Tuesday, November 22, 2011

തലയില് വച്ചാൽ നാറ്റമടിക്കും താഴത്ത് വച്ചാൽ കോടതി അടിക്കും

ഈ കോടതിയുടെ ഒരു കാര്യം!


സകലമാന വേസ്റ്റുകളേം റോഡിൽ നിന്ന് പുറത്താക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ കോടതി. അതിന്റെ അദ്യ പടിയായ് സ്ഥലത്തെ പ്രധാന വേസ്റ്റായ രാഷ്ട്രീയ വേസ്റ്റുകളെ റോഡിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു... ഉത്തരവിന് മീതെ പ്രകാശം പരത്തി ശുംഭന്മാർ പലരും കമ്പിയഴികൾ നൽകിയ രക്തഹാരങ്ങളിൽ പുളകിതരായ് രാഷ്ട്രീയ ചവറുകൂനയുടെ നെറുകിലെ തിലകക്കുറികളായ കഥകൾ കേരളം വായിച്ച് ദഹിച്ച് ഏമ്പക്കം വിട്ടില്ല അപ്പോഴേക്കും ലേ അടുത്ത വേസ്റ്റിനെതിരെ കോടതിയുടെ പുതിയ പോസ്റ്റ്.. ചെ വിധി!... വേസ്റ്റ്!


ഈ വേസ്റ്റുകൾ പക്ഷെ പ്രതികരിക്കാത്തവരായതു കൊണ്ടും ഞങ്ങൾ റോഡിൽ നിന്ന് മാറില്ല എന്ന് വാശി പിടിക്കാത്തവരായത് കൊണ്ടും റോഡിൽ കിടക്കാനുള്ള അവകാശത്തിന് അവർ സ്വന്തമായ് നിയമം നിർമ്മിക്കാനോ റോട്ടിൽ കിടന്ന് കോടതിയെ ഇരട്ടപേര് വിളിക്കാനോ (കോടതിയലക്ഷ്യം)  സാധ്യതയില്ലാത്തതുകൊണ്ടും കോടതിക്ക് അലക്ഷ്യ തലവേദനകൾ ഇല്ല. അപ്പീലിനും വഹുപ്പില്ലാഹ സ്വാഹ!


ജനത്തിന്റെ കാര്യം അതിലേറെ കഷ്ടാ.. താഴത്ത് വച്ചാ ഉറുമ്പരിക്കും തലേൽ വച്ചാ പേനരിക്കും എന്ന് പറഞ്ഞ് പരക്കം പാഞ്ഞ് സ്വന്തം രക്തത്തിൽ പിറന്ന വേസ്റ്റുകൾക്ക് വേണ്ടി നെട്ടോട്ടം ഓടുന്നവരാ ഞങ്ങൾ. അവന്മാർ വളർന്ന് നാലക്ഷരം കൂട്ടി പറയാൻ നാവുറപ്പായ് കഴിയുമ്പത്തന്നെ പെറ്റ തന്തയ്ക്കെതിരെ അലക്ഷ്യം പറയുന്ന കാണുമ്പം, “ഡാ ചെക്കാ.. വേസ്റ്റ് ഡാവ് കാണിച്ചാ നിന്നെ എടുത്ത് റോട്ടിൽ കളയും!” എന്ന് പറഞ്ഞാണ് അവനെ ഒന്ന് പേടിപ്പിക്കാറ്! ഇനിയിപ്പം അവനോട് അതും പറയാൻ പറ്റില്ല.. റോഡിൽ വേസ്റ്റെറിഞ്ഞാ അപ്പനെതിരെ ക്രിമിനൽ കേസ് എടുക്കും എന്ന് അവൻ ഇനി തറുതല പറയും! കോടതി വിധി കൊണ്ട് അവനും രക്ഷപെട്ടു!


ഇപ്പൊ നമ്മടെ അവസ്ഥ മക്കളേം ചുമക്കണം വേസ്റ്റും ചുമക്കണം എന്നായി! അടുക്കളക്കപ്പുറം അടുത്ത ബിൽഡിങ്ങ് ആണ്.. സിറ്റൌട്ടിനപ്പുറം റോഡാണ് ഇന്ന് കുഴിച്ചിടണം എന്ന് പറഞ്ഞാൽ ആറടി പോലുമില്ല, മണ്ണ് സ്വന്തമായ്. ഫ്ലാറ്റായത് കൊണ്ട് തറ കുഴിച്ചാൽ അതിന് കീഴെയും ഫ്ലാറ്റ് തന്നെ കിട്ടും എന്നതിനാൽ ഇലക്ട്രിക് ശ്മശാനങ്ങളിൽ അഭയം തേടുന്ന ഞങ്ങൾക്ക് പിന്നെ വേസ്റ്റ് കുഴിച്ചിടാൻ എവിടാ സ്ഥലം! അത് കൊണ്ട് ഞങ്ങൾ തന്നെ ചുമക്കണം വേസ്റ്റുകൾ എല്ലാം.


അല്ലെങ്കിലും എല്ലാ വേസ്റ്റും ചുമക്കേണ്ടത് എന്നും ജനം ആ‍ണല്ലോ... കെ എസ് ആർ ടി സിയുടെ പിടിപ്പ് കേടിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! കെ എസ് സി ബി യുടെ കൊടുകാര്യസ്ഥതയുടെ നഷ്ടം - ലോഡ് ഷെഡ്ഡിങ്ങ് സർച്ചാർജാദി വേസ്റ്റ്സ്! പെട്രോൾ കമ്പനികളുടെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! സ്വിസ് ബാങ്കിലേക്ക് പോയ പണത്തിന്റെ നഷ്ടം - വേസ്റ്റ് ഞങ്ങൾ ചുമക്കണം! ഇപ്പൊ ഞങ്ങടെ സ്വന്തം കഷ്ടപാടിന്റെ ബാക്കി വേസ്റ്റും ഞങ്ങൾ തന്നെ ചുമക്കണം!


വേസ്റ്റ് റോഡിൽ ഇടരുത് എന്ന് ഗ്രേസ് പിരിയഡ് ഇല്ലാതെ നിയമം നിലവിൽ വന്നു. പിന്നെ എവിടെ  ഇടണം!?! അത് മാത്രം തീരുമാനിച്ചില്ല. അതിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കണം എന്നാണ്. തദ്ദേശം അല്ലേ... സ്വയം ഭരണം അല്ലേ.. സ്ഥാപിച്ചത് തന്നെ. അവര്‍ വേസ്റ്റ് ഇടാന്‍ സംവിധാനം ഉണ്ടാക്കുന്ന വരെയും ആ വേസ്റ്റ് എടുത്തു കൊണ്ട് പോകുന്ന സംവിധാനം ഉണ്ടാക്കുന്ന വരെയും ഈ വേസ്റ്റ് ഒക്കെ എന്ത് ചെയ്യണം! തലയില്‍ വയ്ക്കണോ നെഞ്ചത്ത്‌ വയ്ക്കണോ!
ആദ്യം അവർക്ക് കട്ട് ഒഫ് ഡേറ്റ് കൊടുക്കേണ്ടതാരുന്നില്ലെ.. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ.(അത് നടക്കില്ലെന്ന് ആർക്കാ അറിയാത്തെ അല്ലെ!)  എന്നിട്ട് റോഡിന്റെ കാര്യം തീരുമാനിക്കേണ്ടതാരുന്നു. ഇതിപ്പൊ ജനങ്ങൾക്ക് പിഴ എന്നും കിട്ടും.. കർത്തവ്യം ചെയ്യാത്ത തദ്ദേശങ്ങൾക്ക് എന്ത് കിട്ടും??


കോമ്പ്രമൈസ്:
എന്തായാലും ചെയ്യുമ്പം വൃത്തിക്ക് ചെയ്യട്ടെ. ചില മെട്രോകളില്‍ നടപ്പിലുണ്ട് എന്ന് കേള്‍ക്കുന്നത് പോലെ എല്ലായിടത്തും മൂന്നു ബിന്‍  വീതം വയ്ക്ക.


ഒന്നില്‍ ഭക്ഷണ മാലിന്യം - പോര്‍ക്കിനെ വളര്‍ത്താം (കാര്‍ഷിക പുരോഗതി)


മറ്റൊന്നില്‍ പ്ലാസ്റ്റിക് ഇതര മാലിന്യം - കമ്പോസ്റ്റ്‌ ഉണ്ടാക്കാം അല്ലെങ്കില്‍ പാചക വാതകം ഉണ്ടാക്കാം (വീണ്ടും പുരോഗതി)


ഒന്നില്‍ പ്ലാസ്റ്റിക്‌ മാലിന്യം- പെട്രോള്‍ ഉണ്ടാക്കാം. കിലോ ഒന്നിന് എണ്ണൂറു മില്ലി പെട്രോള്‍ കിട്ടും എന്നാ പറയണേ! ഇന്ധന ക്ഷാമം നേരിടാം! ആരോടാ കളി!


എന്നിട്ട് ആവശ്യക്കാര്‍ നേരിട്ട് വന്നു കൊണ്ട് പോയ്‌ ബാക്കി ഉള്ളത് തദ്ദേശക്കാരൻ കൊണ്ടോയാ മതീല്ലോ. അവസാനം 'വേസ്റ്റ് ക്ഷാമം' എന്നൊരു സാമ്പത്തിക ദുരിതം (ഇക്കണോമിക്സ് ക്രൈസിസ്) വരാതിരുന്നാ മതിയാരുന്നു!
വേസ്റ്റ് ഒന്നിചിട്ടാല്‍ ബുദ്ധിമുട്ട് തന്നെ ആണ്. എവിടെയെങ്കിലും കൊണ്ട് പോയ്‌ തള്ളിയാല്‍ തീരുന്നതല്ല തലവേദന. അത്ര എളുപ്പമല്ല.. പക്ഷെ ജനങ്ങളെ ശിക്ഷിക്കും മുന്‍പേ ഇതിനൊരു സിസ്റ്റം കൊണ്ട് വരേണ്ടത് എന്തായാലും ആവശ്യം തന്നെ അല്ലെ..!


ശ്രദ്ധ ക്ഷണിക്കല്‍:


പിന്നെ.. റോഡിലെ വേസ്റ്റ് ഈ രണ്ടു തരം വേസ്റ്റ് കൊണ്ട് തീര്‍ന്നില്ലാട്ട.., ചിലത് കൂടി ഉണ്ട്  ശ്രദ്ധയിലേക്ക്,,


  • ആര്‍ക്കും വേണ്ടാത്ത എന്നാല്‍ ആരെയും ഒഴിവാക്കാത്ത വാരികുഴികളും;
  • തുരുമ്പിച്ചതും പുകപ്രേതങ്ങളെ ചർദ്ദിക്കുന്നതുമായ ചരിത്രാതീതകാല വാഹനങ്ങളും;
  • ഏതു നിമിഷവും ആരുടേം നെഞ്ചത്ത് വീഴാൻ തയ്യാറായ് നിൽക്കുന്ന പടുകിഴവൻ വൈദ്യുതപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തലവര നിശ്ചയിക്കുന്ന ലൈൻ കമ്പിയും;
  •  ജനമനസ്സുകൾ പോലെ ഒഴുക്കറ്റ, ചലനമറ്റ ഓടകളും; 
    • പിന്നെ....
  • പിന്നേത് നിമിഷവും ഇടിച്ച് ചിതറുവാൻ ടാറിൽ വച്ച്തേയ്ക്കപെടുവാൻ ഒരുങ്ങി കെട്ടി നടക്കുന്ന ഈ പാവം ഞങ്ങളും!

3 comments:

"റോഡിൽ വേസ്റ്റെറിഞ്ഞാ അപ്പനെതിരെ ക്രിമിനൽ കേസ് എടുക്കും എന്ന് അവൻ ഇനി തറുതല പറയും! " ഹ... ഹ...
നമ്മളൊക്കെ വേസ്റ്റ് ആയാല്‍ കത്തിച്ചു കളയാന്‍ ഉള്ളപോലെ ഒരു ഇലക്ട്രിക്‌ ശ്മശാനം വരുമോ? ആ മൂന്നുതരം ബിന്നുകള്‍ ഇവിടെ ഇനി എന്നുവരുമെന്ന് കാത്തിരിക്കയാ ഞങ്ങളും.
(ഈ പോസ്റ്റ്‌ ഒരു പരസ്യക്കാരന്‍ ഒഴികെ ആരും കണ്ടില്ലേ?)

This comment has been removed by the author.

Post a Comment