Wednesday, August 15, 2012

സ്വാതന്ത്ര്യപ്രാര്‍ത്ഥന

ജെയ് എല്ലാ രാജ്യങ്ങളും.. ജെയ് എല്ലാ മനുഷ്യരും..
 

മണ്ണിന് വേണ്ടി ആരും മരിക്കാതിരിക്കട്ടേ.. 

അതിരുകള്‍ക്ക് വേണ്ടി ആരും മരിക്കാതിരിക്കട്ടേ.. മനുഷ്യന്‍ അതിരുകള്‍ക്ക് വേണ്ടി അല്ല; അതിരുകള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ള വെറും മനുഷ്യ സ്രിഷ്ടി ആണ്. 


അതിരുകള്‍ വാതായനങ്ങളാകട്ടേ.. 


സോമാലിയയില്‍ മരിക്കുന്നതും ഇറാക്കില്‍ മരിക്കുന്നതും അഫ്ഗാനില്‍ മരിക്കുന്നതും ഇന്ത്യയില്‍ മരിക്കുന്നതും അമേരിക്കയില്‍ മരിക്കുന്നതും മനുഷ്യര്‍ തന്നെ.

ആരും ആരിലും ശ്രേഷ്ഠരല്ലാതിരിക്കട്ടേ!


എന്‍റെ സ്വാതന്ത്ര്യം എല്ലാവരുടേതുമായിരിക്കട്ടേ...

Wednesday, April 11, 2012

ന്നാ പിന്നെ കേരളത്തിനൊരു ത്രിയേകമുഖ്യൻ കൂടിയാവാല്ലോ!!


നസ്രാണികളുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് ദൈവം ഏകൻ ആണെങ്കിലും അതിൽ തന്നെ മൂന്നാ. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന് ഏകദൈവം! ഇങ്ങനെ ഒക്കെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ ത്രിയേകതത്വം കേരളത്തിലും ഒന്ന് പരീക്ഷിക്കാല്ലോ!!


പ്രബുദ്ധത കൂടുംതോറും കീഴ്മേൽ മറിയുന്ന ബുദ്ധിയെ ആണോ ഈ സെക്യുലറിസം എന്ന് പറയണേ? പത്ത് മുപ്പതിൽ പരം വർഷം ആയി കേരളത്തിൽ ജനിച്ച് ജീവിക്കാൻ തുടങ്ങീട്ട്. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും കേരളം മാറി മാ‍റി ഭരിക്കുന്നത് കാണാൻ തുടങ്ങീട്ടും! കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് വരെ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മുസ്ലീമിനോ വോട്ട് ചെയ്തിട്ടില്ലെന്നാണ് ന്റെ കാലുക്കുലേഷ്യം! ഒരുമാതിരിപ്പെട്ട സകലമാന കേരളീയരുടേം കാൽകുലേറ്റർ കുന്ത്രാണ്ടവും എന്റെ കുന്ത്രാണ്ടവും ഒന്ന് തന്നേണ്ന്നാണ് ന്റെ വിചാരോം.

നിങ്ങ ഞങ്ങളെ ഹിന്ദൂം ക്രിസ്ത്യാനീം മുസ്ലീമും ആക്കി!
സമുദായം കൊണ്ട് കഞ്ഞികുടിച്ച് പോണ ചില സാമുദായിക നേതാക്കന്മാരല്ലാതെ ജനങ്ങൾ ആരും അവരുടെ പള്ളീം പട്ടോം വിശ്വാസോമുള്ള മന്ത്രിമാർ വേണംന്ന് പറഞ്ഞ് സമരം നയിച്ചതോ യുദ്ധത്തിനിറങ്ങിയതോ ചരിത്രപുസ്തകത്തിൽ വായിച്ചിട്ടില്ല. 

ഇന്നിപ്പൊ ദോണ്ടേ പറയണ് മന്ത്രിമാരൊക്കെ ഓരോരോ സമുദായക്കാരുടെ പ്രോപ്പർട്ടി ആണെന്ന്. നായര് മന്ത്രി വേറെ ഈഴവമന്ത്രി വേറെ നാടാര് മന്ത്രി വേറെ സുന്നി മന്ത്രി വേറെ ക്രിസ്ത്യാനി മന്ത്രി വേറെ! അപ്പൊ വോട്ട് ചെയ്തവരൊക്കെ ആരായി? (ശശി ആയീ‍ന്ന് പറയാനും ഒക്കൂല്ല; സാമുദായികമായിപ്പോവും! ശശിക്ക് തതുല്യ തസ്തികയിൽ മുസ്ലീമിലും ക്രിസ്ത്യാനിയിലും കൂടി ഓരോരുത്തർ വേണം എന്ന ആവശ്യം നിയമസഭയിൽ വക്കണം, പ്ലീസ്)

ചുരുക്കം പറഞ്ഞാൽ ക്രിസ്ത്യാനി മന്ത്രി ആവാൻ വിത്തിനിട്ടവനൊക്കെ വോട്ട് ചെയ്ത ഹിന്ദൂം മുസ്ലീമും അവനോന്റെ സമുദായ ശശി ആയി; മുസ്ലീം മന്ത്രി ആവാനും ഹിന്ദു മന്ത്രി ആവാനും വെയിലത്തിട്ടവന് വോട്ട് ചെയ്ത മറ്റു മതസ്ഥരും ഈ പറഞ്ഞമാതിരി ഒക്കെ ആയി!നിങ്ങൾ ആക്കി!!

കലികാലം ഇക്കണക്കിന് പോയ് അവസാനം കേരളത്തിൽ മൊത്തത്തിൽ ഒരു ഉടച്ച് വാർക്കൽ തന്നെ വേണ്ടി വരുവോ?? മുസ്ലീമുകളായ മുസ്ലീമുകളൊക്കെ വടക്ക് വശം കേന്ദ്രീകരിച്ച് അങ്ങ് താമസം മാറ്റ! ക്രിസ്ത്യാനിയായ ക്രിസ്ത്യാനിയൊക്കെ നടുകേരളം കേന്ദ്രീകരിച്ചങ്ങ് താമസം മാറ്റ! ഹിന്ദുവായ ഹിന്ദുവൊക്കെ ബാക്കിയുള്ള വശം കേന്ദ്രീകരിച്ച് അങ്ങ് താമസം മാറ്റ! അങ്ങനെ മാറി താമസിക്കുമ്പം നായന്മാര് ഒന്നിച്ച് ഒരു ഏരിയയിലും ഈഴവർ ഒന്നിച്ച് ഒരു ഏരിയയിലും അങ്ങനെ ഓരോ മതത്തിലേം ഓരോ സമുദായക്കാർ ഒന്നിച്ച് ഓരോ ഏരിയായിലും അങ്ങ് പാർക്കാം! എന്നിട്ട് ആ കണക്കും തോതും വച്ച് അങ്ങ് മണ്ഡലം തിരിക്കാം. അതത് സമുദായത്തിന്റെ സ്ഥാനാർത്ഥിയെ യു ഡി എഫും എൽ ഡി എഫും ബാക്കീള്ളോരും നിർത്താം. എന്നിട്ട് അവരീന്നങ്ങ് മന്ത്രിമാരെ തീരുമാനിക്കാം! എന്തൊരു സാമുദായിക സന്തുലനം ന്റെ തള്ളേ!!

ഇത്രേം ഒക്കെ ആവുമ്പം അടുത്തപടി നമുക്ക് ത്രിയേകമുഖ്യമന്ത്രീയം പരീക്ഷിക്കാം! ഒരു സമയം ഒരേ മനസ്സോടെ (സെക്യുലറായ് പ്രവർത്തിക്കുന്ന!!) മൂന്ന് മുഖ്യമന്ത്രിമാർ ചേർന്ന ഒരു ഏകമുഖ്യമന്ത്രി! ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം മുഖ്യമന്ത്രി! 

എന്തേ പറ്റൂല്ലേ? ബേണിയും ഇഗ്നേഷ്യസും കൂടി ബേണി-ഇഗ്നേഷ്യസ്; റാഫിയും മെക്കാർട്ടിനും കൂടി റാഫി-മെക്കാർട്ടിൻ എന്നൊക്കെ പറഞ്ഞ പോലെ ഉമ്മനും രമേശും അബ്ദുള്ളേം കൂടി “കേരളമുഖ്യമന്ത്രിത്രയ ശ്രീശ്രീശ്രീ ഉമ്മരമേശബ്ദുള്ള” ഇല്ലെങ്കിൽ “ശ്രീശ്രീശ്രീ അച്ചുതമത്തായിമൊഹമ്മദ്” (പേരുകൾ എല്ലാം വെറും ഉദാ‍ഹരണങ്ങൾ മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഞാൻ അറിയാതെന്തേലും സാദൃശ്യം ഉണ്ടേല്‍ യഥാ യാദ്രിശ്ചിഹ സ്വാഹ!)


തീർന്നിട്ടില്യാട്ട! എന്നിട്ട് ഈ മുമുഖ്യന്മാരിൽ ഓരോരുത്തരും അവരവരുടെ മതത്തിലെ സമുദായങ്ങളിൽ പെട്ടവർക്ക് വേണ്ടി റൊട്ടേഷൻ ബേസിസിൽ ആറ് മാസം കൂടുമ്പോഴോ ഒരു വർഷം കൂടുമ്പോഴോ ഒഴിഞ്ഞ് കൊടുക്കാം. ഉദാ: ഹിന്ദു മുഖ്യമന്ത്രി റോളിൽ ആദ്യം കേറിയത് നായരാണേൽ അടുത്ത ആറ് മാസം ഈഴവന് കൊടുക്ക പിന്നെ അടുത്ത ജാതിക്കാരന് കൊടുക്ക! അത് പോലെ ക്രിസ്ത്യാനിയിൽ മാർത്തോമ്മക്ക് കൊടുക്ക കത്തോലിക്കക്ക് കൊടുക്ക യാക്കോബായക്ക് കൊടുക്ക അങ്ങനെ ആറാറ് മാസം കൊടുക്ക കൊടുക്ക കൊടുഹ!

അങ്ങനെ സെക്യുലറിസത്തിന്റെ ഉത്തമ മാതൃകയായി കേരളം ഇന്ത്യയുടെ ശിരസ്സാകുമ്പം, മഹിമയുടെ മകുടമായ് വിരാജിക്കുമ്പം പിന്നെ ഭൂപടം വരക്കുന്നവരൊക്കെ കേരളത്തിനെ ഇന്ത്യയുടെ വാലിൽ കെട്ടാതെ തലയ്ക്കാം ഭാഗത്ത് വരുന്ന വിധത്തിൽ മാപ്പ് തലകുത്തി വരക്ക്യ! ഹായ് ഹായ്!തള്ളോട് തള്ളേ!! 


ന്റെ പൊന്നു സഹോരാ.. നിങ്ങളീ കാണിക്കണതും പറയണതും ഒന്നും ശരിയല്ല! മന്ത്രി വകുപ്പിന്റേം ജനത്തിന്റേം ആണ്.. സമുദായത്തിന്റെ അല്ല! ന്യൂനപക്ഷത്തുന്ന് ഒരു മന്ത്രി കൂടിയാലോ ഭൂരിപക്ഷത്തുന്ന് ഒന്ന് കൂട്യാലോ ഒന്നും ഒന്നും സംഭവിക്കില്ല. സംഭവിക്കാൻ പാടില്ല. കാ‍രണം ഓരോ മന്ത്രിയുടേയും സത്യപ്രതിജ്ഞ സെക്യുലറാ! ഈ ജനത്തിന് നിങ്ങൾ പുതിയ പാഠങ്ങൾ ഓതിതരരുത്.. കേരളത്തെ ഇനിയും ഭ്രാന്താലയമാക്കരുത്. അത് വിളിച്ച് പറയാൻ ഒരു വിവേകാനന്ദൻ ഇനിയും ബാക്കിയുമില്ല!

കേരളം ഒന്നാ.. ഓണവും വിഷുവും വല്യപെരുന്നാളും ചെറിയപെരുന്നാളും, ഈസ്റ്ററും ക്രിസ്ത്മസും കേരളീയർക്ക് മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും അയല്പക്കപലഹാരം പങ്ക് വയ്ക്കാനും സ്നേഹിക്കാനുമുള്ളതാ.. 

Sunday, April 1, 2012

സത്യായിട്ടും ഒള്ളതാ.. നൊണേല്ല..

ഇന്ന് നേരം വെളുത്തെണീറ്റപ്പം ഞാൻ ഒരു കൊച്ച് പയ്യനാരുന്നു! ഒരു അന്തോം കുന്തോം ഇല്ലാത്ത പയ്യൻ.. എനിക്കിന്ന് ഒരു നേരം പോക്കും ഇല്ല. ആരുടെ മെക്കെട്ട് കേറണമെന്നറിയില്ല. ഞാൻ തീരുമാനിച്ചു. മൊത്തം കീഴ്മേൽ മറിയ്ക്കാം!


ഞാനൊരു ലോകഭൂപടം എടുത്തു....! നിറയെ വരയും കുറിയുമുള്ള  വൃത്തിയും വെടിപ്പുമില്ലാത്ത ഭൂപടം എനിക്ക് പണ്ടേ ഇഷ്ടല്ല.  ആ കുറുവരകൾക്ക് അവർ അതിർത്തികൾ എന്ന് പേരിട്ടിരിക്കുന്നു! അവക്കിടയിലുള്ള മണ്ണിനെ അവർ രാജ്യം എന്ന് വിളിക്കുന്നു! അതിർത്തികൾ.. അവ ലോകത്തെ  മലീമസമാക്കി.. പിച്ചിയെറിഞ്ഞ ലില്ലി പൂ പോലെ!


ഈ അതിർവരകൾ, അപ്പുറത്തുള്ള മനുഷ്യനെ വിദേശി എന്നും അലിയൻ എനിമി എന്നും വിളിപ്പിച്ചു. വെറും വാരകളുടെ അകലത്തിൽ ആയിരുന്നിട്ടും അവർ ഒരിക്കലും അയൽക്കാർ എന്ന് വിളിക്കപ്പെട്ടില്ല. പരസ്പരം നോക്കി ചിരിക്കാൻ പോലും പരിമിതികൾ ഉള്ള അന്യദേശക്കാർ ആയിരുന്നു.അതിർത്തികൾ ഒന്നും പരസ്പരം പങ്കു വക്കാൻ അനുവദിച്ചില്ല. അവിടെ എല്ലാം  നിറയെ നിയമങ്ങളും ചട്ടങ്ങളുമായിരുന്നു. ഒരു കാലെടുത്ത് വച്ചാൽ അതിക്രമിച്ച് കടക്കൽ ആയിരുന്നു!


അതിർത്തികൾ! അവ എപ്പോഴും അലറിക്കൊണ്ടിരുന്നു, " മനുഷ്യൻ അല്ല ഞങ്ങൾ ആണ് ഉൽകൃഷ്ടര്‍!" അതെ വ്യക്തി അല്ല അതിരുകൾ ആയിരുന്നു വലിയവ; അവയുടെ ഗർജ്ജനത്തിൽ മനുഷ്യൻ ഒരിക്കലും വിലമതിക്കപ്പെട്ടില്ല! ആ അതിരുകൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചതും!! അതെ അവ തന്നെ ഉത്കൃഷ്ടം!!


അയ്യോ.. ഇതെത്ര കഠിനമാണ്! ഞാൻ ഒരു നല്ല റബ്ബർ കയ്യിലെടുത്തു! എന്നിട്ട് വരകൾ ഓരോന്നായ്  മായ്ച്ചു. വളഞ്ഞ് പുളഞ്ഞ് പോകുന്ന കട്ടിയേറിയ വരകൾ! ചോര വീണ് കറപിടിച്ച് അവ മായ്ചാൽ പോകാത്ത വിധം കഠിനമായിരിക്കുന്നു.

മായ്ച്ചു. മുഴുവൻ മായ്ച്ചു!

ആഹാ! ഈ ഭൂപടം ഇപ്പോൾ എത്ര സുന്ദരമാണ്! ലോകത്തിന്റെ മുഖം അഴുക്കില്ലാത്തതായിരിക്കുന്നു. ഇപ്പോൾ നോക്കൂ.., അകെ ഒരേ ഒരു അതിർവരമ്പ് മാത്രം! കരയും വെള്ളവും തമ്മിലുള്ള അതിർ വരമ്പ്! അവ തമ്മിലോ പ്രണയവിജയിതരായ കാമുകികാമുകന്മാരുടെ ആദ്യ രാത്രി പോലെ, ആർദ്രമായ് പരസ്പരം ആലിംഗനം ചെയ്തുകൊണ്ടേ ഇരിക്കുന്നു! അവക്കു ശത്രുതയില്ല. അവ പരസ്പരം ചുംബിക്കുന്നു... വാരി പുണരുന്നു! പരസ്പരം പങ്ക് വക്കുന്നു!


ഇപ്പോൾ ലോകത്തിൽ ആകെ സൌന്ദര്യം മാത്രമേ ഉള്ളൂ! തടാകങ്ങളുടെ നീലിമ താഴ്വാരങ്ങളുടെ ഹരിതാഭ..പർവ്വതങ്ങളുടെ തലയെടുപ്പ്! അഴകുള്ള ഒരു ഭൂപടം. സുന്ദരമായ ഒരു ഭൂപടം. പുഞ്ചിരിക്കുന്ന പ്രകൃതി പോലെ ഒരു ഭൂപടം!!


പക്ഷേ അങ്ങകലെ ലക്ഷ്യം നഷ്ടപ്പെട്ടവരെ പോലെ, കണ്ണടച്ച് തുറക്കുമ്പോൾ കളം നഷ്ടപ്പെട്ട കളിക്കാരെ പോലെ കുറേ പേർ!

ഓഹ്! പട്ടാളക്കാർ!

 എല്ലാ അതിർവരകളിലും തടിച്ച് കൂടി തമ്പടിച്ച് കുടി കിടന്നിരുന്ന പട്ടാളക്കാർ! അവർക്കിന്ന് ജോലി നഷ്ടപ്പെട്ടിരിക്കുന്നു!! അവരെ ഞാൻ ഇനി എന്ത് ചെയ്യും!! പക്ഷേ അവർ ഇന്ന് വരെ ആ വരകൾ മാത്രമേ കണ്ടിരുന്നുള്ളൂ! അവർ ഒരിക്കലും സൌന്ദര്യം കണ്ടിരുന്നില്ല. വർണ്ണങ്ങൾ കണ്ടിരുന്നില്ല. കാരണം അവർ ഒരിക്കലും തിരിഞ്ഞ് നോക്കിയിരുന്നില്ല.., നോക്കാനായിരുന്നില്ല!


സ്നേഹം സങ്കല്പങ്ങളിൽ വരച്ച ചിത്രങ്ങൾ മാത്രമായിരുന്നു അവർക്ക്. ജാഗ്രത അയയാതെ സങ്കല്പങ്ങൾ നെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ! അവർ കണ്ടത് ശത്രുക്കളെ മാത്രമായിരുന്നു. സ്വന്തം അമ്മയെ സഹോദരനെ സംരക്ഷിക്കാൻ ആ വരകൾക്ക് അപ്പുറത്തുള്ള ശത്രുവിനെ നിരീക്ഷിച്ച് പടപൊരുതി വകവരുത്തി വിജയം മാത്രം ലക്ഷ്യമിട്ടവർ!! കമ്പിവേലികളും, വന്മതിലുകളും, പൊടി പടലവും, മണ്ണും, കല്ലും, മലയും എല്ലാം കൂടി കട്ടകുത്തിയ തവിട്ട് നിറമുള്ള ജീവിതം. ഇല്ല ജീവിച്ചില്ല അവർ ജീവിപ്പിക്കാൻ വേണ്ടി അവർ ജീവിച്ചില്ല!


ഞാൻ അവരെ വിളിച്ചു. അവരോട് തിരിഞ്ഞ് നോക്കാൻ ആവശ്യപ്പെട്ടു! കാരണം ഇനി നിങ്ങൾക്ക് ബാക്കി അതിർ വരമ്പുകൾ ഇല്ല. നിന്റെ മുഖത്തിന് എതിരെ നിൽക്കുന്നവനിൽ നിന്റെ ശത്രുവുമില്ല. തിരിഞ്ഞ് നോക്കുക. അവർ അത്ഭുതപ്പെട്ടു! ഇന്ന് വരെ ഭൂമിയുടെ സൌന്ദര്യം അവർ കണ്ടിരുന്നില്ല! ആസ്വദിച്ചിരുന്നില്ല! അവർക്ക് ഭൂമി വെറും ആ വരകുറികൾ മാത്രമായിരുന്നു! തടാകങ്ങൾ അവർക്ക് വെറും കടമ്പകൾ മാത്രമായിരുന്നു. മലനിരകൾ അവർക്ക് വെറും സഹായികൾ മാത്രമായിരുന്നു!!


മുന്നോട്ട് നോക്കിയ അവർ പിന്നെയും അത്ഭുതപ്പെട്ടു!! മുന്നിൽ ഇപ്പോൾ ശത്രുക്കളില്ല. പുഞ്ചിരിക്കുന്ന അയൽക്കാർ മാത്രം!! ആലിംഗനത്തിനായ് ആയുധങ്ങൾ എറിഞ്ഞ് അവർ കൈ വിരിച്ച് നിൽക്കുന്നു!! തിളക്കുന്ന അവരുടെ ഊർജ്ജം മുഴുവൻ നിരാശ്രിതർക്ക് വേണ്ടി അവർ ചിലവഴിച്ചു. നന്മക്ക് വേണ്ടി ചിലവഴിച്ചു! മരിച്ച് മടുത്ത യുദ്ധങ്ങളിതാ സ്വയം പിൻവാങ്ങിയിരിക്കുന്നു! ആയുധങ്ങൾ ഉലയിലടിച്ച് അവർ കലപ്പകൾ തീർത്തു!! ആണവായുധങ്ങളും വിഷവാതകങ്ങളും വെടിമരുന്നുമെല്ലാം നിർവീര്യമാക്കി! എന്തിനാ ഇനി അതൊക്കെ!!


പേറ്റന്റുകൾ അവകാശ രേഖകൾ ആധാര പത്രങ്ങൾ എല്ലാം റദ്ദാക്കി! കറൻസികൾ നിർത്തലാക്കി!   കറൻസികളും ആധാരപത്രങ്ങളും അരച്ച് കലക്കി പൾപ്പ് ആക്കി വർണ്ണക്കടലാസുകളും വെള്ള കടലാസുകളും തീർത്തു. അവയിൽ കുഞ്ഞുങ്ങൾ പുതിയ ലോകത്തിന്റെ ചിത്രങ്ങൾ പകർത്തി! ആ ചിത്രങ്ങൾ എല്ലാം നിഷ്കളങ്കമായിരുന്നു! പീനൽ നിയമങ്ങൾ റദ്ദാക്കി. കൊലപാതകികൾ ജോലിനിർത്തി.. കാരണം അവരാരും നരഭോജികൾ ആയിരുന്നില്ല!! മോക്ഷണവും കൊള്ളയടിയും എന്നൊന്നും തിന്മകളേ ഇല്ല! എല്ലാ റെഫ്രിജറേറ്ററുകളും വലിച്ചെറിഞ്ഞു. പത്തായപുരകൾ പൊളിച്ച് ഭവനങ്ങൾ പണിതു. അതിരുകളില്ലാത്ത ഭൂമിയിലെ ഭവനങ്ങൾ!


ചാരിറ്റബിൾ പ്രസ്ഥാനങ്ങൾ എല്ലാം നിർത്തലാക്കി. കാരണം, ചാരിറ്റി ഇനി ഒരു പ്രസ്ഥാനമേ അല്ല!! പഴയ ബാർട്ടർ സമ്പ്രദായം തിരിച്ച് വന്നു. ഒരുവനും നാളേക്ക് എടുത്ത് വച്ചില്ല. വിശപ്പിന്റെ നിലവിളികൾ അതിർവരമ്പുകൾ ഇല്ലാത്ത ഭൂമിയിൽ ദിക്കുകൾക്കപ്പുറം എളുപ്പം എത്തുമായിരുന്നു. അതുകൊണ്ട് ആരും ഒന്നും ബാക്കി വച്ചില്ല. ആരും പട്ടിണികിടന്നില്ല!


ആരും ആത്മഹത്യ ചെയ്തില്ല. ജീവിച്ച് ശാന്തിയടഞ്ഞവർ ഒരു പത്ര പരസ്യം നൽകി; “ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലാത്ത ഒരു ജീവിതം ഉണ്ട്. ആർക്കെങ്കിലും ഉപകാരപ്രദമാവുമെങ്കിൽ ബന്ധപ്പെടുക!!”


അയ്യേ ഏപ്രിൽ ഫൂൾ!!! ഒരുപാട് ബുദ്ധി ഉള്ളോണ്ട് ഈ ഏപ്രിൽ ഫൂളിന് നമ്മ സ്വയം വിഡ്ഡിയാവാൻ തീരുമനിച്ചു! ഇത് ഏപ്രിൽ ഒന്നിന്റെ അവസാന യാമം! 11.55 PM!!

Sunday, March 4, 2012

ഇന്ത്യക്കാരാ ചതിക്കല്ല്.. അമേരിക്കാന്റെ നിക്കറ് കീറണ്..!

                                           
അവിഹിതനിയമപ്രകാരമുള്ള മുന്നറിയിപ്പ്: ജട്ടി എന്ന വാക്ക് അസംസ്കൃതം ആണെന്ന് ധരിക്കുന്നവരും ജട്ടി തന്നെ ധരിക്കാത്തവരും ആയ സദാചാരവാദികള്‍  ഈ പോസ്റ്റ്‌ വായിക്കണ്ട..ണ്ട..ണ്ട!
                                           ***********

അപ്പൊ സംഗതിയുടെ കിടപ്പ് ഇങ്ങനെയാണ്...

അമേരിക്കയില്‍ ജട്ടിവില കത്തി പടരുകയാണ്!

കീഴോട്ടു നോക്കിയാല്‍ ഒബാമക്ക് പോലും കുന്തോണ്ടെങ്കിലും ഒരു അന്തോല്യാന്ന് പറഞ്ഞ പോലത്തവസ്ഥ! പ്രതിപക്ഷം പാര്‍ലമെന്‍റില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഇനിയും തത്സ്ഥിതി തുടര്‍ന്നാല്‍ പണ്ട് കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു വന്നപ്പോ പഠിച്ച മുണ്ടുപൊക്കൽ പരിപാടി അമേരിക്കന്‍ പാര്‍ലമെന്റിലും മുണ്ടുടുത്ത് വന്നു ആവര്‍ത്തിക്കും എന്ന് വരെ അവര്‍ ഭീക്ഷണി പെടുത്താന്‍ തുടങ്ങിയിരിക്കുന്നു! ഇക്കണക്കിനു പോയാ ഇവന്മാരേം പിടിച്ച് ഇറാന്‍ കരോടൊപ്പം നിരായുധീകരണം നടത്തേണ്ടി വരുവോ!

വില കുത്തനെ ഉയരുന്നു. അമേരിക്കയിലെ സാധാരണക്കാർക്ക് പോലും ജട്ടി തീർത്തും അപ്രാപ്യമായി കഴിഞ്ഞു! സംഗതി വഷളാകുവാ! സാമ്പത്തിക മാന്ദ്യം തലയില്‍ വീണ നായ മോങ്ങാന്‍ ഇരിക്കുമ്പോഴാണ് ഈ ചതി! പണ്ട് പ്രതാപകാലത്ത് അമേരിക്കന്‍ ഫുട്പാത്തില്‍ ഡോളര്‍ ഒന്നിന് ഒരു കോറമ്പല്‍ കിട്ടിയിരുന്ന സാധനം ആയിരുന്നു. ഇന്ന് ജട്ടി ഒരെണ്ണം വാങ്ങിയാല്‍ 44" കളര്‍ എല്‍ സി ഡി ടി.വി. ഫ്രീയാ..! വില കുതിച്ചുയരുന്നു. 

പണ്ട് ഹനീഫണ്ണൻ പറഞ്ഞ പോലെ ചോര്‍ന്നു പോയാല്‍ താങ്ങാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പ്രതിപക്ഷ ബഹളത്തെ നല്ല രീതിയില്‍ നേരിടാനും ഒബാമക്കും കൂട്ടർക്കും ആവുന്നില്ല.

കാര്യം എന്നതൊക്കെ ആയാലും കൂലങ്കുഷമായ പഠനങ്ങൾക്കൊടുവി നടുക്കണ്ടം നെടുകേ കീറിയ നിക്കറലക്കി കൊണ്ടിരിക്കലേ ഒബാമയുടെ തലയിൽ സംഗതിയുടെ ഗുട്ടന്‍സ് തെളിഞ്ഞു! പിന്നെ യുറേക്ക യുറേക്കാ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരേ ഒരോട്ടം ആയിരുന്നു വൈറ്റ് ഹൗസിലേക്ക്!

പൊന്നുംവിലയ്ക്ക് വാങ്ങി ഷോക്കേസില്‍ വച്ചിരുന്ന  ഓട്ടയില്ലാതെ ബാക്കിയുണ്ടായിരുന്ന ഒരേ ഒരു നിക്കറെടുത്തു "ദോണ്ടേ.. ഇതിട്ടിട്ടു പോ മനുഷ്യാ ഇങ്ങളെ പണ്ടാരടങ്ങാന്‍!" എന്ന് മിഷേല്‍ വിളിച്ചു പറയണുണ്ടാരുന്നു. പക്ഷെ എന്തെങ്കിലും കണ്ടു പിടിച്ചാല്‍ വല്യ വല്യ മഹാന്മാര്‍ യുറേക്ക വിളിച്ചു ഇറങ്ങി ഓടുമ്പോള്‍ നിക്കറിടാൻ നിക്കാറില്ലെന്നുള്ളത് ജി കെ യില്‍ പിറകോട്ടായ മിഷേലിനറിയുവോ!


പാര്‍ലമെന്റില്‍ ഓടി കിതച്ചെത്തിയ ഒബാമ വിളിച്ചു പറഞ്ഞു.. കണ്ടു പിടിച്ച്.. ഞാന്‍ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ച്! ജട്ടിക്കു വില കൂടാനുള്ള കാരണം കണ്ടു പിടിച്ച്!

ഒക്കേത്തിനും കാരണം ആ ഒടുക്കത്തെ ഇന്ത്യേം ചൈനേം ആണ്! പണ്ട് അവര്‍ പിള്ളാരെ ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തില്‍ മാത്രമേ മത്സരിച്ചായിരുന്നുള്ളൂ! ലവന്മാരിപ്പോ വികസിക്കാന്‍ തുടങ്ങിയെക്കണേ! മുഴുപട്ടിണീം അര പട്ടിണീം  ആയി കിടന്ന അവമ്മാരുടെ കയ്യിലൊക്കെ ഇപ്പൊ കാശായി. ഉടുതുണിയും മറുതുണിയും  ഇല്ലാതിരുന്ന അവരിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ടവര്‍ ഇപ്പോള്‍ സ്വന്തമായി അണ്ടര്‍ വെയര്‍വാങ്ങാന്‍ കെൽ‌പ്പുള്ളവരായ് മാറിയിരിക്കുന്നു! ഇന്ത്യന്‍ ചൈനീസ് സര്‍ക്കാരുകള്‍ അമേരിക്കൻ നിക്കർ വിപണി തകർക്കാൻ ലക്ഷ്യമിട്ട് ജട്ടിക്കു സബ്സിഡി അനുവദിക്കുന്നുണ്ടോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.


ഇന്ത്യയിലും ചൈനയിലും വര്‍ദ്ധിച്ചു വരുന്ന ജട്ടിയുടെ ഉപയോഗം ആഗോള വിപണിയില്‍ വിലക്കയറ്റത്തിന്  കാരണമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുന്പ് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളത്.


അവര്‍ മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭക്ഷണസാധനങ്ങള്‍ക്ക് വില കൂടിയത്.
അവരിലെ ഇടത്തട്ടുകാര്‍ സ്വന്തമായി കാര്‍ വാടകക്കെടുതും ലോണ്‍ എടുത്തും ഓടിക്കാന്‍ തുടങ്ങിയപ്പോഴാണ് ആഗോള ഇന്ധന ക്ഷാമപ്രശ്നം നേരിട്ടത്. അല്ലാതെ ഇറാന്റെ പള്ളക്കടിക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഇറാക്കിനെ കുട്ടിചോറാക്കിയതുകൊണ്ടോ അല്ല. ഇന്ത്യയും ചൈനയും അടിയന്തിരമായി വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ യു എന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അമേരിക്ക പട്ടിണിയാവും. അടപ്പൂരും!


ഇന്ത്യയെ നിയന്ത്രിക്കൂ അമേരിക്കയെ രക്ഷിക്കൂ! പ്രേമയം അമേരിക്കന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി വോട്ടിനിട്ട് പാസ്സാക്കി!

മൂന്നാം ലോക അവികസിത രാജ്യങ്ങൾ വരുത്തി വക്കുന്ന ഓരോരോ വിനകൾ! ചൈനക്കാരാ.. നിന്റെ കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് ഞങ്ങളൊക്കെ പറഞ്ഞതല്ലേ.. ഇന്ത്യക്കാരാ നിങ്ങടെ ആർഷ ഭാരത സംസ്കാരം.. ധർമ്മപുരാണങ്ങൾ..ഗാന്ധിജി ഒക്കെ നല്ലതാണെന്ന് നിങ്ങളോടും പറഞ്ഞതല്ലേ.. നിങ്ങക്കൊക്കെ ആ കേട്ടതിന്റെ സുഖം കൊണ്ട് വയറ് നിറച്ച് കിട്ട്യ ‘കട’തിണ്ണേലെങ്ങാൻ കിടന്നാ പോരേ.. ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ?? 

Tuesday, February 21, 2012

ശ്രീദേവിയെ പൂട്ടിയിടണം.. ശ്രീദേവിയെ പൂട്ടിയിടണംന്ന്..!


നകുലന്റെ ചായയിൽ വിഷം!

സണ്ണി സകലതും തട്ടി മറിച്ച് ചാടി മറഞ്ഞ് പാഞ്ഞ് വരുന്നു. ചുണ്ടിനടിയിൽ നിന്ന് ചായ തട്ടിത്തെറിപ്പിക്കുന്നു. എല്ലാവരിലും അങ്കലാപ്പ്!

ഗംഗ കടന്ന് വരുന്നു..
എല്ലാവരും വായും പൊളിച്ച് നിൽക്കുവാണ്. കാണികളും!

പെട്ടെന്ന് സണ്ണി... ആക്രോശിച്ചു..

“ഞാൻ പറഞ്ഞില്ലേ ശ്രീദേവിയെ പൂട്ടിയിടണംന്ന്..”

"എന്ത്..?"

“ശ്രീദേവിയെ പൂട്ടിയിടണം!”

കയ്യോടെ സണ്ണി ശ്രീദേവിയെ കടന്ന് പിടിക്കുന്നു. ശ്രീദേവി ഭ്രാന്തിയേ പോലെ അലറുന്നു. എല്ലാവരും അലമുറയിട്ട് കരയുന്നു. ശ്രീദേവിയെ സണ്ണി അടച്ച് പൂട്ടുന്നു.

രംഗം ശാന്തമല്ല.. എന്നാലും എവിടെയോ എന്തോ ശാന്തം. എന്താണ് ശാന്തം? ക്ലൈമാക്സ് ആയപ്പോല്ലേ കണ്ടേ...

അമ്പടി ഗംഗേ അവളങ്ങ് കേറി കൊഴുക്കണേരുന്നു, നകുലന്റെ കഴുത്തിന് നേരെ...! ഹോ! സണ്ണി അല്ലാതൊരു മനുഷ്യൻ, കണ്ട് നിന്നവരോ നകുലനോ കാണികളോ ഒന്നും അറിഞ്ഞില്ലല്ലോ..!!

                 
                          * * * * *


പിറവത്ത് ഗംഗ കഴുത്തിന് പിടിക്കാൻ നിൽക്കുകയാണ്.

“വിടമാട്ടേ”... “എന്നൈ നീ വിടമാട്ടേ”... “ഇന്ത പിറവം ഇലക്ഷനുക്ക് ഉന്നൈ കൊന്ന് ഉൻ രത്തത്തൈ നാൻ കുടിപ്പേൻ..” എന്ന് ഡയലോഗ് ഇപ്പം താങ്ങും.
ഗംഗയെ അടക്കിയില്ലേൽ പണിയാവും...
 
പെട്ടെന്നാണ് സണ്ണി കണ്ടത് അപ്പുറത്ത് ശ്രീദേവി മുടിയഴിച്ച് കോതി കൊണ്ടിരിക്കുന്നത്!  സകല കുതന്ത്രവും സൈക്കോളജിയും അരച്ച്   കലക്കി കുടിച്ച സണ്ണി ആലോചിച്ചു. ഇനി ഒരു നിമിഷം പാഴാക്കാനില്ല. വൈകിയാൽ പിറവത്ത് നകുലൻ ചാവും. ഗംഗ ഞെക്കി കൊല്ലും! അവിടെയാണേൽ ശ്രീദേവിയുടെ ശല്യം ഇല്ല. 

“ശ്രീദേവിയുടെ മുടി തിരുപ്പൻ ആണ്”
സണ്ണി അലറി...!

“എന്ത്??”

“ശ്രീദേവിയുടെ മുടി തിരുപ്പനാണ്ന്ന്!!”

“കത്തിക്കണം.. മുടി കത്തിക്കണം!”

സണ്ണി ശ്രീദേവിയുടെ മുടിയിൽകടന്ന് പിടിച്ചു
ശ്രീദേവി അലറി... സണ്ണി പിടി വിട്ടില്ല..

ശ്രീദേവി പിന്നെയും അലറി.

അപ്പുറത്ത് എന്തോ ഒരു ശാന്തത...!

ശാന്തത എന്താണെന്ന് ആർക്കും പിടിയില്ല. ക്ലൈമാക്സിൽ അറിയാം. പിറവം ദുർഗ്ഗാഷ്ടമിക്ക് ഗംഗ ചോര കുടിക്കുമോ.. സണ്ണിയുടെ ശ്രമം ഫലിക്കുമോ.. നകുലൻ രക്ഷപ്പെടുമോ.. കാത്തിരുന്ന് കാണാം.

Friday, December 2, 2011

നിയമം കണ്ണിലെ കെട്ടഴിക്കുക

എന്ത് പ്രാന്താ ഇത്!! എ ജി ഹൈക്കോടതിയിൽ നൽകിയ പരാമർശം കേരളത്തിനു എതിരാണ്! ഇടുക്കിക്ക് മുല്ലപെരിയാറിലെ ജലം താങ്ങാൻ ഉള്ള ശേഷി ഉണ്ടത്രേ. അത് കൊണ്ട് ദുരന്തത്തിന്റെ ആഴം കുറയും. ഈ പരാമർശം കേരളത്തിന്റെ വാദത്തെ സുപ്രീം കോടതിയിൽ ബാധിക്കും!!

 ബാധിക്കും..?

 എന്ന് വച്ചാൽ 50 ലക്ഷം പേർ മരിക്കും എന്നുള്ള അവസ്ഥ അഞ്ചോ ആറോ ലക്ഷം ആയി കുറയും എന്ന്!!  ഓഹ്.. 50 ലക്ഷം പേർ മരിക്കില്ല... 5 ലക്ഷം പേരേ മരിക്കൂ..! അപ്പൊ ഈ കാര്യത്തെ അത്ര ഗൌരവമായ് കാണണ്ട! ഇങ്ങനെ സുപ്രീം കോടതി പറയുമോ..?? ഡാം പൊട്ടി ഒരാൾ എങ്കിലും മരിച്ചാൽ ഈ പറയുന്ന കോടതി അടക്കം ഉള്ള സകലരും ഈ ലോകത്തിന്റെയും നീതിയുടെയും മുൻപിൽ കുറ്റക്കാരല്ലേ.

നിയമം മുഖം നോക്കാതിരിക്കേണ്ടത് തെറ്റ് ചെയ്തവന്റേയും നീതി അപേക്ഷിക്കുന്നവന്റേയും നേരെ ആണ്; യഥാർത്ഥ്യങ്ങൾക്ക് നേരെ അല്ല. സുപ്രീം കോടതി എന്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ഒരു ജനം ആർത്തലച്ച് തങ്ങളെ മുക്കി കൊല്ലാൻ വരുന്ന പ്രളയജലം എന്ന അഗ്നി നെഞ്ചിലെരിച്ച് ഉൽകണ്ഠയിൽ മുങ്ങികൊണ്ടിരിക്കുമ്പോൾ ഇനിയും നീതി നടപ്പാക്കാൻ എത്ര കാലം കാത്തിരിക്കണം.

പ്രതി പ്രായമായ് മരിക്കാൻ കാലമാവുമ്പോഴേക്കും വിധി വരുന്ന രാഷ്ട്രീയ കേസുകളേ പോലെയും ക്രിമിനൽ കേസുകളെ പോലെയും കാത്തിരുന്നാൽ നിങ്ങൾ വിധിക്കുന്നതും കാത്ത് ഒരു പക്ഷെ പ്രകൃതിയും പൊളിഞ്ഞിളകി കൊണ്ടിരിക്കുന്ന ജല സംഭരണിയുടെ പാഴ് ഭിത്തിയും കാത്തിരുന്നെന്ന് വരില്ല. അവർക്ക് നിയമം അറിയില്ലല്ലോ..

ഇവിടെ ഓരോ ഭൂമികുലുക്കവും കുലുങ്ങുന്നത് മണ്ണിലല്ല.. കുറേ ജനങ്ങളുടെ നെഞ്ചിലാണ്. ഉല പോലെ തീ എരിക്കുകയാണ്. പുറത്ത് മഴ തിമർക്കുമ്പോൾ അവരുടെ അകത്ത് തീ കനലെരിയുന്നു. ഉറങ്ങാനാവാതെ. തങ്ങളെയും മുക്കി പ്രളയം കടന്ന് പോകുന്നതും കാത്ത്!

നിങ്ങൾ പഠന സംഘങ്ങളെ നിയോഗിക്കുന്നു വാദ പ്രതിവാദങ്ങൾ നടത്തുന്നു.. മാറ്റി വക്കുന്നു പിന്നെയും എടുക്കുന്നു.. നിങ്ങൾ ഭക്ഷണം കഴിക്കുന്നു നിങ്ങൾ വിശ്രമിക്കുന്നു.. നിങ്ങൾ കറുത്ത നിയമചട്ടകൾ അഴിച്ച് കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നു.. പക്ഷേ ഞങ്ങൾ?? ഞങ്ങൾ മരിക്കാതെ ഇവിടെ മരിക്കുന്നു. പ്രളയത്തേക്കാൾ വലിയ ഉൽകണ്ഠ!

ഒരു ജഡ്ജിയുടെ ചിത്രം അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതിന് 100  കോടി പിഴ! ഓരോ നിമിഷവും പാപം ചെയ്യാതെ കഴു കാത്ത് ഒരു കൽകെട്ടിനടിയിൽ കഴിയുന്ന അനേകങ്ങൾ അനുഭവിക്കുന്ന മാനസ്സിക വ്യഥക്കും ഉറക്കമില്ലായ്മക്കും ആര് പിഴയൊടുക്കും!! രാജ്യത്തെ ഓരോ പൌരനും ഒരേ പോലെ വിലയുള്ളവനല്ലേ!.

പത്മനാഭന്റെ കാൽചുവട്ടിൽ തിളങ്ങിയ നിധികുംബത്തിന് കാവലേർപ്പെടുത്താൻ കോടികൾ മുടക്കാൻ വിധിയെഴുതിയ ശുഷ്കാന്തി കുറേ ലക്ഷങ്ങളുടെ നെഞ്ചിലെ തീ അണയ്ക്കാൻ കൂടി ഉണ്ടായിരുന്നെങ്കിൽ.

നിയമത്തിൽ ഓരോ പൌരനും വിശ്വാസമർപ്പിക്കുന്നു. പക്ഷെ നിയമം നിയമത്തിന്റെ വഴിക്ക്......വെള്ളം വെള്ളത്തിന്റെ വഴിക്ക്.. അവസാനം മരണം മരണത്തിന്റെ വഴിക്ക്!

കോടതി തീരുമാനിക്കാൻ കാത്തിരിക്കുന്നതറിയാതെ ഡാം തകരുകയും കേരളം എന്ന നാടിന്റെ ഹൃദയം പിളരുകയും 50 ലക്ഷം വരുന്ന ജനം വെള്ളം കുടിച്ച് മരിക്കുകയും ചെയ്താൽ നിങ്ങൾ പിന്നെ എന്ത് ചെയ്യും? മാപ് പറയുവോ? നടുക്കം രേഖപ്പെടുത്തുവോ? ദേശീയ ദുരന്തം എന്ന് പേരിട്ട് വിളിക്കുമോ?  കേസ് എടുക്കുമോ? ആർക്ക് എതിരെ? 50 ലക്ഷം പേരുടെ മരണത്തിന്... അല്ല കൊലപാതകത്തിന് കേസ് എടുക്കുമ്പോൾ ആരായിരിക്കും പ്രധാന പ്രതികൾ? തെക്ക് വശത്തേക്ക് തിരിഞ്ഞ് നോക്കാതെ നിന്ന ഭാരത സർക്കാരോ? അതൊ നിയമം നടപ്പാക്കാൻ പഠനങ്ങൾ നടത്തി റെസ്റ്റ് എടുത്ത് കാത്തിരുന്ന സുപ്രീം കോടതിയോ? അതോ വെള്ളത്തിന് വേണ്ടി ഒരു ജനത മരിച്ചാലും കുഴപ്പമില്ലെന്ന് വാദിക്കുന്ന എന്റെ അയൽക്കാരനോ?

ഇവിടെ പ്രളയം വന്ന് ദുരന്തം സംഭവിച്ചാൽ അതിന്റെ പ്രധാന ഉത്തരവാദി ആദ്യം സുപ്രീം കോടതിയായിരിക്കും. ബാക്കി വന്ന അല്പം ജീവനുകളും കൊണ്ട് ഞങ്ങൾക്ക് നീതി നടപ്പാക്കി തരാൻ ഞങ്ങൾ നിങ്ങളുടെ മുൻപിൽ വരണമോ.. എന്നിട്ട് കൊലപാതകത്തിനുത്തരവാദികൾ നിങ്ങൾക്കെതിരേ നിങ്ങളെ കൊണ്ട് വിധി എഴുതിക്കണമോ?

ഇനി അപകടവും അപകട സാഹചര്യങ്ങളും എല്ലാം ഒരു വശത്തേക്ക് മാറ്റി വച്ചാലും നിയമവും നയവും എന്താണ് ഉദ്ദേശിക്കുന്നത്. 999 വർഷത്തെ കരാർ തീരാൻ ഇനിയും 874 വർഷം ബാക്കി ഉണ്ട്. അത്രേം കാലം ഡാമിന് വേണമെങ്കിൽ പൊട്ടാതെ നിക്കട്ടെ.. പൊട്ടുവാണെങ്കിൽ കൊറേ എണ്ണം ചാവട്ടെ എന്നോ?? ഇത്രയധികം പഠനങ്ങളുടെ ആവശ്യമെന്ത്? ഏത് നീതിശാസ്ത്രം ആണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഡാമിനെ ഇനിയും നിലനിർത്താൻ ഒരു കാരണം നൽകുന്നത്? ഇതിലെ നീതിയുടെ തുല്യത പോലും സാധാരണക്കാരന്റെ മൂടി കെട്ടാത്ത കണ്ണിന് മനസ്സിലാവുന്നില്ല.


ഒരാളെ കൊന്ന പ്രതിക്ക് മരണശിക്ഷ വരെ വിധിക്കാം നിയമത്തിന്. ലക്ഷങ്ങളെ കൊന്നൊടുക്കുന്നതിന് ആരെ എന്ത് ശിക്ഷ വിധിക്കും???

Sunday, November 27, 2011

പ്രളയാവശിഷ്ടം

നാട് എന്നത്തേയും പോലെ ഇന്നും മുന്നോട്ട് നീങ്ങി.

പകൽ!
ചീഞ്ഞുനാറുന്നത് ഭരണ സിരാകേന്ദ്രങ്ങളിലും തെരുവ് വഴികളിലും കിടന്ന് ചീഞ്ഞുനാറി. സുഗന്ധമുള്ളത് വെള്ളിത്തിരകളിലും സ്റ്റേജ് ഷോകളിലും സുഗന്ധം പരത്തി.

ഇരുട്ടി..!
ക്യാമറ കണ്ണുകളുമായ് ഇന്ന് പാതിരാ വരെ പാറപ്പുറത്ത് പതുങ്ങിയിരുന്ന മാധ്യമങ്ങൾ അച്ചു നിരത്തി!

അവശേഷിച്ച ലോകത്തിന് മുൻപിൽ അവരുടെ റേറ്റിങ്ങ് കൂട്ടാനുള്ള ഏറ്റവും ശക്തമായ വാർത്ത വന്നിരിക്കുന്നു!

അന്തർ രാഷ്ട്രവും അന്താരാഷ്ട്രവും ആയ മാധ്യമപ്പട ന്യൂസ് അപ്ഡേറ്റ്സ് നൽകി കൊണ്ടേ ഇരുന്നു...

സുരേഷ്..., മുല്ലപെരിയാർ പൊട്ടി പിളർന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്; കുത്തിയൊലിച്ച് വണ്ടിപെരിയാർ ടൌൺ അടക്കം എല്ലാം മുങ്ങി കഴിഞ്ഞു.

വെള്ളം ധൃതിയില്‍ ഇടുക്കി ലക്ഷ്യം വച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നമുക്കുള്ള അത്ര ധൃതി വെള്ളത്തിനില്ലെന്ന് തോന്നുന്നു.. ചുറ്റുമുള്ളതെല്ലാം കുടിച്ച് തീർക്കുന്നതിലുള്ള തിരക്കിലാണ് വെള്ളം സുരേഷ്!




----


ഇടുക്കി ഡാം ഈ വെള്ളം കൂടി താങ്ങുമോ.. അതൊ പൊട്ടുമോ എന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ് മാധ്യമ ലോകം സുരേഷ്. അതാ ഇടുക്കി ഡാമുകൾ ഒഴുകി വന്ന സകലതിനേയും സ്വീകരിച്ച് കഴിഞ്ഞു.. നിറഞ്ഞ് പുളയുകയാണ്. ഒരു പ്രളയമായ് വളരാനുള്ള കൂടിയാലോചനയിലാണ്!

അതാ സുരേഷ് പൊട്ടിക്കഴിഞ്ഞു.. ഇടുക്കിയും ചെറുതോണിയും കുളമാവും പൊട്ടി വെള്ളം മോഡേൺ ആർട്ടിന്റെ സൌന്ദര്യത്തിൽ പാഞ്ഞൊഴുകുന്ന അവർണ്ണനീയമാ‍യ കാഴ്ചയാണ് ഞങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്..!

സുരേഷ് പ്രളയം രൂപപെട്ട് കഴിഞ്ഞു.. ജനനിബിഡപ്രദേശങ്ങൾ പ്രളയം വിഴുങ്ങുന്ന രംഗങ്ങൾ ആണ് അരങ്ങേറി കൊണ്ടിരിക്കുന്നത്... സുരേഷ് അതാ ലോവർ പെരിയാർ ഡാമും നേര്യമംഗലം പവർ സ്റ്റേഷനും തകർന്ന് കഴിഞ്ഞു..

----

സുരേഷ്.. ഇപ്പോൾ പ്രളയം കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണ്.. അതാ മലയാറ്റൂരും പെരുമ്പാവൂരും ആലുവയുമെല്ലാം കീഴടക്കി മുന്നോട്ട് നീങ്ങുകയാണ് പ്രളയം.

നെടുമ്പാശ്ശേരി എയര്‍ പോർട്ടിന്റെ തലപൊക്കം വെള്ളം മുങ്ങി കഴിഞ്ഞു. എറണാകുളവും തൃശൂരും കോട്ടയവും ആലപ്പുഴയും എല്ലാം വെള്ളത്തിനടിയില്‍ ആയി കഴിഞ്ഞിരിക്കുന്നു സുരേഷ്.

അങ്ങനെ ജനസംഖ്യ വളര്‍ച്ചക്ക് വലിയ തോതില്‍ ഭാരതം ഒരു പരിഹാരം കണ്ടു കഴിഞ്ഞിരിക്കുന്നു സുരേഷ്. ഇനി നമുക്ക്‌ ക്യാമറ ഓഫ്‌ ചെയ്തു പോയി സ്വസ്ഥമായി കിടന്നുറങ്ങാം! നന്ദി സുരേഷ്!

സുരേഷ്: ആളുകൾ വെള്ളം കുടിച്ച് മരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ??

ഇല്ല സുരേഷ്. മരിക്കുന്നവരാരും മരണസമയം വരെയും മരണനേരത്തും ഒരു ശബ്ദവും ഉണ്ടാക്കിയിട്ടില്ല!!
                                                 
                              *******************

പ്രളയ പിറ്റേന്ന്:


പ്രളയാവശിഷ്ട പ്രദേശങ്ങളിൽ പാർട്ടി സമ്മേളനങ്ങളും ഏരിയ, ജില്ലാ പിടിച്ചടുക്കലുകളും ജനസമ്പർക്ക പരിപാടികളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തെരുവോരത്ത് പ്രകടനങ്ങള്‍ നിരോധിച്ച കോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്.

മാധ്യമങ്ങള്‍ വീണ്ടും മലയാള സിനിമയെ ശക്തിപ്പെടുത്താന്‍ സന്തോഷ്‌ പണ്ടിറ്റുമായ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.



പ്രളയബാധിത പ്രദേശങ്ങളില്‍ ആക്രി കച്ചവടക്കാര്‍ മരിച്ചവര്‍ തങ്ങളുടെ മക്കളെ കെട്ടിക്കാന്‍ കാത്തു വച്ച പൊന്നും പണ്ടവും പെറുക്കുന്ന തിരക്കിലാണ്.

അവശേഷിച്ച മലയാളികൾ മൊബൈൽ ഫോണുകളുമായ് വാടകക്കെടുത്ത ബോട്ടുകളിൽ ബോട്ടിലുമടിച്ച് ചഞ്ചരിച്ച് പ്രളയാവശിഷ്ടം പകർത്തി സോഷ്യൽ നെറ്റ്വർക്കുകളിൽ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്.


ദേശീയ മാധ്യമ സംഘടന ഏറ്റവും നല്ല ദുരന്ത ചിത്രത്തിനുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

വെള്ളം കേറി കുറേ ഇടം കടൽ വിഴുങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർവ്വെ നടത്തി ഇന്ത്യാ മാപ് തിരുത്തി വരക്കാൻ കേന്ദ്ര ഗവണ്മെന്റ് അനുബന്ധകേന്ദ്രങ്ങളെ ചുമതലപ്പെടുത്തി.

50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അവശിഷ്ട കേരള പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. പ്രതികളെ തീരുമാനിക്കുകയും ചെയ്തു.

-         ഒന്നാം പ്രതി കോടതിയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറയാതിരുന്ന കേന്ദ്ര സര്‍ക്കാര്‍.
-         രണ്ടാം പ്രതി 50 ലക്ഷം പേരുടെ വിധി എഴുതിയ വിധി പറയാതെ പിന്നെയും പിന്നെയും പഠനം     നടത്തിയ സുപ്രീം കോടതി.

-         മൂന്നാം പ്രതി ടി. ജി രവിക്കും ഉമ്മറിനും മുൻപിൽ പെട്ട അബലയായ നായികയെ പോലെ ദുർബ്ബലരായ് നിന്നു കൊടുത്ത കേരള രാഷ്ട്രീയ നേതാക്കളും സാംസ്കാരികരും പ്രബുദ്ധരും.

-         നാലാം പ്രതി മരിക്കാന്‍ നേരത്ത് പോലും കരയാതിരുന്ന 50 ലക്ഷം പേര്‍ 

- എഫ് ഐ ആര്‍ സമര്‍പ്പിക്കപെട്ടു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേസ് റിപോർട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ ചർച്ചക്ക് വച്ചു. കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ വായിച്ച് ഐകകണ്ഠേന കേസ് തള്ളി കളയാൻ പാർല്യമെന്റ് തീരുമാനിച്ചു.

കേരളം ഉടന്‍ ഡാം പുനര്‍നിര്‍മ്മിച്ച്‌ നല്‍കണം എന്നും  തേനി ശിവഗംഗ മധുരൈ രാമനാദപുരം തുടങ്ങിയ ജില്ലകളിലെ കർഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്നും ആവശ്യപെട്ട് തമിഴ്നാട്ടിൽ സമരം തുടങ്ങി. കർഷകാശ്വാസത്തിനായ് തമിഴ്നാടിന്റെ അഭ്യർത്ഥന അടിയന്തിര പ്രാധാന്യത്തോടേ ലോകസഭ ചർച്ചക്കെടുത്തു. കേരളത്തിൽ നടമാടിയത് പോലെ ഉള്ള കർഷകാത്മഹത്യാപ്രഹേളികകൾ തമിഴ്നാട്ടിലും ഇല്ലാതിരിക്കാൻ കേന്ദ്രം അതീവ ജാഗ്രതയിൽ ആണെന്ന് കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു. കേരള ഗവണ്മെന്റിനു നോട്ടീസും അയച്ചു.

പ്രളയാവശിഷ്ട പ്രത്യേക വാർത്താ ബുള്ളറ്റിൻ അവസാനിച്ചു.