Friday, November 11, 2011

മുന്നൂറ്റിമുപ്പത്തിമൂന്ന് ലച്ചം പുഴുക്കളുള്ള നാട്ടിലൊരു കൊച്ചു അങ്കണവാടി

അങ്കണവാടിയിൽ നാളുകളായ് നടന്ന് വരുന്ന നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രക്ഷോപ പരിപാടിക്കെതിരെ ചില ദുർഘടശക്തികൾ കേസുമായ് വന്നു. അടുക്കളയിൽ ഭവാനി പയറും അരിയും അടിച്ച് മാറ്റുന്ന പ്രശ്നത്തിലും പിള്ളാരുക്ക് കുടിക്കാൻ വെള്ളമില്ലാത്ത പ്രശ്നത്തിലും നടപടി ആവശ്യപെട്ട് ഇത്തരം പ്രതിക്ഷേധങ്ങൾ കാലങ്ങളായ് നടക്കണുണ്ടാരുന്നു. സുമതിയ്ക്കുള്ള പയറിൽ പുഴുങ്ങിയ മുട്ടയിട്ട് കൊടുത്ത് ഭവാനി പ്രക്ഷോപത്തിനെതിരെ ഒരു കളിയിറക്കി. അങ്ങനെ അങ്കണവാടിയുടെ നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധം ഒരു സാമൂഹ്യപ്രശ്നം ആണെന്നും അതിനാൽ അത് നിരോധിക്കുകയാണെന്നും സുമതിയുടെ വിഖ്യാതമായ വിധി വന്നു!


ഫ്ലാഷ്ബാക്ക്:

അമ്മിണി ടീച്ചറുടെ അങ്കണവാടിയിൽ അക്രമങ്ങൾ അതിക്രമിക്കുകയാണ്!

 ഇങ്ങനെ പോയാൽ പിള്ളാര് തലേൽ കേറി ഇരുന്ന് പേൻ നോക്കും. അപ്പുറത്ത് അരീം പയറും അടിച്ച് മാറ്റുന്ന അടുക്കളക്കാരി ഭവാനി. ഇപ്പുറത്ത് ഇരിയ്ക്കപൊറുതി തരാത്ത ഇത്തിരീം പോന്ന ക്രിമിനൽകണ്ടപ്പന്മാര്. ഒരു പ്രതിവിധി കണ്ടേ മതിയാവൂ.

അവസാനം ടീച്ചർ ഒരു തീരുമാനത്തിലെത്തി. ഒരു അങ്കണവാടി കോടതി സ്ഥാപിക്കുക തന്നെ. എല്ലാ കുരുത്തകേടും ചൂടോടെ കോടതി തീരുമാനിച്ച് ശിക്ഷയാക്കട്ടെ. വസുമതീടെ മോള് സുമതി മതി ജഡ്ജി. അവളാണ് ക്ലാസിലെ അല്പം ബുദ്ധീം പിടീം ഒക്കെ ഉള്ളവള്. ടീച്ചർ തീരുമാനിച്ചു. പിന്നെ ടീച്ചർ ഒരു വിളംബരം നടത്തി.

പ്രിയപെട്ട കുട്ടികളേ, ഇന്ന് മുതൽ നമ്മടെ ക്ലാസിലൊരു പുതിയ സംഗതീണ്ടാക്കാണ്. ഇനി മേലാൽ കുട്ടികളോ, അടുക്കളയിലെ ഭവാനിയോ അവൾടെ സഹായി ഭാമിനിയോ എന്തെങ്കിലും കുറ്റം ചെയ്താൽ ശിക്ഷ നടപ്പാക്കുന്നത് നമ്മടെ സുമതീടെ കോടതി ആയിരിക്കും. കോടതി വിധി എല്ലാവർക്കും ബാധകമാണ്. വിധിയുടെ പേരിൽ സുമതിയെ കൊഞ്ഞനം കുത്താനോ കോക്കിരി കാണിക്കാനോ ഇരട്ടപേര് വിളിക്കാനോ ഇടങ്കാലിട്ട് വീഴ്ത്താനോ സ്ലേറ്റിലോ ക്ലാസ്സ് ബോർഡിലോ അവളുടെ കോക്കിരിപടം വരയ്ക്കാനോ പാടില്ല. സുമതീടെ കോടതിയുടെ തീരുമാനത്തിൽ കുത്തിത്തിരിപ്പ് ഉള്ളവർക്ക് നേരെ എന്നെ സമീപിക്കാം. ഞാൻ ആണ് സുപ്രീം കോടതി.

അമ്മിണി ടീ‍ച്ചർ അങ്കണവാടി ചരിത്രത്തിലെ ആദ്യത്തെ അ. പി. കോ. (നിയമങ്ങളും ശിക്ഷകളും അടങ്ങുന്ന ങ്കണവാടി പീനൽ കോഡ്) മേശപ്പുറത്ത് വച്ചു!

അങ്ങനെ അന്ന് തൊട്ട് സുമതി വിധി പറയാൻ തുടങ്ങി. ബൈജപ്പൻ ബെഞ്ച് ഒടിച്ച കേസിലും ബാലപ്പൻ ക്രിഷ്ണൻ കുട്ടീടെ അസ്ഥാനത്ത് പെൻസിൽ കയറ്റിയ കേസിലും മദനകുമാറിന്റെ പെൻസിൽ ഇരട്ടിപ്പ് തട്ടിപ്പ് കേസിലും എല്ലാം തെളിവോടെ സാക്ഷി വിസ്താരത്തോടെ സുമതി വിധി പറഞ്ഞു.

സുമതീടെ വിധി പറച്ചിൽ പാടവത്തെ പണി കിട്ടാത്തവരൊക്കെ പാടി പുകഴ്ത്തുകയും പണി കിട്ടിയവരൊക്കെ പിന്തിരിഞ്ഞ് കൊഞ്ഞനം കുത്തുകയും ചെയ്തു. സുമതി സ്വാധീനങ്ങൾക്ക് വഴിപെട്ട് വിധിയിൽ വെള്ളം ചേർക്കുന്നുണ്ടെന്നും ഇഷ്ടക്കാരോട് ഏതാണ്ട് ഇടപാട് കാണിക്കണുണ്ടെന്നും അങ്കണവാടിയിലെ ഇടംതിരിഞ്ഞി ഗാങ്ങ് അച്ചൂം പ്രെണ്ട്സും ന്യൂസ് പിടിത്തക്കാരൻ മനോഹരന്റെ ചെവിയിൽ വീഴാതെ അവിടേം ഇവിടേം നിന്ന് കുശുകുശുത്തു.

എന്നാലും കുരുട്ട് ബുദ്ധിക്കാരനായ മനോഹരൻ അവരുടെ പല കൊഞ്ഞനം കുത്തലുകളും കോക്കിരി കാണിക്കലുകളും കയ്യോടെ പിടികൂടി ക്ലാസ് ബോർഡിലിട്ടു. അതിനെതിരെ കേസ് എടുത്ത സുമതിയോട് മാപ്പ് പറഞ്ഞും ഒന്നും രണ്ടും ഏത്തമിടൽ ശിക്ഷ വാങ്ങിയും അവരൊക്കെ രക്ഷപെട്ടു.

സുമതിയുടെ വിധികളെ പറ്റി പല അപവാദങ്ങളും അമ്മിണി ടീച്ചറുടെ ചെവിയിലും എത്തുന്നുണ്ടായിരുന്നു. കിട്ടുന്ന പെൻസിലിന്റെ വലുപ്പമനുസരിച്ചാണ് സുമതിയുടെ വിധികൾ എന്നും വിധിയിൽ വെള്ളം ചേർക്കുന്നതിന് സുമതിക്ക് പെൻസിൽ കൈമാറുന്നതിന് താൻ നേരിട്ട് സാക്ഷി ആയിട്ടുണ്ടെന്നും സുധൻ കുമാർ പറഞ്ഞത് വലിയ വിവാദമാവാതെ കെട്ടടങ്ങി. (കേസെടുത്താൽ തനിക്ക് തന്നെ പണികിട്ടും എന്നത് കൊണ്ടാണ് സുധന്റെ പ്രസ്ഥാവനയെ സുമതി വെറുതേ വിട്ടതെന്നും ഭാഷണം ഉണ്ട്!)

ഇതെല്ലാം കണ്ടും കേട്ടും അടുക്കളേലെ സഹായി ഭാമിനി അന്തം വിട്ട് നിന്നു.
                                             * * *


അങ്ങനെയിരിക്കെയാണ് നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രതിഷേധത്തിനെതിരെ സുമതിയുടെ പുതിയ വിധി!

തങ്ങളുടെ ബാക്കി ഉള്ള ഏക അവകാശമായ കുരുത്തക്കേടിനും കോടതി കോടാലി വച്ചത് ഇടംതിരിഞ്ഞി  കൂട്ടരെപ്രകോപിപ്പിച്ചു. പലവിധത്തിലുള്ള വിമർശനങ്ങളുമായ് അവർ ഒളിഞ്ഞും പതിഞ്ഞും രംഗത്തെത്തി. ഒരു ദിവസം ഉച്ചയൂണിന് മുൻപുള്ള മുള്ളാംബെല്ലിന് പുറത്ത് വിട്ടപ്പോൾ നടവഴിയിൽ മുള്ളാനൊക്കാതെ നട്ടം തിരിഞ്ഞ് നിന്ന കൂട്ടുകാരുടെ വൈക്ലബ്യം കണ്ട് ഇടംതിരിഞ്ഞി ഗ്യാങിലെ അല്പം വയറും വായും ഉള്ള രാജപ്പൻ കോടതി വിധി മണ്ടത്തരം ആണെന്നും സുമതി മണ്ടത്തി ആണെന്നും പ്രസ്ഥാവന ഇറക്കി!

കേട്ട് നിന്ന ന്യൂസ് പിടിത്തക്കാരൻ മനോഹരൻ ഒട്ടും നേരം കളയാതെ വാർത്ത ചൂടോടെ ക്ലാസ് ബോർഡിൽ ഇട്ടു! സംഗതി സംഭവമായ്! തന്നെ മണ്ടത്തി എന്ന് വിളിച്ചത് കേട്ട സുമതി കലിതുള്ളി. ബോർഡിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സുമതി സ്വമേധയാ രാജപ്പനെതിരേ കേസ് എടുത്തു! രാജപ്പൻ കോടതി മുൻപാകെ എത്തി. സുമതി: “എന്തെങ്കിലും വിശദീകരണം പറയാനുണ്ടോ രാജപ്പാ? കോടതി വിധിയെ രാജപ്പൻ മണ്ടത്തരം എന്നും എന്നെ മണ്ടത്തി എന്നും വിളിച്ചത് ശെരി ആണോ?”

സംഗതി ശെരി തന്നെ. തെളിവുകൾ പരിശോധിച്ച സുമതി കണ്ടെത്തി. തള്ളേ കലിപ്പ് അടങ്ങണില്ലല്ലോ! സുമതി ആത്മഗതം ചെയ്തു. പിടിച്ചത് പുലിവാലായെന്ന് രാജപ്പനും മനസ്സിലായ്. വല്യ പുലിയായ താൻ സുമതിയോട് മാപ്പ് പറയുവേ... കോപ് പറയും. രാജപ്പൻ തീരുമാനിച്ചു. പിന്നെ എങ്ങനെ കേസിൽ നിന്ന് രക്ഷപെടും!!!???!! രാജപ്പൻ ആലോചിച്ചു. മണ്ടത്തരത്തിനും മണ്ടത്തിക്കും ഏത് പുരാണത്തിലെങ്കിലും തപ്പി വേറെ അർത്ഥം ഉണ്ടോ എന്ന് നോക്കുക തന്നെ! രാജപ്പൻ തീരുമാനിച്ചു!

രാജപ്പൻ തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന ബുദ്ധിമാനായ അമ്മാവന്റെ മോനെ ലീവ് എടുപ്പിച്ച് കോടതിയിൽ എത്തിച്ചു. അമ്മാവന്റെ മോൻ സുമതിയ്ക്ക് മുൻപാകെ മണ്ടത്തിയുടെ അർത്ഥം വിശദീകരിക്കാൻ അന്താളിച്ച് നിന്നു. സുമതി അമ്മാവന്റെ മോനോട് ചോദിച്ചു: രാജപ്പനെ പേടി ഉണ്ടോ? അമ്മാവന്റെ മോൻ വിറച്ച്കൊണ്ട് പറഞ്ഞു: ഇല്ല. “ഇടംതിരിഞ്ഞികളെ പേടിയുണ്ടോ?”; “ഇല്ല” “എന്നാൽ അർത്ഥം പറയൂ”

“യുവർ ഓണർ, പുരാണങ്ങളും പ്രാചീന ഗ്രന്ഥങ്ങളും കളികുടുക്കയും ബാലമംഗളവും പരിശോധിച്ചതിൽ നിന്ന് അടിയന് മനസ്സിലാവുന്നത്, മണ്ട എന്നാൽ തല അല്ലെങ്കിൽ തലച്ചോറ്. മണ്ടയിൽ നിന്ന് തരം തരം ആയി വരുന്നത് മണ്ടത്തരം. എന്ന് വച്ചാൽ ഒടുക്കത്തെ ബുദ്ധി. മണ്ടത്തി എന്നാൽ മണ്ട ഉള്ളവൾ. എന്ന് വച്ചാൽ കോടതി ബുദ്ധി ഉള്ളവൾ ആണെന്ന് വേണെങ്കിൽ കണക്കാക്കാം.”

രാജപ്പന്റേം അമ്മാവന്റെ മോന്റേം വിശദീകരണങ്ങൾ കേട്ട സുമതി കൺഫ്യൂഷണിൽ ആയി. അപ്പൊ ഇവന്മാർ എനിക്ക് ഒടുക്കത്തെ ബുദ്ധി ഉണ്ടെന്നല്ലേ പറഞ്ഞു വന്നേ.. അതോ രണ്ടും കൂടി എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നോ. കിടക്കപായിലും രാവിലെ പല്ലു തേയ്ക്കുമ്പോഴും ഒക്കെ സുമതി ആലോചിച്ചു. വായിൽ കൊള്ളാത്ത ബ്രഷ് എടുത്ത് പല്ലിൽ കുത്തി തിരുകുമ്പോഴും സുമതിയുടെ തലയിൽ ഓളങ്ങൾ താളം തുള്ളുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്ന് അച്ഛന്റെ ഘോര ഗർജ്ജനം കേട്ട് സുമതി വർത്തമാനകാലത്തിലേക്ക് വീണു; “ എടീ‍.. സുമതീ,, മണ്ടത്തീ, പോത്തേ. എന്ത് മണ്ടത്തരമാടി നീ ഈ കാണിക്കണേ? അച്ഛൻ ഡൈ ചെയ്യുന്ന ബ്രഷ് എടുത്താണോ അണ്ണാക്കിൽ ഉരയ്ക്കണേ??”

സുമതി ഞെട്ടി! തലങ്ങും വിലങ്ങും ഞെട്ടി. തന്റെ അണ്ണാക്കിലിരിക്കുന്ന ബ്രഷിന്റെ കാര്യം ഓർത്തല്ല; മറിച്ച് അച്ഛന്റെ ഗർജ്ജനത്തിന്റെ അർത്ഥം ഓർത്ത്. അപ്പോൾ താനീ ചെയ്ത ഇടപാടാ‍ണ് മണ്ടത്തരം!!!! രാജപ്പൻ എന്നെ കളിയാക്കിയത് പോരാഞ്ഞിട്ട് പറ്റിക്കാൻ നോക്കുവായിരുന്നു!! അവന്മാരെന്നെ പിന്നേം പിന്നേം മണ്ടത്തി ആക്കുവായിരുന്നു! മദമിളകിയ ആനയേപോലെ സുമതി അങ്കണവാടിയിലെത്തി. ഉമ്മറത്ത് പല്ലിളിച്ച് നിപ്പുണ്ട് രാജപ്പൻ. ഉടൻ കോടതി തുടങ്ങി. രണ്ടാമതൊന്ന് ആലോചിക്കാതെ സുമതി വിധി പറഞ്ഞു:

“രാജപ്പൻ ചെയ്തത് എന്നെ കളിയാക്കൽ തന്നെ. നിനക്ക് ഞാൻ അറുന്നൂറ് ഏത്തമിടൽ പിഴ വിധിച്ചിരിക്കുന്നു.” തടിച്ച് കുറുകിയ രാജപ്പന്റെ ഇളിച്ച മോന്ത നോക്കി കലിപ്പ് തീരാതെ സുമതി പിന്നേം പറഞ്ഞു...; “രാജപ്പാ ഡാ ചാണകപ്പുഴൂ.... ചാ‍ണകപുഴു പോലിരിക്കണ നിനക്ക് എന്റെ മുന്നിൽ നിക്കാൻ എന്ത് യോഗ്യത ഉണ്ടെടാ! അപ്പീലിന് പോലും നിക്കാതെ ഇപ്പൊ തന്നെ നീ ഏത്തം ഇട്ടോ!!” കടുത്ത വിധി കേട്ട് ഇടംതിരിഞ്ഞികൾ മൊത്തം ഞെട്ടി

കേട്ട്  നിന്ന അമ്മിണി ടീച്ചറുടെ നെല്ലിപലക തകർന്നു. “സുമതീ.. ആ മതീ.. നിർത്തിക്കോ. കോടതി ആണ് അധികാരം ഉണ്ട് എന്ന് പറഞ്ഞ് നീ അവനെ ചാണകപുഴു എന്ന് വിളിക്കുന്നോ!!? ഇനി മേലാൽ നിന്റെ കോടതീം വേണ്ട നിയമോം വേണ്ട.. ഞാൻ നോക്കിക്കോളാ കാര്യങ്ങൾ”

കണ്ട് നിന്ന ഭാമിനി ആത്മഗതം ചെയ്തു; “അങ്കണവാടി ആയതും അമ്മിണി ടീച്ചർ ആയതും നന്നായി! ശെരിക്കും ഉള്ള കോടതി ആണ് പ്രതിയെ നോക്കി ചാണകപുഴു എന്ന് വിളിച്ചേങ്കിൽ എന്ത് നടക്കും..! ആനയ്ക്ക് പ്രാന്ത് പിടിച്ചാ ചങ്ങലയ്ക്കിടാ.. ചങ്ങലയ്ക്ക് പ്രാന്ത് പിടിചാലെന്നാ ചെയ്യാനാ!”

(കോടതി ജഡ്ജിമാർ ഷാജികൈലാസിന്റെ പടം കാണാത്ത കാലത്ത് നടന്ന ഒരു കഥയാണിത്)

ഡിസ്ക്ലോന്തൽ:
ഈ കഥയിലെ കുറ്റവാളികളും കുറ്റം ചെയ്യാത്തവരും ശിക്ഷിക്കപെട്ടവരും ശിക്ഷ വിധിച്ചവരും അന്തോം കുന്തോം ഇല്ലാത്ത മുട്ടേന്ന് വിരിയാത്ത ചീളു പിള്ളാരാണ്. ഇവർക്ക് ജീവിച്ചിരിക്കുന്നവരോ പണ്ടയ്ക്കും പണ്ടേ പണ്ടാരടങ്ങിയവരോ ആയ ഏതെങ്കിലും കണാപ്പന്മാ‍രും ആയി എന്തെങ്കിലും വഹ സാമ്യം സാമീപ്യം സമാനം  ഉണ്ടേൽ അയ്യപ്പ സ്വാമിയാണേ അത് വെറും ഹുഡായിപ്പ് തോന്നൽ മാത്രാണ്. ആമേൻ

13 comments:

ഹ ഹ ഹാ... കലക്കി മോനേ.. പൊളിച്ചടുക്കി... നിന്നെ ഞാന്‍ ഒന്നു ശുംഭനെന്നു വിളിച്ചോട്ടേ ഉണ്ടൂസേ..??

പ്രകാശം പരത്തുന്നവൻ ആണേൽ ഓ കെ...

ഹ ഹ ഹ ഹ സുപ്പെര്‍ ഹെന്റമ്മോ തകര്‍ത്ത്കളഞ്ഞു....എല്ലാ ന്യായതിപരും സുമതിയെപോലല്ലാ,നീതിയും( കിട്ടുന്ന പെൻസിലിന്റെ വലുപ്പമനുസരിച്ചാണ് സുമതിയുടെ വിധികൾ എന്നും വിധിയിൽ വെള്ളം ചേർക്കുന്നതിന് സുമതിക്ക് പെൻസിൽ കൈമാറുന്നതിന് താൻ നേരിട്ട് സാക്ഷി ആയിട്ടുണ്ടെന്നും സുധൻ കുമാർ പറഞ്ഞത് ) പാവം രാജപ്പന്‍(ശുംഭന്‍)

ചിരിപ്പിച്ചു കളഞ്ഞു ....ഒടുക്കത്തെ ഭാവന തന്നെ ...!

ഉണ്ടൂസ്സെ ...
ചിരിപ്പിച്ചു പണ്ടാരടങ്ങി ...
ഒരു അംഗന്‍ വാടിയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ഈ കോടതി കഥ
നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ...
ആശംസകളോടെ........... (തുഞ്ചാണി)

വായിച്ചു രസിച്ചു...:)

ഹഹഹഹഹഹ
സമ്പവം കസറിയല്ലൊ
മണ്ടന്‍ ഹിഹിഹിഹിഹി

സുമതിയ്ക്കുള്ള പയറിൽ പുഴുങ്ങിയ മുട്ടയിട്ട് കൊടുത്ത് ഭവാനി പ്രക്ഷോപത്തിനെതിരെ ഒരു കളിയിറക്കി."

തകർപ്പൻ പോസ്റ്റ്!

മണ്ടാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ

:)

മണ്ടയുള്ളവൻ മണ്ടൻ.. എല്ലാവർക്കും താങ്ക്സ് വന്നതിനും അഭിപ്രായം രേഖപെടുത്തിയതിനും.

കൊള്ളാ ..ട്ടാ.......ഉണ്ടേ.....!!

Post a Comment