Friday, November 4, 2011

ഉടുപ്പ് കീറും പെണ്ണിന് ഊരിപ്പോവും പയ്യൻ!


ഒരു സ്വാതന്ത്ര്യസമര ചരിതം!

“ഈ ഉടുപ്പ് കണ്ടുപിടിച്ചവൻ ആരാ! കൊഴുത്ത് മുഴുത്ത ഈ സൗന്ദരര്യമൊക്കെ നൂൽകച്ചകളിൽ പൊതിഞ്ഞ് സൂക്ഷിക്കണമത്രേ!” - ചരിത്രം ഭൂമികുലുങ്ങിയത് പോലെ കീഴ്മേൽ മറിഞ്ഞ തൊണ്ണൂറുകളിൽ മലയാളമണ്ണിന്റെ സൗന്ദര്യം ചിട്ടിതുണികൾക്കുള്ളിലെ തുറുങ്കിൽ കിടന്ന് നെടുവീർപ്പോടെ ആത്മഗതം ചെയ്തു.

 മാറിലൊരു കഷണം തുണിയും നേരിയ മുണ്ടും അലങ്കരിച്ച ആ നഷ്ടപെട്ട വസന്തകാലം എന്ന് തിരിച്ച് വരും! ഈ തുണികൂട്ടങ്ങളുടെ ഏതറ്റം പിടിച്ച് വലിച്ച് കീറിയാൽ അതിനകത്ത് വീർപ്പ് മുട്ടുന്ന തനിക്ക് അല്പം ശുദ്ധവായു കിട്ടും!  സ്വാതന്ത്ര്യം വരും! പാശ്ചാത്യ ലോകം ആസ്വദിക്കുന്ന സൗന്ദര്യസ്വാതന്ത്ര്യം മലകൾ കടന്ന് മലങ്കാറ്റിൽ പരന്ന് ഈ മലയാളമണ്ണിലും വരും. അടിച്ചമർത്തപെട്ട സൗന്ദര്യം സ്വപ്നം കണ്ടു.


ഹും! സൗന്ദര്യത്തിന് നഗ്നത എന്ന് വിളിപ്പേരിട്ടിരിക്കുന്നു സാമ്രാജ്യത്വശക്തികൾ.. വസ്ത്രങ്ങൾ നഗ്നത മറയ്ക്കാൻ ആണത്രേ!
തുറുങ്കലുകൾക്കും ന്യായീകരണങ്ങൾ!
തോൽ‌പ്പിക്കണം.. അവസാന സ്വാതന്ത്ര്യം വരെ തോൽ‌പ്പിക്കണം! കുടശീലകനമുള്ള തുണിതുറുങ്കലുകളിൽ കിടന്ന് സ്വാതന്ത്ര്യസമരത്തിന്റെ യുദ്ധമുഖങ്ങൾ തുറന്ന്  സൗന്ദര്യം പ്രതികരിക്കാൻ തുടങ്ങി.

വിപ്ലവം തുടങ്ങേണ്ടതെവിടെ നിന്ന്?? സൗന്ദര്യം കൂലങ്കുഷമായ് ആലോചിച്ചു. ആഗോള താപനം കൂടി വരുന്ന കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഇത്ര കനമുള്ള തുണി കൊണ്ട് ബ്ലൌസ് തയിച്ചാൽ നാളെ വരുന്ന ചൂടിനെ എങ്ങനെ താങ്ങും!?! കുറയ്ക്കാം.. കനം കുറയ്ക്കാം! ആദ്യ സമര പടയൊരുക്കം! കട്ടി ചിട്ടി തുണികൾ വലിച്ചെറിഞ്ഞ് നേർത്ത തുണികളിലൂടെ പുറം ലോകത്തേക്ക് ഒളിഞ്ഞ് നോക്കി സൗന്ദര്യം ആശ്വാസം കൊണ്ടു.വിപ്ലവം വെളിച്ചം കണ്ടു. അകത്തുള്ളത് കാണാതിരിക്കാനോ, കാണിക്കാനോ ഈ ധാരണം എന്ന് കാണുന്നവന് ധാരണയില്ലാതാക്കും വിധം സാധാരണമായി ആ വിപ്ലവം.

പക്ഷേ സൗന്ദര്യം സംതൃപ്തയായില്ല.  പോരാ..! വെറും ഈ ഉളിഞ്ഞ് നോട്ടമല്ലെന്റെ ജന്മാവകാശം. ഇതല്ല സ്വാതന്ത്ര്യം. പുറത്ത് കടക്കണം. കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് കടക്കണം. കീറാം.. തുണികൾ വലിച്ച് കീറാം! വിശാലമായ് ചിന്തിക്കാം. എവിടെ കീറും? വിപ്ലവമാണെന്ന് പറഞ്ഞ് എടുത്ത് ചാടിയാൽ കോമ്പ്ലക്ഷനെ ബാധിക്കും. സൂക്ഷിക്കണം...

തൽക്കാലം പ്രശ്നസാധ്യത തുലോം കുറഞ്ഞ പുറം തന്നെ കീറാം.!! കീറി. പരമാവധി കീറി. 1 മീറ്റർ തുണി കൊണ്ട് തയ്യിച്ചത് കാൽ മീറ്ററിൽ ഒതുക്കും വിധം കീറി. വാഹ്! ഫുട്ബോൾ ഗ്രൌണ്ട് പോലെ വിശാലമായ് തുറന്നിട്ട പുറംജാലകത്തിലൂടെ സൗന്ദര്യം നിയന്ത്രിത സ്വാതന്ത്ര്യം ആസ്വദിച്ചു. നേരിയ നൂലിഴകളിലൂടെ വർണ്ണപൂക്കളും മിനുക്കു പണികളുമുള്ള അലങ്കൃത കുഞ്ചകങ്ങൾ സ്വാതന്ത്ര്യ സമര പതാകകളായ് അതിനിവേശ ശക്തികളെ വെല്ലുവിളിച്ചു.

[എങ്കിലും ഒത്തപുറത്ത് കെട്ടിയവന്റെ താളപിഴകളും,   ചട്ടുകപാടുകളും കരിങ്കാലി മറുകുകളുമുള്ള ചില പിന്തിരിസുന്ദരികൾ സമരത്തിൽ ചേരാതെ കഴുത്ത് വെട്ടാത്ത ബ്ലൌസുമിട്ട് പിന്തിരിഞ്ഞ് നിന്നു. കരിങ്കാലികൾ എവിടേയും ഉണ്ടല്ലോ!]

സാരിയിലെ സ്വാതന്ത്ര്യം ചുരിദാറിലേക്കും.

ഈ നേർത്ത തുണിയിലൂടെയും കീറിപൊളിച്ച കഴുത്തിലൂടെയും ലഭിച്ച നിയന്ത്രിത സ്വാതന്ത്ര്യം പക്ഷേ എല്ലാ പ്രദേശങ്ങൾക്കും ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം കടന്ന് ചെല്ലാത്ത പ്രദേശങ്ങൾ ഇനിയും ബാക്കിയുണ്ട്-കീഴോട്ട് നോക്കിയിരുന്ന് സമരമുറകൾ ആലോചിച്ച സൗന്ദര്യം കണ്ടെത്തി!

സാരിയിൽ പക്ഷേ, ആ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ കിരണങ്ങളെത്തിക്കാൻ ബുദ്ധിമുട്ടാണ് സാരിതുറുങ്കലുകളുടെ തന്ത്രപ്രധാനമായ ചുവരുകൾ ആണവിടം. ആ വൃത്തികെട്ട ജയിലിന്റെ ചുറ്റുമതിലുകളിൽ തുളയിടൽ അതിവിപ്ലവമായ് പോവും. പിന്നെ എവിടെ പിടിച്ച് കീറും. അതെ ചുരിദാറിൽ തന്നെ. സാരിയിൽ നിന്ന് സ്വാതന്ത്ര്യ സമരം ചുരിദാറിലേക്കും ആളിപടർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സൗന്ദര്യം  തിരിച്ചറിഞ്ഞു.

പാശ്ചാത്യമങ്കമാർ മുട്ടോളം പോന്ന ഒരു മിഡിയുമിട്ട് ആ മിഡിയിൽ നേരെ ഒരു പൊളിയുമിട്ട് നടക്കുന്ന കണ്ട് നാം എത്ര കൊതിയോടെ നിന്നിട്ടുണ്ട്..! ഈ ഇരുട്ടിൽ നിന്നൊന്ന് മോചിക്കപെടാൻ എത്ര കൊതിച്ചിട്ടുണ്ട്! കീറാം. ചുരിദാർജയിൽ ഉണ്ടാക്കിയവൻ അതിന്റെ പള്ളയിൽ ഒരു പൊളി വച്ചത് വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരം മുന്നിൽ കണ്ട് തന്നെ ആവും. താരതമ്യേന ദുർബല പ്രദേശമായ അവിടെ തന്നെ കീറാം. അരകെട്ട് വരെ അങ്ങ് കീറാം. പ്രകാശം പരക്കട്ടെ! സ്വാതന്ത്ര്യക്കതിരുകൾ ഉൾക്കോണുകളിലും ഇത്തിരി വെട്ടം വീശട്ടെ!

കീറി തുറന്നകത്തേക്ക് നോക്കിയ സൗന്ദര്യം ഞെട്ടി! എന്തൊരു ജെയിലാണിവിടം. എത്ര ശക്തമായ മതിലുകൾ! ദുർബ്ബലപെടുത്തണം. അല്ലെങ്കിൽ ഈ കീറൽ സമരം വെറും പാഴായ കീറാമുട്ടി ആയിപോവും. ‘ബോട്ടം’ ആണത്രേ പാര; ഈ ഘോരാന്തകാരത്തിനുത്തരവാദി! ഇവിടെയും മറഞ്ഞ് കിടപ്പുണ്ടൊരു സമര പതാക! ഇറ്റു വെളിച്ചം കാണാൻ കൊതി പൂണ്ട്! കഞ്ചുകപതാക പോലെ ഈ കുഞ്ചക പതാകയും പുറം ലോകം കാണണം! സ്വാതന്ത്ര്യകൊടികൾ ആവണം!

കനം കുറയ്ക്കണം. പണ്ട് നസ്രാണി പെണ്ണുങ്ങൾ ചട്ടയും മുണ്ടുമുടുത്താരുന്ന കാലത്ത് പള്ളിയിൽ പോകുമ്പം തലയിൽ പുതച്ചിരുന്ന നേർത്ത പുതമുണ്ടുണ്ടത്രേ! അത് മതി ബോട്ടം തുന്നാൻ! സ്വാതന്ത്ര്യം പ്രകാശിക്കട്ടെ! കീറികയറ്റിയ ടോപ്പും നേർത്തതും തൊലിയിലൊട്ടിയതും എന്താണ്ടൊക്കെയും ആയ ബോട്ടവും ഇട്ട്  നടവഴികളിൽ പാറിപറപ്പിക്കുന്ന കാറ്റ് വരാൻ കണ്ണാടി ദൈവങ്ങളോട് പ്രാർത്ഥിച്ച് സുന്ദരിമാർ പുറത്തേക്കിറങ്ങി! ആഹാ പൂക്കൾ തുന്നി ഞെറി പിടിപ്പിച്ച പതാകകൾ സുവ്യക്തം! സ്വാതന്ത്ര്യക്കതിരുകൾ ഉൾനാടൻ ഗ്രാമങ്ങളിലും അലയൊളി വീശുന്നു!

പക്ഷേ തീർന്നില്ല. ചുരിദാറിൽ വിപ്ലവം കൊണ്ട് വന്നെങ്കിലും സ്വാതന്ത്ര്യം അടിച്ചമർത്തുന്ന ദുഷ്ടശക്തികൾ ഇനിയും ബാക്കിയുണ്ട്. ഒരു പ്രദേശം സ്വാതന്ത്ര്യവെളിച്ചം കണ്ടപ്പോൾ മാ‍റു..ചെ.. മറു പ്രദേശം അവിടെയും വസ്ത്രാധിനിവേശത്തിൻ കീഴിലാണ്. അവിടത്തെ സുപ്രധാന അതിനിവേശ ശക്തി ചുരിദാറിന്റെ കൂടെ ഫ്രീ ആയി വരുന്ന ഷാൾ ആണ്! ആര് കണ്ട് പിടിച്ചെടാ ഈ പണ്ടാരമൊക്കെ! വലിച്ച് പറിച്ച് ദൂരെ കളഞ്ഞാ‍ലോ! വേണ്ട; അത്ര കടുംകൈക്ക് മുതിർന്നാൽ യാഥാസ്ഥിതിക ക്ഷുദ്രശക്തികൾ പ്രതികരിക്കും. എളുപ്പം ചെയ്യാവുന്ന ഒരു പരിപാടി ഉണ്ട്. കഴുത്തറ്റം അങ്ങ് കയറ്റിയിടാം. ഇല്ലെങ്കിൽ ആർക്കും ശല്യമില്ലാതെ സൈഡിലെവിടേലും തൂക്കാം.  ഇത്രയും സ്വാതന്ത്ര്യം കൊണ്ട് വരാമെങ്കിൽ പിന്നെ ഒരു കൊച്ചു കോതലയാണോ പ്രശ്നം! പുതിയ ഫാഷൻ. അങ്ങ് കയറ്റിയിട്ടു. മേലോട്ട് പരമാവധി കേറാവുന്നേടത്തോളം കയറ്റിയിട്ടു! പിന്നെ ചിലർ ഡീസന്റ് ആയ് അരികിലെവിടേലും പിന്നിയിട്ടു. ഇത്രേം ഒക്കെ നുമ്മടേലും ഉണ്ടെന്ന് നാലാള് കാണട്ട്!  ഹല്ല പിന്നെ!

[പക്ഷേ അവിടെയും പിന്തിരിസുന്ദരികൾ കരിങ്കാലികളായി തിരിഞ്ഞ് നിന്നു! ഉള്ളവൾക്കല്ലേ തുറന്ന് വച്ചിട്ട് കാര്യം ഉള്ളു! ഇല്ലാത്ത നമ്മൾ തുറന്നിട്ട് എന്തിന്! അതുകൊണ്ട് നമുക്ക് മൂടിപുതച്ച ഭാവശുദ്ധിയുടെ നിറകുട മകുടങ്ങളാകാം! കുടമില്ലാത്തവൾക്ക് ഉള്ള കുടം മകുടം!]

അങ്ങനെ സൗന്ദര്യം ഷാളുമാറ്റി, വെള്ളിതളികയിൽ ചന്ദനകുടങ്ങളെന്ന പോലെ താളത്തിൽ ചുവട് വച്ച് അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി.. നീങ്ങികൊണ്ടേ ഇരിക്കുന്നു. പുതിയ പുലരികളിലേക്ക്.. പുതിയ പ്രകാശത്തിലേക്ക് ഇരുളില്ലാത്ത ലോകം സ്വായത്തമാകും വരെ നിശബ്ദസമരം തുടർന്ന് കൊണ്ടേ..! ഇനിയുമെന്തൊക്കെ കാണാൻ കെടക്കണ്....!
                                                 **************
അവിടെ അങ്ങനെ സമരം തുടരവേ ഇങ്ങ് പിന്നോട്ട് മാറി സൗന്ദര്യസ്വാതന്ത്ര്യകന്യക മറനീക്കി പുറത്ത് വരുന്നതിലുള്ള ഊറിയൊലിക്കുന്ന ആഹ്ലാദത്തിൽ ആക്രാന്തം മൂത്ത് അവളെ എങ്ങനെ വളച്ചൊടിയ്ക്കാം എന്ന വഴി തേടി സൂപ്പർ മാനും ഹീമാനും സ്പൈഡർമാനും കാണാൻ പോയിരുന്ന യുവ കോമളമോന്മാർ ഒരു സത്യം തിരിച്ചറിഞ്ഞു! സൂപ്പർമാൻ തന്നെ ഹീറോ സ്പൈഡർമാൻ തന്നെ ഹീറോ! അവരെ ഹീറോ ആക്കുന്ന നഗ്ന സത്യം എന്താണ്?? അതെ! അത് തന്നെ! പരസ്യമായവരൊക്കെ ഇട്ട അണ്ടർവേർ! വേർ? വേർ ഈസ് മൈ അണ്ടർവേർ? അവർ തല പുകഞ്ഞു! ഇമ്പ്രഷൻ ബരാൻ അണ്ടർവെയറു കാണണം!

പണ്ട് പ്രായം ഇരുപത് വരെ വള്ളിനിക്കറിട്ട് വയറു കാണിച്ച കാലം അല്ല; ലുങ്കിയുടുത്ത് കേറ്റികുത്തിയ കാലം അല്ല; എന്നോ ഏതോ അമുൽ/സെറെലാക്ക്/പാമ്പർ സംസ്കാരത്തിന്റെ ഭാഗമായ് പുരുഷ പൊടികളുടെ ദേഹത്തെല്ലാം നിക്കറ് പോയ് പാന്റ് കയറി. ഒക്കേം കെട്ടിമറച്ച ഈ കോലത്തിൽ എങ്ങനെ ഒരു സൂപ്പർ മാൻ ആവും!!!??!!! അവന്റെ   ചോദ്യചിഹ്നങ്ങൾ ആശ്ചര്യചിഹ്നങ്ങളുടെ തടവറയിലായി........

......ഊരാം! അവനും തീരുമാനിച്ചു! ഊരി അങ്ങ് നെല്ലിപടിയിൽ കൊണ്ട് വയ്ക്കാം. മൊബൈൽ ഫോൺ ഇല്ലാത്ത മറ്റേ കൈ കൊണ്ട് ഇടക്കൊന്ന് മേലോട്ട് കയറ്റി എന്ന് വരുത്താം. അണ്ടർവെയറിന്റെ ഇലാസ്റ്റിക്കും നിറവും ബ്രാന്റും എങ്കിലും നാലാള് കാണട്ടെ! സൂപ്പർമാൻ ആയില്ലെങ്കിലും ഇലാസ്റ്റിക്ക് മാൻ എങ്കിലും ആവൂല്ലോ. (പക്ഷേ ഈ നൂതന വിപ്ലവ ഫാഷന് പിന്നിൽ ചില അണ്ടർവെയർ കമ്പനിക്കാരുടെ കറുത്ത കൈകൾ ഉണ്ടോ എന്നും സംശയിക്കുന്ന ദോഷൈകദൃക്കുകളും ഒണ്ട്! ആ അങ്ങനെയെങ്കിലും അവനത് ഇടുന്ന ശീലം ഉണ്ടാക്കട്ടെ എന്ന് ആശ്വസിക്കുന്ന ഗുണൈകദൃക്കുകളും ഉണ്ട്)   



സത്യങ്ങള്‍ എപ്പോളും മെനകെട്ട പണ്ടാരങ്ങള്‍ ആണ്. മറ നീക്കി പുറത്തു വന്നുകൊണ്ടേ ഇരിക്കും! പ്രത്യേകിച്ച് സുന്ദരമായ സത്യങ്ങള്‍. എത്ര മറച്ചാലും ഏതെങ്കിലും തലപ്പോ വാലോ വെളിയില്‍ കാണിക്കാതെ ഇരിക്കാന്‍ സത്യത്തില്‍ സത്യതിനാവില്ല! പ്രകൃതിയുടെ ഏറ്റവും വലിയ സത്യം ആയ നഗ്നതയും അത് പോലെ തന്നെ! അതും അല്പം കൊഴുത്ത മുഴുമുഴുത്ത സത്യങ്ങള്‍ ആണെങ്കില്‍ പറയുവേ വേണ്ട!

Tuesday, November 1, 2011

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





നിങ്ങൾ പരസ്പരം ചെളി വാരി എറിയൂ! നിങ്ങളുടെ അടിമകൾ ഞങ്ങളും കൂടാം! അങ്ങനെ തമ്മിൽ തമ്മിൽ കുറ്റങ്ങൾ വിളിച്ച് പറഞ്ഞ് വയറ്റിൽ വായു നിറയ്ക്കാം! പിന്നെ വായു പുറത്തോട്ട് വിടാം! എല്ലാ നാറ്റങ്ങളും ചേർന്ന് സങ്കലിച്ച് ലായനിപ്പിച്ച് കേരളത്തിന്റെ സുഗന്ധമാക്കി മാറ്റാം! കേരള പുരോഗതി അങ്ങനെ ചുരുളുകളായ് ഉയരങ്ങളിലേക്ക് ഉയരട്ടെ!

സദാചാരലംഘനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, അഴിമതിയുടെ അളവ് തോതുകൾ, നാടിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ മുഴക്കോലുകൾ! ചർച്ചകൾ, വോട്ട് ചോദിക്കൽ എല്ലാം ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി! വളർച്ചയെ വികസനത്തെ അടിസ്ഥാനപ്പെടുത്താൻ അവയൊക്കെ തറക്കല്ലുകളിൽ അടിവസ്ത്രങ്ങൾ പോലുമില്ലാതെ പുല്ലു മുളച്ച് നിന്ന് പല്ലിളിക്കുന്നു.


നിങ്ങളുടെ പേരു കൊത്തിയ ശിലാഫലകങ്ങൾ കൊണ്ട് വന്ന് ഞങ്ങളുടെ നെഞ്ചിൽ കുഴിച്ചിട്ട് ഞങ്ങൾ തന്ന പണം എടുത്ത് നിങ്ങൾ വിദേശ നിക്ഷേപങ്ങൾ ഉണ്ടാക്കിയപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മണ്ണിലിഴയുന്ന ഞങ്ങൾക്ക് കണ്ണിനൊരു കുളിർമ്മ നൽകാൻ പൂപ്പൽ പിടിച്ച ശിലാഫലകങ്ങളിൽ നായകൾ കവച്ച് നിന്ന് മുള്ളുന്ന നിങ്ങളുടെ ബഹു. നാമങ്ങൾ മാത്രം! എന്റെ നാടിന്റെ നായകളേ നിങ്ങൾ ഞങ്ങളുടെ നിർവികാരതയുടെ പടക്കുതിരകൾ! നിങ്ങൾ മുള്ളികൊണ്ടേ ഇരിക്കുക! ഞങ്ങളുടെ തലയിലിരുന്ന് മുള്ളി ഞങ്ങളെ ഭരിക്കുന്നവരുടെ നാമധേയങ്ങളിൽ നിങ്ങൾ മുള്ളുമ്പോൾ നിങ്ങൾ ഞങ്ങളുടെ നൂതന വിപ്ലവ നേതാക്കൾ ആണ്!



സാംസ്കാരികം!
അച്ചടക്കം പഠിക്കാനും സംസ്കാരിക വളർച്ച വരാ‍നും 16 വയസ്സിനു മുകളിൽ ഉള്ള ആൺകുട്ടികളെ ബിവരേജസ് ക്യൂവിൽ നിർബന്ധിത പരിശീലനത്തിന് വിടാം! മാർഗ്ഗം എന്തായാലും ലക്ഷ്യം ആണ് പ്രധാനം എന്ന സോഷ്യലിസ്റ്റ് ഫ്യൂഡലിസത്തെ പോലും തിരുത്തി കുറിക്കുന്ന, യഥാർത്ഥ ലക്ഷ്യപ്രാപ്തിക്ക് ആത്മ നിയന്ത്രണവും ചിട്ടയും അച്ചടക്കവും ക്ഷമയും എത്ര അത്യന്താപേക്ഷികമാണ് എന്ന് പഠിപ്പിക്കുന്ന പുതിയ സാംസ്കാരിക വിദ്യാലയങ്ങൾ ആയി ബിവരേജസ് ക്യൂവിനെ പ്രഖ്യാപിക്കാം! പിന്നെ ബാക്കി ഏത് മൂലമാണ് ക്ഷമിക്കണം മൂലങ്ങൾ ആണ്  സാംസ്കാരിക പുരോഗതിക്ക് അത്യാവശ്യം വേണ്ടതെന്ന് പഴുതാര പോലത്തെ തരുണീമണങ്ങുകളെ നൂലിഴകളുടെ മേമ്പൊടി പുരട്ടി റാമ്പിൽ നടത്തി ചർച്ച ചെയ്യാം.




സാമ്പത്തീകം!

ഞങ്ങൾ മിഡിൽ ക്ലാസ് ആണ്! ഞങ്ങളിൽ ദരിദ്രർ ഇല്ല! പ്രത്യേകിച്ച് വളം ആവശ്യമില്ലാത്ത പണം കായ്ക്കുന്ന ബ്ലേഡ് മരങ്ങൾ നാടൊട്ടുക്ക് തൊട്ടാവാടികൾ പോലെ വളർന്നിട്ടുണ്ട്! പിന്നെ ന്യു ജനറേഷൻ ബാങ്കുകൾ ജെനറേറ്റ് ചെയുന്നുമുണ്ട്. ദാരിദ്ര്യം തീരെ ഇല്ല. 
ജീവിത ചിലവേറിവരുമ്പോൾ സ്വകാര്യബാങ്കുകൾ കിടപ്പ്ഭൂമിയാധാരങ്ങൾ കറൻസി നോട്ടുകൾ ആക്കുന്നു. കടം വാങ്ങി തിന്ന് തിന്ന് വൻ കുടൽ വരെ ബ്ലേഡ് കയറുമ്പോൾ പലിശ്ശയടച്ച് മിച്ചം വരുന്ന ചില്ലറ തുട്ടുകൾ കൊണ്ട് കയറും പാഷാണവും വാങ്ങാൻ അനുവദിക്കുന്ന വിധത്തിൽ ബജറ്റുകളിൽ പാഷാണത്തിനും കയറിനും വില കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നു! റെയിൽ വേ ട്രാക്കുകൾ എല്ലായിടത്തും ഇല്ലല്ലോ! ഞങ്ങൾക്ക് ഉൽക്കണ്ഠകൾ ഇല്ല. ഒരു ജീവിതം അല്ലേ ഉള്ളു. എങ്ങനെ തീർന്നാൽ എന്താ!




സ്ഥലത്തെ പ്രധാന ഗാന്ധീയർ!
കടലാസിനടിയിലെ കാന്തത്തിന്റെ കോന്തത്തിനനുസരിച്ച് തുള്ളുന്ന മണൽ തരികളെ പോലെ സാമ്പത്തിക സ്ഥിതിയും ഒലിച്ച് കൂടി!. പണം എന്നത് മൂന്ന് നാല് കൂട്ടരിലേക്ക് ഒഴുകി കടലായിക്കൊണ്ടിരിക്കലെ ബാക്കി ഉള്ളവന് കടലയ്ക്ക് കായില്ലാതായി! സ്ഥലത്തെ പ്രധാന ഗാന്ധീയർ (ഏറ്റവും അധികം ഗാന്ധി ചിത്രങ്ങൾ കൈവശം ഉള്ളവർ):
1) രാഷ്ട്രീയ തൊഴിലാളികളും അവരുടെ മുതലാളിമാരും.
2) അബ്കാരി പുണ്യാളന്മാർ
3) ദൈവക്കച്ചവടക്കാർ (ദൈവത്തെ കൊത്തി നുറുക്കി കണികകളാക്കി തിരുശേഷിപ്പുകളായ് വിൽക്കുന്നവർ)
4) പട്ടിണിക്കാരന് സ്വപ്നങ്ങൾ വിൽക്കുന്നവർ (ഐ മീൻ ലോട്ടറി മാഫിയന്മാർ)
5) സാമൂഹ്യസേവാസാമികൾ (ചാരിറ്റി ട്രസ്റ്റ് സൊസൈറ്റി എന്നൊക്കെ ചെല്ലപേരുള്ളവർ)
6) (ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്) സർക്കാർ ഉദ്യോഗർ

കൂടാതെ സ്ഥലത്തെ പ്രധാന ജന്മികളുടെ ലിസ്റ്റിൽ പെടുന്ന അമാനുഷർ: ശബരിമല അയ്യപ്പസ്വാമി; തിരുവതാംകൂർ പത്മനാഭസ്വാമി; മലയാറ്റൂർ മുത്തപ്പൻ; പരുമല പുണ്യാളൻ; കൊരട്ടി മുത്തി (ലിസ്റ്റ് ട്രിമ്മ്ഡ്) നോട്ടുമാലകൾക്കും സ്വർണ്ണ പണ്ടങ്ങൾക്കും പകരം അനുഗ്രഹപാക്കേജുകളും സ്വർഗ്ഗത്തിൽ ഒരു മുറിയും!




വ്യവസായിക പുരോഗതി:

വ്യവസായം തഴച്ച് വളർന്ന് കാടായത് കൊണ്ട് ഫോറസ്റ്റ് റിസർവ്ഡ് ഏരിയ കൂട്ടേണ്ട ഗതികേടിൽ ആണ് സർക്കാർ!
സ്വാമീ വ്യവസായം ആണ് വ്യവസായ തൂണുകളിൽ ഒരു പ്രധാന തൂണ്! തീർത്തും മൂലധനം ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് പ്രകൃതി ധാതുക്കൾ ആയ താടിയും മുടിയും മതി.
പിന്നെ പണം ഇരട്ടിപ്പിക്കുന്ന മാന്ത്രിക പാത്രം! മാന്ത്രിക ആട്ടിൻ കാട്ടം! ശൂലം കുന്തം ആദിയായവയും വ്യവസായ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരും.

പണ ചങ്കലകൾ അടുത്ത തൂണ്. പറമ്പോ വീടൊ വിറ്റ് ചങ്കലയിൽ ഒരു കണ്ണി ആയാൽ മതി പിന്നെ വരുന്ന കണ്ണികളൂടേന്നെല്ലാം ചുമ്മ ഇരുന്ന് പണം കിട്ടും. കോട്ടും ടൈയും കെട്ടാം! പണചങ്കല‘ഫാമിലി’കളിൽ അംഗമാവാം! അങ്ങനെ ചങ്കലക്കിടുന്നത് വരെ നീളുന്ന ആ കണ്ണി കണ്ണീരകറ്റുന്ന കച്ചവടം ആണ് (നാണക്കേട് കൊണ്ടാണ് കരയാത്തതെന്ന് ചില കുബുദ്ധികൾ പറയും)


എങ്കിലും ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന വ്യവസായം ഏറ്റവും പുരോഗമനപരമായ ഒരു ആശയം തന്നെ ആണ്!
ലഭ്യമായ ധാതുക്കളെ എങ്ങനെ ഫലപ്രദമായ് ഉപയോഗിക്കാം; ഉപഭോഗചന്തയിലെ ഏറ്റവും പുതിയ ഡിമാന്റ് എന്താണ് ആദിയായ കാര്യങ്ങളിൽ നടന്ന പഠനങ്ങളിൽ വെളിപെടുന്നത് താരതമ്യേന ചിലവ് കുറഞ്ഞ ഒരു ഉല്പന്നം വ്യവസായിക പുരോഗതിയുടെ ആണികല്ലാകും എന്ന നിഗമനങ്ങളിലേക്കാണ് എത്തുന്നത്. നിരന്തരമായ വിളവെടുപ്പിന് അഞ്ചെട്ട് വർഷം കാക്കണം എന്ന ചെറിയ ഒരു ഡീമെറിറ്റ് ഉണ്ടെങ്കിലും......
വ്യവസായ നയത്തിൽ ചില ഉടച്ചു വാർക്കലുകൾ ഈ വ്യവസായ പുരോഗതിക്ക് അത്യന്താപേക്ഷകമാണ്.
മാറിൽ വളർച്ചയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ പെണ്മക്കളെ ഫിനിഷ്ഡ് പ്രൊഡക്ട്സ് ആയി പ്രഖ്യാപിക്കുന്ന വ്യവസായനയം കൂടി വന്നാൽ അച്ഛനും ഇളയച്ഛനും എല്ലാം പ്രോഡക്ട് ടെസ്റ്റിങ്ങ് നടത്തി ഉല്പന്നം വിപണിയിലെത്തിക്കാനും വ്യവസായ പുരോഗതി കൈവരിക്കാനും ഉപകരിക്കുകയും ചെയ്യും! അങ്ങനെ താരതമേന്യ പാഴ്ചെലവുകളായ വസ്തുക്കളിൽ നിന്ന് വ്യവസായിക അഭിവ്രിദ്ധി ഉണ്ടാക്കാനും നാടിനു കഴിയും!


കുട്ടികളങ്ക്ട് എന്താണ്ട് ടെക്നോളജി പഠിക്കുന്നു.. വിദേശത്തും സ്വദേശത്തും ജോലിയും കിട്ടുന്നു!
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





Saturday, October 22, 2011

ഇരിക്കണ്ടേടത്ത്‌ ഇരുന്നില്ലേല്‍ ലവടെ ലവൻ കേറിയിരിക്കും!



അവനവന്‍ ഇരിക്കണ്ടേടത്ത്‌ അവനവന്‍ ഇരുന്നില്ലേല്‍ അവിടെ വേറാരാണ്ട് കയറി ഇരിക്കും! പറയുന്നത് മലയാള സിനിമയിലെ മസ്സില്‍ ഭാരം ചുമക്കുന്ന മഹാനടന്മാരോടും കുന്നോളം ജാഡ ചുമക്കുന്ന സംവിധായകന്മാരോടും ആണ്! പ്രതികരണ ശേഷി ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് കരുതരുത്.. പ്രതികരിച്ചിട്ട് ഗുണമില്ലാത്തിടത്ത് അവര്‍ പ്രതികരണമില്ലായ്മ കൊണ്ട് പ്രതികാരം ചെയ്യും! 


പ്രഹസ്സനങ്ങള്‍ കണ്ടു മടുത്തു. നക്ഷത്ര ഔദാര്യങ്ങള്‍; സംവിധായക ജാടകള്‍; സംഘടനാ ജാടകള്‍. ചവിട്ടികുത്തുകള്‍ വെട്ടിനിരത്തലുകള്‍. സിനിമയിലുള്ളതിനേക്കാള്‍ വലിയ കോമഡികള്‍ സിനിമയുടെ പിന്നണിയില്‍! അതിനേക്കാള്‍ വലിയ ട്രാജടികള്‍ മുന്നണിയില്‍!

 'ഇന്നാട നിനക്കൊക്കെ എന്റെ വക ഔദാര്യം' എന്ന മാതിരി അഭിനയിക്കുന്ന മലയാള സിനിമയുടെ മേജര്‍ നടന്‍! പണ്ട് വാതം വന്നു തൂങ്ങിയ തോളും ആയി മരം ചുറ്റിയോടിയപ്പോ അങ്ങേരോടിയത് മലയാളിയുടെ മനസ്സിലായിരുന്നു. പിന്നീട് തടി കൂടി നായകന്‍ ആയി വന്നു വില്ലന്‍ വേഷം അഭിനയിച്ചപ്പോ അങ്ങേരിലെ വില്ലനെ സ്നേഹിച്ചതും മലയാളി ആണ്! പിന്നെ നടന്‍ അങ്ങ് കൊട്ടക്ക് വളര്‍ന്നപ്പോ സാലെ മലയാളീസിന് കൊടുക്കുന്ന ഔദാര്യം ആയി അണ്ണന്റെ അഭിനയം!പോരാത്തതിന് ചന്തിക്ക് മുഖക്കുരു വന്നപോലെ, ഇണങ്ങാത്ത റോളുകള്‍ എടുത്തു പെരുമാറി അങ്ങേരു പരമാവധി മലയാളികളെ മടുപ്പിച്ചു.   

പിന്നെ ഒരു മെഗാ നടന്റെ വക ഭൂതവും പ്രേതവും മാര്‍ക്കറ്റ് ഡയലോഗും ഒക്കെ ആയി കുറെ കോമാളിത്തരങ്ങള്‍! ഗൌരവമുള്ള കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട്‌ പണ്ട് അങ്ങേരു തൊണ്ടയിടറിയപ്പോ കൂടെ ചങ്കിടറിയവരാണ്   മലയാളികള്‍! കഥാപാത്രങ്ങള്‍ക്ക് മനസ്സ് കൊടുത്ത് അങ്ങേരു ചകോരങ്ങള്‍ നേടിയപ്പോള്‍ മനസ്സില്‍ പുളകം കൊണ്ടാവരാണ് മലയാളികള്‍.

പിന്നാലെ കഥ തിരകഥ സംവിധായക നടന്റെ അതിനേക്കാള്‍ വലിയ മസ്സില്‍ പിടിച്ച പെര്‍ഫോര്‍മന്സുകള്‍! പണ്ട് അങ്ങേരു കുണ്ടിയില്‍ ഗുണ്ട് പതിചിരുച്ച് എന്ന് പറഞ്ഞു അഭിനയിച്ചപ്പോ, ഭാര്യയെ സംശയിക്കുന്നവനായി അഭിനയിച്ചപ്പോ അത് കണ്ടാണ്‌ മലയാളി അങ്ങേരെ നെഞ്ചിലേറ്റിയത്.


ഇമ്മാതിരി മലയാളത്തിലെ പല പ്രമുഖ നടന്മാരിലും അവര്‍ക്ക് മലയാളി പ്രേക്ഷകര്‍ തലയില്‍ വച്ച് കൊടുത്ത വളയത്തിന്റെ തണലില്‍ സ്വയം ദേവ ലോകത്താണെന്ന  തോന്നല്‍ അവരുടെ പ്രകടനങ്ങള്‍ കണ്ടാല്‍! വിഖ്യാത ടെലി സീരിയലുകള്‍  ഓം നമശിവായയിലെ ശിവനോ മഹാഭാരതത്തിലെ കൃഷ്ണനോ ആണെന്നെല്ലാം തോന്നി പോവും! പട്ടിണി പ്രേക്ഷകന് അനുഗ്രഹം വര്‍ഷിക്കുന്ന ഭാവം ആണ് അവന്റെ ഒക്കെ അഭിനയത്തില്‍! 


ഇനി പിന്നണിയിലേക്ക് ചെന്നാലോ! വാളെടുത്തവന്‍ ഒക്കെ വെളിച്ചപാട് എന്ന് പറഞ്ഞ മാതിരി ഒന്ന് ഷൂട്ടിംഗ് സെറ്റ് കാണുമ്പോഴേക്കും സിനിമ പിടിക്കാന്‍ ഇറങ്ങുന്ന കുറെ പുട്ടുമുഖങ്ങള്‍! 


പിന്നെ കുറെ സംഘടന മുതലാളിമാര്‍! അമ്മ അച്ഛന്‍ മൂക്കട്ട മണ്ണാങ്കട്ട അങ്ങനെ അങ്ങനെ. എല്ലാരും കൂടി പരസ്പരം വിലക്കി കളിക്കുന്ന വേറെ ഒരു പുതിയ ഇടപാടും! നിങ്ങടെ ഈ ജാഡ ഒക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ എന്ത് പിഴച്ചു!


ഇനി വേറൊരു സത്യം പറയാം! പണ്ട് അണ്ണാച്ചി പടം എന്ന് പറയുമ്പം ചിരിച്ചിരുന്ന മലയാളി ഇന്ന് തമിഴ് സിനിമയുടെ ആരാധകരാണ്! കാരണം അറിയുവോ? മലയാളത്തിലെ ഏറ്റവും ഹിറ്റ്‌ ആകുന്ന സിനിമകളേക്കാള്‍ എന്റര്‍ടെയിനിംഗ് ആയിരിക്കും തമിഴിലെയും അയല്ഭാഷകളിലെയും  ഫ്ലോപ്പുകള്‍! സുന്ദരമെന്നു തോന്നിക്കുന്ന കുറെ വാക്കുകള്‍ ചേര്‍ത്ത് വച്ചു പത്തു വരി അര്‍ത്ഥമില്ലായ്മയ്ക്ക് സംഗീതം മെനയുന്ന മലയാള ഗാനങ്ങളെക്കാള്‍ പല മടങ്ങ്‌ ഭേദം ആണ് തട്ടുപൊളിപ്പന്‍ ആയാല്‍ പോലും പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഥം ഉള്ള അവയിലെ ഗാനങ്ങള്‍!


ഇത്രേം വായിച്ചിട്ട് ലേ ഈ വാര്‍ത്ത കാണ്! ഇതിന്റെ ഒക്കെ വല്ല കാര്യോം ഉണ്ടോ? ഇത് പോലൊരു സിനിമക്ക് കൊട്ടക ഫുള്‍ ആകുന്നത് കണ്ട് മലയാളിയുടെ ആസ്വാദന നിലവാരത്തെ പഴിക്കണ്ട! ആദ്യം പറഞ്ഞ പഴംചൊല്ല് മാത്രം ആലോചിച്ചാല്‍ മതി. അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലെങ്കില്‍ അവിടെ...


...സന്തോഷ്‌ പണ്ഡിറ്റ്‌ കയറി ഇരിക്കും. 


കൃഷ്ണനും രാധയും ഒരു ഹിറ്റ്‌ ആയാല്‍ മലയാളി പ്രേക്ഷകരെ പഴിക്കാന്‍ നിക്കണ്ട... സ്വയം കണ്ണാടിയില്‍ നോക്കി നാല് തുപ്പു തുപ്പു!


ഇനിയും സന്തോഷ്‌ പണ്ടിറ്റുമാർ സ്രിഷ്ടിക്കപെടും മുന്പ് നിങ്ങ ഡീസന്റ് ആയി സിനിമയെ, പ്രേക്ഷകരെ ബഹുമാനിക്കാന്‍ നോക്ക്! 



കഴിവുകളെ ഈഗോ കൊണ്ട് അലങ്കരിച്ചു സ്വയം അവമാനിതരാവാതെ കലയുടെ മൂല്യം വളര്‍ത്താന്‍ ശ്രമിക്ക്.. നല്ല സൃഷ്ടികള്‍ ഉണ്ടാക്കാന്‍ ശ്രമിക്ക്! അല്ലേല്‍ സിനിമാന്റെ മൂലം കീറും!!!




മലയാളിക്ക് സിനിമ വെറും നേരം പോക്കല്ല. എന്നും ഗൌരവത്തോടെ നോക്കി കാണുന്ന കലയാണ്‌. എനിക്ക് ചുറ്റും ഉള്ളതില്‍ നിന്ന് ഞാന്‍ കാണാത്തതും ഞാന്‍ എന്നും കാണുന്നതും തന്മയത്വത്തോടെ വര്‍ണ്ണാഭയോടെ ഒപ്പിയെടുത്ത് എന്റെ മുന്നില്‍ കൊണ്ട് വരുന്നവനെ നമിക്കുന്നവന്‍ ആണ് ഞാന്‍ മലയാളി. വെറും കോപ്രായങ്ങളെ വേപ്പില പോലെ ദൂരെ എറിയുന്നവനും. അതുകൊണ്ട് തന്നെ ആണ് തമിഴ് സിനിമയെ അതിന്റെ അതിശയോക്തിയോടും മലയാള സിനിമയെ അതിന്റെ യാതാസ്ഥിതികത്വത്തോടും എന്നും മലയാളി നോക്കി കണ്ടത്, കാണുന്നത്.

പഴയ കാലത്ത് കഥകള്‍ തന്നെ ആയിരുന്നു സ്റ്റാര്‍സ്. സത്യനെയും പ്രേം നസീറിനെയും മധുവിനെയും നായകനായും വില്ലനായും എല്ലാ വിധത്തിലും മലയാളി സ്വീകരിച്ചു. അവരുടെ പാടവങ്ങളെ അഭിനന്ദിച്ചു. അതിനേക്കാള്‍ ഉപരി അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെ ആസ്വദിച്ചു. അവര്‍ക്ക് വേണ്ടി ആരും ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കിയില്ല. അവരുടെ പേരില്‍ ആരും മത്സരിച്ചില്ല. ഇന്നിപ്പം ഫാന്‍സ്‌ അസോസിയേഷന്‍സ്‌ ആയി. അവര്‍ തമ്മില്‍ തല്ലായി. പരസ്പരം ചെളി വാരി എറിയലും സിനിമ പൊളിക്കലും ആയി. നിങ്ങളൊക്കെ വല്യ സൂപ്പര്‍ സ്റ്റാര്‍സ് ആയി! പക്ഷെ ഞങ്ങള്‍ മലയാളികള്‍ ഇന്നും പ്രേക്ഷകര്‍ തന്നെ. ഞങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല.

Tuesday, October 18, 2011

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു!



ഏതായാലും, ഭാര്യേം ഭര്‍ത്താവും തമ്മില്‍ തല്ലാണേലും വെറാരാണ്ടും തമ്മില്‍ നല്ല ഒത്തൊരുമ ആണ് എന്ന്  പറഞ്ഞ മാതിരി, നിങ്ങള്‍ പ്രതിപക്ഷവും മറ്റേ പക്ഷവും ഏതു നേരോം തമ്മില്‍ തല്ലാണേലും കാശിന്റെ കാര്യം വന്നപ്പം ഒന്നിച്ചല്ലോ.  

പണ്ടൊക്കെ നമ്മ  വിചാരിച്ചത് നിങ്ങള്‍ക്ക്  ഈ ശമ്പളം എന്ന് പറഞ്ഞു കിട്ടുന്ന നക്കാപിച്ച ഒന്നും വേണ്ടാന്ന! നക്കീം കയ്യിട്ടു വാരിയും ഇട്ട കൈ നക്കിയും ഒക്കെ ആയിട്ട് ഇഷ്ടം പോലെ കിട്ടണുണ്ടല്ലോ..  പിന്നെന്തിനാ ഈ കാശെന്നായിരുന്നു! സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പം ഇപ്പൊ ഒരു വഴിക്കും അര പൈസ കിട്ടിയാ കമിഴ്ന്നു വീഴാതെ പറ്റാത്ത സ്ഥിതി ആയി അല്ലെ! പക്ഷെ ഒരു കാര്യം പറയാന്‍ ഉണ്ട്. കാശ് ഇത്തിരി കൂടുതല്‍ എടുത്തോ... പക്ഷെ ഞങ്ങള്‍ക്കുള്ളേന്നു കയ്യിട്ടു വാരുന്നത് അല്പം കുറക്കണം. 

ഇതിപ്പം പേറെടുക്കാന്‍ വന്നവള്‍ ഇരട്ട  പ്രസവിച്ചു; പ്രസവിക്കാന്‍ കിടന്നവള്‍ അവളെ നോക്കണ്ട വന്നു എന്ന് പറഞ്ഞ മാതിരി ആണ്! ഞങ്ങളെ സേവിക്കാന്‍ വന്ന നിങ്ങള്‍ക്ക് സേവിക്കാന്‍ ഉള്ളത് ഇപ്പൊ ഞങ്ങള്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് പിരിച്ചു  കരം ആയും കര ഒഴിവായും തരണം! ഇന്ന് പണിയെടുക്കാതെ തിന്നാന്‍  വഴി നോക്കുന്നവന്റെ മുഴുവന്‍ മുന്‍പിലുള്ള വഴി രാഷ്ട്രീയം ആണ് എന്നത്  കൊടി നാട്ടിയ സത്യം!

കുരുട്ടു ബുദ്ധിയും ഒച്ചപ്പാടും മാത്രം മതി നേതാവാവാന്‍! സംശയമുണ്ടെങ്കില്‍ ഒരു സര്‍വേ നടത്തി തെളിയിക്ക്, ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സിലിരിപ്പ് എന്താണെന്ന്! ഈ ജനം! വഴി തെറ്റിയ, കഷ്ടപെടുന്ന ആട്ടിന്‍ കൂട്ടം!  എന്റെസേവനം അത്യാവശ്യം ആണ് എന്ന് പറഞ്ഞാണോ? രാഷ്ട്രീയത്തിലേക്ക് വരുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും, പണിയില്ലാതെ (പണി എടുക്കാന്‍ തയ്യാറല്ലാതെ) പരാതങ്ങളായി ജീവിക്കുന്നവരാണ്. വിദ്യാഭ്യാസ കാര്യത്തില്‍ അവര്‍ കാറ്റില്‍ പറന്ന കരീലകളോ ഇടയ്ക്കു പൊടിഞ്ഞ മണ്ണാംകട്ടകളോ ആണ്!  കയ്യിട്ടുവാരാന്‍ ഒരു ചക്കരകുടം! (വല്യ കൊമ്പത്തെ ഡിഗ്രികള്‍ ഉള്ള, അതും വിദേശ ഡിഗ്രികള്‍ ഉള്ള നേതാക്കളുടെ മക്കള്‍ ഉണ്ട്! അത് വേറെ കേസ്!)

ഉള്ളവന് വീണ്ടും ലഭിക്കുന്നു ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടുന്നു എന്ന് ബൈബിള്‍ പറഞ്ഞ മാതിരി ഞങ്ങള്‍ക്ക് എന്താ കിട്ടണേ! തണ്ടലൊടിക്കുന്ന കുണ്ടും കുഴിയും ഉള്ള കുറെ റോഡ്‌! കട്ടും വെട്ടികൂട്ടും കഴിഞ്ഞു ഇത്തിരി കറണ്ട്! ഹാര്‍ട്ട് അറ്റാക്ക്‌ വരുത്തുന്ന കറണ്ട് ബില്ല്! മീറ്ററിനും വാടക! കയ്യിലെ കാശ് ചിലവാക്കി പണിത വീടിനു ടാക്സും! ചെലവാക്കുന്നതിന് സെയില്‍സ് ടാക്സ്; എന്തെങ്കിലും ഇങ്ങോട്ട് കിട്ടുന്നതിനു ഇങ്കം ടാക്സ്!  പെറ്റു കൂട്ടിയ പിള്ളാര്‍ക്ക് ഒഴികെ എല്ലാത്തിനും ടാക്സ് അടക്കേണ്ട ഗതികേടായി! ഇനി ഞങ്ങള്‍ പറമ്പില്‍ വച്ച തെങ്ങിനും പ്ലാവിനും വാഴക്കും തലയെണ്ണി (തല ഒന്നും ബാക്കി ഇല്ല എന്നാലും) നിങ്ങള്‍ ടാക്സ് ചോദിക്കുന്നത് എന്നാണോ ആവോ! 

പിന്നെ തുമ്മുമ്പോള്‍ തുമ്മുമ്പോള്‍ വില കൂടുന്ന പെട്രോള്‍! പുക പോലെ വില മുകളിലോട്ടു മാത്രം കുതിച്ചു കയറുന്നു! ആകാശത്തേക്ക് വച്ച വെടിയുണ്ട പോലും തിരികെ വരണുണ്ട്.. പെട്രോള്‍ വില മാത്രം വരുന്നില്ല. 

പണ്ട് ഇന്ത്യയില്‍ ഏറ്റവും വഷളായ സ്ഥലം എന്നൊക്കെ പറഞ്ഞാല്‍ മുംബയിലെ ധാരാവി ധാരാവി എന്നൊക്കെ പറയും ആള്‍ക്കാര്‍! കേരളത്തിലെ ഏറ്റവും മെനകെട്ട സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഇന്നുള്ള ഉത്തരം എന്താണ്! (കണ്ണൂരും തലശ്ശേരീം മാറാടും ഒന്നും പറഞ്ഞെക്കല്ല്)  അത് തിരോന്തോരം ആണ്! തിരോന്തോരം മൊത്തം അല്ല, നിയമ സഭ എന്ന ഇത്തിരി സ്ഥലം മാത്രം! ഒന്നാം ക്ലാസ്സിലെ പിള്ളാര് പോലും തല്ലു കൂടാന്‍ നാണിക്കുന്ന വിഷയങ്ങള്‍ പറഞ്ഞു അവിടെ ഇരുന്നു തല്ലു കൂടാതെ ഗൗരവമുള്ള എന്തെങ്കിലും കാര്യം സംസാരിക്കാമോ? വെറുതെ സംസാരിക്കുവെങ്കിലും ചെയ്യ്! നിയമ സഭ കൂടുന്നത് നിങ്ങടെ തറവാട്ടീന്ന് കൊണ്ടന്ന കാശ് വച്ചല്ല!
രണ്ടാഴ്ച മുന്പ് ഡോളറിന്റെ മൂല്യം കൂടി എന്ന് പറഞ്ഞു പെട്രോളിന്റെ വില കൂട്ടിയിരുന്നു. അത് കഴിഞ്ഞു ഇപ്പം അതില്‍ കൂടുതല്‍ വില അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് കുറഞ്ഞിട്ടുണ്ട്. കമ്പനികള്‍ എന്താ മിണ്ടാത്തെ എന്നൊന്ന് ചോദിക്കാമോ? മൂന്നു രൂപ കൂട്ടിയപ്പോള്‍ ആ പേരില്‍ ഞങ്ങളെ സഹായിക്കാന്‍ എന്നും പറഞ്ഞു ഞങ്ങടെ വഴി മുടക്കുവേം ഞങ്ങളുടെ കാശ് കൊണ്ട് വാങ്ങിച്ച കുറെ സാധനങ്ങള്‍ തല്ലി തകര്‍ക്കുവേം ചെയ്തതല്ലേ! എന്നിട്ട് വില ഒട്ടു കുറഞ്ഞോ? അതും ഇല്ല! 

ഇനി എല്ലാം പോട്ടെ...!
 കൂട്ടിവാങ്ങിയ കാശിന്റെ പേരില്‍ എങ്കിലും എമ്മെല്ലന്മാരോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്.. ആഴ്ചേല്‍ രണ്ടു ദിവസം എങ്കിലും കാശ് കൈപറ്റാന്‍ ഉള്ളത് ഒപ്പിട്ട് ഇറങ്ങി പോവാതെ സഭയില്‍ തന്നെ ഇരുന്നോണം! ഇല്ല ഇറങ്ങി പോവണം എന്നുറപ്പാണേല്‍ അന്നത്തെ ശമ്പളം വേണ്ടാ എന്ന് പറഞ്ഞിട്ട് പൊക്കോണം..! അവിടെ തന്നെ ഇഷ്ടം പോലെ ടൈം പാസ് ഉണ്ടല്ലോ.. പിന്നെ നിങ്ങളെങ്ങോട്ടാ ഈ ഓടണേ! 

Saturday, October 15, 2011

പ്രതീകം പ്രതികാരം പ്രാർത്ഥന എന്‍ മരണം!




ഇന്നലെ ഞാന്‍ അന്തരിച്ചു!
നിന്റെ  കണ്മുന്നില്‍ പിടഞ്ഞന്തരിച്ചു!

നിരാഹാരമിരിക്കാതെ മനുഷ്യ ബോംബാവാതെ
പ്രതീകമായ് പ്രതികാരമായ് ഞാന്‍ അന്തരിച്ചു!

നിണം വാര്‍ന്നൊഴുകിയിറ്റൊഴിഞ്ഞോരെന്‍ ഉടല്‍
ഉയിരിനെ പിടിവിടാതിറുക്കി പിടിച്ചന്നേരവും
ഉയിരറ്റ പോലെന്നെ നിര്‍വികാരം അവേക്ഷിച്ച
നിന്നോടെന്‍ പ്രതികാരമായ് ഞാന്‍ അന്തരിച്ചു!

മരവിച്ചോരെന്‍ സിരാനീലിനികളില്‍ നീയെന്ന
നിര്‍വികാരതയുടെ പ്രതീകമായ്‌ ഞാന്‍ അന്തരിച്ചു !

അപകരുണം നിന്‍ ആഹൃത്തിനപചിതിയായെന്‍
വേപിക്കും ഹൃത്തിനെ പല്ലിളിച്ച് ഞാന്‍ അന്തരിച്ചു!

നിഭൃതമെന്‍ പ്രാണതപ്പരിസ്രാവം ക്രീഡിച്ച നിന്‍
പ്രച്ഛില ദൃഗ നിഷ്ഠൂരതയില്‍  ഞാന്‍ അന്തരിച്ചു!

     നിന്റെ നിസ്സംഗതയില്‍ ഞാന്‍ അന്തരിച്ചു!

    നിനക്ക് ഞാന്‍ നീയല്ലാതിരുന്നതില്‍ ഞാന്‍ അന്തരിച്ചു!

മൃത്തികയില്‍ മൃതിയായ് അലിഞ്ഞെന്‍ ചുടുനിണം
നിന്നോട് രക്തബന്ധം പറഞ്ഞില്ലെന്‍പതാല്‍
അന്യനായ് പോയോരെന്നുടല്‍ പ്രമദ്വരം
കടന്നുപോയ നിന്‍ സാഹോദര്യത്തില്‍ ഞാന്‍ അന്തരിച്ചു!

പിരിയുമെന്‍ പ്രാണ വെപ്രാളവും പേറിയെന്‍ 
രുധിരം ധിറുതിയില്‍ ഓടി, സ്തബ്ധ നിഷധം നിന്‍
കാലടിയില്‍ വീണെന്‍ പ്രാണനായ് കേഴിലും 
എന്നിട്ടും അലിയാഞ്ഞ നിന്നലിവില്‍ ഞാന്‍ അന്തരിച്ചു!

ഇന്നലെ...

നീ നോക്കി നില്‍ക്കെ നിന്‍ കണ്‍മുന്നില്‍ ഞാന്‍ അന്തരിച്ചു..,

ഞാന്‍ വെടിഞ്ഞിഹത്തിലീ മത്സരയോട്ടത്തില്‍
 നിനക്കൊരെതിരാളി കുറഞ്ഞാത്മ സംതൃപ്തിയില്‍
പുഞ്ചിരി തൂകി നിനക്കാശംസയേകി, അർത്ഥിച്ച്,
നാളെ നീ ഞാനാവാതിരിക്കാന്‍, ഞാനാവര്‍ത്തിക്കാതിരിക്കാന്‍....!      
****

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്നു ഒരാള്‍ മരിച്ചു എന്ന്. ഒരു കൂട്ടം ജനം നോക്കി നില്‍ക്കവേ ചോര വാര്‍ന്നു മരിച്ചെന്ന്...

അയാളുടെ അവസാന ഹൃദയ തുടിപ്പ് ആരു കേട്ടു........??
വഴിയില്‍ ഉടലുപേക്ഷിച്ചു  പിരിഞ്ഞ അവന്റെ പ്രാണന്‍ മൊഴിഞ്ഞതെന്തായിരിക്കും...??
ചുറ്റിലും അവന്‍ കണ്ട നിര്ജ്ജന്യതയോടവാന്‍ പറയാന്‍ കൊതിച്ചത് എന്തായിരിക്കും... ആവാം.. ആവണം.. ഇത് തന്നെ ആവണം...!

Friday, October 14, 2011

നിർമ്മൽ മാധവ് എന്ന വെറുക്കപ്പെട്ട പെറ്റി ബൂർഷ!


നിർമ്മൽ മാധവാ.. നിന്റെ പേര് കേട്ടാൽ തന്നെ അറിയാം നീ ഒരു പെറ്റി ബൂർഷാ ആണെന്ന്. ഇവിടെ ഉള്ള ഏതേലും ഒരു വളര്‍ന്നു വരുന്ന സഖാവിന്റെയോ നേതാവിന്റെയോ പേരെടുത്ത് വായിച്ച് നോക്കീനെടാ.. ആർക്കെങ്കിലും ഉണ്ടൊ നിന്റെ പോലെ കൊമ്പുള്ള ഒരു പേര്?? രാജേഷ്, ബൈജു, ബിജു, ലിജു, ശശി, ഗോവിന്ദൻ അങ്ങനെ ഏതേലും ഒരു പേരും പിന്നിലൊ മുന്നിലോ ഒരു കെ., പി., വി., അങ്ങനെ എന്തേലും കാണും. ഇവിടെ അടിച്ചമർത്തപെട്ട അടിസ്ഥാനവർഗ്ഗത്തിൽ ആർക്കേലും ഉണ്ടോ നിന്റെ പോലെ തണ്ടുള്ള ഒരു പേര്?? അവർ ചുമ്മ കോരനോ കോമളനോ ആയിരിക്കും. നിര്‍മ്മല്‍ മാധവന്‍ ആണത്രേ നിര്‍മ്മല്‍ മാധവന്‍! നിന്റെ പേരില്‍ തന്നെ ഉണ്ടൊരു ജന്മിത്വം!

പിന്നെ എന്തൊക്കെ പറഞ്ഞാലും നിന്റെ പിത്രൻ പണ്ട് പെട്ടികടയായിട്ടാണേലും കൊപ്രാകച്ചവടം നടത്തിയവനല്ലേ... അപ്പൊ നീ തീർച്ചയായും പെറ്റി (പെട്ടികട) ബൂർഷാ തന്നെ. മുതലാളിത്വ സാമ്രാജ്യത്വ ശക്തിയുടെ പര്യായമേ.. വെറുക്കപ്പെട്ടവനേ.. നിഷേധി.. നിനക്ക് അടിച്ചമർത്തപെട്ടവന്റെ വേദന അറിയുവോടാ..? അടിസ്ഥാന വർഗ്ഗക്കാരന്റെ ദുഃഖം അറിയുവോടാ..? നിനക്ക് കേരളത്തിന്റെ ഹിസ്റ്ററി അറിയുവോടാ..? അടിച്ചമര്‍ത്ത പെട്ടവന്റെ വേദന നിന്നെ ഞങ്ങള്‍ പഠിപ്പിക്കും..! ഹിസ്റ്ററി പഠിച്ചില്ലേലും കേരളത്തിന്റെ ജോഗ്രഫി നിന്നെ ഞങ്ങള്‍ പഠിപ്പിക്കും.! കേരളത്തില്‍ മൊത്തം എത്ര എഞ്ചിനീയറിംഗ് കോളേജ് ഉണ്ടെന്നും അങ്ങോട്ടേക്കുള്ള റൂട്ട് എങ്ങനെ എന്നും നിന്നെ ഞങ്ങള്‍ പഠിപ്പിക്കും. കാരണം നീ ബൂര്‍ഷ ആണ്. പെറ്റി ബൂര്‍ഷ!

എന്തുവാ ഇത്ര സംഭവം??
അന്റച്ചന്‍ വണ്ടി മുട്ടി വയ്യാതെ കിടന്നപ്പോ അച്ഛനെ നോക്കാന്‍ അടുത്തേതെലും  കോളെജിലേക്ക് സീറ്റ് മാറി കിട്ടണം എന്ന് നീ ആഗ്രഹിച്ചു, നോക്കാം എന്ന് ഒരു വിദ്യാര്‍ഥി നേതാവായ സഖാവ് നിന്നോട് പറഞ്ഞു. വിദ്യാര്‍ഥി  സഖാക്കള്‍ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നത് വിദ്യാര്‍ഥി ക്ഷേമത്തിന് വേണ്ടി ആണെന്ന് നിനക്ക് അറിയാത്തതാണോ.! നിന്നോട് പറഞ്ഞ വാക്കിന്റെ പേരില്‍ വല്ലപ്പോഴും 10 ചില്ലറ കടം വാങ്ങി.. കുറച്ചു ബുക്കോ ബാഗോ രണ്ടു പാന്റോ ഷര്‍ട്ടോ ഇടക്ക് നിന്റെന്നു അട്ജസ്റ്മെന്റിനു വാങ്ങി! വിദ്യാര്‍ഥികള്‍ ആയാല്‍ അങ്ങനെ അല്ലെ! പരസ്പരം കൊണ്ടും കൊടുത്തും അല്ലെ ജീവിക്കേണ്ടത്??

അതും പോട്ട്! നോക്കാം എന്നല്ലേ സഖാവ് നിന്നോട് പറഞ്ഞത്. നോക്കാം എന്ന് പറഞ്ഞാല്‍ നോക്കുകൂലി വേണം എന്ന് നിനക്കറിയില്ലേ?? തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിസ്ഥാന അവകാശം ആയ നോക്കുകൂലിയെ പറ്റി നിനക്ക് അറിവില്ലാത്തതാണോ??? നീ എന്താ കേരളത്തില്‍ അല്ലെ ജനിച്ചത്?? എന്നിട്ട് നീ ആ പണം തിരികെ ചോദിക്കുന്നോ?

വളര്‍ന്നു വരുന്ന ഒരു നേതാവ് കിടാവിനെ, നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ 'ആരായിതീരും ഈ ബാലന്‍' എന്നുറപ്പില്ലാത്ത ഒരു പൈതലിനെ അവന്റെ ചരിത്രത്തില്‍ ഒരു കറുത്ത കുറിയിടാന്‍ നീ വിജ്രിംഭിത ശക്തികളുമായ് അന്തര്‍ധാര ഉണ്ടാക്കിയതല്ലേ ഈ പണം തിരികെ ചോദിക്കലിന്റെ പിന്നില്‍?? പണം തിരികെ ചോദിച്ച് അവമാനിച്ചിട്ടു പിന്നെ വേണ്ട എന്ന് പറഞ്ഞാല്‍ കാര്യം തീരുവോ..! നീ കേരളം മുഴുവന്‍ ഓടും..! ഓടിച്ചിട്ടടിക്കും ഞങ്ങള്‍! ഇത്രേം ഒക്കെ ആയിട്ടും അഹങ്കാരം തീരാതെ ബൂര്‍ഷ സംരക്ഷകനായ കേരള മുഖ്യമന്ത്രിയുടെ ചീട്ടും വാങ്ങി നീ കൊമ്പത്തെ കോളേജില്‍ തന്നെ പഠിക്കാന്‍ വന്നേക്കണോ! ദുരാഗ്രഹീ..! ഒരു വിദ്യാര്‍ഥി സംഘടനയ്ക്ക് മുഴുവന്‍ ഇല്ലാത്ത ആര്‍ത്തി നിനക്കോ പഠിക്കാന്‍!! അഹങ്കാരി! നീ അനുഭവിച്ചതില്‍ ഒന്നും വല്യ കാര്യം ഇല്ലെന്നു നിനക്ക് ഇപ്പൊ ബോധ്യം ആയില്ലേ??

ഒരൊറ്റ കാര്യം കൊണ്ട് മാത്രം നിന്നെ ഞങ്ങള്‍ വെറുതെ വിടുന്നു.. ഞങ്ങടെന്ന്‍ കൊണ്ട തല്ലിന് നീ നന്ദി ഉള്ളവനാണ് എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം! ഏതെങ്കിലും പട്ടികാട്ടില്‍ പോയി പഠിച്ചോ! അടിസ്ഥാന വര്‍ഗ്ഗ സമര മുന്നണിയുടെ അടിക്കും അതിക്രമത്തിനും സമരത്തിനും നീ നന്ദി ഉള്ളവനല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ ചുരുട്ടി കെട്ടി അരിവാളിനരിഞ്ഞു ചുറ്റികക്കടിച്ച്  നക്ഷത്രമെണ്ണിച്ചേനെ! 

Tuesday, October 11, 2011

നമ്മട പാർട്ടി എന്ന സ്വതന്ത്രന്ത്ര രാഷ്ട്രം!

സർഗ്ഗാസോ എന്നൊരു കടൽ ഉണ്ട്. സർഗ്ഗാസോയുടെ പ്രത്യേകത അതിനു കരകൾ ഇല്ലെന്നുള്ളതാണ് കാരണം അതിനു ചുറ്റും ഉത്തര അറ്റ്ലാന്റിക്ക് സമുദ്രം ആണ്. നാല് വശവുമുള്ള സമുദ്ര പ്രവാഹങ്ങൾ നിക്ഷേപിച്ച പായൽ ശേഖരം നിറച്ചുള്ളത് കൊണ്ടാണ് അതിനാ പേരു വന്നതും. അങ്ങനെ കടലിനകത്തൊരു കടൽ ആണ് സർഗ്ഗാസോ!

പറഞ്ഞ് വരുന്നത് കടലിന്റെ കഥ അല്ല, നുമ്മടെ സ്വന്തം പാർട്ടിയുടെ കഥ ആണ്! സർഗ്ഗാസൊ കടൽ പോലെ തന്നെ അല്ലെ നമ്മ അടിസ്ഥാനവർഗ്ഗന്റെ പാർട്ടിയും എന്ന് കുബുദ്ധിയിൽ തോന്നിപ്പോയതു കൊണ്ടാണ് കടലിന്റെ കാര്യം പറഞ്ഞത്.! എന്ന് വച്ചാൽ  രാജ്യത്തിനകത്തൊരു രാജ്യം... അതും ചെറുതാണെങ്കിലും അതിരുകൾ ഇല്ലാത്ത ഒരു രാജ്യം... പായൽ മൂടിയ സർഗ്ഗാസൊയെ പോലെ തന്നെ എല്ലാം അടിയിലൊളിപ്പിച്ച ഒരു രാജ്യം!

അകത്ത് തന്നെ ഉള്ള ചില രാജ്യ ദ്രോഹികളും (ഇംഗ്ലീഷിൽ- റിബെൽ) വൈദേശിക പ്രതിലോമക ശക്തികളുടെ ചില ചാര സംഘടനകളും (ഇംഗ്ലീഷിൽ-മാധ്യമ സിന്റിക്കേറ്റ്) നുഴഞ്ഞ് കയറി ചില രഹസ്യങ്ങൾ വലിച്ച് പുറത്തിടാൻ കുടില ശ്രമം നടത്തുന്നതൊഴിച്ചാൽ ഒന്നും തന്നെ പുറത്ത് വരുന്നില്ല... വരുകയും ഇല്ല! ശത്രുക്കൾ എത്ര കിണഞ്ഞ് ശ്രമിച്ചാലും വരില്ല. വന്നാലും അത് കടലിൽ വരച്ച വരകൾ ആക്കാൻ രാജ്യം ഭരിക്കുന്നവർക്കറിയാം!

തള്ളരാജ്യത്തിന്റെ നിയമസംഹിതയായ ഐപിസി എന്ന് വിളിക്കപെടുന്നതൊന്നും ഈ സർഗ്ഗാസോക്ക് ബാധകമല്ല. എന്ന് വച്ച് കുത്തഴിഞ്ഞ കെട്ടഴിഞ്ഞ ഭരണം ആണ് രാജ്യത്തിനുള്ളത് എന്ന് തെറ്റിദ്ധരിക്കരുത്. Strict laws; prompt action! കഠിന നിയമങ്ങളും ഉടനടി പ്രാവർത്തികമാക്കലും ആണ് രാജ്യത്തിന്റെ പോളിസി. ആർക്കും എന്തും ആവാം എന്നൊന്നും നടക്കൂല്ല. രാജ്യത്തിന്റെ ധാർമ്മീകതയ്ക്കും സദാചാ‍രത്തിനും എന്തിന്, അഖണ്ഡതയ്ക്കു പോലും എതിരേ ആരു പ്രവർത്തിച്ചാലും ഉടനടി നടപടി ഉണ്ട്. ഫോർ എക്സാമ്പിൾ ആയിട്ട് പറഞ്ഞാൽ.. മോക്ഷണം, സദാചാര ലംഘനം, കുത്തിതിരിപ്പ് ആദിയായവ.

രാജ്യത്തിന്റെ ഏതെങ്കിലും ഒരംഗം തള്ളരാജ്യത്തിന്റെ പൊതുമുതൽ കട്ടാൽ തള്ളരാജ്യത്തിന്റെ തന്നെ നിയമാവലി പ്രകാരം കേസ് എടുക്കാം. വിരോധം ഒന്നുമില്ല. എന്ന് വച്ച് അംഗത്തെ തള്ളി പറയില്ല. പ്രതിലോമക വിധ്വംശക ശക്തികൾക്കെതിരെ പ്രകടനങ്ങൾ നടത്തും ബാക്കി ഉള്ള പൊതുമുതലിൽ കുറച്ച് നശിപ്പിക്കും. എങ്കിലും കേസ് നടക്കും. പിള്ളരാജ്യം തന്നെ നടത്തും കേസ്. സ്വന്തം ചെലവിലോ, ഭരിക്കുന്ന നാട്ടുരാജ്യത്തിന്റെ ഖജനാവ് ചിലവിലോ. 

ഇനി അതല്ല സ്വരാജ്യത്തിനകത്ത് സ്വന്തം ജനതയുടെ വിയർപ്പിൽ നിന്ന് പ്ലാസ്റ്റിക് ബക്കറ്റിലെ, തിരമാലയിലേക്കൊഴുകി വന്ന മുതലിൽ നിന്ന് ആരെങ്കിലും ഒരംഗം കട്ടാൽ അവന് ഉടനടി ശിക്ഷ ആണ്. വച്ച് കൊണ്ടിരിക്കുന്ന പരിപാടി ഇല്ല. സ്വജനപക്ഷപാതങ്ങൾ ഇല്ല. കണ്ണ് കെട്ടിയ നിയമദേവത തന്നെ അവിടെയും വാഴ്ച നടത്തുന്നവൾ! (അറ്റ്ലാന്റിക്ക് അതിൽ ഇടപെടേണ്ട കാര്യം ഇല്ല) പക്ഷെ കട്ടത് എന്തെന്നോ എത്ര എന്നോ അറിയാൻ ഏതൊരു ചാരസംഘടനകൾ ശ്രമിച്ചാലും അത് അനുവദിക്കില്ല... അറിയിക്കുകയും ഇല്ല. അങ്ങ് പരുമല പള്ളീൽ പോയ് പറഞ്ഞാ മതി. (ഞങ്ങളാ വഴിക്ക് പോവാറും ഇല്ല)


ഇനി സർഗ്ഗാസോയുടെ സ്വന്തം ശിക്ഷാ നിയമങ്ങളെ പറ്റി ഒന്ന് പ്രതിപാദിക്കാതിരിക്കുന്നത് ശെരി അല്ലല്ലോ! വായനക്കാരന്റെ തെറ്റിദ്ധാരണകൾ അകറ്റാൻ വേണ്ടി നിയമങ്ങളിലൂടെ ഒരു ചുരുട്ട് സഞ്ചാ‍രം നടത്താം. 

രാജ്യത്തിന്റെ പോലീസിയം അല്പം വ്യത്യസ്തം ആണ്. കേസ് അന്വേഷിക്കാൻ ഉള്ളത് ഒരു സമാധാന പോലീസ്. (പ്രതികരിക്കാനും തല്ലിപൊളിക്കാനും ഒരു യുവനിര പോലീസും ഉണ്ട്) പോലീസിങ്ങിന്റെ ഏറ്റവും പ്രധാനപ്രത്യേകത, സ്ഥിരമായ പോലീസ് സംവിധാനം ഇല്ലെന്നുള്ളതാണ്. ഓരോ കേസും പ്രത്യേകം പ്രത്യേകം അന്വേഷിക്കാൻ ഓരോ പോലീസിങ്ങ് ‘കമ്മിറ്റി’ ചൂടോട് കൂടിയത് അപ്പാപ്പൊ ഉണ്ടാക്കുവാണ് പതിവ്. ഈ പോലീസിങ്ങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ആണ് ശിക്ഷ. 



ഇനി ശിക്ഷ എന്താണ് എന്നല്ലെ..! 

ഫ്യൂഡൽ സംവിധാനങ്ങളിൽ പോലും ഇല്ലാത്ത അതികഠിന ശിക്ഷ ആണ് കുറ്റം തെളിഞ്ഞാൽ ഉണ്ടാവുക. കണ്ണീചോര ഇല്ലാത്ത ശിക്ഷ. ജെയിലെല്ലാം ഉണ്ട്! ജെയിലിൽ ഇടുന്നത് തന്നെ ആണ് പ്രധാന ശിക്ഷകളിൽ ഒന്ന്. 

രാജ്യത്തെ ജെയിലിന്റെ ഒഫീഷ്യൽ പേര്, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി എന്നൊക്കെ ആണ്. 

കുറ്റം കഠിനം ആണെന്ന് തെളിഞ്ഞാൽ നേരെ ജെയിലിലേക്ക് വിടും. അത് എത്ര കൊമ്പത്തിരിക്കണ പൗരൻ ആണെന്ന് പറഞ്ഞാലും. നടപടിയുടെ കാര്യത്തിലും ജെയിലിൽ ഇടുന്ന കാര്യത്തിലും ഒരു കോറമ്പമൈസും ഇല്ല. ശേഷിച്ച കാലം ജയിലിൽ കിടന്ന് നരകിക്കാം. കുറേ കാലത്തെ നല്ല നടപ്പ് ശ്രദ്ധയിൽ പെട്ടാൽ മോചനവും ലഭിക്കും, അത് വേറെ കേസ്.


സർഗ്ഗാസോയ്ക്ക് കാപിറ്റൽ പണിഷ്മെന്റും ഉണ്ട് കേട്ടോ. കാപിറ്റൽ പണിഷ്മെന്റ് - നാടു കടത്തൽ ആണ്. പുറത്താക്കി കളയും! ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടുന്നവന് തള്ള രാജ്യത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ എവിടെയെങ്കിലും ശേഷിച്ച ജീവിതകാലം അലഞ്ഞ് തിരിയാം. ശിക്ഷ നൽകി കഴിഞ്ഞു. വേറെ ശിക്ഷകൾ ഒന്നും (ഇനി അത് തള്ളയുടെ ആയാലും പിള്ളയുടെ ആയാലും) അവന് ബാധകമല്ല. രാജ്യത്തിലെ അംഗങ്ങൾ ആരും ക്യാപിറ്റൽ പണിഷ്മെന്റ് കിട്ടിയവരെ സന്ദർശിക്കാനോ അവരുടേന്ന് പച്ച വെള്ളം വാങ്ങി കുടിക്കാനോ.. തൊട്ടടുത്ത് ഒരു കസേര വലിച്ചിട്ടിരുന്ന് കിന്നാരം പറയാനോ പാടില്ല! കിട്ടും അപ്പം ശിക്ഷ!

മോക്ഷണകേസിൽ സാധാരണ ഗതിയിൽ ജയിൽ ആണ് ശിക്ഷ. പക്ഷേ അവസാനം പറഞ്ഞ കുത്തിതിരിപ്പ് കേസ് അല്പം ഗൌരവമേറിയ കുറ്റം ആണ്. മിക്കവാറും കാപിറ്റൽ പണിഷ്മെന്റ് തന്നെ കിട്ടും. ചുരുക്കം ചില കേസിൽ, കാപിറ്റൽ പണിഷ്മെന്റിന്റെ മണം അടിച്ചിട്ട് ആഭ്യന്തര കോലാഹലക സാധ്യതകളെ പ്രതി ശിക്ഷ ഇളവ് കൊടുത്ത ദുർലബ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതേ നിയമങ്ങൾ തന്നെ ആണ് ‘സദാചാര’ കേസിലും! സർഗ്ഗാസോയിലെ അംഗങ്ങൾ തള്ള രാജ്യത്തിലെ അന്യജാതികളുമായ് പീഡന ബന്ധത്തിൽ ഏർപെടാൻ പാടില്ല എന്നതാണ് അലിഖിത നിയമം. പീഡന ബന്ധങ്ങൾ എല്ലാം രാജ്യത്തിനകത്ത് തന്നെ ആയിരിക്കണം. പീഡനം കിട്ടി ബോധിച്ചവർ പരാതി പറയുന്നതും ഈ പറഞ്ഞ മാതിരി രാജ്യത്തിനകത്ത് തന്നെ ആയിരിക്കണം. സർഗ്ഗാസോയിലെ ഒരു പെണ്മീനും പരാതിയും കൊണ്ട് അറ്റ്ലാന്റിക്കിലോട്ട് പോയേക്കരുത്. രാജ്യത്തിന്റെ ഉന്നതതലസമിതി മാത്രം അറിഞ്ഞ ഒരു രഹസ്യമായ് പീഡനപർവ്വം നിലകൊള്ളും. പതിവ് പോലെ കമ്മിറ്റി ഉണ്ടാക്കും. അതിശക്തമായ അന്വേഷണം നടക്കും. കുറ്റം തെളിഞ്ഞാൽ ‘ജയിലിലേക്ക്’! ഇത്തിരി കൂടി നന്നായ് തെളിഞ്ഞാൽ പിന്നെ കാപിറ്റൽ പണിഷ്മെന്റ് ആണ്.

ഉഡായിപ്പ്: രാജ്യം വിടാൻ തീരുമാനിച്ച ചില പിന്തിരിപ്പന്മാർ എന്തായാലും പോകുവല്ലേ.. പോണ പോക്കിലൊരാണി എന്ന് പറഞ്ഞ പോലെ ചില സദാചാരങ്ങളും കുത്തി തിരിപ്പുകളും ഒപ്പിക്കുന്നുണ്ടെന്നും കേട്ടുകേൾവി ഉണ്ട്. പൗരൻ ഇച്ഛിച്ചതും ശിക്ഷ; രാജ്യം കല്പിച്ചതും ശിക്ഷ!