Monday, November 7, 2011

വൃഥാ ഒരു വൃദ്ധൻ!

വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

അലക്ഷ്യമായ്
അലഞ്ഞെൻ ജീവനിൽ
എന്നോ ഉദിച്ച ലക്ഷ്യമായിരുന്നു നീ.

പിന്നെ ഞാൻ
ഉരുകിയൊലിച്ചെരിഞ്ഞമർന്നത്
നിനക്കിരുട്ടറിയാതുയരാൻ മാത്രമായിരുന്നു.

രാപകലളക്കാതെ
നിഷ്ടയില്ലാതനിഷ്ടമില്ലാതെ..
സ്വരുക്കൂട്ടുമുറുമ്പാ‍യത് നിൻ ഭാവിയുരുവാക്കാനായിരുന്നു.

ജീവിതം കൂട്ടിമുട്ടിച്ച്
നിനക്ക് കുഴിയില്ലാവഴി വെട്ടാനുഴറവേ..
വിഴിയുമെൻ വിഴികൾക്കാശ്വാസം നിൻ കിളുന്ത് ചിരികളായിരുന്നു.

എന്നെ നിന്നിലുപേക്ഷിച്ച്
എന്റെ സ്വപ്നങ്ങൾ നിന്നിലേകീകരിച്ച്..
എനിക്കന്യനായ് ഞാൻ, നാളെ നിന്നിലൂടെന്നെ സഫലീകരിക്കാൻ.

കടം വാങ്ങില്ലെന്നുറച്ചെൻ
കഴുത്തറ്റം കടം കയറിയതും നിനക്കായ്..
കോഴ നൽകില്ലെന്നുറച്ചെൻ ധാർമ്മീകതയഴിഞ്ഞതും നിനക്കായ്.

പടവെട്ടി നീങ്ങവേ ചുറ്റും
പലവുരു കണ്മടക്കി ഞാൻ എന്തോ,
എന്റെ വ്യക്തിത്വത്തിനും മീതേ പടർന്ന വികാരമായിരുന്നു നീ.


വിത്തിനായ്
വിരിഞ്ഞു വാടിയ പൂവായ് ഇന്നു ഞാൻ..
കരിഞ്ഞുണങ്ങി നിൻ ശിരസ്സിലൊരു ദുഃശ്ശകുനമായ്.

നിന്നുമ്മറപ്പടിയിലെ
ചവറ്റുകൂനയിലെറിഞ്ഞൊരുച്ഛിഷ്ടമായി ഞാൻ,
ദ്രവിച്ച് മണ്ണാകിലും എൻ മകനേ നീ തോൽക്കാതിരിക്കുക!

ഇന്നലെ ഞാൻ
ഓടിയ വഴികളിൽ ഇന്നു നീ ഓടുന്നത് കാണ്മൂ ഞാൻ..
അല്പം നിനക്കായ് ബാക്കി വയ്ക്കുക നീ ഞാനാകാതിരിക്കുവാൻ!

നീ തോൽക്കാതിരിക്കാൻ
അവസാനം വരെ തോറ്റവനീ ഞാൻ എൻപതാൽ
തോൽക്കാതിരിയ്ക്ക; നീ തോറ്റാലെൻ തോൽവിയും തോൽവിയായിടും.


എനിക്കായ് നീ
ബാക്കി വച്ചോരുമുഴം കയറിലെൻ പ്രാണൻ പിടയവേ
ഇരുളുമെൻ കൺകൾ വെറുതേ എന്തോ,, എന്തോ ചോദിച്ചു,


വേകുവോളം
നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

12 comments:

വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!

നല്ല വരിക്കല്‍ ആശംസകള്‍ ..........

കവിതയെഴുതുമ്പോള്‍ വാക്കുകള്‍ എടുത്തെടുത്തെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനക്ക് സുഖം. ഉദാഹരണത്തിന് "ഇന്നലെ ഞാൻ ഓടിയ വഴികളിൽ ഇന്നു നീ ഓടുന്നത്" എന്നെഴുതിയത് "ഇന്നലെ ഞാനോടിയവഴികളില്‍ ഇന്നു നീയോടുന്നത്" എന്നെഴുതിയാല്‍ കൂടുതല്‍ നന്നാവും എന്നെനിക്ക് തോന്നുന്നു. പിന്നെ "ഞാന്‍" കുറച്ചാല്‍ നന്നായിരിക്കും.

കവിതയുടെ ലോകത്തേക്കും സ്വാഗതം ....എഴുതി തെളിയു

നല്ല ചിന്ത! നന്നായി എഴുതി! ഇനിയും വരാം...

കവിയുദ്ദേശിച്ച സന്ദേശം വായനക്കാർക്ക് പകർന്നു നൽകുന്നതിൽ വിജയിച്ചിരിക്കുന്നു. മലയാളി അഭിമാനിച്ചിരുന്ന, ബന്ധങ്ങൾക്ക് യാതൊരു വിലയുമില്ലെന്ന, നമുക്ക് ദീനദയ എന്നൊരു വികാരം നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന് സത്യം കവിത നമ്മെയോർമ്മിപ്പിക്കുന്നു.

വരികളിൽ എന്തോ ചില ഏച്ചുകെട്ടലുകൾ ചിലയിടങ്ങളിലെങ്കിലുമുണ്ട്. പലവുരു വായിച്ച് എഡിറ്റ് ചെയ്താൽ നന്നായിരിക്കും.

"വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെ
ആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......!"

ഗംഭീര വരികള്‍ !

നന്ദി! വാ‍യിക്കുകയും ക്രിയാത്മകമായ് അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്ത എല്ലാവർക്കും!
ജിഷ്ണു,ചീരമുളക്, ഞാൻ ശ്രദ്ധിക്കാം.
പ്രായമേറിയവർ നവസമൂഹത്തിന് ഭാരമാവുന്ന കഥകളുടെ അവസാന താളിൽ വന്ന ആ അത്മഹത്യാവാർത്ത വായിച്ച് കലുഷമാവാത്ത സുമനസ്സുകളുണ്ടാവില്ലായിരിക്കും. വയസ്സനായിരുന്നു ഞാനും ഇതെഴുതുമ്പോൾ. ഉപേക്ഷിക്കപെട്ടവനായിരുന്നു. ഭംഗിയുള്ള ഒരു കവിത ആക്കാൻ കഴിഞ്ഞില്ല; അതിനു ശ്രമിക്കാനുമായില്ല.. വേദനകൾക്കും രോദനങ്ങൾക്കും എപ്പോഴും ചിട്ടയും താളവും ഉണ്ടാവില്ലെന്ന് തോന്നുന്നു.. നന്ദി ഒരിക്കൽ കൂടി..

വരികള്‍ക്ക് ചിട്ടയും താളവും കുറവാണെങ്കിലും ആശയം അതിനെയെല്ലാം മറികടക്കുന്നു.
"ഇന്നലെ ഞാൻ
ഓടിയ വഴികളിൽ ഇന്നു നീ ഓടുന്നത് കാണ്മൂ ഞാൻ..
അല്പം നിനക്കായ് ബാക്കി വയ്ക്കുക നീ ഞാനാകാതിരിക്കുവാൻ!"
നന്നായി, എല്ലാ മാതാപിതാക്കള്‍ക്കും ഉള്ളൊരു സന്ദേശം.

Post a Comment