും വലിഞ്ഞ് കേറേണ്ടേം കാര്യം ഇല്ല..പണ്ട് ചക്കസീസണിൽ വീടും പറമ്പും നെറച്ച് ചക്കക്കുരു എന്നപോലെ ഇപ്പൊ പെരയ്ക്കകം നിറച്ച് മൊബീൽ ഫോണും! അഞ്ചടി അഞ്ചിഞ്ച് നീളത്തിൽ പൊതിയാൻ 2 മുഴം ഉടുപ്പ് വാങ്ങാൻ പണം ഇല്ലാത്ത പാവം ആ‍ങ്കർ കുട്ടി, പണ്ടേതൊ കവി പാടിയ പോലെ, ‘പുഴകൊണ്ടൊരു മുലക്കച്ച ചുറ്റിയ മല’യെന്ന മാതിരി എന്തോ ഒരു തുണി കഷണം മേമ്പൊടിക്ക് ഉടലേലൊന്നുഴിഞ്ഞെന്ന് വരുത്തി നിന്ന്, അവളും തെണ്ടുന്നു തൊണ്ട പൊട്ടി.., “ഇച്ചിരി ഏഷ് എമ്മെഷ്ഷ് തര്യോ”! “ജഡ്ജിമാർ പീഡിപ്പിച്ച ഈ പാവം ഞങ്ങടെ കണ്ടക്സ്റ്റന്റ്സിന് ഇനി അരിഷ്ടിച്ച് മുന്നോട്ട് പോവാൻ ഇങ്ങടെ ഏഷ് എമ്മഷ് കൂടിയേ തീരൂ..അത് കൊണ്ട് പ്ലീസ്...പ്ലീസ്...പ്ലീസ്സുമ്പുറത്ത് പ്ലീസ്!” (കോടതി അലക്ഷ്യം അല്ല.. റിയാലിറ്റി ഷോന്റെ ജഡ്ജീടെ കാര്യാ ഇമ്മള് പറഞ്ഞേട്ടാ) ലവള് പറയുന്ന പോലത്തെ മല്യാളം പര്യാൻ ഇപ്പം നാട്ടിൽ IELTS പോലത്തെ കോഴ്സുകൾ ഉണ്ടെന്നാ കേട്ടെ.. ഇപ്പം ആങ്കർ ആവാൻ ഹാങ്കറിൽ ഇട്ട പോലെ വയററ്റം കാണുന്ന ഉടുപ്പിട്ട ഒരു ബോഡീം ഈ മലയാളവുമാണത്രേ തേവൈ!


എന്തൊക്കെ ആണേലും ഇപ്പറഞ്ഞ മാതിരി എസ് എം എസ് തെണ്ടൽ തകൃതി ആയ് നടക്കണേണ്! ഇനിയെന്നാണാ ആവോ പ്രൈവറ്റ് ബസ്റ്റാന്റിൽ നിർത്തിയിട്ട ബസിനകത്ത് താലൂക്ക് തഹസീൽദാര് കൊടുത്ത നോട്ടീസുമായ് കേറുന്ന ഇടക്കാലത്ത് വന്ന ഫാഷൻ റിയാലിറ്റിയിലും വരണെ! എന്തൊക്കെ ആയാലും എസ് എം എസിന് വേണ്ടി അല്ലെ.. പട്ടിണി മാറ്റാൻ അല്ലേ..ആയിക്കോട്ടെ...!


പക്ഷേ കുബുദ്ധികളുടേ പൌശന്യം ഇത്തിരി വേറേം ഉണ്ട്..! ഏരിയ തിരിച്ച് പിച്ചക്കാരെ വിട്ട് തെണ്ടിക്കുന്ന ഏജൻസികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്! തെണ്ടി കൊണ്ട് വരുമ്പം മുഴുവനും കൊടുത്തില്ലേലും കിട്ടിയതീന്ന് ഒരു വീതം ആ കണ്ണീചോരയില്ലാത്തവന്മാരും തെണ്ടികൊണ്ട് വന്നോരുക്ക് കൊടുക്കും! അപ്പറഞ്ഞ മാതിരി അഞ്ച് പത്ത് എപ്പിസോഡുകളിൽ പരമാവധി തെണ്ടിച്ച് കിട്ടാവുന്ന എസ് എം എസ് ഒക്കേം വാങ്ങി കഴിയുമ്പോൾ കറിവേപ്പില എടുത്ത് കളയുന്ന പോലെ അവരെ എടുത്ത് കളയുമ്പം... കിട്ടിയതീന്നിത്തിരി കമ്മീഷൺ എങ്കിലും കൊടുത്ത് ഇറക്കി വിടുവാണേൽ എത്ര നന്നാരുന്നെന്ന അവര് പറയണേ!


കുബുദ്ധികൾ അങ്ങനെ പലതും പറയും... കണ്ണുകടിയാ! റിയാലിറ്റി ഷോകളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സമത്വ സുന്ദര സമ ഭാവനയുടെ കിരണങ്ങൾ അവർ കാണുന്നില്ല..! എല്ലാവർക്കും ഒരേ പോലെ അവസരം നൽകുന്ന എല്ലാവരേയും ഒരു പോലെ കരയിക്കുന്ന ഈ സുന്ദര ദൃശ്യാവിഷ്കരണത്തെ അവർ കണ്ണീചോരയില്ലാതെ വിമർശിക്കുന്നു... വിമർശിക്കട്ടെ..!

Wednesday, September 21, 2011

പ്രൊഡ്യൂസ്ഡ് ബൈ ദൈവം ബ്രദേഴ്സ് പി. ലിമിറ്റഡ്നിങ്ങളുടെ വാദം എന്താണ്... ദൈവം ഇല്ല എന്നാണൊ? എങ്കിൽ പിന്നെ ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി...എങ്ങനെ പരിപാലിക്കപ്പെടുന്നു.. അപ്പോൾ അതിനു പിറകിൽ ഒരു ശക്തി ഉണ്ട്.. അത് ദൈവം അല്ലെ?!!


ആയിക്കോട്ടെ..! അല്ല അപ്പൊ ഒരു സംശയം...എന്തിനാ ഈ ‘ഒരു’ ശക്തി? രണ്ട് ആയികൂടെ? 100 ആയികൂടെ? 1000 ആയികൂടെ??


ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ദൈവങ്ങളുടെ ഒരു കൺസോർഷ്യം ആണ് പ്രപഞ്ചം ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ?? ദൈവം ഏകൻ ആയിരിക്കണമെന്നും.. ഒറ്റക്കിരുന്ന് ആ പാവം ബോറടിക്കണമെന്നും പറയണെന്തിനാ..! എന്താ ദൈവങ്ങൾക്ക് കൺസോർഷ്യം പറ്റില്ലാന്നാണോ..? വെറും കൂതറകളായ മനുഷ്യർ ഒന്നിച്ച് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഒരേ ലക്ഷ്യത്തോടെ നടത്തി വൻ ലാഭം ഉണ്ടാക്കുന്നില്ലേ! എന്നാ പിന്നെ ദൈവങ്ങൾക്ക് എന്തേ ആയിക്കൂടെ? ഇനി ഏതെങ്കിലും ഇത്തരത്തിൽ ഉള്ള കമ്പനി അത് പതിനായിരക്കണക്കിന് ആളുകൾ കൂടി ഒന്നിച്ച് നടത്തണ കമ്പനിയാ..അവരും ആയിട്ടുള്ള ഇടപാട് ശെരി ആവൂല്ലാ എന്ന് കരുതി ആരെങ്കിലും ആ വഴിക്ക് പോവാതിരിക്കണുണ്ടോ! കമ്പനിയെ നമ്മൾ കമ്പനി ആയാണ് കാണുന്നത്...അല്ലാതെ പതിനായിരക്കണക്കിന് പേരുടെ ഒരു കൂട്ടം ആയിട്ടല്ല.. അത് പോലെ അനേകം ദൈവങ്ങൾ ഒരൊറ്റ ശക്തി!.. അങ്ങനെ വരുവോ??

എന്തായാലും ഒരു വിശ്വാസം ആണ്...സ്വപ്നം കാണുമ്പം കുന്നോളം കാണണം എന്ന് പറയും... അപ്പറഞ്ഞ മാതിരി എന്തായാലും വിശ്വാസം അല്ലേ.. എന്നാ പിന്നെ എന്തിനാ ഒന്നിൽ ഒതുക്കണേ... ധാരാളം ആയിട്ടങ്ങ് വിശ്വസിച്ചൂടെ...!

ഇനി നമ്മുടെ സ്വന്തം ദുരനുഭവത്തിലോട്ട് വരാം! (എന്റെ സ്വന്തം)


ജനിച്ചിട്ട് കണ്മുന്നിൽ 3 മതങ്ങൾ ഞാൻ കണ്ടു..(മൂന്നേ കണ്ടുള്ളു... ദൈവം കാത്ത്!)


ആദ്യം ഉണ്ടായ മതം.. നമ്മുടെ മെയ്ഡ് ഇൻ ഇന്ത്യ മതം! എന്താ പ്രത്യേകത...! തൊട്ടതും പിടിച്ചതും വന്നതും പോയതും ഒക്കെ ദൈവം ആണ്! മൂന്ന് പേർ ഏറ്റവും മേലെ.. പിന്നെ അതിലൊരാൾ ഇടയ്ക്കിടയ്ക്ക് എടുത്ത അവതാരങ്ങൾ.. പിന്നെ ദേവ രാ‍ജാവും ദേവഗണങ്ങളും... പിന്നെ കാറ്റ് കടൽ സൂര്യൻ ഭൂമി, പുഴ, നദി, ചന്ദ്രൻ വാഹനങ്ങളായ ആന മയിൽ ഒട്ടകം എലി പുലി പോത്ത് കാള പശു.. അങ്ങനെ അങ്ങനെ അങ്ങനെ!

പിന്നേം ഉണ്ട് പ്രത്യേകതകൾ... ദൈവം ആണാണോ പെണ്ണാണോ എന്ന കൺഫ്യൂഷനും വേണ്ട.. ആണും ഉണ്ട് പെണ്ണും ഉണ്ട്... സൃഷ്ടിക്കൽ അല്ലാതെ സ്വന്തം ആയി പിള്ളാരുണ്ടാകുവോ ദൈവത്തിനു (Potency) എന്ന ചോദ്യവും വേണ്ട.. അവർക്കൊക്കെ ഇഷ്ടം പോലെ മക്കളും! അങ്ങനെ അവരെല്ലാരും കൂടി മിണ്ടീം പറഞ്ഞും സ്നേഹിച്ചും കോപിച്ചും ഒക്കെ കഴിഞ്ഞ് പോണ്!

രണ്ടാമത്തെ മതം പറഞ്ഞു..ദൈവം ഒരു കൊട്ടക്ക് ഒന്നും ഇല്ല... ഒന്നേ ഉള്ളു...പക്ഷെ അതിൽ തന്നെ മൂന്ന് പേരുണ്ട്... ദൈവത്തിന് ഭാര്യേം കുടുംബോം ഒന്നൂല്ല.. പക്ഷെ മോൻ ഒരെണ്ണം ഉണ്ട്... കക്ഷീനെ ലോകത്തേയ്ക്ക് അയക്കേം ചെയ്തിന്!

മൂന്നാമതൊരു മതം വന്ന് പറഞ്ഞു... ദൈവം ഒന്നേ ഉള്ളൂ... ഒന്നിന്റുള്ളിൽ മൂന്നൊന്നൂല്ല.. ഭാര്യേം ഇല്ല.. മക്കളുണ്ടാവേം ഇല്ല! ലോകത്തിലേക്ക് സ്വന്തം ആയി വരുവേം ഇല്ല... കൂടിയാൽ ഒരു പ്രവാചകൻ... അതുമല്ലേൽ ഒരു മാലാഖ! മനുഷ്യന്റെ നേരെ വരത്തേ ഇല്ല കക്ഷി!

സത്യത്തിൽ ഓർക്കുമ്പോൾ സങ്കടം ഉണ്ട്... മതങ്ങൾ ഉണ്ടാകും തോറും ദൈവത്തിന്റെ റേഞ്ച് കുറഞ്ഞ് കുറഞ്ഞ് വരണ്! ആ‍ദ്യം ഭാര്യേം മക്കളും ധാരാളം കൂട്ടുകാരും എല്ലാം ഉണ്ടാരുന്ന്.. മനുഷ്യരുമായിട്ട് നല്ല ടേംസ് ഒക്കെ ആരുന്ന്.. തോന്നുമ്മെ ഒക്കെ മനുഷ്യരുടെ ഇടയിൽ പ്രത്യക്ഷപെടുമാരുന്ന്... പിന്നെ അതൊക്കെ പോയ് അപ്പനും മോനും അത്മാവും മാത്രായ്.. അപ്പൻ വന്നില്ലേലും മോൻ വന്ന്... പിന്നെ അതെല്ലാം പോയ് ഒറ്റപെട്ട് ആരോരും ഇല്ലാത്തോനായ്.. കാശ് കടം തന്നവനെ കണ്ട പോലെ മനുഷ്യന്റെ മുന്നിൽ പോലും വരാ‍തെ ഒളിച്ച് നടക്കണ്! ദൈവം ശുഷ്ക്കിക്കുന്നു എന്നോ വംശനാശം നേരിട്ടു എന്നോ..എന്താ പറയാന്നറിയില്ല!


ഇനി ഈ പറഞ്ഞ ദൈവങ്ങളുടെ ഒക്കെ പിറകേ പോയ മനുഷ്യന്റെ കാര്യോ.. അത് അതിലേറെ കഷ്ടം!


ആദ്യത്തെ മതത്തിലെ ദൈവങ്ങളുടെ ഭക്തന്മാർ തമ്മിൽ തമ്മിൽ ഒരു പ്രശ്നോം ഇല്ല! ഒന്നാമത്തെ അവതാരത്തിന്റെ ഭക്തൻ രണ്ടാമത്തെ അവതാരത്തിന്റെ ഭക്തന്റെ മെക്കെട്ട് കേറണില്ല..! ഉണ്ടാക്കിയവന്റെ ഭക്തൻ പരിപാലിക്കണവന്റെ ഭക്തന്റെ മെക്കെട്ട് കേറി എന്റെ ആളാടാ കൂടുതൽ സ്ട്രോങ്ങ്.. നിന്നേം നിന്റെ ആശാനേം ഞങ്ങൾ തുരത്തും.. എന്നൊന്നും പറയണില്ല..! അവർക്കിടേലും പ്രശ്നം ഇല്ല... അവരുടെ ഭക്തന്മാർക്ക് ഇടേലും പ്രശ്നമില്ല്ല..തമ്മിൽ തമ്മിൽ!

പക്ഷേ ഒന്നും ഒന്നിൽ മൂന്നും ഒക്കെ ഉള്ളവരുടെ കാര്യമാണ് മഹാ കഷ്ടം! ദൈവ ദാരിദ്ര്യം ശരിക്ക് അവരെ വേട്ടയാടുന്നുണ്ട് എന്ന് തന്നെ വേണം കരുതാൻ! ഒരേ ഒരു ഫുട്ബോളിന് വേണ്ടി 22 പേർ തല്ലിടുന്നത് പോലെ ആകെ ഉള്ള ഒന്നിനെ വച്ച് അവർക്കിടയിൽ തന്നെ കൊട്ടയ്ക്ക് തല്ലാ! ദൈവം ഞങ്ങടെ ആളാ.. അല്ല ഞങ്ങടെ ആളാ എന്ന ഭാവേന... ഫുട്ബോൾ ഇങ്ങനെ തട്ടി കൊണ്ടിരിക്കുവാ!

പക്ഷെ മനസാക്ഷിയെ നുറുക്കുന്ന ഒന്ന് ഈ കളിയിലും ഉണ്ട്...എന്താ! ഫുട്ബോളിന് ഈ തല്ലും ബഹളോം ഒക്കെ തീരുമ്മെ ചെന്ന് കേറാൻ ഒരു ഗോൾ വല എങ്കിലും ഉണ്ട്.. പാവം ദൈവത്തിനോ.. അതും ഇല്ല :( എന്നും തട്ട് മാത്രം... ലക്ഷ്യമില്ലാത്ത അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കണ്ണീചോര ഇല്ലാത്ത തട്ട്...!

Sunday, September 18, 2011

ബഹു. കള്ളുംകുപ്പി!

“മദ്യം വിഷമാണ്“! കേരളം കേട്ട ഏറ്റവും വലിയ വിവരക്കേട്! തോട്ടിലെ വെള്ളം എടുത്ത് മദ്യത്തിലൊഴിച്ചാലും വെള്ളം ശുദ്ധമായ് കിട്ടും! ചുമ്മ മോശമാക്കരുത്..! ഇനി ഈ വക വിവരക്കേടുകൾ ഒക്കെ ഈ മദ്യവിരോധികൾ വിളിച്ച് പറയുന്നത് കുടിയന്മാരെ കുടി നിർത്തിക്കാൻ ആണെങ്കിൽ അത് അതിലേറെ വിവരക്കേട്..! സ്വന്തം ഭാര്യയെ വെറുക്കാൻ പറഞ്ഞാൽ എളുപ്പം അനുസരിക്കും; പക്ഷേ കൂടപ്പിറപ്പായ കള്ളുംകുപ്പ്യെ പറ്റി അനാവശ്യം പറഞ്ഞാൽ വയറ്റിൽ കള്ളിന്റെ അംശം ഉള്ള ഏതെങ്കിലും മദ്യപാനി പൊറുക്കുവോ! അവന്റെ ചോരയിൽ അലിഞ്ഞതല്ലേ അത്! മദ്യം വിഷമാണ് എന്ന് പറയുന്നത് പ്രതികരണശേഷി ഇല്ലാതെ ബോധം കെട്ട് കിടക്കുന്ന കുടിയന്മാർക്കെതിരെ എന്തും പറയാം എന്ന ചിലരുടെ ധാർഷ്ട്യം മാത്രമല്ലേ!

മദ്യംഅത് ബഹുമാനിക്കപെടേണ്ടതാണ്!
എന്ത്കൊണ്ട്..? അത് മനുഷ്യനെ കൂടുതൽ അയവുള്ളവനാക്കുന്നു കൂടുതൽ സ്നേഹമുള്ളവനാക്കുന്നു.. കൂടുതൽ റിലാക്സ്ഡ് ആക്കുന്നു! ദഹന പ്രക്രിയ എളുപ്പമാക്കുന്നു! മസ്സിലു പിടിച്ച് നടക്കുന്നവനും ഒന്നര അടിച്ചാൽ കൂടുതൽ സോഷ്യൽ ആകുന്നെ കണ്ടിട്ടില്ലേ! കൊച്ച് കൊച്ച് ടെൻഷൻസ് ഉണ്ടാകുമ്പോൾ രണ്ടെണ്ണം അടിച്ചാൽ പുഞ്ചിരിക്കാൻ കഴിയുന്നതും! തെളിയിക്കപെട്ട സത്യങ്ങൾ തന്നെ ആണ് ഇവയെല്ലാം!
ഇനി ദഹനത്തിന്റെ കാര്യം ആണേൽ രാവിലെ വെളിക്ക് പോവാൻ ചെന്നിരിക്കുമ്പം സ്കൂൾ തുറപ്പിന്റന്ന് സ്കൂളിൽ പോവാൻ മടിച്ച് നിൽക്കണ പിള്ളാരെ പോലെ എത്ര ഉന്തി തള്ളി വിട്ടാലും പോവുല്ലാന്ന് പറഞ്ഞ് ശങ്കിച്ച് ഇരിക്കുന്നതിനേം, തലേ ദിവസം വൈകീട്ട് ഒരു ഒന്നര അടിച്ചിട്ടുണ്ടേൽ, അതേ പിള്ളാര് ടൂർ പോകാൻ പോണ ഉഷാറോടെ കാര്യങ്ങൾ നടക്കുന്നതിനേം പറ്റി അറിയണമെങ്കിൽ അനുഭവമുള്ളവരോട് ചോദീര്! മാത്രവുമല്ല ചില ഡാക്കിട്ടർമാര് വരെ ഇത് ഒരു ഒന്നര പ്രിസ്ക്രൈബ് ചെയ്യണുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം ആണ്! അപ്പൊ ഇനി പറ.. കള്ളുംകുപ്പി ബഹു. കള്ളുംകുപ്പി തന്ന്യോ?

എന്നിട്ട് ഇത്രേം ഡീസന്റ് ആയ സാധനത്തിനെ നമ്മുടെ നാട്ടിലെ ചില പിന്തിരിപ്പന്മാർ വിഷമാണെന്നും അപകടമാണെന്നും പറയുന്നു വിഷമാവണു! ശരിക്കും വിഷമം തന്നെ ആവണു! :(

അപ്പോൾ ഇവിടെ എന്താണ് പ്രശ്നം…? നമ്മുടെ നാട്ടിലെ പ്രശ്നം? ഈ മുഴുകുടിയന്മാർ കുടിക്കുന്ന സാധനത്തെ ബഹുമാനിക്കുന്നില്ല! അതാണ് സത്യത്തിൽ പ്രശ്നം! എന്താ ശരിയല്ലെ? ഒരു ബഹുമാനവും ഇല്ലാതെ മദ്യത്തെ ഇങ്ങനെ ഒരുമാതിരി ഭോഗിക്കരുത്! അവന്റെ വിവരക്കേട്! അത് അവനെ നശിപ്പിക്കുന്നുറോഡിൽ കിടത്തുന്നു.. കരളു വാട്ടുന്നു.. ഭാര്യയെ തല്ലിക്കുന്നു!

പീഡിപ്പിച്ചാൽ മദ്യവും പ്രതികാരം ഒക്കെ ചെയ്യും! 

2 പെഗ്ഗിൽ കുസൃതി.. 3 പെഗ്ഗിൽ വികൃതി.. 4 പെഗ്ഗിൽ തകൃതി..5 പെഗ്ഗിൽ കൃതി! അതാണ് ഈ സാധനത്തിന്റെ ഒരു സെറ്റ് അപ്! സ്വന്തം കയ്യിലെ കാശ് ചിലവാക്കി ഉടുതുണി ഉരിഞ്ഞ് റോഡിൽ കിടക്കുന്ന ഇനത്തെ ഇങ്ങ് നമ്മുടെ നാട്ടിൽ മാത്രേ കാണൂ! ശെരിക്ക് അവരുടെ കുടിയുടെ ലക്ഷ്യം എന്ത് എന്ന് പോലും മദ്യ സ്നേഹി എന്നുള്ള നിലയിൽ  ഈയുള്ളവന് പിടി കിട്ടുന്നില്ല മദ്യത്തിന് ചീത്തപേരുണ്ടാക്കാൻ പിറന്ന ഒരോരോ ജന്മങ്ങള്!

ഇതൊന്നും പോരാഞ്ഞിട്ട് പണ്ടൊക്കെ സുഹ്ര്ത്തുക്കൾക്കിടയിൽ മാത്രം നടന്നിരുന്ന വെള്ളടി മത്സരം ഇന്ന് മാധ്യമ സിൻഡിക്കേറ്റുകളുടെ സഹായത്തോടെ സംസ്ഥാന തലത്തിൽ തന്നെ ഒരു മത്സര ഇനമായി മാറുകയും ചെയ്തു പ്രത്യേകിച്ച് ഓണം ക്രിസ്മസ് കാലങ്ങളിൽ! ഇനി കള്ളുകുടി മത്സരത്തിൽ ട്രോഫി വാങ്ങി ആ സന്തോഷത്തിനു കുടിക്കുന്ന അവസ്ഥയും വിദൂരമാന്ന് തോന്നണും ഇല്ല! കരുനാഗപിള്ളിക്കാരുടേം ചാലക്കുടിക്കാരുടേം ഫാഗ്യം! ഓണത്തിന് വീടിനുമ്മറത്തും റോഡിലും പൂക്കളമാണോ അതൊ പൂവാളാണോ എന്ന് തിരിച്ചറിയാത്ത വിധം വീശിയതൊക്കെ കമിഴ്ത്തുവേം ആയപ്പൊ ആഘോഷം പൊടിപൂരം! കുഴഞ്ഞ് മൂലയ്ക്കിരിക്കുന്ന ഓണത്തപ്പന്മാരും അവൈലബിൾ! ഓണത്തിനിത്രേം റിയാലിറ്റി, മഹാബലി പാതാളത്തോട്ട് പോയതിന്റെ പിറ്റേ കൊല്ലം പോലും ഉണ്ടായി കാണില്ല!

ഇനി ഞാൻ ഉള്ള കാര്യം അങ്ങ് പറയാം.. മദ്യം വിഷമാണ് എന്ന് പറഞ്ഞ് ചെന്നിട്ട് ഈ കാലം വരെ ഈ കാലമാടന്മാരെ ഒന്ന് ഒതുക്കാൻ പറ്റിയില്ലല്ലൊ! അതുകൊണ്ട്..
കുടി നിർത്താൻ പറഞ്ഞിട്ട് ഗുണമില്ല.. എന്നാൽ പിന്നെ നിങ്ങൾ അവരെ കുടിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്ക്! ഗ്ലാസ്സിൽ പകർന്ന് തീരുന്നതിന് മുൻപ് ഒരു ചിയേഴ്സ് പോലും പറയാൻ നിക്കാതെ ഒരൊറ്റ വലിയ്ക്ക് അകത്താക്കി അടുത്ത പെഗ്ഗിനു ഗ്ലാസ് വച്ച് മോന്ത തുടയ്ക്കുന്ന ഈ വയ്യാവേലികളെ ഒക്കെ ഒതുക്കാൻ മാർഗ്ഗം നോക്കണം ഇവനൊക്കെ സോഷ്യൽ ഡ്രിങ്കിങ്ങ് എന്താന്ന് അറിയണം.. സാമൂഹ്യ കുടി എന്ന് മലയാളം.. നമ്മടെ നാട്ടുകുടിയന്മാർ അത് കേട്ട് കേൾവി പോലും ഉണ്ടൊ! (അടച്ചാക്ഷേപിക്കുവല്ല) നാലഞ്ചാളു കൂടി ഇരുന്ന് ഇത്തിരി ഇത്തിരി ആയി മുത്തി മുത്തി രുചി അറിഞ്ഞ് കുടിച്ച് വിശേഷം പറയുന്ന ആ സുഖം! രണ്ട് രണ്ടര പെഗ്ഗിന്റെ അനുഭൂതിയിൽ മനസ്സ് തുറന്നിരുന്ന് സംസാരിക്കുന്നതിന്റെ സുഖം!

നമ്മൾ ബിരിയാണി തിന്നുന്നതെന്തിനാ.. നാവിന്റെ രുചിക്ക്..അല്ലെങ്കിൽ ഉപ്പിടാത്ത കപ്പ കിഴങ്ങ് കഴിച്ചാലും പോരെ വയറ് നിറയാൻ! എന്ന പോലെ എന്ത് സാധനം തേവുമ്പോഴും അതിന്റെ ഗുണം അറിയണം.. ബോധം കെടാ‍ൻ ആണേൽ അര കുപ്പി ക്ലോറോ ഫോം വാങ്ങി വച്ചാ പോരോ..?! അതുകൊണ്ട് ബോധം കെടുന്നത് വരെ കുടി അല്ല ശരിക്കുള്ള കുടി എന്ന് അവരെ പഠിപ്പിക്കണം.. നല്ല ചൂടിലും ഇളം തെന്നൽ തഴുകുന്നത് പോലെ അനുഭവപ്പെടുന്ന; പൂതനയായ ഭാര്യ പോലും മാലാഖയായ് അനുഭവപെടുന്ന ആ സുന്ദര അനുഭൂതി വരേയെ കുടി പോകാവൂ!

ആയതിനാൽ ഇനി വേണ്ടത് റോഡിൽ കിടക്കുന്ന പാമ്പുകളെയും വാൾ വച്ച് കീഴടങ്ങി കടന്ന് പോയവരേയും (രൂപഭാവങ്ങൾ നോക്കി അത് ആരുടെ പുടവാളാണ് എന്ന് കൃത്യമായ് പറയുന്ന വിദഗ്ദർ ഇന്ന് ഓരോ പഞ്ചായത്തിലും ഉണ്ട്) വാരികൂട്ടി എവിടെയെങ്കിലും കൊണ്ട് പോയ് ഇട്ട് തലയിൽ വെള്ളമൊഴിച്ച് മോരു കലക്കി കൊടുത്ത് ചാക്കിട്ട് കുതിർത്തി വയ്ക്കണം ബോധം വരുന്നത് വരെ.. ബോധം വന്നതിന് ശേഷം അവർക്ക് ഒരു ഓറിയന്റേഷൻ അങ്ങ് കൊടുക്കണം! ഓറിയെന്റേഷൻ എന്ന് പറഞ്ഞാൽ ‘മദ്യം വിഷമാണ്’ എന്നല്ല! (ചുമ്മ കെട്ടെറങ്ങാത്ത ഏതേലും ഒരുത്തനുണ്ടേൽ തെറി കേൾക്കണ്ട) മദ്യത്തിന്റെ ഗുണ ഗണങ്ങളെ പറ്റി ഒരു ഓറിയെന്റേഷൻ ക്ലാസ്! അത് ഇഷ്ടപെടാത്ത ഒരു കുടിയനും ഉണ്ടാവില്ല!

പിന്നെ അതിൽ സൈന്റിഫിക് റിസർച് ഫലങ്ങളും രേഖകളും എന്നൊക്കെ പറഞ്ഞ് എന്തെങ്കിലും ഒക്കെ കുത്തി തിരുകണം..! എന്നിട്ട് ആദ്യം മദ്യം പവിത്രം ആണ് എന്ന് സ്ഥാപിക്കണം! സ്വന്തം കെട്ടിയവൾടെ തലയിൽ വരിയ്ക്ക ചക്ക വീണ അത്ര സന്തോഷം ഉണ്ടാവും അവർക്ക്! പിന്നെ അവരോട് മദ്യത്തെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പറയണം..! ബഹുമാനിച്ചാൽ മദ്യം തിരിച്ച് നൽകുന്ന ഗുണങ്ങൾ പറയണം.. സിപ് ചെയ്ത് കുടിക്കുന്ന പരിപാടിയിൽ പ്രാവീണ്യരായ പാശ്ചാത്യരെ ആരെയെങ്കിലെയും ഒരു പ്രാക്ടിക്കൽ സെഷന് ക്ഷണിക്കാം! ആ കോവളത്തെങ്ങാൻ ചെന്നാൽ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ തെണ്ടിതിരിഞ്ഞ ഏതെങ്കിലും സായിപ്പിനെ കിട്ടും ഈ ക്ലാസിനായ്..! പിന്നെ അച്ചാർ.. ചുണ്ണാമ്പ് ചുവരിലെ കുമ്മായം ഇതൊന്നും ടച്ചിങ്ങ്സ് ഇല്ലാതെ എങ്ങിനെ ക്ഷമയോടെ കുടിക്കാം എന്ന് പഠിപ്പിക്കണം..! കുടിക്കുന്ന നേരം ഗ്ലാസിന് അപ്പുറത്ത് കൂടെ ഇരിക്കുന്നതാരൊക്കെ എന്ന് ശ്രദ്ധിക്കുന്നതിലും അവരോട് സംസാരിക്കുന്നതിലും പരിശീലനം നൽകണം. കുപ്പിയോടെ വച്ച് കൊടുക്കരുത് കൂതറകൾക്ക്.. പെഗ്ഗ് പെഗ്ഗ് ആയേ കൊടുക്കാവൂ.. 2 പെഗ്ഗ് കഴിയുമ്പോൾ (കപ്പാസിറ്റി കൊട്ടക്കുള്ളവർക്ക് 2-3) കഴിയുമ്പോൾ ഒന്ന് പുറത്തോട്ടിറക്കണം അവരെ.. എന്നിട്ട് ഒന്ന് കറങ്ങി ചുറ്റുമുള്ളതൊക്കെ ആസ്വദിച്ച് വരാൻ പറയണം.. ആദ്യമൊന്നും ഈ പറഞ്ഞത് അങ്ങ് ദഹിക്കൂല്ല കുറച്ച് നാൾ നിയന്ത്രിത പരിശീലനം നൽകണം! എന്തൊക്കെ ആയാലും കള്ളിന്റെ യഥാർത്ഥ സുഖം അറിഞ്ഞാൽ പിന്നെ അവര് പഠിച്ചോളും.., എങ്ങിനെ ബഹുമാനിക്കണം എന്ന്! പിന്നെ പരിശീലനം ഒക്കെ കഴിഞ്ഞ് ചെല്ലുമ്പോൾ ആത്മസംയമനം കുടുംബത്തുള്ള പെണ്ണുങ്ങൾക്കും ഉണ്ടാവണം.. ഒരുമാതിരി ചൊറിയാൻ ചെല്ലരുത്! പാവം കുടിയന്മാരെ പരീക്ഷിക്കരുത്..! അവർക്ക് മാലാഖമാരെന്ന് തോന്നുമ്മെ നിങ്ങൾ മാലാഖ തോലിട്ട പിശാശുമോറികൾ ആവരുത്! അവരും ഡീസന്റ് ആയിക്കോട്ടേ!

മദ്യം ബഹുമാനിക്കപ്പെടട്ടെ!
മാന്യമായ ഒരു മദ്യപാന സംസ്കാരം നമുക്കെല്ലാവർക്കും ഒന്നിച്ചിരുന്ന് സ്വപ്നം കാണാം!

Friday, September 16, 2011

യൂദാസെവിടെ..!


ഒരു സംശയം യൂദാസിപ്പൊ എവിടെ? സ്വർഗ്ഗത്തിലോനരകത്തിലൊ..??

ഈ ലോകം ഒരു മുന്തിരി തോട്ടവും.. നമ്മൾ മനുഷ്യരൊക്കെ മുന്തിരിചെടികളും ദൈവം കൃഷിക്കാരനും ആണ്. ഫലം തരുന്ന ചെടികളെ കൃഷിക്കാരൻ വെട്ടിയൊരുക്കുന്നു, കൂടുതൽ ഫലം ഉളവാകാൻ വേണ്ടി

വിശ്വാസിയെ അവൻ എപ്പോളും പരീക്ഷകളിൽ ഉൾപ്പെടുത്തികൊണ്ടേ ഇരിക്കും.. വിശ്വാസത്തിൽ ഉറച്ച് നിൽക്കുമ്പോൾ അവനു പീഡകൾ അനവദി അനുഭവിക്കേണ്ടി വരും.. ചുറ്റുമുള്ള ദുഷ്ട ജനം അവന് ദ്രോഹം ചെയ്യും! എന്തിന് വേണ്ടി.. പരീക്ഷകളെ അതിജീവിച്ച് അവൻ വിശ്വാസത്തിൽ കൂടുതൽ ഉറയ്ക്കാൻ വേണ്ടി.. മുന്തിരി ചെടിയെ വെട്ടി ഒരുക്കുന്നത് പോലെ (മുന്തിരി കണ്ടിട്ടില്ലാത്തവർക്ക്), റോസാ ചെടിയെ വെട്ടി ഒരുക്കുന്നത് പോലെ.. അല്ലെങ്കിൽ സ്വർണ്ണം ചൂളയിൽ ഉരുകുന്നത് പോലെ.. മായമില്ലാത്ത കൂടുതൽ തിളക്കമുള്ള ആഭരണങ്ങൾ ആവാൻ വേണ്ടി.. കൂടുതൽ മുന്തിരി ഉണ്ടാകുവാൻ വേണ്ടികൂടുതൽ റോസാപൂക്കൾ വിടർന്ന് സൗരഭ്യമേകുവാൻ വേണ്ടി..! അങ്ങനെ വിശ്വാസികളെ എല്ലാം ദൈവമാകുന്ന കൃഷിക്കാരൻ വെട്ടിയൊരുക്കുകയാണ് ദുഷ്ടരും നീചരും ആയ അവന് ചുറ്റുമുള്ള അവിശ്വാസികളിലൂടെ, കൂടുതൽ നന്മ ഉള്ളവരാവാൻ..!

ദുഷ്ടരും നീചരും പ്രലോഭനങ്ങൾ ഏകുന്നവരും അവന്റെ കയ്യിലെ ആയുധങ്ങൾ! തന്റെ വിളവ് സമൃതി ആക്കാൻ അവൻ ഉപയോഗിക്കുന്ന ആയുധങ്ങൾ..! അവൻ അതിന് നിയുക്തനാക്കപെട്ടവൻ!(?) അപ്പോൾ ചോദ്യം.. ഏത് കൃഷിക്കാരൻ ആണ് വിളവെടുപ്പ് കഴിഞ്ഞാൽ തന്റെ വെട്ടുകത്തിയും കോടാലിയും മൺ വെട്ടിയും തീയിൽ എറിയുന്നത്?... എന്റെ മുന്തിരി ചെടികളെ വെട്ടി വേദനിപ്പിച്ച ദുഷ്ടന്മാരെ പോകീൻ എന്റെ കണ്മുന്നിൽ നിന്ന്…! അല്ലെങ്കിൽ ഏത് തട്ടാനാണ് തങ്കം തെളിഞ്ഞ് കഴിയുമ്പോൾ ചൂളയെ തള്ളി പറയുന്നത് എന്റെ സ്വർണ്ണത്തെ തിളപ്പിച്ച ദുഷ്ടാ.. പോ എന്റെ മുന്നിൽ നിന്ന്.. നിന്നെ ഒക്കെ ഞാൻ തീപ്പുറത്ത് തീയിട്ട് നശിപ്പിക്കും എന്ന്..!?! ഇക്കണക്കിന് നോക്കുമ്പോൾ വിശ്വാസിയെ പരീക്ഷിക്കുന്ന ദൈവത്തിന്റെ കയ്യിലെ ആയുധങ്ങളായ ദുഷ്ട ജനത്തെ ദൈവം കൈ വെടിയുമോ.. അവരെ തീയിൽ എറിയുമോ.. അവരവന്റെ ആയുധങ്ങളല്ലെആയുധങ്ങളെ സ്നേഹിക്കാത്ത കൃഷിക്കാരൻ ഉണ്ടോ..!?! ആരാണാവൊ നരകതീയിൽ പോകാനിരിക്കുന്നവർ..!

നിയതമായ വിധി എഴുതപെട്ടതാണ്.. മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുവാനായ് ജനിച്ചവൻ യൂദാസ്! അവന്റെ വിധി യുഗങ്ങൾക്ക് മുൻപേ കുറിച്ചത്.. എല്ലാം പൂർത്തിയാകുവാൻ നിയുക്തനായ വഞ്ചകൻ! ഒരു ചുമ്പനത്തിനകലെ സ്വന്തം ഗുരുവിനു മുപ്പത് വെള്ളികാശിന്റെ വില കണ്ടവൻ..! അവൻ അതിന് വേണ്ടി അയയ്ക്കപ്പെട്ടവൻ, വഞ്ചനയ്ക്ക് വേണ്ടി! ഒരു ജനതയുടെ വിശ്വാസത്തിന് മുഴുവൻ നേരിട്ടല്ലെങ്കിലും നേരിയ തോതിലെങ്കിലും സംഭാവന ചെയ്തവൻ! യൂദാസ് എന്ന വഞ്ചകൻ! ഗുരുവിനോട് ചെയ്ത വഞ്ചനയുടെ നിരാശയിൽ മനം നൊന്ത് ഒരു മുഴം കയറിൽ ജീവനോടുക്കിയവൻ! അവന്റെ ജന്മോദ്ദേശ്യം തന്നെ അതായിരിക്കെ അവന് ലഭിക്കുക എന്തായിരിക്കും.. അവനും ഒരു ആയുധമായിരുന്നില്ലെ സ്വർഗ്ഗമോ നരകമോ.. എല്ലാം അറിയുന്നവൻ അവൻ ഏകദൈവം..!

ദൂരദർശനിൽ രാമായണം കണ്ടു.. ബ്രിട്ടാനിയ ജയ് ഹനുമാനും വീൽ ഓം നമശിവായും കണ്ടു..(പുരാണങ്ങളിൽ തങ്ങൾ കാണാതെ പോയ, ഹനുമാന്റെയും ശിവഭഗവാന്റെയും അനേകം ശീർഷകങ്ങളിൽ ഒന്നാണ് ബ്രിട്ടാനിയയും വീലും എന്ന് ടെലിവിഷനു മുന്നിൽ കൈ കൂപ്പിയിരുന്ന മുത്തശ്ശിമാർ തെറ്റിദ്ധരിച്ചത് വേറെ കഥ) പുരാണങ്ങൾ കണ്ടു.. അവതാരങ്ങൾ കണ്ടു ദുഷ്ട നിഗ്രഹം ആയിരുന്നു അവരുടെ എല്ലാം ജന്മോദ്ദേശ്യം! വലിയ യുദ്ധത്തിന് ശേഷം രാമൻ രാവണനെ കൊന്നു..അല്ല രാവണനു മോക്ഷം കൊടുത്തു! ദുഷ്ടനായ, സാധു ജനങ്ങളെ പീഡിപ്പിച്ച കംസനെ കൊന്നു.. അല്ല മോക്ഷം കൊടുത്തു.. ഹിരണ്യാക്ഷന് വരാഹമായും ഹിരണ്യകശപുവിന് നരസിംഹമായും അവതാരങ്ങൾ മോക്ഷം കൊടുത്തു..! അങ്ങനാണെങ്കിൽ ഇനീപ്പൊ ആർക്കാ നരകം!

മതസമൂഹങ്ങളുടെ വളർച്ച രക്തസാക്ഷികളുടെ ചുടുനിണത്തിൽ ആയിരുന്നു..
കൊല്ലാൻ ആളില്ലാതെ രക്തസാക്ഷി ഉണ്ടോ.. അവനും നിയുക്തൻ തന്നെ..! അവരു നരകത്തിൽ പോവോ.. പോയാ പിന്നെ എന്തൂട്ടാ കഥ.. നാ‍യകനായഭിനയിച്ചവനെ തല്ലിയ വില്ലനെ നാട്ടുകാർ വഴിയിലിട്ട് തല്ലിയ പോലായിപോവുല്ലേ! അപ്പൊ പിന്നെ ആർക്കാ നരകംല്ലാം അറിയുന്നവൻ ദൈവം ങ്ഹാ ചിലപ്പോ കൂടെ നടന്ന് ആളെ പറ്റിക്കുന്ന കൂതറകളെ ഇടാനാവും!

Friday, September 9, 2011

ഞങ്ങളോട് എന്തിനായിരുന്നു ഈ അനീതി..?


എന്ത് കൊണ്ട് പീഡനങ്ങൾ ഉണ്ടാകുന്നു..!


ഞങ്ങളെ നിങ്ങൾ ക്രൂരന്മാർ എന്ന് വിളിക്കുന്നു.. രക്തദാഹികൾ എന്ന് വിളിക്കുന്നു.. മാംസഭോജികൾ എന്ന് വിളിക്കുന്നു... പക്ഷെ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു.. ഞങ്ങളുടെ ഈ നിശബ്ദ പരിഭവം ഞങ്ങൾ ആരോട് പറയണം.....? ഞങ്ങൾക്കൊന്നേ പറയാനുള്ളു... ഇത് ഞങ്ങളുടെ വിധി ആണ്.. അനിക്ഷ്യേധ്യമായ വിധി.. അനിവാര്യമായ വിധി! അല്ലെങ്കിൽ വിധി ഞങ്ങളോട് ചെയ്ത അനീതി...!


നിഷ്പക്ഷമായ് ഒരു സർവ്വേ നടത്തി നോക്ക്.. ..! ആരാണ് കൂടുതൽ അനുഭൂതി അനുഭവിക്കുന്നത്...ആരാണ് കൂടുതൽ നേടുന്നത്.. ഞാൻ നിന്നെ ഒന്ന് സ്പർശിക്കുന്നതും ഞാൻ നിന്നെ വേദനിപ്പിക്കുന്നതും നഖ-ദന്താതി ക്ഷതങ്ങൾ  പോലും ഉത്തുംഗതയിൽ നിനക്ക് അനുഭൂതി ആയിരിക്കെ..(ഉള്ളത് പറയാം, ഏത് കൊമ്പത്ത് നിൽക്കാണെന്ന് പറഞ്ഞാലും ‘ദേഹത്ത് തൊട്ടാ‍ൽ‘ ഞങ്ങൾക്ക് നോവും!).., ഞങ്ങൾ 10 അനുഭവിക്കുമ്പോൾ നിങ്ങൾക്ക് 100 ലഭിക്കേ.. എന്തിന് വിധി ഞങ്ങളോടീ ക്രൂരത കാണിച്ചു...?? 

ഞങ്ങൾ നിങ്ങളുടെ അടുത്തേയ്ക്ക് വരണം അത്രേ..! അതാണ് പ്രകൃതിയുടെ വിധി..! കൂടുതൽ നിങ്ങൾക്കായിരുന്നിട്ടും നിങ്ങൾ ഇങ്ങോട്ട് വരണം എന്ന് പ്രകൃതി തീരുമാനിച്ചില്ല.. (അങ്ങനെ ആയിരുന്നെങ്കിൽ സ്ത്രീപീഡനം എന്നൊന്ന് തന്നെ ഈ ലോകത്ത് ഉണ്ടാകുമായിരുന്നോ...) ഞങ്ങൾ അങ്ങോട്ട് വരണം..! അങ്ങനെ ഒരു പ്രോഗ്രാം സെറ്റ് ചെയ്ത് ഞങ്ങളെ ഇങ്ങോട്ട് വിട്ടു.. പ്രോഗ്രാം അല്ലെ...അത് ചിലരിൽ ഇത്തിരി കൂടീം കുറഞ്ഞും ഇരിക്കും.. ആരെയാ കുറ്റപ്പെടുത്തുന്നെ... എന്നിട്ട് കുറ്റം മുഴുവൻ ഞങ്ങൾക്ക്...! 

പാവം ചാത്തൻ കോഴികളെ പോലും നിങ്ങൾ അവജ്ഞയോടെ നോക്കുന്നു..! ചാത്തൻ കോഴി എന്ത് ചെയ്തിട്ടാ..! കഷ്ടപെട്ട് പറമ്പാ‍യ പറമ്പ് മുഴുവൻ ഓടിച്ച് പിടക്കോഴിയെ പിടിച്ചിട്ട് ചാത്തൻ കോഴിക്കെന്ത് ഗുണം..10 സെക്കന്റിൽ ലവനെന്ത് കിട്ടാൻ! പിറകേ ഓടി പിടിച്ച് നിർത്തി ദേ നി ചുമ്മ മുട്ട ഇട്ട് വേസ്റ്റ് ആക്കി കളയണ്ട.. മുട്ട ഇടുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാ‍വട്ടെ എന്ന മനസ്സോടെ സഹായിക്കുന്നതോ.. അവൻ ശല്യം ചെയ്തില്ലെങ്കിലും അവൾ മുട്ട ഇടണം.. ആ മുട്ട എല്ലാം (മനുഷ്യൻ ഓം ലെറ്റ് അടിക്കുന്നില്ലായിരുന്നെങ്കിൽ) വെറും പാഴ്! അവൻ അദ്ധ്വാനിച്ചാലേ മുട്ട കുഞ്ഞാവൂ... എന്നിട്ടും അവന് ചീത്തപേര്! 

ഞങ്ങൾക്കൊന്നേ പറയാനുള്ളു...ഇത് ഞങ്ങളുടെ വിധി! വിധി ഞങ്ങളോട് ചെയ്ത ചതി...! ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കുക.... 

പുരുഷവേദി. 

Thursday, September 1, 2011

ആദ്യ ദുരിത കഥ


ഇത് പണ്ട് പണ്ട് ഉള്ള ഒരു കഥ ആണ്... വിശ്വസിക്കാവുന്നവർ വിശ്വസിച്ചാ മതി.. അല്ലാത്തവനോടൊക്കെ ദൈവം ചോദിക്കട്ടെ... വല്ലാത്ത ഒരു കഥ!


പണ്ട് പണ്ട് എന്ന് പറഞ്ഞാൽ... കൊട്ടക്കണക്കിന്..കോടി കണക്കിന് വർഷങ്ങൾക്ക് മുൻപ്... അന്ന് ഈ ഉണ്ടം പൊരി പോലിരിക്കണ ഭൂമി ഒന്നൂല്ല... സൂര്യനും ഇല്ല.. നക്ഷത്രങ്ങളും ഇല്ല.. ഗ്രഹങ്ങളും ഇല്ല.. ഉള്ളത് പറഞ്ഞാൽ ഒരു സാധനോം ഇല്ല! 


ആകെ ഉള്ളത് ഒരു നെടുനീളൻ ദൈവം മാത്രാ! ദൈവവും പിന്നെ ചുറ്റും കൊട്ടക്ക് ശൂന്യതേം! ആരോരും ഇല്ലാതെ യാതൊരു നേരം പോക്കും ഇല്ലാതെ...മിണ്ടാനും പറയാനും പോലും ആ‍ാരുല്ലാതെ...ഒരു അനാഥ ജന്മം ആയി നടന്ന് ദൈവത്തിന് മടുത്തു... 
ദ്രവ്യരൂപത്തിൽ ഒന്നും ഇല്ല..ആകെ ഉള്ള ദൈവം തന്നെയും അരൂപി.. ചിന്തിക്കാൻ പോലും ഒന്നും ഇല്ല.. വർണ്ണിക്കാൻ ഒന്നും ഇല്ല... ആലോചിക്കാൻ ഒന്നും ഇല്ല...  ഉള്ളത് ആദിയും ഇല്ല അന്തവും ഇല്ലാത്ത ദൈവം മാത്രം! ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു ജീവിതം! (ദൈവത്തിന്റെ ഈ ദുരവസ്ഥ പറഞ്ഞാൽ ഒരു പക്ഷേ ഭൂമിയിൽ ഇന്ന് വിശാലമായി ജീവിക്കുന്ന മനുഷ്യർക്ക് മനസ്സിലാവുല്ല.. കാരണം അത്രേം ബോറടി അവർ ലോകായുസ്സിൽ അനുഭവിച്ചിട്ടുണ്ടാവില്ല..) നേരം വെളുക്കുന്നില്ല ഇരുളുന്നില്ല... ഇരിക്കാൻ ഇടം ഇല്ല..നിൽക്കാൻ ഇടം ഇല്ല... എങ്ങും ശൂന്യത..എന്ത് ചെയ്യണം എന്നില്ല..എങ്ങോട്ട് പോകണം എന്നില്ല.. വല്ലാത്ത ഒരു ദുരിതം! :(:(


അങ്ങനെ ഇരിക്കെ ഒരു ദിവസം ദൈവത്തിന് തോന്നി.... ഉഗ്രൻ ഒരു ഐഡിയ! ഏതായാലും ഈ കാണാവുന്ന ശൂന്യത വെറുതെ കിടക്കുവല്ലെ... കുറച്ച് ഗോളങ്ങൾ ഉണ്ടാക്കി അവിടേം ഇവിടേം കറങ്ങാൻ വിടാം! കുറച്ച് ഗോളങ്ങളിൽ നല്ല ഇല്ല്യൂമിനേഷൻ സെറ്റ് ചെയ്യാം.. ഇവന്മാരു ഇങ്ങനെ അവിടെ ഇവിടെ കറങ്ങി കൊണ്ടിരിക്കട്ടെ... കണ്ടിരിക്കാൻ എന്തെങ്കിലും ആവൂല്ലോ... ഒരു നേരം പോക്കാവുല്ലോ..! അങ്ങനെ ദൈവം ഗോളങ്ങളും കറക്കി കൊറെ കാലം ഇരുന്നു!


പക്ഷേ എത്രാന്ന് വച്ചാ ഈ കറക്കം കണ്ടിരിക്കണെ... കക്ഷിക്ക് വീണ്ടും ബോറടിച്ച്..! :( എന്നാൽ ഇനി സെറ്റ് അപ്പ് ഒന്ന് മാറ്റി പിടിക്കാം! ഇതീന്ന് ഒരു ഗോളം അങ്ങ് ചൂസ് ചെയ്ത് അതിൽ കുറച്ച് വേറെ സെറ്റ് അപ്പ് ഉണ്ടാക്കാം..! അങ്ങനെ കറങ്ങി നടന്ന് ഒരു ഗോളം കണ്ട് പിടിച്ചു... അതിൽ വളരുന്ന കുറെ സാധനങ്ങൾ അങ്ങ് ഉണ്ടാക്കി.. പിന്നെ വളരുകയും ചലിക്കുകയും ചെയ്യുന്ന കുറെ സാധനങ്ങൽ ഉണ്ടാക്കി.. സസ്യങ്ങളും മത്സ്യങ്ങളും മ്രിഗങ്ങളും എന്നൊക്കെ അത്രെ അവയുടെ പേരുകൾ! ആ ഗോളം ഭൂമിയും!


ആഹാ...! ദൈവത്തിനു ത്രിൽ അടിച്ച് തുടങ്ങി.. ‘എന്താ എനിക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞെ!‘ ദൈവം സ്വയം ചോദിച്ചു! എത്ര കാലാ‍ ചുമ്മാ ബോറടിച്ചിരുന്നെ!


പക്ഷെ പിന്നേം കക്ഷിക്ക് മതിയായില്ല... ഈ ഉണ്ടാക്കിയ സാധനങ്ങൾക്ക് ഒന്നും ഒരു ബോധോം ഇല്ല... ഞാൻ ആണ് ഇവനെ ഒക്കെ ഉണ്ടാക്കിയെ എന്നൊരു വിചാരം പോലുല്ല... ചുമ്മ തിന്നണം കുടിക്കണം ഉറങ്ങണം പെറണം.. അത്രേള്ളൂ!


ഇത് പോരാ... ഇത്തിരി കൂടി കാര്യങ്ങൾ ഒന്ന് ഉഷാറാക്കണം..! ഇത്തിരി ബുദ്ധീം വെളിവും ഉള്ള ഒരു സാധനത്തിനെ അങ്ങ് സ്രിഷ്ടിക്കാം! എന്നിട്ട് അവനു കുറെ നിയമങ്ങൾ അങ്ങ് കൊടുക്കാം! ഒന്നുകിൽ അവൻ അനുസരിക്കട്ടെ... അല്ലെങ്കിൽ അവൻ അനുഭവിക്കട്ടെ..! പള്ളിയിൽ പോയില്ലെങ്കിൽ അവനെ ഞാൻ നെരപ്പാക്കിക്കളയും... കണ്ണുള്ളതും കണ്ണില്ലാത്തതും കാലുള്ളതും കാലില്ലാത്തതും സ്വത്തുള്ളതും പട്ടിണി മാത്രം ഉള്ളതുമായ കൊറെ ഇരുകാലികളെ അങ്ങ് സ്രിഷ്ടിച്ചു ദൈവം! മനുഷ്യൻ എന്നവനു പേരും ഇട്ടു! കണ്ണുള്ളവനു കണ്ണിന്റെ വില അറിയാ‍ൻ ആണു ദുരിതം പിടിച്ച കണ്ണില്ലാത്തവനെ ഉണ്ടാക്കിയേക്കണെ! അതുപോലെ തന്നെ ബാക്കി എല്ലാം!


ഇത്രേം ആയപ്പൊ ദൈവം പറഞ്ഞു.. എന്റെ പരുമല പുണ്യാളാ‍... ഇത്രേം ടൈം പാസ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല! എന്ത് രസാ കണ്ടിരിക്കാൻ!


പക്ഷെ മനുഷ്യന്റെ കയ്യിലിരിപ്പ് കണ്ടപ്പൊ ദൈവത്തിനു ഒരു കാര്യം കൂടി തോന്നി... ഒരു സ്വർഗ്ഗവും നരകവും ഉണ്ടാക്കിയേക്കാം.. ഇല്ലെങ്കിൽ ലെവനെ ഒന്നും കൊണ്ട് ഇടാൻ ഒരു ഇടം ഇല്ലാണ്ടാവും! 


പക്ഷെ പതുക്കെ പതുക്കെ കളി മാറി... വെറുതെ ഒരു നേരം പോക്കിന് ചെയ്തത് ഇപ്പൊ തനിക്ക് തന്നെ വിനയാകുവാണൊ...:-/ ഇവന്മാരുടെ ശല്യം കൊണ്ട് ഇപ്പൊ ബാക്കി ഒരു കാര്യം ശ്രദ്ധിക്കാൻ പറ്റണില്ല...! സ്രിഷ്ടിച്ചതബദ്ധമായ....!
ഒരു പാവം ദൈവത്തിന്റെ ദുരിതങ്ങൾ തുടരുകയാണ്.....