അവനവന്‍ ഇരിക്കണ്ടേടത്ത് അവനവന്‍ ഇരുന്നില്ലേല്‍ അവിടെ വേറാരാണ്ട് കയറി ഇരിക്കും! പറയുന്നത് മലയാള സിനിമയിലെ മസ്സില്‍ ഭാരം ചുമക്കുന്ന മഹാനടന്മാരോടും കുന്നോളം ജാഡ ചുമക്കുന്ന സംവിധായകന്മാരോടും ആണ്! പ്രതികരണ ശേഷി ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് കരുതരുത്.. പ്രതികരിച്ചിട്ട് ഗുണമില്ലാത്തിടത്ത് അവര്‍ പ്രതികരണമില്ലായ്മ കൊണ്ട് പ്രതികാരം ചെയ്യും!
പ്രഹസ്സനങ്ങള്‍ കണ്ടു മടുത്തു. നക്ഷത്ര ഔദാര്യങ്ങള്‍; സംവിധായക ജാടകള്‍; സംഘടനാ ജാടകള്‍. ചവിട്ടികുത്തുകള്‍ വെട്ടിനിരത്തലുകള്‍. സിനിമയിലുള്ളതിനേക്കാള്‍ വലിയ കോമഡികള്‍ സിനിമയുടെ പിന്നണിയില്‍! അതിനേക്കാള്‍ വലിയ ട്രാജടികള്‍ മുന്നണിയില്‍!
'ഇന്നാട നിനക്കൊക്കെ എന്റെ വക ഔദാര്യം' എന്ന മാതിരി അഭിനയിക്കുന്ന മലയാള സിനിമയുടെ മേജര്‍ നടന്‍! പണ്ട് വാതം വന്നു തൂങ്ങിയ തോളും ആയി മരം ചുറ്റിയോടിയപ്പോ അങ്ങേരോടിയത് മലയാളിയുടെ മനസ്സിലായിരുന്നു. പിന്നീട് തടി കൂടി നായകന്‍ ആയി വന്നു വില്ലന്‍ വേഷം അഭിനയിച്ചപ്പോ അങ്ങേരിലെ വില്ലനെ സ്നേഹിച്ചതും മലയാളി ആണ്! പിന്നെ നടന്‍ അങ്ങ് കൊട്ടക്ക് വളര്‍ന്നപ്പോ സാലെ മലയാളീസിന് കൊടുക്കുന്ന ഔദാര്യം ആയി അണ്ണന്റെ അഭിനയം!പോരാത്തതിന് ചന്തിക്ക് മുഖക്കുരു വന്നപോലെ, ഇണങ്ങാത്ത റോളുകള്‍ എടുത്തു പെരുമാറി അങ്ങേരു പരമാവധി മലയാളികളെ മടുപ്പിച്ചു.
പിന്നെ ഒരു മെഗാ നടന്റെ വക ഭൂതവും പ്രേതവും മാര്‍ക്കറ്റ് ഡയലോഗും ഒക്കെ ആയി കുറെ കോമാളിത്തരങ്ങള്‍! ഗൌരവമുള്ള കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് പണ്ട് അങ്ങേരു തൊണ്ടയിടറിയപ്പോ കൂടെ ചങ്കിടറിയവരാണ് മലയാളികള്‍! കഥാപാത്രങ്ങള്‍ക്ക് മനസ്സ് കൊടുത്ത് അങ്ങേരു ചകോരങ്ങള്‍ നേടിയപ്പോള്‍ മനസ്സില്‍ പുളകം കൊണ്ടാവരാണ് മലയാളികള്‍.
പിന്നാലെ കഥ തിരകഥ സംവിധായക നടന്റെ അതിനേക്കാള്‍ വലിയ മസ്സില്‍ പിടിച്ച പെര്‍ഫോര്‍മന്സുകള്‍! പണ്ട് അങ്ങേരു കുണ്ടിയില്‍ ഗുണ്ട് പതിചിരുച്ച് എന്ന് പറഞ്ഞു അഭിനയിച്ചപ്പോ, ഭാര്യയെ സംശയിക്കുന്നവനായി അഭിനയിച്ചപ്പോ അത് കണ്ടാണ് മലയാളി അങ്ങേരെ നെഞ്ചിലേറ്റിയത്.
ഇമ്മാതിരി മലയാളത്തിലെ പല പ്രമുഖ നടന്മാരിലും അവര്‍ക്ക് മലയാളി പ്രേക്ഷകര്‍ തലയില്‍ വച്ച് കൊടുത്ത വളയത്തിന്റെ തണലില്‍ സ്വയം ദേവ ലോകത്താണെന്ന തോന്നല്‍ അവരുടെ പ്രകടനങ്ങള്‍ കണ്ടാല്‍! വിഖ്യാത ടെലി സീരിയലുകള്‍ ഓം നമശിവായയിലെ ശിവനോ മഹാഭാരതത്തിലെ കൃഷ്ണനോ ആണെന്നെല്ലാം തോന്നി പോവും! പട്ടിണി പ്രേക്ഷകന് അനുഗ്രഹം വര്‍ഷിക്കുന്ന ഭാവം ആണ് അവന്റെ ഒക്കെ അഭിനയത്തില്‍!
ഇനി പിന്നണിയിലേക്ക് ചെന്നാലോ! വാളെടുത്തവന്‍ ഒക്കെ വെളിച്ചപാട് എന്ന് പറഞ്ഞ മാതിരി ഒന്ന് ഷൂട്ടിംഗ് സെറ്റ് കാണുമ്പോഴേക്കും സിനിമ പിടിക്കാന്‍ ഇറങ്ങുന്ന കുറെ പുട്ടുമുഖങ്ങള്‍!
പിന്നെ കുറെ സംഘടന മുതലാളിമാര്‍! അമ്മ അച്ഛന്‍ മൂക്കട്ട മണ്ണാങ്കട്ട അങ്ങനെ അങ്ങനെ. എല്ലാരും കൂടി പരസ്പരം വിലക്കി കളിക്കുന്ന വേറെ ഒരു പുതിയ ഇടപാടും! നിങ്ങടെ ഈ ജാഡ ഒക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ എന്ത് പിഴച്ചു!
ഇനി വേറൊരു സത്യം പറയാം! പണ്ട് അണ്ണാച്ചി പടം എന്ന് പറയുമ്പം ചിരിച്ചിരുന്ന മലയാളി ഇന്ന് തമിഴ് സിനിമയുടെ ആരാധകരാണ്! കാരണം അറിയുവോ? മലയാളത്തിലെ ഏറ്റവും ഹിറ്റ് ആകുന്ന സിനിമകളേക്കാള്‍ എന്റര്‍ടെയിനിംഗ് ആയിരിക്കും തമിഴിലെയും അയല്ഭാഷകളിലെയും ഫ്ലോപ്പുകള്‍! സുന്ദരമെന്നു തോന്നിക്കുന്ന കുറെ വാക്കുകള്‍ ചേര്‍ത്ത് വച്ചു പത്തു വരി അര്‍ത്ഥമില്ലായ്മയ്ക്ക് സംഗീതം മെനയുന്ന മലയാള ഗാനങ്ങളെക്കാള്‍ പല മടങ്ങ് ഭേദം ആണ് തട്ടുപൊളിപ്പന്‍ ആയാല്‍ പോലും പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഥം ഉള്ള അവയിലെ ഗാനങ്ങള്‍!
ഇത്രേം വായിച്ചിട്ട് ലേ ഈ വാര്‍ത്ത കാണ്! ഇതിന്റെ ഒക്കെ വല്ല കാര്യോം ഉണ്ടോ? ഇത് പോലൊരു സിനിമക്ക് കൊട്ടക ഫുള്‍ ആകുന്നത് കണ്ട് മലയാളിയുടെ ആസ്വാദന നിലവാരത്തെ പഴിക്കണ്ട! ആദ്യം പറഞ്ഞ പഴംചൊല്ല് മാത്രം ആലോചിച്ചാല്‍ മതി. അവനവന്‍ ഇരിക്കേണ്ടിടത്ത് അവനവന്‍ ഇരുന്നില്ലെങ്കില്‍ അവിടെ...
...സന്തോഷ് പണ്ഡിറ്റ് കയറി ഇരിക്കും.
കൃഷ്ണനും രാധയും ഒരു ഹിറ്റ് ആയാല്‍ മലയാളി പ്രേക്ഷകരെ പഴിക്കാന്‍ നിക്കണ്ട... സ്വയം കണ്ണാടിയില്‍ നോക്കി നാല് തുപ്പു തുപ്പു!
ഇനിയും സന്തോഷ് പണ്ടിറ്റുമാർ സ്രിഷ്ടിക്കപെടും മുന്പ് നിങ്ങ ഡീസന്റ് ആയി സിനിമയെ, പ്രേക്ഷകരെ ബഹുമാനിക്കാന്‍ നോക്ക്!
കഴിവുകളെ ഈഗോ കൊണ്ട് അലങ്കരിച്ചു സ്വയം അവമാനിതരാവാതെ കലയുടെ മൂല്യം വളര്‍ത്താന്‍ ശ്രമിക്ക്.. നല്ല സൃഷ്ടികള്‍ ഉണ്ടാക്കാന്‍ ശ്രമിക്ക്! അല്ലേല്‍ സിനിമാന്റെ മൂലം കീറും!!!
മലയാളിക്ക് സിനിമ വെറും നേരം പോക്കല്ല. എന്നും ഗൌരവത്തോടെ നോക്കി കാണുന്ന കലയാണ്. എനിക്ക് ചുറ്റും ഉള്ളതില്‍ നിന്ന് ഞാന്‍ കാണാത്തതും ഞാന്‍ എന്നും കാണുന്നതും തന്മയത്വത്തോടെ വര്‍ണ്ണാഭയോടെ ഒപ്പിയെടുത്ത് എന്റെ മുന്നില്‍ കൊണ്ട് വരുന്നവനെ നമിക്കുന്നവന്‍ ആണ് ഞാന്‍ മലയാളി. വെറും കോപ്രായങ്ങളെ വേപ്പില പോലെ ദൂരെ എറിയുന്നവനും. അതുകൊണ്ട് തന്നെ ആണ് തമിഴ് സിനിമയെ അതിന്റെ അതിശയോക്തിയോടും മലയാള സിനിമയെ അതിന്റെ യാതാസ്ഥിതികത്വത്തോടും എന്നും മലയാളി നോക്കി കണ്ടത്, കാണുന്നത്.
പഴയ കാലത്ത് കഥകള്‍ തന്നെ ആയിരുന്നു സ്റ്റാര്‍സ്. സത്യനെയും പ്രേം നസീറിനെയും മധുവിനെയും നായകനായും വില്ലനായും എല്ലാ വിധത്തിലും മലയാളി സ്വീകരിച്ചു. അവരുടെ പാടവങ്ങളെ അഭിനന്ദിച്ചു. അതിനേക്കാള്‍ ഉപരി അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെ ആസ്വദിച്ചു. അവര്‍ക്ക് വേണ്ടി ആരും ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയില്ല. അവരുടെ പേരില്‍ ആരും മത്സരിച്ചില്ല. ഇന്നിപ്പം ഫാന്‍സ് അസോസിയേഷന്‍സ് ആയി. അവര്‍ തമ്മില്‍ തല്ലായി. പരസ്പരം ചെളി വാരി എറിയലും സിനിമ പൊളിക്കലും ആയി. നിങ്ങളൊക്കെ വല്യ സൂപ്പര്‍ സ്റ്റാര്‍സ് ആയി! പക്ഷെ ഞങ്ങള്‍ മലയാളികള്‍ ഇന്നും പ്രേക്ഷകര്‍ തന്നെ. ഞങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല.