Friday, December 2, 2011

നിയമം കണ്ണിലെ കെട്ടഴിക്കുക

എന്ത് പ്രാന്താ ഇത്!! എ ജി ഹൈക്കോടതിയിൽ നൽകിയ പരാമർശം കേരളത്തിനു എതിരാണ്! ഇടുക്കിക്ക് മുല്ലപെരിയാറിലെ ജലം താങ്ങാൻ ഉള്ള ശേഷി ഉണ്ടത്രേ. അത് കൊണ്ട് ദുരന്തത്തിന്റെ ആഴം കുറയും. ഈ പരാമർശം കേരളത്തിന്റെ വാദത്തെ സുപ്രീം കോടതിയിൽ ബാധിക്കും!!

 ബാധിക്കും..?

 എന്ന് വച്ചാൽ 50 ലക്ഷം പേർ മരിക്കും എന്നുള്ള അവസ്ഥ അഞ്ചോ ആറോ ലക്ഷം ആയി കുറയും എന്ന്!!  ഓഹ്.. 50 ലക്ഷം പേർ മരിക്കില്ല... 5 ലക്ഷം പേരേ മരിക്കൂ..! അപ്പൊ ഈ കാര്യത്തെ അത്ര ഗൌരവമായ് കാണണ്ട! ഇങ്ങനെ സുപ്രീം കോടതി പറയുമോ..?? ഡാം പൊട്ടി ഒരാൾ എങ്കിലും മരിച്ചാൽ ഈ പറയുന്ന കോടതി അടക്കം ഉള്ള സകലരും ഈ ലോകത്തിന്റെയും നീതിയുടെയും മുൻപിൽ കുറ്റക്കാരല്ലേ.

നിയമം മുഖം നോക്കാതിരിക്കേണ്ടത് തെറ്റ് ചെയ്തവന്റേയും നീതി അപേക്ഷിക്കുന്നവന്റേയും നേരെ ആണ്; യഥാർത്ഥ്യങ്ങൾക്ക് നേരെ അല്ല. സുപ്രീം കോടതി എന്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ഒരു ജനം ആർത്തലച്ച് തങ്ങളെ മുക്കി കൊല്ലാൻ വരുന്ന പ്രളയജലം എന്ന അഗ്നി നെഞ്ചിലെരിച്ച് ഉൽകണ്ഠയിൽ മുങ്ങികൊണ്ടിരിക്കുമ്പോൾ ഇനിയും നീതി നടപ്പാക്കാൻ എത്ര കാലം കാത്തിരിക്കണം.

പ്രതി പ്രായമായ് മരിക്കാൻ കാലമാവുമ്പോഴേക്കും വിധി വരുന്ന രാഷ്ട്രീയ കേസുകളേ പോലെയും ക്രിമിനൽ കേസുകളെ പോലെയും കാത്തിരുന്നാൽ നിങ്ങൾ വിധിക്കുന്നതും കാത്ത് ഒരു പക്ഷെ പ്രകൃതിയും പൊളിഞ്ഞിളകി കൊണ്ടിരിക്കുന്ന ജല സംഭരണിയുടെ പാഴ് ഭിത്തിയും കാത്തിരുന്നെന്ന് വരില്ല. അവർക്ക് നിയമം അറിയില്ലല്ലോ..

ഇവിടെ ഓരോ ഭൂമികുലുക്കവും കുലുങ്ങുന്നത് മണ്ണിലല്ല.. കുറേ ജനങ്ങളുടെ നെഞ്ചിലാണ്. ഉല പോലെ തീ എരിക്കുകയാണ്. പുറത്ത് മഴ തിമർക്കുമ്പോൾ അവരുടെ അകത്ത് തീ കനലെരിയുന്നു. ഉറങ്ങാനാവാതെ. തങ്ങളെയും മുക്കി പ്രളയം കടന്ന് പോകുന്നതും കാത്ത്!

നിങ്ങൾ പഠന സംഘങ്ങളെ നിയോഗിക്കുന്നു വാദ പ്രതിവാദങ്ങൾ നടത്തുന്നു.. മാറ്റി വക്കുന്നു പിന്നെയും എടുക്കുന്നു.. നിങ്ങൾ ഭക്ഷണം കഴിക്കുന്നു നിങ്ങൾ വിശ്രമിക്കുന്നു.. നിങ്ങൾ കറുത്ത നിയമചട്ടകൾ അഴിച്ച് കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നു.. പക്ഷേ ഞങ്ങൾ?? ഞങ്ങൾ മരിക്കാതെ ഇവിടെ മരിക്കുന്നു. പ്രളയത്തേക്കാൾ വലിയ ഉൽകണ്ഠ!

ഒരു ജഡ്ജിയുടെ ചിത്രം അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതിന് 100  കോടി പിഴ! ഓരോ നിമിഷവും പാപം ചെയ്യാതെ കഴു കാത്ത് ഒരു കൽകെട്ടിനടിയിൽ കഴിയുന്ന അനേകങ്ങൾ അനുഭവിക്കുന്ന മാനസ്സിക വ്യഥക്കും ഉറക്കമില്ലായ്മക്കും ആര് പിഴയൊടുക്കും!! രാജ്യത്തെ ഓരോ പൌരനും ഒരേ പോലെ വിലയുള്ളവനല്ലേ!.

പത്മനാഭന്റെ കാൽചുവട്ടിൽ തിളങ്ങിയ നിധികുംബത്തിന് കാവലേർപ്പെടുത്താൻ കോടികൾ മുടക്കാൻ വിധിയെഴുതിയ ശുഷ്കാന്തി കുറേ ലക്ഷങ്ങളുടെ നെഞ്ചിലെ തീ അണയ്ക്കാൻ കൂടി ഉണ്ടായിരുന്നെങ്കിൽ.

നിയമത്തിൽ ഓരോ പൌരനും വിശ്വാസമർപ്പിക്കുന്നു. പക്ഷെ നിയമം നിയമത്തിന്റെ വഴിക്ക്......വെള്ളം വെള്ളത്തിന്റെ വഴിക്ക്.. അവസാനം മരണം മരണത്തിന്റെ വഴിക്ക്!

കോടതി തീരുമാനിക്കാൻ കാത്തിരിക്കുന്നതറിയാതെ ഡാം തകരുകയും കേരളം എന്ന നാടിന്റെ ഹൃദയം പിളരുകയും 50 ലക്ഷം വരുന്ന ജനം വെള്ളം കുടിച്ച് മരിക്കുകയും ചെയ്താൽ നിങ്ങൾ പിന്നെ എന്ത് ചെയ്യും? മാപ് പറയുവോ? നടുക്കം രേഖപ്പെടുത്തുവോ? ദേശീയ ദുരന്തം എന്ന് പേരിട്ട് വിളിക്കുമോ?  കേസ് എടുക്കുമോ? ആർക്ക് എതിരെ? 50 ലക്ഷം പേരുടെ മരണത്തിന്... അല്ല കൊലപാതകത്തിന് കേസ് എടുക്കുമ്പോൾ ആരായിരിക്കും പ്രധാന പ്രതികൾ? തെക്ക് വശത്തേക്ക് തിരിഞ്ഞ് നോക്കാതെ നിന്ന ഭാരത സർക്കാരോ? അതൊ നിയമം നടപ്പാക്കാൻ പഠനങ്ങൾ നടത്തി റെസ്റ്റ് എടുത്ത് കാത്തിരുന്ന സുപ്രീം കോടതിയോ? അതോ വെള്ളത്തിന് വേണ്ടി ഒരു ജനത മരിച്ചാലും കുഴപ്പമില്ലെന്ന് വാദിക്കുന്ന എന്റെ അയൽക്കാരനോ?

ഇവിടെ പ്രളയം വന്ന് ദുരന്തം സംഭവിച്ചാൽ അതിന്റെ പ്രധാന ഉത്തരവാദി ആദ്യം സുപ്രീം കോടതിയായിരിക്കും. ബാക്കി വന്ന അല്പം ജീവനുകളും കൊണ്ട് ഞങ്ങൾക്ക് നീതി നടപ്പാക്കി തരാൻ ഞങ്ങൾ നിങ്ങളുടെ മുൻപിൽ വരണമോ.. എന്നിട്ട് കൊലപാതകത്തിനുത്തരവാദികൾ നിങ്ങൾക്കെതിരേ നിങ്ങളെ കൊണ്ട് വിധി എഴുതിക്കണമോ?

ഇനി അപകടവും അപകട സാഹചര്യങ്ങളും എല്ലാം ഒരു വശത്തേക്ക് മാറ്റി വച്ചാലും നിയമവും നയവും എന്താണ് ഉദ്ദേശിക്കുന്നത്. 999 വർഷത്തെ കരാർ തീരാൻ ഇനിയും 874 വർഷം ബാക്കി ഉണ്ട്. അത്രേം കാലം ഡാമിന് വേണമെങ്കിൽ പൊട്ടാതെ നിക്കട്ടെ.. പൊട്ടുവാണെങ്കിൽ കൊറേ എണ്ണം ചാവട്ടെ എന്നോ?? ഇത്രയധികം പഠനങ്ങളുടെ ആവശ്യമെന്ത്? ഏത് നീതിശാസ്ത്രം ആണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഡാമിനെ ഇനിയും നിലനിർത്താൻ ഒരു കാരണം നൽകുന്നത്? ഇതിലെ നീതിയുടെ തുല്യത പോലും സാധാരണക്കാരന്റെ മൂടി കെട്ടാത്ത കണ്ണിന് മനസ്സിലാവുന്നില്ല.


ഒരാളെ കൊന്ന പ്രതിക്ക് മരണശിക്ഷ വരെ വിധിക്കാം നിയമത്തിന്. ലക്ഷങ്ങളെ കൊന്നൊടുക്കുന്നതിന് ആരെ എന്ത് ശിക്ഷ വിധിക്കും???

11 comments:

ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന് നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്.
അതെ, നമ്മുടെ പ്രതിഷേധവും വികാരവും കാണിക്കേണ്ടത് സുപ്രീം കോടതിയോടാണ്. ഭീതിതമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു വലിയ ജന വിഭാഗത്തിന്റെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കോടതി താമസംവിനാ നടപ്പില്‍ വരുത്തേണ്ടതുണ്ട്.

ഇതേ വിഷയം കൈകാര്യം ചെയ്യുന്നു.. നാമൂസിന്റെ തൌദാരത്തിലെ 'ബഹുമാന്യ ഘാതകര്‍' എന്ന ലേഖനവും.
ഉണ്ടംസ്... അതിനേക്കാളും വൃത്തിയായി കാര്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍ സുഹൃത്തേ..!

അങ്ങനെ ചോദിക്ക് എന്റെ നിഷ്കളങ്കാ...

ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കല്‍പ്പിച്ചിരിക്കുന്ന "എ ജി",അപകടം വരുത്തരുതേ എന്നു ദൈവത്തോട് കേഴുന്ന ജനങ്ങളും,അവര്‍ക്ക് പിന്തുണയുമായി ചാനലുകാരും ജനപ്രതിനിതികളും,ദുരന്തം ഉണ്ടായതിനു ശേഷം വിലപിക്കാതെ മുര്ട്ചി തലൈവിയുടെ കണ്ണ് തുറക്കട്ടെ ......

ജനങ്ങള്‍ നിയമം കയ്യിലെടുക്കേണ്ടത് ഇത്തരം അവസരങ്ങളിലാണ്....!
ഉണരൂ...പ്രവര്‍ത്തിക്കൂ..!

ഇത്രയധികം പഠനങ്ങളുടെ ആവശ്യമെന്ത്? ഏത് നീതിശാസ്ത്രം ആണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഡാമിനെ ഇനിയും നിലനിർത്താൻ ഒരു കാരണം നൽകുന്നത്? ഇതിലെ നീതിയുടെ തുല്യത പോലും സാധാരണക്കാരന്റെ മൂടി കെട്ടാത്ത കണ്ണിന് മനസ്സിലാവുന്നില്ല.

ഇതിലുണ്ടല്ലോ സുഹൃത്തേ എല്ലാം ...
നന്നായി പറഞ്ഞു ... ആശംസകള്‍

വലിയ വലിയ മഠയത്തരങ്ങളും ചെറിയ ചെറിയ ഗൌരവങ്ങളും കാണുമ്പോൾ തല തിരിയുന്നത് കാണുന്നവനോ വിധിക്കുന്നവനോ! ഹെൽമെറ്റ് വക്കാൻ നിയമം പൊതു വഴിയിൽ പുക വലിക്കാതിരിക്കാൻ നിയമം! വേസ്റ്റ് മാനേജ്മെന്റിന് നിയമം! എല്ലാം ആരോഗ്യ സംരക്ഷണത്തെ പറ്റിയും ജന ജീവിതത്തെ പറ്റിയും ഉള്ള ഉൽകണ്ഠ മൂലം മാത്രം! എങ്കിൽ പിന്നെ പഴക്കം ചെന്ന ഒരു ഡാം.. എന്തും സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ.. അത് മാറ്റി പണിത് അതിന്റെ ഉപയോഗം നില നിർത്തുന്ന ഒരു വിധി എഴുതുന്നതിൽ എന്താണ് കോടതിയെ തടയുന്നത്.. ആലോചിച്ചാൽ പിടി കിട്ടാത്ത ഒരു വിഷയം!

അവര് അതിനൊന്നും മറുപടി പറയൂല രാഷ്ട്രീയം രാഷ്ട്രീയം,,,,,,,,,,,, നാടകം

ചോദ്യങ്ങള്‍...
കുറെ ആവുമ്പോള്‍ ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ മാത്രമായി അവശേഷിക്കും,
അടുത്ത ഭൂചലനം വരെ..

ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ..

Post a Comment