ഡേയ്... ഞങ്ങളെ ഇങ്ങനെ ചുമ്മാ തേങ്ങാ പാര പോലത്തെ മുള്ളേൽ നിർത്താതെഡേയ്! ഒന്നുകിൽ പാരക്കിരയായവൻ പറ... അല്ലെങ്കിൽ പോലീസ് പറ.. ഇനി അതൊന്നും അല്ലേൽ കയറ്റിയവൻ തന്നെ ഒന്ന് മനസ്സലിഞ്ഞ് പറ...! കാല് പിടിക്കാ...
ചില നേരത്ത് എത്ര ബലം പിടിച്ചാലും ആത്മനിയന്ത്രണം കിട്ടത്തില്ല! തേങ്ങാപാര വിഷയത്തിൽ ഒന്നും പറയരുത് എന്ന് ബലം പിടിച്ച് ഇരുന്നതാണ് കേസന്വേഷണം നടത്തുന്ന കേരളാ പോലീസിനെ പോലെ ഞാനും കുറേ നാൾ! എല്ലാവർക്കും പറയാനുള്ളത് ഒരു മാസത്തേക്ക് ഇത് തന്നെ ആവും! അത് കഴിഞ്ഞ് ഇതെല്ലാം അങ്ങ് മറക്കും! രാഷ്ട്രീയവും കേരളവും അങ്ങനാ! കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ 4.5 വർഷം കേരളം മൊത്തം പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറി വെറും 3 മാസം കൊണ്ട് വിശുദ്ധ ഭരണം ആയ കാഴ്ചയും ഈ കണ്ണിൽ തന്നെ കണ്ടതാ..! മലയാളി ഇന്ന് പറയും നാളെ അത് പറഞ്ഞാ മൈന്റ് ചെയ്യില്ല. ചത്താലും കൊള്ളാം കൊന്നാലും കൊള്ളാം! ഇന്നിൽ ജീവിക്കുന്നവരാണ് നമ്മൾ! Living in the Present!(ജാമ്യം: ഇത് ഞാൻ മാറ്റി പറയും)
ചെകുത്താൻ ചിരിക്കുന്നു എന്ന് സിനിമാപാട്ടിൽ പാടിയ മാതിരി പാര കയറ്റിയവൻ എവിടെയോ ഇരുന്ന് ചിരിക്കുവാ! കരയുന്നതാരാ! ആസനം കലങ്ങിയവനും കണ്ണീരില്ല.. അവന്റെ മറുപകുതിക്കും കണ്ണീരില്ല..(കണ്ണീർ രംഗത്ത് എത്താൻ വൈകിയ നടനെ പോലെ!) നാട്ടുകാർക്കും കണ്ണീരില്ല! കണ്ണീര് മുഴുവൻ അങ്ങ് നിയമ സഭയിലും പിന്നെ പഞ്ചനക്ഷത്ര തടവറയിലും മാത്രം! നിയമസഭയിൽ വലംഭാഗത്ത് നിയമ കണ്ണീർ; ഇടം ഭാഗത്ത് മുതല കണ്ണീർ! തടവറയിൽ ഉൽകണ്ഠ കണ്ണീർ! പിന്നെ ഓർമ്മയില്ലാത്തവന്റെ ഓർമ്മയെ കുത്തി ഇളക്കിയ ഭരണപക്ഷ നടപടിയിൽ ബന്ധുക്കൾക്കും ചെറിയൊരു കണ്ണീർ ഉണ്ട്!
പോലീസ് എടുത്ത് കൊണ്ട് പോകുന്ന വഴി ചോദിച്ചു: എന്താ പറ്റിയെ.. ആക്സിഡന്റാ! പത്രക്കാര് ചോദിച്ചു: എന്താ പറ്റിയെ. ദേ ഇപ്പൊ അങ്ങ് ഓർമ്മ ഇല്ല, വരുമ്മെ എല്ലാം പറയ. മജിസ്ട്രേറ്റ് ചോദിച്ചു; പോലീസ് ചോദിച്ചു! ഇന്നലെ സംഭവിച്ച ചരിത്രം ഒഴികെ ബാക്കി എല്ലാം ഇരയ്ക്ക് ഓർമ്മ ഉണ്ടായിരുന്നു. പക്ഷേ ഷോക്കിൽ ഇന്നലെ ഉണ്ടായത് മാത്രം ഓർമ്മ ഇല്ലാത്തതിന് കുറ്റം പറയാനും പറ്റുവോ.
കേരളത്തിൽ ആണേൽ ഇൻവെസ്റ്റിഗേഷന് അമേരിക്കക്ക് പോലും ഇല്ലാത്ത സൌകര്യങ്ങളാ! പോലീസ് ഉണ്ട്; കോടതി മജിസ്ട്രേറ്റ് ഉണ്ട്; ഇവരെ എല്ലാം കടത്തി വെട്ടുന്ന സേതുരാമയ്യർമാരെ കൊട്ടക്ക് റിക്രൂട്ട് ചെയ്ത് വച്ചിട്ടുള്ള ‘മാധ്യമ ഇൻവെസ്റ്റിഗേഷൻ സിന്റിക്കേറ്റുകൾ’ ഉണ്ട്. ഇതൊന്നും പോരാതെ സി.ബി. ഐ യുടെയും വല്യേട്ടൻ, പിണറായ്, കോടിയേരി, എതിരാളി അച്ചുതാനന്തൻ സഖ്യം നയിക്കുന്ന സി പി എമ്മും ഉണ്ട്!
പക്ഷേ എല്ലാരും കൂടി അന്വേഷിച്ചിട്ടും അന്ധന്മാർ ആനയെ കാണാൻ പോയ പോലെ, മുഴുവനായിട്ട് ഒന്നും കിട്ടണില്ല! അവരവർ അവരവർക്ക് ആവശ്യമുള്ള തീരുമാനങ്ങളിൽ എത്തുന്നു. പോലീസിനു മാത്രം പകലും രാത്രിയും ലോഡ്ഷെഡ്ഡിങ്ങ്!
സംശയങ്ങൾ പോലീസിനും നാട്ടുകാർക്കും എനിക്കും ഒന്ന് തന്നേണ്! (സി. പി എമ്മിനൊഴികെ)
മജിസ്ട്രേറ്റ് പറയുന്നു പൂർണ്ണ ബോധത്തോടെ ആണ് അദ്ധ്യാപകൻ ഈ സകല വിധ മൊഴിമാറ്റമൊഴികളും നൽകിയതെന്ന്..! അദ്ധ്യാപകൻ പറയുന്നു ഇനിയും ഓർമ്മ വരാൻ കെടക്കണുണ്ടെന്ന്..! ആരാ ശെരി? (സി പി എം ഇൻ വെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് എല്ലാം വ്യക്തം ആയിരുന്നു. ഒരു ഓർമ്മ പിശകുംതോന്നിയി.ല്ല അത് വേറെ കേസ്!)
ആക്രമിച്ചവൻ എന്ത്കൊണ്ട് മൂലാധാരശില നോക്കി തന്നെ ആക്രമിച്ചു? തലയും ബാക്കി ശരീരഭാഗങ്ങളും എല്ലാം വിട്ട്.? ലവന്മാര് ഒരൊറ്റ പോയിന്റിൽ എന്താ ലക്ഷ്യം വച്ചെ? (ഇനി കേരളത്തിലെ ഗുണ്ടാസംഘങ്ങൾക്ക് അങ്ങനെ ഒരു മോഡസ് ഓപറാണ്ടി ശീലം ഉണ്ടെങ്കിൽ പോട്ടേന്ന് വയ്ക്കാം. പക്ഷെ ഇതതല്ല..) ഇനി മൂലത്തിൽ പക ഉള്ള ആരെങ്കിലും ആണോ ആവോ പ്രതി!
സുഹൃത്തിനെ കാണാൻ പോയ്, ഇടക്കിടക്ക് പോകാറുണ്ട് എന്ന് പറയുന്ന ഭാര്യക്ക് സുഹൃത്ത് ആരാന്ന് അറിയില്ല... ആകെ അറിയുന്നത് ഒന്ന് മാത്രം! കരുതികൂട്ടി ചെയ്തത് തന്നെ! (അതാണെങ്കിൽ എല്ലാർക്കും അറിയാം!)
പ്രതിപക്ഷ നേതാവാണേൽ കാര്യങ്ങളിൽ നേരത്തെ ഒരു തീരുമാനമാക്കി! പിള്ളയേം പിള്ളയുടെ പിള്ളയേം ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് അകത്താക്കാനുള്ള കണ്ട് പിടിത്തങ്ങൾ തെളിവോടെ..ചെ ‘വെളിവോ’ടെ സർക്കാരിന് കൈമാറി! പിള്ളയുടെ ഗുണ്ടകൾ തലയും ശരീരഭാഗങ്ങളും വിട്ട് ഒരൊറ്റ പോയിന്റിൽ കോൺസണ്ട്രേറ്റ് ചെയ്തെന്തോ ആവോ.. വഴിയിൽ തന്നെ ഇട്ടിട്ട് പോയതും! മണകെണങ്ങന്മാർ!
കേട്ടപാതി കേൾക്കാത്ത പാതി Destructive Youth Federation of India തങ്ങളുടെ കർമ്മവും നിർവഹിച്ചു.. പൊളിച്ചടക്കൽ. സ്കൂളിൽ പഠിക്കാൻ ഇരുന്ന പിള്ളാരെന്ത് പിഴച്ചു എന്ന് ചോദിക്കരുത്...! അദമൻ പിള്ളയുടെ ആണ് സ്കൂൾ! എന്നെങ്കിലും ബുദ്ധി വയ്ക്കുമാറാകട്ടേ..!
അദ്ധ്യാപകനാണേൽ അടി ഏറ്റതോടെ പ്രതിപക്ഷ നേതാവിന് പഠിക്കാനും തുടങ്ങിയിരിക്കുന്നു. എന്തും പറയുന്നു..എന്തൊക്കെയോ പറയുന്നു!
എന്തൊക്കെ ആയാലും തുമ്മിയാൽ തെറിക്കുന്ന മൂക്കുമായ് ഇരിക്കുന്ന ഭരണപക്ഷത്തിന്റെ മൂക്കിൽ കുത്തി തിരുകി തുമ്മിക്കാൻ പ്രതിപക്ഷത്തിന് ഒരു തേങ്ങാപാര തന്നെ ഒത്തു എന്ന് പറഞ്ഞാ മതിയല്ലോ!
പക്ഷേ... ചോര പുരണ്ട പാരയുമായി ചെകുത്താൻ അപ്പോഴും കാണാമറയത്തെവിടെയോ ഇരുന്ന് ചിരിക്കുന്നു...! കാലമാടൻ...!
3 comments:
സത്യം! മലയാളി എല്ലാം മറക്കും. ഒരു പുതിയ സംഭവം പൊങ്ങി വന്നാൽ പാരയും ആസനവും പിള്ളയും പിള്ളയുടെ പിള്ളയുമൊക്കെ ഓർമ്മകളുടെ പടി കടന്ന് പോകും.
പാര മെഡിക്കൽ ബോർഡ് അംഗീകരിച്ചില്ലെന്നാ ലേറ്റസ്റ്റ് ന്യൂസ്...
ഉള്ളത് പറഞ്ഞു കുടുംബം കലക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഒന്നും ഓര്‍മ്മയില്ലെന്നു പറയുന്നതിനേക്കാള്‍ നല്ലത്?
Post a Comment