Saturday, October 22, 2011

ഇരിക്കണ്ടേടത്ത്‌ ഇരുന്നില്ലേല്‍ ലവടെ ലവൻ കേറിയിരിക്കും!അവനവന്‍ ഇരിക്കണ്ടേടത്ത്‌ അവനവന്‍ ഇരുന്നില്ലേല്‍ അവിടെ വേറാരാണ്ട് കയറി ഇരിക്കും! പറയുന്നത് മലയാള സിനിമയിലെ മസ്സില്‍ ഭാരം ചുമക്കുന്ന മഹാനടന്മാരോടും കുന്നോളം ജാഡ ചുമക്കുന്ന സംവിധായകന്മാരോടും ആണ്! പ്രതികരണ ശേഷി ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് കരുതരുത്.. പ്രതികരിച്ചിട്ട് ഗുണമില്ലാത്തിടത്ത് അവര്‍ പ്രതികരണമില്ലായ്മ കൊണ്ട് പ്രതികാരം ചെയ്യും! 


പ്രഹസ്സനങ്ങള്‍ കണ്ടു മടുത്തു. നക്ഷത്ര ഔദാര്യങ്ങള്‍; സംവിധായക ജാടകള്‍; സംഘടനാ ജാടകള്‍. ചവിട്ടികുത്തുകള്‍ വെട്ടിനിരത്തലുകള്‍. സിനിമയിലുള്ളതിനേക്കാള്‍ വലിയ കോമഡികള്‍ സിനിമയുടെ പിന്നണിയില്‍! അതിനേക്കാള്‍ വലിയ ട്രാജടികള്‍ മുന്നണിയില്‍!

 'ഇന്നാട നിനക്കൊക്കെ എന്റെ വക ഔദാര്യം' എന്ന മാതിരി അഭിനയിക്കുന്ന മലയാള സിനിമയുടെ മേജര്‍ നടന്‍! പണ്ട് വാതം വന്നു തൂങ്ങിയ തോളും ആയി മരം ചുറ്റിയോടിയപ്പോ അങ്ങേരോടിയത് മലയാളിയുടെ മനസ്സിലായിരുന്നു. പിന്നീട് തടി കൂടി നായകന്‍ ആയി വന്നു വില്ലന്‍ വേഷം അഭിനയിച്ചപ്പോ അങ്ങേരിലെ വില്ലനെ സ്നേഹിച്ചതും മലയാളി ആണ്! പിന്നെ നടന്‍ അങ്ങ് കൊട്ടക്ക് വളര്‍ന്നപ്പോ സാലെ മലയാളീസിന് കൊടുക്കുന്ന ഔദാര്യം ആയി അണ്ണന്റെ അഭിനയം!പോരാത്തതിന് ചന്തിക്ക് മുഖക്കുരു വന്നപോലെ, ഇണങ്ങാത്ത റോളുകള്‍ എടുത്തു പെരുമാറി അങ്ങേരു പരമാവധി മലയാളികളെ മടുപ്പിച്ചു.   

പിന്നെ ഒരു മെഗാ നടന്റെ വക ഭൂതവും പ്രേതവും മാര്‍ക്കറ്റ് ഡയലോഗും ഒക്കെ ആയി കുറെ കോമാളിത്തരങ്ങള്‍! ഗൌരവമുള്ള കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട്‌ പണ്ട് അങ്ങേരു തൊണ്ടയിടറിയപ്പോ കൂടെ ചങ്കിടറിയവരാണ്   മലയാളികള്‍! കഥാപാത്രങ്ങള്‍ക്ക് മനസ്സ് കൊടുത്ത് അങ്ങേരു ചകോരങ്ങള്‍ നേടിയപ്പോള്‍ മനസ്സില്‍ പുളകം കൊണ്ടാവരാണ് മലയാളികള്‍.

പിന്നാലെ കഥ തിരകഥ സംവിധായക നടന്റെ അതിനേക്കാള്‍ വലിയ മസ്സില്‍ പിടിച്ച പെര്‍ഫോര്‍മന്സുകള്‍! പണ്ട് അങ്ങേരു കുണ്ടിയില്‍ ഗുണ്ട് പതിചിരുച്ച് എന്ന് പറഞ്ഞു അഭിനയിച്ചപ്പോ, ഭാര്യയെ സംശയിക്കുന്നവനായി അഭിനയിച്ചപ്പോ അത് കണ്ടാണ്‌ മലയാളി അങ്ങേരെ നെഞ്ചിലേറ്റിയത്.


ഇമ്മാതിരി മലയാളത്തിലെ പല പ്രമുഖ നടന്മാരിലും അവര്‍ക്ക് മലയാളി പ്രേക്ഷകര്‍ തലയില്‍ വച്ച് കൊടുത്ത വളയത്തിന്റെ തണലില്‍ സ്വയം ദേവ ലോകത്താണെന്ന  തോന്നല്‍ അവരുടെ പ്രകടനങ്ങള്‍ കണ്ടാല്‍! വിഖ്യാത ടെലി സീരിയലുകള്‍  ഓം നമശിവായയിലെ ശിവനോ മഹാഭാരതത്തിലെ കൃഷ്ണനോ ആണെന്നെല്ലാം തോന്നി പോവും! പട്ടിണി പ്രേക്ഷകന് അനുഗ്രഹം വര്‍ഷിക്കുന്ന ഭാവം ആണ് അവന്റെ ഒക്കെ അഭിനയത്തില്‍! 


ഇനി പിന്നണിയിലേക്ക് ചെന്നാലോ! വാളെടുത്തവന്‍ ഒക്കെ വെളിച്ചപാട് എന്ന് പറഞ്ഞ മാതിരി ഒന്ന് ഷൂട്ടിംഗ് സെറ്റ് കാണുമ്പോഴേക്കും സിനിമ പിടിക്കാന്‍ ഇറങ്ങുന്ന കുറെ പുട്ടുമുഖങ്ങള്‍! 


പിന്നെ കുറെ സംഘടന മുതലാളിമാര്‍! അമ്മ അച്ഛന്‍ മൂക്കട്ട മണ്ണാങ്കട്ട അങ്ങനെ അങ്ങനെ. എല്ലാരും കൂടി പരസ്പരം വിലക്കി കളിക്കുന്ന വേറെ ഒരു പുതിയ ഇടപാടും! നിങ്ങടെ ഈ ജാഡ ഒക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ എന്ത് പിഴച്ചു!


ഇനി വേറൊരു സത്യം പറയാം! പണ്ട് അണ്ണാച്ചി പടം എന്ന് പറയുമ്പം ചിരിച്ചിരുന്ന മലയാളി ഇന്ന് തമിഴ് സിനിമയുടെ ആരാധകരാണ്! കാരണം അറിയുവോ? മലയാളത്തിലെ ഏറ്റവും ഹിറ്റ്‌ ആകുന്ന സിനിമകളേക്കാള്‍ എന്റര്‍ടെയിനിംഗ് ആയിരിക്കും തമിഴിലെയും അയല്ഭാഷകളിലെയും  ഫ്ലോപ്പുകള്‍! സുന്ദരമെന്നു തോന്നിക്കുന്ന കുറെ വാക്കുകള്‍ ചേര്‍ത്ത് വച്ചു പത്തു വരി അര്‍ത്ഥമില്ലായ്മയ്ക്ക് സംഗീതം മെനയുന്ന മലയാള ഗാനങ്ങളെക്കാള്‍ പല മടങ്ങ്‌ ഭേദം ആണ് തട്ടുപൊളിപ്പന്‍ ആയാല്‍ പോലും പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഥം ഉള്ള അവയിലെ ഗാനങ്ങള്‍!


ഇത്രേം വായിച്ചിട്ട് ലേ ഈ വാര്‍ത്ത കാണ്! ഇതിന്റെ ഒക്കെ വല്ല കാര്യോം ഉണ്ടോ? ഇത് പോലൊരു സിനിമക്ക് കൊട്ടക ഫുള്‍ ആകുന്നത് കണ്ട് മലയാളിയുടെ ആസ്വാദന നിലവാരത്തെ പഴിക്കണ്ട! ആദ്യം പറഞ്ഞ പഴംചൊല്ല് മാത്രം ആലോചിച്ചാല്‍ മതി. അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലെങ്കില്‍ അവിടെ...


...സന്തോഷ്‌ പണ്ഡിറ്റ്‌ കയറി ഇരിക്കും. 


കൃഷ്ണനും രാധയും ഒരു ഹിറ്റ്‌ ആയാല്‍ മലയാളി പ്രേക്ഷകരെ പഴിക്കാന്‍ നിക്കണ്ട... സ്വയം കണ്ണാടിയില്‍ നോക്കി നാല് തുപ്പു തുപ്പു!


ഇനിയും സന്തോഷ്‌ പണ്ടിറ്റുമാർ സ്രിഷ്ടിക്കപെടും മുന്പ് നിങ്ങ ഡീസന്റ് ആയി സിനിമയെ, പ്രേക്ഷകരെ ബഹുമാനിക്കാന്‍ നോക്ക്! കഴിവുകളെ ഈഗോ കൊണ്ട് അലങ്കരിച്ചു സ്വയം അവമാനിതരാവാതെ കലയുടെ മൂല്യം വളര്‍ത്താന്‍ ശ്രമിക്ക്.. നല്ല സൃഷ്ടികള്‍ ഉണ്ടാക്കാന്‍ ശ്രമിക്ക്! അല്ലേല്‍ സിനിമാന്റെ മൂലം കീറും!!!
മലയാളിക്ക് സിനിമ വെറും നേരം പോക്കല്ല. എന്നും ഗൌരവത്തോടെ നോക്കി കാണുന്ന കലയാണ്‌. എനിക്ക് ചുറ്റും ഉള്ളതില്‍ നിന്ന് ഞാന്‍ കാണാത്തതും ഞാന്‍ എന്നും കാണുന്നതും തന്മയത്വത്തോടെ വര്‍ണ്ണാഭയോടെ ഒപ്പിയെടുത്ത് എന്റെ മുന്നില്‍ കൊണ്ട് വരുന്നവനെ നമിക്കുന്നവന്‍ ആണ് ഞാന്‍ മലയാളി. വെറും കോപ്രായങ്ങളെ വേപ്പില പോലെ ദൂരെ എറിയുന്നവനും. അതുകൊണ്ട് തന്നെ ആണ് തമിഴ് സിനിമയെ അതിന്റെ അതിശയോക്തിയോടും മലയാള സിനിമയെ അതിന്റെ യാതാസ്ഥിതികത്വത്തോടും എന്നും മലയാളി നോക്കി കണ്ടത്, കാണുന്നത്.

പഴയ കാലത്ത് കഥകള്‍ തന്നെ ആയിരുന്നു സ്റ്റാര്‍സ്. സത്യനെയും പ്രേം നസീറിനെയും മധുവിനെയും നായകനായും വില്ലനായും എല്ലാ വിധത്തിലും മലയാളി സ്വീകരിച്ചു. അവരുടെ പാടവങ്ങളെ അഭിനന്ദിച്ചു. അതിനേക്കാള്‍ ഉപരി അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെ ആസ്വദിച്ചു. അവര്‍ക്ക് വേണ്ടി ആരും ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കിയില്ല. അവരുടെ പേരില്‍ ആരും മത്സരിച്ചില്ല. ഇന്നിപ്പം ഫാന്‍സ്‌ അസോസിയേഷന്‍സ്‌ ആയി. അവര്‍ തമ്മില്‍ തല്ലായി. പരസ്പരം ചെളി വാരി എറിയലും സിനിമ പൊളിക്കലും ആയി. നിങ്ങളൊക്കെ വല്യ സൂപ്പര്‍ സ്റ്റാര്‍സ് ആയി! പക്ഷെ ഞങ്ങള്‍ മലയാളികള്‍ ഇന്നും പ്രേക്ഷകര്‍ തന്നെ. ഞങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല.

Tuesday, October 18, 2011

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു!ഏതായാലും, ഭാര്യേം ഭര്‍ത്താവും തമ്മില്‍ തല്ലാണേലും വെറാരാണ്ടും തമ്മില്‍ നല്ല ഒത്തൊരുമ ആണ് എന്ന്  പറഞ്ഞ മാതിരി, നിങ്ങള്‍ പ്രതിപക്ഷവും മറ്റേ പക്ഷവും ഏതു നേരോം തമ്മില്‍ തല്ലാണേലും കാശിന്റെ കാര്യം വന്നപ്പം ഒന്നിച്ചല്ലോ.  

പണ്ടൊക്കെ നമ്മ  വിചാരിച്ചത് നിങ്ങള്‍ക്ക്  ഈ ശമ്പളം എന്ന് പറഞ്ഞു കിട്ടുന്ന നക്കാപിച്ച ഒന്നും വേണ്ടാന്ന! നക്കീം കയ്യിട്ടു വാരിയും ഇട്ട കൈ നക്കിയും ഒക്കെ ആയിട്ട് ഇഷ്ടം പോലെ കിട്ടണുണ്ടല്ലോ..  പിന്നെന്തിനാ ഈ കാശെന്നായിരുന്നു! സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പം ഇപ്പൊ ഒരു വഴിക്കും അര പൈസ കിട്ടിയാ കമിഴ്ന്നു വീഴാതെ പറ്റാത്ത സ്ഥിതി ആയി അല്ലെ! പക്ഷെ ഒരു കാര്യം പറയാന്‍ ഉണ്ട്. കാശ് ഇത്തിരി കൂടുതല്‍ എടുത്തോ... പക്ഷെ ഞങ്ങള്‍ക്കുള്ളേന്നു കയ്യിട്ടു വാരുന്നത് അല്പം കുറക്കണം. 

ഇതിപ്പം പേറെടുക്കാന്‍ വന്നവള്‍ ഇരട്ട  പ്രസവിച്ചു; പ്രസവിക്കാന്‍ കിടന്നവള്‍ അവളെ നോക്കണ്ട വന്നു എന്ന് പറഞ്ഞ മാതിരി ആണ്! ഞങ്ങളെ സേവിക്കാന്‍ വന്ന നിങ്ങള്‍ക്ക് സേവിക്കാന്‍ ഉള്ളത് ഇപ്പൊ ഞങ്ങള്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് പിരിച്ചു  കരം ആയും കര ഒഴിവായും തരണം! ഇന്ന് പണിയെടുക്കാതെ തിന്നാന്‍  വഴി നോക്കുന്നവന്റെ മുഴുവന്‍ മുന്‍പിലുള്ള വഴി രാഷ്ട്രീയം ആണ് എന്നത്  കൊടി നാട്ടിയ സത്യം!

കുരുട്ടു ബുദ്ധിയും ഒച്ചപ്പാടും മാത്രം മതി നേതാവാവാന്‍! സംശയമുണ്ടെങ്കില്‍ ഒരു സര്‍വേ നടത്തി തെളിയിക്ക്, ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സിലിരിപ്പ് എന്താണെന്ന്! ഈ ജനം! വഴി തെറ്റിയ, കഷ്ടപെടുന്ന ആട്ടിന്‍ കൂട്ടം!  എന്റെസേവനം അത്യാവശ്യം ആണ് എന്ന് പറഞ്ഞാണോ? രാഷ്ട്രീയത്തിലേക്ക് വരുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും, പണിയില്ലാതെ (പണി എടുക്കാന്‍ തയ്യാറല്ലാതെ) പരാതങ്ങളായി ജീവിക്കുന്നവരാണ്. വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ കാറ്റില്‍ പറന്ന കരീലകളോ ഇടയ്ക്കു പൊടിഞ്ഞ മണ്ണാംകട്ടകളോ ആണ്!  കയ്യിട്ടുവാരാന്‍ ഒരു ചക്കരകുടം! (വല്യ കൊമ്പത്തെ ഡിഗ്രികള്‍ ഉള്ള, അതും വിദേശ ഡിഗ്രികള്‍ ഉള്ള നേതാക്കളുടെ മക്കള്‍ ഉണ്ട്! അത് വേറെ കേസ്!)

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു എന്ന് ബൈബിള്‍ പറഞ്ഞ മാതിരി ഞങ്ങള്‍ക്ക് എന്താ കിട്ടണേ! തണ്ടലൊടിക്കുന്ന കുണ്ടും കുഴിയും ഉള്ള കുറെ റോഡ്‌! കട്ടും വെട്ടികൂട്ടും കഴിഞ്ഞു ഇത്തിരി കറണ്ട്! ഹാര്‍ട്ട് അറ്റാക്ക്‌ വരുത്തുന്ന കറണ്ട് ബില്ല്! മീറ്ററിനും വാടക! കയ്യിലെ കാശ് ചിലവാക്കി പണിത വീടിനു ടാക്സും! ചെലവാക്കുന്നതിന് സെയില്‍സ് ടാക്സ്; എന്തെങ്കിലും ഇങ്ങോട്ട് കിട്ടുന്നതിനു ഇങ്കം ടാക്സ്!  പെറ്റു കൂട്ടിയ പിള്ളാര്‍ക്ക് ഒഴികെ എല്ലാത്തിനും ടാക്സ് അടക്കേണ്ട ഗതികേടായി! ഇനി ഞങ്ങള്‍ പറമ്പില്‍ വച്ച തെങ്ങിനും പ്ലാവിനും വാഴക്കും തലയെണ്ണി (തല ഒന്നും ബാക്കി ഇല്ല എന്നാലും) നിങ്ങള്‍ ടാക്സ് ചോദിക്കുന്നത് എന്നാണോ ആവോ! 

പിന്നെ തുമ്മുമ്പോള്‍ തുമ്മുമ്പോള്‍ വില കൂടുന്ന പെട്രോള്‍! പുക പോലെ വില മുകളിലോട്ടു മാത്രം കുതിച്ചു കയറുന്നു! ആകാശത്തേക്ക് വച്ച വെടിയുണ്ട പോലും തിരികെ വരണുണ്ട്.. പെട്രോള്‍ വില മാത്രം വരുന്നില്ല. 

പണ്ട് ഇന്ത്യയില്‍ ഏറ്റവും വഷളായ സ്ഥലം എന്നൊക്കെ പറഞ്ഞാല്‍ മുംബയിലെ ധാരാവി ധാരാവി എന്നൊക്കെ പറയും ആള്‍ക്കാര്‍! കേരളത്തിലെ ഏറ്റവും മെനകെട്ട സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഇന്നുള്ള ഉത്തരം എന്താണ്! (കണ്ണൂരും തലശ്ശേരീം മാറാടും ഒന്നും പറഞ്ഞെക്കല്ല്)  അത് തിരോന്തോരം ആണ്! തിരോന്തോരം മൊത്തം അല്ല, നിയമ സഭ എന്ന ഇത്തിരി സ്ഥലം മാത്രം! ഒന്നാം ക്ലാസ്സിലെ പിള്ളാര് പോലും തല്ലു കൂടാന്‍ നാണിക്കുന്ന വിഷയങ്ങള്‍ പറഞ്ഞു അവിടെ ഇരുന്നു തല്ലു കൂടാതെ ഗൗരവമുള്ള എന്തെങ്കിലും കാര്യം സംസാരിക്കാമോ? വെറുതെ സംസാരിക്കുവെങ്കിലും ചെയ്യ്! നിയമ സഭ കൂടുന്നത് നിങ്ങടെ തറവാട്ടീന്ന് കൊണ്ടന്ന കാശ് വച്ചല്ല!
രണ്ടാഴ്ച മുന്പ് ഡോളറിന്റെ മൂല്യം കൂടി എന്ന് പറഞ്ഞു പെട്രോളിന്റെ വില കൂട്ടിയിരുന്നു. അത് കഴിഞ്ഞു ഇപ്പം അതില്‍ കൂടുതല്‍ വില അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് കുറഞ്ഞിട്ടുണ്ട്. കമ്പനികള്‍ എന്താ മിണ്ടാത്തെ എന്നൊന്ന് ചോദിക്കാമോ? മൂന്നു രൂപ കൂട്ടിയപ്പോള്‍ ആ പേരില്‍ ഞങ്ങളെ സഹായിക്കാന്‍ എന്നും പറഞ്ഞു ഞങ്ങടെ വഴി മുടക്കുവേം ഞങ്ങളുടെ കാശ് കൊണ്ട് വാങ്ങിച്ച കുറെ സാധനങ്ങള്‍ തല്ലി തകര്‍ക്കുവേം ചെയ്തതല്ലേ! എന്നിട്ട് വില ഒട്ടു കുറഞ്ഞോ? അതും ഇല്ല! 

ഇനി എല്ലാം പോട്ടെ...!
 കൂട്ടിവാങ്ങിയ കാശിന്റെ പേരില്‍ എങ്കിലും എമ്മെല്ലന്മാരോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്.. ആഴ്ചേല്‍ രണ്ടു ദിവസം എങ്കിലും കാശ് കൈപറ്റാന്‍ ഉള്ളത് ഒപ്പിട്ട് ഇറങ്ങി പോവാതെ സഭയില്‍ തന്നെ ഇരുന്നോണം! ഇല്ല ഇറങ്ങി പോവണം എന്നുറപ്പാണേല്‍ അന്നത്തെ ശമ്പളം വേണ്ടാ എന്ന് പറഞ്ഞിട്ട് പൊക്കോണം..! അവിടെ തന്നെ ഇഷ്ടം പോലെ ടൈം പാസ് ഉണ്ടല്ലോ.. പിന്നെ നിങ്ങളെങ്ങോട്ടാ ഈ ഓടണേ! 

Saturday, October 15, 2011

പ്രതീകം പ്രതികാരം പ്രാർത്ഥന എന്‍ മരണം!
ഇന്നലെ ഞാന്‍ അന്തരിച്ചു!
നിന്റെ  കണ്മുന്നില്‍ പിടഞ്ഞന്തരിച്ചു!

നിരാഹാരമിരിക്കാതെ മനുഷ്യ ബോംബാവാതെ
പ്രതീകമായ് പ്രതികാരമായ് ഞാന്‍ അന്തരിച്ചു!

നിണം വാര്‍ന്നൊഴുകിയിറ്റൊഴിഞ്ഞോരെന്‍ ഉടല്‍
ഉയിരിനെ പിടിവിടാതിറുക്കി പിടിച്ചന്നേരവും
ഉയിരറ്റ പോലെന്നെ നിര്‍വികാരം അവേക്ഷിച്ച
നിന്നോടെന്‍ പ്രതികാരമായ് ഞാന്‍ അന്തരിച്ചു!

മരവിച്ചോരെന്‍ സിരാനീലിനികളില്‍ നീയെന്ന
നിര്‍വികാരതയുടെ പ്രതീകമായ്‌ ഞാന്‍ അന്തരിച്ചു !

അപകരുണം നിന്‍ ആഹൃത്തിനപചിതിയായെന്‍
വേപിക്കും ഹൃത്തിനെ പല്ലിളിച്ച് ഞാന്‍ അന്തരിച്ചു!

നിഭൃതമെന്‍ പ്രാണതപ്പരിസ്രാവം ക്രീഡിച്ച നിന്‍
പ്രച്ഛില ദൃഗ നിഷ്ഠൂരതയില്‍  ഞാന്‍ അന്തരിച്ചു!

     നിന്റെ നിസ്സംഗതയില്‍ ഞാന്‍ അന്തരിച്ചു!

    നിനക്ക് ഞാന്‍ നീയല്ലാതിരുന്നതില്‍ ഞാന്‍ അന്തരിച്ചു!

മൃത്തികയില്‍ മൃതിയായ് അലിഞ്ഞെന്‍ ചുടുനിണം
നിന്നോട് രക്തബന്ധം പറഞ്ഞില്ലെന്‍പതാല്‍
അന്യനായ് പോയോരെന്നുടല്‍ പ്രമദ്വരം
കടന്നുപോയ നിന്‍ സാഹോദര്യത്തില്‍ ഞാന്‍ അന്തരിച്ചു!

പിരിയുമെന്‍ പ്രാണ വെപ്രാളവും പേറിയെന്‍ 
രുധിരം ധിറുതിയില്‍ ഓടി, സ്തബ്ധ നിഷധം നിന്‍
കാലടിയില്‍ വീണെന്‍ പ്രാണനായ് കേഴിലും 
എന്നിട്ടും അലിയാഞ്ഞ നിന്നലിവില്‍ ഞാന്‍ അന്തരിച്ചു!

ഇന്നലെ...

നീ നോക്കി നില്‍ക്കെ നിന്‍ കണ്‍മുന്നില്‍ ഞാന്‍ അന്തരിച്ചു..,

ഞാന്‍ വെടിഞ്ഞിഹത്തിലീ മത്സരയോട്ടത്തില്‍
 നിനക്കൊരെതിരാളി കുറഞ്ഞാത്മ സംതൃപ്തിയില്‍
പുഞ്ചിരി തൂകി നിനക്കാശംസയേകി, അർത്ഥിച്ച്,
നാളെ നീ ഞാനാവാതിരിക്കാന്‍, ഞാനാവര്‍ത്തിക്കാതിരിക്കാന്‍....!      
****

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്നു ഒരാള്‍ മരിച്ചു എന്ന്. ഒരു കൂട്ടം ജനം നോക്കി നില്‍ക്കവേ ചോര വാര്‍ന്നു മരിച്ചെന്ന്...

അയാളുടെ അവസാന ഹൃദയ തുടിപ്പ് ആരു കേട്ടു........??
വഴിയില്‍ ഉടലുപേക്ഷിച്ചു  പിരിഞ്ഞ അവന്റെ പ്രാണന്‍ മൊഴിഞ്ഞതെന്തായിരിക്കും...??
ചുറ്റിലും അവന്‍ കണ്ട നിര്ജ്ജന്യതയോടവാന്‍ പറയാന്‍ കൊതിച്ചത് എന്തായിരിക്കും... ആവാം.. ആവണം.. ഇത് തന്നെ ആവണം...!

Friday, October 14, 2011

നിർമ്മൽ മാധവ് എന്ന വെറുക്കപ്പെട്ട പെറ്റി ബൂർഷ!


നിർമ്മൽ മാധവാ.. നിന്റെ പേര് കേട്ടാൽ തന്നെ അറിയാം നീ ഒരു പെറ്റി ബൂർഷാ ആണെന്ന്. ഇവിടെ ഉള്ള ഏതേലും ഒരു വളര്‍ന്നു വരുന്ന സഖാവിന്റെയോ നേതാവിന്റെയോ പേരെടുത്ത് വായിച്ച് നോക്കീനെടാ.. ആർക്കെങ്കിലും ഉണ്ടൊ നിന്റെ പോലെ കൊമ്പുള്ള ഒരു പേര്?? രാജേഷ്, ബൈജു, ബിജു, ലിജു, ശശി, ഗോവിന്ദൻ അങ്ങനെ ഏതേലും ഒരു പേരും പിന്നിലൊ മുന്നിലോ ഒരു കെ., പി., വി., അങ്ങനെ എന്തേലും കാണും. ഇവിടെ അടിച്ചമർത്തപെട്ട അടിസ്ഥാനവർഗ്ഗത്തിൽ ആർക്കേലും ഉണ്ടോ നിന്റെ പോലെ തണ്ടുള്ള ഒരു പേര്?? അവർ ചുമ്മ കോരനോ കോമളനോ ആയിരിക്കും. നിര്‍മ്മല്‍ മാധവന്‍ ആണത്രേ നിര്‍മ്മല്‍ മാധവന്‍! നിന്റെ പേരില്‍ തന്നെ ഉണ്ടൊരു ജന്മിത്വം!

പിന്നെ എന്തൊക്കെ പറഞ്ഞാലും നിന്റെ പിത്രൻ പണ്ട് പെട്ടികടയായിട്ടാണേലും കൊപ്രാകച്ചവടം നടത്തിയവനല്ലേ... അപ്പൊ നീ തീർച്ചയായും പെറ്റി (പെട്ടികട) ബൂർഷാ തന്നെ. മുതലാളിത്വ സാമ്രാജ്യത്വ ശക്തിയുടെ പര്യായമേ.. വെറുക്കപ്പെട്ടവനേ.. നിഷേധി.. നിനക്ക് അടിച്ചമർത്തപെട്ടവന്റെ വേദന അറിയുവോടാ..? അടിസ്ഥാന വർഗ്ഗക്കാരന്റെ ദുഃഖം അറിയുവോടാ..? നിനക്ക് കേരളത്തിന്റെ ഹിസ്റ്ററി അറിയുവോടാ..? അടിച്ചമര്‍ത്ത പെട്ടവന്റെ വേദന നിന്നെ ഞങ്ങള്‍ പഠിപ്പിക്കും..! ഹിസ്റ്ററി പഠിച്ചില്ലേലും കേരളത്തിന്റെ ജോഗ്രഫി നിന്നെ ഞങ്ങള്‍ പഠിപ്പിക്കും.! കേരളത്തില്‍ മൊത്തം എത്ര എഞ്ചിനീയറിംഗ് കോളേജ് ഉണ്ടെന്നും അങ്ങോട്ടേക്കുള്ള റൂട്ട് എങ്ങനെ എന്നും നിന്നെ ഞങ്ങള്‍ പഠിപ്പിക്കും. കാരണം നീ ബൂര്‍ഷ ആണ്. പെറ്റി ബൂര്‍ഷ!

എന്തുവാ ഇത്ര സംഭവം??
അന്റച്ചന്‍ വണ്ടി മുട്ടി വയ്യാതെ കിടന്നപ്പോ അച്ഛനെ നോക്കാന്‍ അടുത്തേതെലും  കോളെജിലേക്ക് സീറ്റ് മാറി കിട്ടണം എന്ന് നീ ആഗ്രഹിച്ചു, നോക്കാം എന്ന് ഒരു വിദ്യാര്‍ഥി നേതാവായ സഖാവ് നിന്നോട് പറഞ്ഞു. വിദ്യാര്‍ഥി  സഖാക്കള്‍ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നത് വിദ്യാര്‍ഥി ക്ഷേമത്തിന് വേണ്ടി ആണെന്ന് നിനക്ക് അറിയാത്തതാണോ.! നിന്നോട് പറഞ്ഞ വാക്കിന്റെ പേരില്‍ വല്ലപ്പോഴും 10 ചില്ലറ കടം വാങ്ങി.. കുറച്ചു ബുക്കോ ബാഗോ രണ്ടു പാന്റോ ഷര്‍ട്ടോ ഇടക്ക് നിന്റെന്നു അട്ജസ്റ്മെന്റിനു വാങ്ങി! വിദ്യാര്‍ഥികള്‍ ആയാല്‍ അങ്ങനെ അല്ലെ! പരസ്പരം കൊണ്ടും കൊടുത്തും അല്ലെ ജീവിക്കേണ്ടത്??

അതും പോട്ട്! നോക്കാം എന്നല്ലേ സഖാവ് നിന്നോട് പറഞ്ഞത്. നോക്കാം എന്ന് പറഞ്ഞാല്‍ നോക്കുകൂലി വേണം എന്ന് നിനക്കറിയില്ലേ?? തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിസ്ഥാന അവകാശം ആയ നോക്കുകൂലിയെ പറ്റി നിനക്ക് അറിവില്ലാത്തതാണോ??? നീ എന്താ കേരളത്തില്‍ അല്ലെ ജനിച്ചത്?? എന്നിട്ട് നീ ആ പണം തിരികെ ചോദിക്കുന്നോ?

വളര്‍ന്നു വരുന്ന ഒരു നേതാവ് കിടാവിനെ, നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ 'ആരായിതീരും ഈ ബാലന്‍' എന്നുറപ്പില്ലാത്ത ഒരു പൈതലിനെ അവന്റെ ചരിത്രത്തില്‍ ഒരു കറുത്ത കുറിയിടാന്‍ നീ വിജ്രിംഭിത ശക്തികളുമായ് അന്തര്‍ധാര ഉണ്ടാക്കിയതല്ലേ ഈ പണം തിരികെ ചോദിക്കലിന്റെ പിന്നില്‍?? പണം തിരികെ ചോദിച്ച് അവമാനിച്ചിട്ടു പിന്നെ വേണ്ട എന്ന് പറഞ്ഞാല്‍ കാര്യം തീരുവോ..! നീ കേരളം മുഴുവന്‍ ഓടും..! ഓടിച്ചിട്ടടിക്കും ഞങ്ങള്‍! ഇത്രേം ഒക്കെ ആയിട്ടും അഹങ്കാരം തീരാതെ ബൂര്‍ഷ സംരക്ഷകനായ കേരള മുഖ്യമന്ത്രിയുടെ ചീട്ടും വാങ്ങി നീ കൊമ്പത്തെ കോളേജില്‍ തന്നെ പഠിക്കാന്‍ വന്നേക്കണോ! ദുരാഗ്രഹീ..! ഒരു വിദ്യാര്‍ഥി സംഘടനയ്ക്ക് മുഴുവന്‍ ഇല്ലാത്ത ആര്‍ത്തി നിനക്കോ പഠിക്കാന്‍!! അഹങ്കാരി! നീ അനുഭവിച്ചതില്‍ ഒന്നും വല്യ കാര്യം ഇല്ലെന്നു നിനക്ക് ഇപ്പൊ ബോധ്യം ആയില്ലേ??

ഒരൊറ്റ കാര്യം കൊണ്ട് മാത്രം നിന്നെ ഞങ്ങള്‍ വെറുതെ വിടുന്നു.. ഞങ്ങടെന്ന്‍ കൊണ്ട തല്ലിന് നീ നന്ദി ഉള്ളവനാണ് എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം! ഏതെങ്കിലും പട്ടികാട്ടില്‍ പോയി പഠിച്ചോ! അടിസ്ഥാന വര്‍ഗ്ഗ സമര മുന്നണിയുടെ അടിക്കും അതിക്രമത്തിനും സമരത്തിനും നീ നന്ദി ഉള്ളവനല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ ചുരുട്ടി കെട്ടി അരിവാളിനരിഞ്ഞു ചുറ്റികക്കടിച്ച്  നക്ഷത്രമെണ്ണിച്ചേനെ! 

Tuesday, October 11, 2011

നമ്മട പാർട്ടി എന്ന സ്വതന്ത്രന്ത്ര രാഷ്ട്രം!

സർഗ്ഗാസോ എന്നൊരു കടൽ ഉണ്ട്. സർഗ്ഗാസോയുടെ പ്രത്യേകത അതിനു കരകൾ ഇല്ലെന്നുള്ളതാണ് കാരണം അതിനു ചുറ്റും ഉത്തര അറ്റ്ലാന്റിക്ക് സമുദ്രം ആണ്. നാല് വശവുമുള്ള സമുദ്ര പ്രവാഹങ്ങൾ നിക്ഷേപിച്ച പായൽ ശേഖരം നിറച്ചുള്ളത് കൊണ്ടാണ് അതിനാ പേരു വന്നതും. അങ്ങനെ കടലിനകത്തൊരു കടൽ ആണ് സർഗ്ഗാസോ!

പറഞ്ഞ് വരുന്നത് കടലിന്റെ കഥ അല്ല, നുമ്മടെ സ്വന്തം പാർട്ടിയുടെ കഥ ആണ്! സർഗ്ഗാസൊ കടൽ പോലെ തന്നെ അല്ലെ നമ്മ അടിസ്ഥാനവർഗ്ഗന്റെ പാർട്ടിയും എന്ന് കുബുദ്ധിയിൽ തോന്നിപ്പോയതു കൊണ്ടാണ് കടലിന്റെ കാര്യം പറഞ്ഞത്.! എന്ന് വച്ചാൽ  രാജ്യത്തിനകത്തൊരു രാജ്യം... അതും ചെറുതാണെങ്കിലും അതിരുകൾ ഇല്ലാത്ത ഒരു രാജ്യം... പായൽ മൂടിയ സർഗ്ഗാസൊയെ പോലെ തന്നെ എല്ലാം അടിയിലൊളിപ്പിച്ച ഒരു രാജ്യം!

അകത്ത് തന്നെ ഉള്ള ചില രാജ്യ ദ്രോഹികളും (ഇംഗ്ലീഷിൽ- റിബെൽ) വൈദേശിക പ്രതിലോമക ശക്തികളുടെ ചില ചാര സംഘടനകളും (ഇംഗ്ലീഷിൽ-മാധ്യമ സിന്റിക്കേറ്റ്) നുഴഞ്ഞ് കയറി ചില രഹസ്യങ്ങൾ വലിച്ച് പുറത്തിടാൻ കുടില ശ്രമം നടത്തുന്നതൊഴിച്ചാൽ ഒന്നും തന്നെ പുറത്ത് വരുന്നില്ല... വരുകയും ഇല്ല! ശത്രുക്കൾ എത്ര കിണഞ്ഞ് ശ്രമിച്ചാലും വരില്ല. വന്നാലും അത് കടലിൽ വരച്ച വരകൾ ആക്കാൻ രാജ്യം ഭരിക്കുന്നവർക്കറിയാം!

തള്ളരാജ്യത്തിന്റെ നിയമസംഹിതയായ ഐപിസി എന്ന് വിളിക്കപെടുന്നതൊന്നും ഈ സർഗ്ഗാസോക്ക് ബാധകമല്ല. എന്ന് വച്ച് കുത്തഴിഞ്ഞ കെട്ടഴിഞ്ഞ ഭരണം ആണ് രാജ്യത്തിനുള്ളത് എന്ന് തെറ്റിദ്ധരിക്കരുത്. Strict laws; prompt action! കഠിന നിയമങ്ങളും ഉടനടി പ്രാവർത്തികമാക്കലും ആണ് രാജ്യത്തിന്റെ പോളിസി. ആർക്കും എന്തും ആവാം എന്നൊന്നും നടക്കൂല്ല. രാജ്യത്തിന്റെ ധാർമ്മീകതയ്ക്കും സദാചാ‍രത്തിനും എന്തിന്, അഖണ്ഡതയ്ക്കു പോലും എതിരേ ആരു പ്രവർത്തിച്ചാലും ഉടനടി നടപടി ഉണ്ട്. ഫോർ എക്സാമ്പിൾ ആയിട്ട് പറഞ്ഞാൽ.. മോക്ഷണം, സദാചാര ലംഘനം, കുത്തിതിരിപ്പ് ആദിയായവ.

രാജ്യത്തിന്റെ ഏതെങ്കിലും ഒരംഗം തള്ളരാജ്യത്തിന്റെ പൊതുമുതൽ കട്ടാൽ തള്ളരാജ്യത്തിന്റെ തന്നെ നിയമാവലി പ്രകാരം കേസ് എടുക്കാം. വിരോധം ഒന്നുമില്ല. എന്ന് വച്ച് അംഗത്തെ തള്ളി പറയില്ല. പ്രതിലോമക വിധ്വംശക ശക്തികൾക്കെതിരെ പ്രകടനങ്ങൾ നടത്തും ബാക്കി ഉള്ള പൊതുമുതലിൽ കുറച്ച് നശിപ്പിക്കും. എങ്കിലും കേസ് നടക്കും. പിള്ളരാജ്യം തന്നെ നടത്തും കേസ്. സ്വന്തം ചെലവിലോ, ഭരിക്കുന്ന നാട്ടുരാജ്യത്തിന്റെ ഖജനാവ് ചിലവിലോ. 

ഇനി അതല്ല സ്വരാജ്യത്തിനകത്ത് സ്വന്തം ജനതയുടെ വിയർപ്പിൽ നിന്ന് പ്ലാസ്റ്റിക് ബക്കറ്റിലെ, തിരമാലയിലേക്കൊഴുകി വന്ന മുതലിൽ നിന്ന് ആരെങ്കിലും ഒരംഗം കട്ടാൽ അവന് ഉടനടി ശിക്ഷ ആണ്. വച്ച് കൊണ്ടിരിക്കുന്ന പരിപാടി ഇല്ല. സ്വജനപക്ഷപാതങ്ങൾ ഇല്ല. കണ്ണ് കെട്ടിയ നിയമദേവത തന്നെ അവിടെയും വാഴ്ച നടത്തുന്നവൾ! (അറ്റ്ലാന്റിക്ക് അതിൽ ഇടപെടേണ്ട കാര്യം ഇല്ല) പക്ഷെ കട്ടത് എന്തെന്നോ എത്ര എന്നോ അറിയാൻ ഏതൊരു ചാരസംഘടനകൾ ശ്രമിച്ചാലും അത് അനുവദിക്കില്ല... അറിയിക്കുകയും ഇല്ല. അങ്ങ് പരുമല പള്ളീൽ പോയ് പറഞ്ഞാ മതി. (ഞങ്ങളാ വഴിക്ക് പോവാറും ഇല്ല)


ഇനി സർഗ്ഗാസോയുടെ സ്വന്തം ശിക്ഷാ നിയമങ്ങളെ പറ്റി ഒന്ന് പ്രതിപാദിക്കാതിരിക്കുന്നത് ശെരി അല്ലല്ലോ! വായനക്കാരന്റെ തെറ്റിദ്ധാരണകൾ അകറ്റാൻ വേണ്ടി നിയമങ്ങളിലൂടെ ഒരു ചുരുട്ട് സഞ്ചാ‍രം നടത്താം. 

രാജ്യത്തിന്റെ പോലീസിയം അല്പം വ്യത്യസ്തം ആണ്. കേസ് അന്വേഷിക്കാൻ ഉള്ളത് ഒരു സമാധാന പോലീസ്. (പ്രതികരിക്കാനും തല്ലിപൊളിക്കാനും ഒരു യുവനിര പോലീസും ഉണ്ട്) പോലീസിങ്ങിന്റെ ഏറ്റവും പ്രധാനപ്രത്യേകത, സ്ഥിരമായ പോലീസ് സംവിധാനം ഇല്ലെന്നുള്ളതാണ്. ഓരോ കേസും പ്രത്യേകം പ്രത്യേകം അന്വേഷിക്കാൻ ഓരോ പോലീസിങ്ങ് ‘കമ്മിറ്റി’ ചൂടോട് കൂടിയത് അപ്പാപ്പൊ ഉണ്ടാക്കുവാണ് പതിവ്. ഈ പോലീസിങ്ങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ആണ് ശിക്ഷ. ഇനി ശിക്ഷ എന്താണ് എന്നല്ലെ..! 

ഫ്യൂഡൽ സംവിധാനങ്ങളിൽ പോലും ഇല്ലാത്ത അതികഠിന ശിക്ഷ ആണ് കുറ്റം തെളിഞ്ഞാൽ ഉണ്ടാവുക. കണ്ണീചോര ഇല്ലാത്ത ശിക്ഷ. ജെയിലെല്ലാം ഉണ്ട്! ജെയിലിൽ ഇടുന്നത് തന്നെ ആണ് പ്രധാന ശിക്ഷകളിൽ ഒന്ന്. 

രാജ്യത്തെ ജെയിലിന്റെ ഒഫീഷ്യൽ പേര്, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി എന്നൊക്കെ ആണ്. 

കുറ്റം കഠിനം ആണെന്ന് തെളിഞ്ഞാൽ നേരെ ജെയിലിലേക്ക് വിടും. അത് എത്ര കൊമ്പത്തിരിക്കണ പൗരൻ ആണെന്ന് പറഞ്ഞാലും. നടപടിയുടെ കാര്യത്തിലും ജെയിലിൽ ഇടുന്ന കാര്യത്തിലും ഒരു കോറമ്പമൈസും ഇല്ല. ശേഷിച്ച കാലം ജയിലിൽ കിടന്ന് നരകിക്കാം. കുറേ കാലത്തെ നല്ല നടപ്പ് ശ്രദ്ധയിൽ പെട്ടാൽ മോചനവും ലഭിക്കും, അത് വേറെ കേസ്.


സർഗ്ഗാസോയ്ക്ക് കാപിറ്റൽ പണിഷ്മെന്റും ഉണ്ട് കേട്ടോ. കാപിറ്റൽ പണിഷ്മെന്റ് - നാടു കടത്തൽ ആണ്. പുറത്താക്കി കളയും! ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടുന്നവന് തള്ള രാജ്യത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ എവിടെയെങ്കിലും ശേഷിച്ച ജീവിതകാലം അലഞ്ഞ് തിരിയാം. ശിക്ഷ നൽകി കഴിഞ്ഞു. വേറെ ശിക്ഷകൾ ഒന്നും (ഇനി അത് തള്ളയുടെ ആയാലും പിള്ളയുടെ ആയാലും) അവന് ബാധകമല്ല. രാജ്യത്തിലെ അംഗങ്ങൾ ആരും ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടിയവരെ സന്ദർശിക്കാനോ അവരുടേന്ന് പച്ച വെള്ളം വാങ്ങി കുടിക്കാനോ.. തൊട്ടടുത്ത് ഒരു കസേര വലിച്ചിട്ടിരുന്ന് കിന്നാരം പറയാനോ പാടില്ല! കിട്ടും അപ്പം ശിക്ഷ!

മോക്ഷണകേസിൽ സാധാരണ ഗതിയിൽ ജയിൽ ആണ് ശിക്ഷ. പക്ഷേ അവസാനം പറഞ്ഞ കുത്തിതിരിപ്പ് കേസ് അല്പം ഗൌരവമേറിയ കുറ്റം ആണ്. മിക്കവാറും കാപിറ്റൽ പണിഷ്മെന്റ് തന്നെ കിട്ടും. ചുരുക്കം ചില കേസിൽ, കാപിറ്റൽ പണിഷ്മെന്റിന്റെ മണം അടിച്ചിട്ട് ആഭ്യന്തര കോലാഹലക സാധ്യതകളെ പ്രതി ശിക്ഷ ഇളവ് കൊടുത്ത ദുർലബ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതേ നിയമങ്ങൾ തന്നെ ആണ് ‘സദാചാര’ കേസിലും! സർഗ്ഗാസോയിലെ അംഗങ്ങൾ തള്ള രാജ്യത്തിലെ അന്യജാതികളുമായ് പീഡന ബന്ധത്തിൽ ഏർപെടാൻ പാടില്ല എന്നതാണ് അലിഖിത നിയമം. പീഡന ബന്ധങ്ങൾ എല്ലാം രാജ്യത്തിനകത്ത് തന്നെ ആയിരിക്കണം. പീഡനം കിട്ടി ബോധിച്ചവർ പരാതി പറയുന്നതും ഈ പറഞ്ഞ മാതിരി രാജ്യത്തിനകത്ത് തന്നെ ആയിരിക്കണം. സർഗ്ഗാസോയിലെ ഒരു പെണ്മീനും പരാതിയും കൊണ്ട് അറ്റ്ലാന്റിക്കിലോട്ട് പോയേക്കരുത്. രാജ്യത്തിന്റെ ഉന്നതതലസമിതി മാത്രം അറിഞ്ഞ ഒരു രഹസ്യമായ് പീഡനപർവ്വം നിലകൊള്ളും. പതിവ് പോലെ കമ്മിറ്റി ഉണ്ടാക്കും. അതിശക്തമായ അന്വേഷണം നടക്കും. കുറ്റം തെളിഞ്ഞാൽ ‘ജയിലിലേക്ക്’! ഇത്തിരി കൂടി നന്നായ് തെളിഞ്ഞാൽ പിന്നെ കാപിറ്റൽ പണിഷ്മെന്റ് ആണ്.

ഉഡായിപ്പ്: രാജ്യം വിടാൻ തീരുമാനിച്ച ചില പിന്തിരിപ്പന്മാർ എന്തായാലും പോകുവല്ലേ.. പോണ പോക്കിലൊരാണി എന്ന് പറഞ്ഞ പോലെ ചില സദാചാരങ്ങളും കുത്തി തിരിപ്പുകളും ഒപ്പിക്കുന്നുണ്ടെന്നും കേട്ടുകേൾവി ഉണ്ട്. പൗരൻ ഇച്ഛിച്ചതും ശിക്ഷ; രാജ്യം കല്പിച്ചതും ശിക്ഷ!


Monday, October 10, 2011

പെറ്റു വളർത്തിയ ഇറച്ചി കോഴി!

 ട്രെയിനിൽ നിന്ന് പെൺകുട്ടി കാല് തെറ്റി വീണു! ഉടൻ പ്രതികരണം: പീഡനം നടന്നോ?! [ഒരുപാട് നീളം കൂടുതലുള്ളത്കൊണ്ട് ട്രെയിനിലും രക്ഷ ഇല്ല! പണ്ട് ആന- ചവിട്ട് സീസണിൽ പാപ്പാന്മാർക്ക് ഉണ്ടാരുന്ന ഡിമാന്റാ ഇന്ന് ട്രെയിനിൽ അപകടപെട്ട സ്ത്രീകൾക്ക്] ......കാല് തെറ്റി വീണതാഡേയ്.......! 

മലയാളിയുടെ ഇന്നത്തെ അവസ്ഥ! എന്നും രാവിലെ പത്രത്തിന്റെ മൂല വരെ ആർത്തിയോടെ അരിച്ച് പെറുക്കുന്നതൊരു  പീഡന കഥ എങ്കിലും കിട്ടാൻ! പഞ്ഞമൊന്നും ഇല്ല... ദിവസേന എന്നോണം സംഗതി ഉണ്ട് താനും! സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ!........... അവിടന്നങ്ങോട്ട് ഉദ്വേഗം തുടങ്ങുകയാണ്!
 ഏറ്റവും രുചിയുള്ള കറി വേറെ എടുത്ത്  ആസ്വദിച്ച് തിന്നുന്ന പോലെ, എല്ലാ ന്യൂസും കളഞ്ഞ് ആക്രാന്തത്തോടെ വായിക്കുന്ന ഒരേ ഒരു സാധനം! മലയാളത്തിൽ 50 രുപക്ക് കിട്ടുന്ന ‘കൊച്ചു’ പുസ്തകം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന പുസ്തക ഇൻഡസ്ട്രി ഇപ്പോൾ വൻ നഷ്ടത്തിലായി! വിറ്റു പോകുന്നില്ല. ഡെയ്ലി ബേസിസിൽ ചൂടൻ ലൈവ് കഥകൾ കാലത്ത് 5 രൂപക്ക് മുറ്റത്ത് കിട്ടുമ്പോൾ വൈകീട്ട് മുണ്ടിട്ട് മൂടിയ നിഴലുകളായ് ചാനലുകളിൽ കിട്ടുമ്പോൾ പിന്നെ എന്തിന് കൊച്ച് പുസ്തകം!


ഒരേ പോലുള്ളത് പലതവണ വായിച്ചാൽ ആവർത്തന വിരസത വരും.. അത് കഥ ഉണ്ടാക്കുന്നവർക്കും അറിയാം! അപരിചിതൻ... അയൽക്കാരൻ... പ്രണയം നടിച്ച്...അദ്ധ്യാപകൻ... കാലങ്ങൾ ഒക്കെ കടന്ന് പോയി.. മലയാള സിനിമ പോലെ തന്നെ ഈ കഥകളും! ഒന്ന് വിജയിച്ചാൽ അത് പോലെ 10.   പിന്നെ വീണ്ടും അടുത്ത ട്രെന്റ്! അങ്ങനെ കഥയുടെ ലേറ്റസ്റ്റ് ട്രെന്റ് കൊച്ചുപുസ്തകങ്ങളേക്കാൾ കടന്ന കട...! 
നിനക്കുമില്ലേടാ അമ്മയും പെങ്ങന്മാരും..(പെണ്മക്കളും)! പഴയ ഒരു പഞ്ച് ഡയലോഗിന്റെ പഞ്ചും ഇന്ന് പാഴായിരിക്കുന്നു....


രണ്ടാനച്ഛൻ ..
.
        ഇളയച്ഛൻ ... 


                   അച്ഛൻ !


                           ആങ്ങള...!

                                  പിന്നെ...ഇളയച്ഛനും അച്ഛനും ആങ്ങളയും    (മൌനിയായ് അമ്മയും)..!


അങ്ങനെ, തോട്ടത്തിൽ നിന്ന് നേരിട്ട്! എന്ന് പരസ്യം പറയുന്നത് പോലെ, പ്രായം തികയാത്ത കരിമ്പിൻ കുഞ്ഞുങ്ങളെ വിപണിയിലെത്തിക്കാൻ ഏജന്റുകൾ വേണ്ട, ബസ് കണ്ടക്ടർ വേണ്ട..  പ്രേമം പഠിക്കണ്ട... സീരിയൽ പിടിക്കണ്ട..ഐസ്ക്രീമാധി ബ്യൂട്ട്യാധി പാർലറുകൾ വേണ്ട.. വിള ആദ്യം തിന്നതും വിൽക്കാൻ കൊണ്ട് വരുന്നതും വേലി തന്നെ ആയതുകൊണ്ട് ഒളിമറകൾ വേണ്ട..! 


കരിമ്പ് ചണ്ടിയാകും വരെ ലോകം അറിയുകയും ഇല്ല! വില്പന തകർക്കുന്നു...! ചണ്ടിയായ് ഉപേക്ഷിക്കപെട്ടവയിൽ ചിലത് മാത്രം 2 ആഴ്ചത്തെ സദ്യയ്ക്ക് മാധ്യമങ്ങൾ വിളമ്പുന്നു..! അങ്ങനെ ഉച്ഛിഷ്ടത്തിൽ  നിന്ന് വിളമ്പിയ ഉച്ഛിഷ്ടത്തിലും ഇറ്റ് മധുരം ഈമ്പി ഉറുമ്പുകൾ കുറേ മാധ്യമങ്ങൾക്ക് ചുറ്റും വലത് കരത്തിന് വയ്യാവേലി തീർക്കുന്നു..! അതിൽ ചില മധുരാണുക്കൾ അടുത്ത കഥയുടെ ത്രെഡും തീർക്കുന്നു..!


മുട്ടയിട്ട് തളർന്ന ചില ഇറച്ചിയില്ലാ കോഴികൾ കിളുന്ത് കോഴികുഞ്ഞുങ്ങളുടെ ഹോൾ സെയിൽ ഡീസ്ട്രിബ്യൂഷൻ കോഴികൂട്ടിൽ നിന്ന് നേരിട്ട് ഏറ്റെടുക്കുന്നതോടെ വ്യാപാരം കൊഴുക്കുകയായി. ആട്ടിൻ തോലിട്ട പ്രമുഖ കുറുക്കന്മാർക്ക് കോഴിക്കറിയുടെ രുചി ചൂടോടെ വിളമ്പി പിന്നെ കുഞ്ഞുങ്ങൾ നൂറും നൂറ്റമ്പതും തീൻ മേശകൾ താണ്ടുന്നു.... പിന്നെ വാർത്ത സിനിമയ്ക്ക് എത്ര പ്രേക്ഷകർ ഉണ്ടായിരുന്നു... എത്ര കേന്ദ്രങ്ങളിൽ പ്രദർശനം നടന്നു എന്നെല്ലാം ആണ്...!

വാർത്തയിലെ ബാക്കി ഘടകങ്ങൾ: കോഴികുഞ്ഞ് എത്ര കിളുന്താണ്! തിന്ന ആദ്യ കുറുക്കന്മാരും കുഞ്ഞും തമ്മിലുള്ള വിഹിത ബന്ധം! പണ്ട് വേറെ കുഞ്ഞുങ്ങളുടെ ഹോൾ സെയിൽ ഏജന്റ് ആയിരുന്ന കോഴി തള്ള തന്നെ ആണോ ഇതിലും ഏജന്റ്! വായനകൾ തുടരുന്നു.... വാർത്തകൾ കൊഴുക്കുന്നു.. പുതിയ വാർത്തകൾക്ക് ത്രെഡുകൾ ബാക്കി വച്ച് കൊണ്ട്...!ശേഷ പത്രം:


പാപമില്ലാത്തവന്റെ കയ്യിലെ കല്ലുകൾ വിധി പറയുന്ന കാലം വരട്ടെ;


 - വിള തിന്ന വേലികൾക്കെതിരെ ആദ്യം!
 - ഹോൾ സെയിൽ ഏജന്റുകൾക്ക് പിന്നെ!
 - വേലിയുടെ ചെകിട്ടത്തടിച്ചിറങ്ങി പോകാത്ത ഇറച്ചി കൊതിയൻ കുറുക്കന്മാർക്ക് മൂന്നാമത്!


പാപമില്ലാത്ത കൈകൾ ഉണ്ടാകട്ടെ അതിനെല്ലാം മുൻപേ..!


അന്തഃചിദ്രമുള്ളതൊന്നും നിലനിൽക്കുകയില്ല! പെണ്ണ് തന്നെ പെൺ മാംസത്തിന്റെ കച്ചവടം ഏറ്റെടുത്താൽ പിന്നെ പെണ്ണിന് തന്നെ നിലനില്പെവിടെ! ശിക്ഷാവിധികളിൽ ഏറ്റവും മുന്തിയത് വേണ്ടത് അവൾക്കാണ്.


സ്വന്തം ചോരയുടെ ചോരയെ ഊറ്റി കുടിക്കുന്ന.. മാംസത്തിന്റെ മാംസത്തിൽ ദ്രംഷ്ടങ്ങളിറക്കുന്ന... പിച്ചിചീന്തി വിൽക്കുന്ന കഴുകൻ ശപിക്കപ്പെട്ടവൻ! ജനിക്കാൻ യോഗ്യതയില്ലാത്തവൻ ജനിപ്പിക്കാൻ ഒട്ടുമില്ലാത്തവൻ.. ജീവിക്കാനും! കൊടിയ ശിക്ഷ അവനും വേണം.


കളങ്കമില്ലാകിളുന്തുകളുടെ ഇറച്ചിയിൽ പുരണ്ട മസാലകൊണ്ട് പ്രേക്ഷകർക്ക് ചുളിവിൽ ചുടുകഥകൾ വിളമ്പുന്ന മാധ്യമങ്ങളും ആ‍ത്മനിയന്ത്രണം പാലിക്കട്ടെ... യഥാർത്ഥ ധർമ്മം തിരിച്ചറിയട്ടെ!


Thursday, October 6, 2011

തേങ്ങാപാരയും ഏന്തി ചെകുത്താൻ ചിരിക്കുന്നു!ഡേയ്... ഞങ്ങളെ ഇങ്ങനെ ചുമ്മാ തേങ്ങാ പാര പോലത്തെ മുള്ളേൽ നിർത്താതെഡേയ്! ഒന്നുകിൽ പാരക്കിരയായവൻ പറ... അല്ലെങ്കിൽ പോലീസ് പറ.. ഇനി അതൊന്നും അല്ലേൽ കയറ്റിയവൻ തന്നെ ഒന്ന് മനസ്സലിഞ്ഞ് പറ...! കാല് പിടിക്കാ...

ചില നേരത്ത് എത്ര ബലം പിടിച്ചാലും ആത്മനിയന്ത്രണം കിട്ടത്തില്ല! തേങ്ങാപാര വിഷയത്തിൽ ഒന്നും പറയരുത് എന്ന് ബലം പിടിച്ച് ഇരുന്നതാണ് കേസന്വേഷണം നടത്തുന്ന കേരളാ പോലീസിനെ പോലെ ഞാനും കുറേ നാൾ! എല്ലാവർക്കും പറയാനുള്ളത് ഒരു മാസത്തേക്ക് ഇത് തന്നെ ആവും! അത് കഴിഞ്ഞ് ഇതെല്ലാം അങ്ങ് മറക്കും! രാഷ്ട്രീയവും കേരളവും അങ്ങനാ! കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ 4.5 വർഷം കേരളം മൊത്തം പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറി വെറും 3 മാസം കൊണ്ട് വിശുദ്ധ ഭരണം ആയ കാഴ്ചയും ഈ കണ്ണിൽ തന്നെ കണ്ടതാ..! മലയാളി ഇന്ന് പറയും നാളെ അത് പറഞ്ഞാ മൈന്റ് ചെയ്യില്ല. ചത്താലും കൊള്ളാം കൊന്നാലും കൊള്ളാം! ഇന്നിൽ ജീ‍വിക്കുന്നവരാണ് നമ്മൾ! Living in the Present!(ജാമ്യം: ഇത് ഞാൻ മാറ്റി പറയും)

ചെകുത്താ‍ൻ ചിരിക്കുന്നു എന്ന് സിനിമാപാട്ടിൽ പാടിയ മാതിരി പാര കയറ്റിയവൻ എവിടെയോ ഇരുന്ന് ചിരിക്കുവാ! കരയുന്നതാരാ! ആ‍സനം കലങ്ങിയവനും കണ്ണീരില്ല.. അവന്റെ മറുപകുതിക്കും കണ്ണീരില്ല..(കണ്ണീർ രംഗത്ത് എത്താൻ വൈകിയ നടനെ പോലെ!) നാട്ടുകാർക്കും കണ്ണീരില്ല! കണ്ണീര് മുഴുവൻ അങ്ങ് നിയമ സഭയിലും പിന്നെ പഞ്ചനക്ഷത്ര തടവറയിലും മാത്രം! നിയമസഭയിൽ വലംഭാഗത്ത് നിയമ കണ്ണീർ; ഇടം ഭാഗത്ത് മുതല കണ്ണീർ! തടവറയിൽ ഉൽകണ്ഠ കണ്ണീർ! പിന്നെ ഓർമ്മയില്ലാത്തവന്റെ ഓർമ്മയെ കുത്തി ഇളക്കിയ ഭരണപക്ഷ നടപടിയിൽ ബന്ധുക്കൾക്കും ചെറിയൊരു കണ്ണീർ ഉണ്ട്!പോലീസ് എടുത്ത് കൊണ്ട് പോകുന്ന വഴി ചോദിച്ചു: എന്താ പറ്റിയെ.. ആക്സിഡന്റാ! പത്രക്കാര് ചോദിച്ചു: എന്താ പറ്റിയെ. ദേ ഇപ്പൊ അങ്ങ് ഓർമ്മ ഇല്ല, വരുമ്മെ എല്ലാം പറയ. മജിസ്ട്രേറ്റ് ചോദിച്ചു; പോലീസ് ചോദിച്ചു! ഇന്നലെ സംഭവിച്ച ചരിത്രം ഒഴികെ ബാക്കി എല്ലാം ഇരയ്ക്ക് ഓർമ്മ ഉണ്ടായിരുന്നു. പക്ഷേ ഷോക്കിൽ ഇന്നലെ ഉണ്ടായത് മാത്രം ഓർമ്മ ഇല്ലാത്തതിന് കുറ്റം പറയാനും പറ്റുവോ.


കേരളത്തിൽ ആണേൽ ഇൻവെസ്റ്റിഗേഷന് അമേരിക്കക്ക് പോലും ഇല്ലാത്ത സൌകര്യങ്ങളാ! പോലീസ് ഉണ്ട്; കോടതി മജിസ്ട്രേറ്റ് ഉണ്ട്; ഇവരെ എല്ലാം കടത്തി വെട്ടുന്ന സേതുരാമയ്യർമാരെ കൊട്ടക്ക് റിക്രൂട്ട് ചെയ്ത് വച്ചിട്ടുള്ള ‘മാധ്യമ ഇൻവെസ്റ്റിഗേഷൻ സിന്റിക്കേറ്റുകൾ’ ഉണ്ട്. ഇതൊന്നും പോരാ‍തെ സി.ബി. ഐ യുടെയും വല്യേട്ടൻ, പിണറായ്, കോടിയേരി, എതിരാളി അച്ചുതാനന്തൻ  സഖ്യം നയിക്കുന്ന സി പി എമ്മും ഉണ്ട്! 


പക്ഷേ എല്ലാരും കൂടി അന്വേഷിച്ചിട്ടും അന്ധന്മാർ ആനയെ കാണാൻ പോയ പോലെ, മുഴുവനായിട്ട് ഒന്നും കിട്ടണില്ല! അവരവർ അവരവർക്ക് ആവശ്യമുള്ള തീരുമാനങ്ങളിൽ എത്തുന്നു. പോലീസിനു മാത്രം പകലും രാത്രിയും ലോഡ്ഷെഡ്ഡിങ്ങ്!


സംശയങ്ങൾ പോലീസിനും നാട്ടുകാർക്കും എനിക്കും ഒന്ന് തന്നേണ്! (സി. പി എമ്മിനൊഴികെ)
മജിസ്ട്രേറ്റ് പറയുന്നു പൂർണ്ണ ബോധത്തോടെ ആണ് അദ്ധ്യാപകൻ ഈ സകല വിധ മൊഴിമാറ്റമൊഴികളും നൽകിയതെന്ന്..! അദ്ധ്യാപകൻ പറയുന്നു ഇനിയും ഓർമ്മ വരാൻ കെടക്കണുണ്ടെന്ന്..! ആരാ ശെരി? (സി പി എം ഇൻ വെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് എല്ലാം വ്യക്തം ആയിരുന്നു. ഒരു ഓർമ്മ പിശകുംതോന്നിയി.ല്ല അത് വേറെ കേസ്!) 

ആക്രമിച്ചവൻ എന്ത്കൊണ്ട് മൂലാധാരശില നോക്കി തന്നെ ആക്രമിച്ചു? തലയും ബാക്കി ശരീരഭാഗങ്ങളും എല്ലാം വിട്ട്.? ലവന്മാര് ഒരൊറ്റ പോയിന്റിൽ എന്താ ലക്ഷ്യം വച്ചെ? (ഇനി കേരളത്തിലെ ഗുണ്ടാസംഘങ്ങൾക്ക് അങ്ങനെ ഒരു മോഡസ് ഓപറാണ്ടി ശീലം ഉണ്ടെങ്കിൽ പോട്ടേന്ന് വയ്ക്കാം. പക്ഷെ ഇതതല്ല..) ഇനി മൂലത്തിൽ പക ഉള്ള ആരെങ്കിലും ആണോ ആവോ പ്രതി!സുഹൃത്തിനെ കാണാൻ പോയ്, ഇടക്കിടക്ക് പോകാറുണ്ട് എന്ന് പറയുന്ന ഭാര്യക്ക് സുഹൃത്ത് ആരാന്ന് അറിയില്ല... ആകെ അറിയുന്നത് ഒന്ന് മാത്രം! കരുതികൂട്ടി ചെയ്തത് തന്നെ! (അതാണെങ്കിൽ എല്ലാർക്കും അറിയാം!)


പ്രതിപക്ഷ നേതാവാണേൽ കാര്യങ്ങളിൽ നേരത്തെ ഒരു തീരുമാനമാക്കി! പിള്ളയേം പിള്ളയുടെ പിള്ളയേം ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് അകത്താക്കാനുള്ള കണ്ട് പിടിത്തങ്ങൾ തെളിവോടെ..ചെ ‘വെളിവോ’ടെ സർക്കാരിന് കൈമാറി! പിള്ളയുടെ ഗുണ്ടകൾ തലയും ശരീരഭാഗങ്ങളും വിട്ട് ഒരൊറ്റ പോയിന്റിൽ കോൺസണ്ട്രേറ്റ് ചെയ്തെന്തോ ആവോ..  വഴിയിൽ തന്നെ ഇട്ടിട്ട് പോയതും! മണകെണങ്ങന്മാർ!


കേട്ടപാതി കേൾക്കാത്ത പാതി Destructive Youth Federation of India തങ്ങളുടെ കർമ്മവും നിർവഹിച്ചു.. പൊളിച്ചടക്കൽ. സ്കൂളിൽ പഠിക്കാൻ ഇരുന്ന പിള്ളാരെന്ത് പിഴച്ചു എന്ന് ചോദിക്കരുത്...! അദമൻ പിള്ളയുടെ ആണ് സ്കൂൾ! എന്നെങ്കിലും ബുദ്ധി വയ്ക്കുമാറാകട്ടേ..!


അദ്ധ്യാപകനാണേൽ അടി ഏറ്റതോടെ പ്രതിപക്ഷ നേതാവിന് പഠിക്കാനും തുടങ്ങിയിരിക്കുന്നു. എന്തും പറയുന്നു..എന്തൊക്കെയോ പറയുന്നു!

എന്തൊക്കെ ആയാലും തുമ്മിയാൽ തെറിക്കുന്ന മൂക്കുമായ് ഇരിക്കുന്ന ഭരണപക്ഷത്തിന്റെ മൂക്കിൽ കുത്തി തിരുകി തുമ്മിക്കാൻ പ്രതിപക്ഷത്തിന് ഒരു തേങ്ങാപാര തന്നെ ഒത്തു എന്ന് പറഞ്ഞാ മതിയല്ലോ!പക്ഷേ... ചോര പുരണ്ട പാരയുമായി ചെകുത്താൻ അപ്പോഴും കാണാമറയത്തെവിടെയോ ഇരുന്ന് ചിരിക്കുന്നു...! കാലമാടൻ...!

Wednesday, October 5, 2011

അയ്യപ്പസ്വാമി കൺഫ്യൂഷനിൽ ആണ്..!
അടുത്ത ശബരിമല സീസണിന്റെ കാര്യം ഓർക്കുമ്പോൾ അയ്യപ്പ സ്വാമിക്ക് ആകെ കൺഫ്യൂഷൻ. പൊന്നമ്പലമേട്ടിലിന്റെ സൈഡിലോട്ട് നോക്കുന്ന ഭക്തരോട് എന്ത് പറയും! ഫോറസ്റ്റ് കാരൊപ്പിച്ച പണിയാരുന്നു ജ്യോതി എന്നൊക്കെ ഇക്കാലം വരെ അത് നോക്കി കൈ കൂപ്പി നിന്ന ഭക്തരോട് പറഞ്ഞ് കൊടുക്കാനും പറ്റിയില്ല. അവസാനം അവിശ്വാസികളായ കോടതിയുടെ നാവിൽ ചോദ്യ രൂപേണ കാര്യം ഉന്നയിപ്പിച്ചാണ് അയ്യപ്പൻ സത്യം ജനങ്ങൾക്ക് പറഞ്ഞ് കൊടുത്തത്... 


കോടതി ഒക്കേം മുടക്കും! സ്വസ്ഥമായിട്ടൊരു അന്ധ വിശ്വാസം കൊണ്ട് നടക്കാൻ പോലും സമ്മതിക്കില്ല. ഇത്രയും കാലം ഭക്തർ കൈ കൂപ്പിയത് ദിവ്യ ജ്യോതി സ്വർഗ്ഗത്തിൽ നിന്ന് എന്ന് കരുതീട്ടാണോ.. ഏതായാലും മൊത്തം വിശ്വാസം അല്ലെ...വിശ്വാസം എല്ലാം അന്ധം അല്ലെ...ചോദ്യം ചെയ്യാൻ നിക്കാതെ അങ്ങ് കൈ കൂപ്പാം എന്നേ അവരൊക്കേം കരുതി കാണൂ. രാഹുൽ മഹേശ്വരൻ പണ്ടേ പറഞ്ഞിട്ടും ഉള്ളതാ വിളക്ക് വേറെ ജ്യോതി വേറെ എന്ന്! 


എന്തൊക്കെ ആയാലും അതിപ്പം കോടതീം ഈ റേഷണലിസ്റ്റ്സും കൂടിച്ചേർന്ന് കുത്തി കിടത്തി. ഇനീപ്പൊ അടുത്ത തവണ വരുന്ന ഭക്തരോട് എന്ത് പറയും. പൊന്നമ്പലമേട്ടിൽ കോടതി തെളിക്കുവോ തീ... അവിടെ ഇനി മകര ജ്യോതി ഇല്ലാതായാൽ അതും ഒരു കുറവാവൂല്ലേ... 


കാര്യം ഭക്തർ എത്തും. കാരണം അവർക്ക് ഭക്തി ആണ് വലുത്.. ഫോറസ്റ്റ്കാരുടെ തീ അല്ല. അയ്യപ്പനുള്ളേടത്തോളം അവരു വരും... എന്നാലും പൊന്നമ്പലമേട്...മകരജ്യോതി..! 


മനുഷ്യര് ചെന്ന് നിരങ്ങിയപ്പോൾ കൈലാസത്തിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന ശിവ ഭഗവാൻ ഫാമിലിയടക്കം അവിടെ അദ്രിശ്യ സാനിധ്യം മാത്രമാക്കി ചുരുക്കിയ പോലെ മകര ജ്യോതിയെ ഒരു മായാ ജ്യോതിയാക്കുന്നതിനേ പറ്റി ആലോചിക്കേണ്ടി വരും അയ്യപ്പൻ...! 


പഴേ ഒരു പാവപെട്ട പത്മനാഭസ്വാമി ഭക്തന്റെ പരിഭവം: പത്മനാഭസ്വാമീ.. നിങ്ങളിപ്പൊ വല്യ കാശുകാരൻ ഒക്കെ ആയിപോയില്ലേ.. ഇനിയിപ്പം ഈ പട്ടിണിക്കാരന്റെ പ്രാർത്ഥന ഒക്കെ കേക്കുവോ...!

Sunday, October 2, 2011

തൊണ്ടി മുതൽ ലേലം വിളിച്ച് വിൽക്കാമോ??

ഇത് അല്പം ഗൌരവമുള്ള കാര്യം ആണ്. എന്നാൽ ആരേം ബാധിക്കാത്ത കാര്യവും! അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഒരുപാട് കാര്യങ്ങൾ ബാധിക്കാറില്ല. നമുക്ക് നമ്മ തന്നെ ബാധ!


എന്നാലും ഒരു ചോദ്യം... ഇത് അനീതിയോ നീതിയോ..


ഭാര്യയുടെ പത്ത് പവൻ വരുന്ന മാല ആരോ മോട്ടിച്ചു! കേരളാ പോലീസിനൊരു വെല്ലുവിളിയായ് പെറ്റീഷനും കൊടുത്തു. അത്മാർത്ഥതയുടെ കാര്യത്തിൽ രാജ്യാന്തര മാതൃക ആയ കേരള പോലീസ് കേസ് പടപടാന്ന് കൈകാര്യം ചെയ്തു. സമയം ഒട്ടും പാഴാക്കാതെ കള്ളനെ പിടിച്ചു. അവന് കോടതി ശിക്ഷയും വിധിച്ചു. പിഴയും ജെയിലും എല്ലാം. സന്തോഷാ‍യി!


മോഷ്ടിക്കപെട്ട മുതൽ അതിന്റെ ഉടമയ്ക്ക് തിരിച്ച് നൽകണം. അതാണ് നീതി. പക്ഷേ നടന്നത് വേറൊന്ന്. പത്ത് പവന്റെ മാല സർക്കാർ വക ലേലത്തിൽ വച്ചു. എന്നിട്ട് കിട്ടിയ തുക ഖജനാവിലേക്കടച്ചു!
കേരളത്തിൽ ഇന്ന് നിലവിലുള്ള മാഫിയകളിൽ പാർട്ടീ കണ്ടുപിടിത്തം ആയ മാധ്യമ മാഫിയ കഴിഞ്ഞാൽ ഏറ്റവും വലിയ മാഫിയ മണൽ മാഫിയ ആണ്! കാ‍ര്യം അവർക്ക് യൂണിയനൊന്നൂല്ലെങ്കിലും പുഴ ഉള്ളിടത്തെല്ലാം അവർ ഉണ്ട്. പക്ഷേ കേരളാ പോലീസ് അത്ര മോശക്കാരല്ല... മറ്റെന്ത് കള്ള കടത്തും നടക്കും. മണൽ കടത്ത് നടക്കില്ല. കൺ വെട്ടത്ത് കണ്ടാൽ (കണ്ടാൽ മാത്രം) അപ്പൊ പിടിക്കും. കയ്യോടെ പിഴ അടപ്പിക്കും ബാക്കി ശിക്ഷകളും കൊടുക്കും. കർമ്മോത്സുകരായ ഒരു ഡിപ്പാർട്ട്മെന്റും പോലീസും ഉണ്ട് നമുക്ക്.


പക്ഷേ എല്ലാം കഴിഞ്ഞ് ഈ തൊണ്ടി മുതൽ എന്ത് ചെയ്യും? അവകാശിക്ക് തിരികെ കൊടുക്കുവോ? അതോ സർക്കാർ വക ലേലം വിളിച്ചും (വിളിക്കാതെയും) വിൽക്കുവോ? എങ്കിൽ അതിലെന്ത് നീതി! എന്റെ മുതൽ കളവ് പോയി അത് പോലീസ് കണ്ടെടുത്താൽ അത് എനിക്ക് തിരികെ തരേണ്ടതല്ലേ? അല്ലെങ്കിൽ മോട്ടിച്ചവന്റേന്ന് മോട്ടിക്കുന്ന പോലാവുല്ലെ..!


മണൽ കടത്ത് പിടിക്കുന്നതെന്തിനാ.. പുഴകളിൽ അല്പം മണൽ ബാക്കി ഉണ്ടാവാൻ! പുഴ തന്നെ ഉണ്ടാവാൻ! അപ്പൊ പിടിച്ച മണൽ പുഴയിൽ തിരികെ നിക്ഷേപിക്കണം! ഇനി അത് സർക്കാർ ചെലവിൽ ബുദ്ധിമുട്ടാണെന്നാണേൽ കട്ടവനെ കൊണ്ട് തന്നെ മണൽ ഇറപ്പിക്കണം!


പുഴകൾ കോടതി കയറാത്തതു കൊണ്ടും പുഴകൾക്ക് വോട്ടില്ലാത്തത് കൊണ്ടും കുഴപ്പോല്യ!