Saturday, September 24, 2011

മലയടിവാരം റിയാലിറ്റി ഷോ..!നന്മകൾ മാത്രം പങ്ക് വയ്ക്കുന്ന ടെലിവിഷനെ എലിവിഷം എന്ന ഭാവേന വിമർശിക്കുന്ന കുബുദ്ധികളുടെ നാടാണ് നമ്മുടേത്..! വിമർശനം മുഖമുദ്രയാക്കിയവർ.. എന്ത് കണ്ടാലും വിമർശിക്കുന്നവർ..! നീലയാണ് കറുപ്പാണ് എന്നൊക്കെ അവിശ്വാസികൾ അപഖ്യാതി പറഞ്ഞ് പരത്തിയിരുന്ന ശിവനേയും രാമനേയും കൃഷ്ണനേയും എല്ലാം നല്ല ഗോതമ്പ് നിറമുള്ളവരാക്കി, നിറയെ പുകയത്ത് നിർത്തി സ്വർഗ്ഗവും ആകാശവും അമ്പും വില്ലും അസുരനും കാടും മേടും അടങ്ങിയ സുന്ദര പുരാണ കഥകൾ നമുക്ക് പറഞ്ഞ് തന്ന്..തുളസി തറയിലോ ആൽതറയിലോ അല്ല ദൂരദർശന്റെ മുന്നിലാണ് കൈ കൂപ്പേണ്ടത് എന്ന് പഠിപ്പിച്ച ഭക്തി മാർഗ്ഗ സീരിയലുകളെ നമുക്ക് സംഭാവന ചെയ്തതും ഈ ടെലിവിഷൻ ആണെന്ന് മറക്കരുത്!


ഇന്നിപ്പം ആ കാലം ഒക്കെ പോയ്! എന്റച്ഛനെനിക്കൊരു പായ വാങ്ങി തന്നു..തെറുത്തിട്ടും തെറുത്തിട്ടും തീരണില്ല എന്ന് പറഞ്ഞ പോലെ ഒരിയ്ക്കലും തീരാത്ത മെഗാ സീരിയലുകളിൽ സുന്ദരിമാരായ തരുണീമണികൾ ലിപ്സ്റ്റിക്ക് പോവാതെ, സാരിയ്ക്ക് ചുളിവ് വീഴാതെ, ഒണ്ടാക്കി വച്ച ഹെയർ ഡിസൈൻ പോകാതെ വെളുപ്പിന്  കിടക്കപ്പായയിൽ നിന്നും കല്യാണത്തിന് പോകാൻ ഒരുങ്ങിയ പോലെ എണീറ്റ് വരുന്ന കാഴ്ച കാണിക്കുന്ന ടെലിവിഷൻ കാലം വന്നു! അവർ നമ്മുടെ സ്ത്രീജനങ്ങളെ കൊണ്ടൊഴുക്കുന്ന കണ്ണീർ ശേഖരിച്ച് ശുദ്ധീകരിച്ചെടുത്താൽ വൈപ്പിനിൽ എന്നല്ല കേരളത്തിലെങ്ങും കുടിവെള്ള പ്രശ്നം തന്നെ ഇല്ലാതാകും എന്ന സാരിയുടുത്ത സത്യം സർക്കാരും കൂടി തിരിച്ചറിഞ്ഞാരുന്നെങ്കിൽ! എവിടന്ന്...ഒക്കേം ബൂർഷകൾ! 


(ഈ സീരിയലിന്റെ കാര്യം പറയുമ്പം ഒരു കാര്യം ഓർമ്മിപിക്കാൻ മറന്നു.. പുരുഷാധിപത്യത്തിന്റെ അടിച്ചമർത്തലുകളിലുള്ള നാട്ടിൻപുറത്തെ പെണ്ണുങ്ങടെ മൌനരോഷത്തിന്റെ വീക്കൻസിൽ പിടിച്ചാണ് മെഗാസീരിയല് പിടിക്കുന്ന കാലമാടന്മാർ പെണ്ണുങ്ങടെ അണ്ഡകടാകത്തിലോട്ട് കേറുന്നത്..! ഏത് സീരിയൽ എടുത്താലും കണ്ണീരും കയ്യുമായ് ഒരു നായിക, സ്ഫഡികത്തിലെ മോഹൻലാലിന്റെ പോലത്തെ മറ്റൊരു നാ‍യിക..സുരേഷ് ഗോപീടെ പടത്തിലെ വില്ലന്മാരുടെ പോലെ കുബുദ്ധിയായ ഒരു വില്ലത്തി.. പിന്നെ ഇവരുടെ എല്ലാം വാലായ്.. ഒരു ശല്യോം ഇല്ലാത്ത, തോട് പൊളിച്ച കോഴിമൊട്ട പോലത്തെ പാവം രണ്ട് മൂന്ന് ‘നായകന്മാരും’ പിന്നെ ചേച്ചി എന്ത് പറഞ്ഞാലും ചെയ്യുന്ന രണ്ട് ശിങ്കിടികളും-സ്റ്റണ്ട് ചെയ്യാൻ മലയാളം സീരിയൽ നടിമാർ വിജയശാന്തി അല്ലല്ലോ! എന്തൊക്കേണെങ്കിലും പെണ്ണുങ്ങളായ നായികമാരുടെ വാലിൽ തൂങ്ങി നടക്കുന്ന നെടുനീളൻ നായികന്മാരെ കാണുന്നത് വീട്ടിലിരുന്ന് കെട്ട്യോന്റെ ഇടി വാങ്ങണ പെണ്ണുങ്ങൾക്ക് കണ്ണിനൊരാ‍നന്ദം ആണ്! ഒരാത്മസുഖം!)


ആ..അതും പോട്ടെ... അതും പഴങ്കഥ ആയി! കുബുദ്ധികൾ ഇപ്പോൾ ടെലിവിഷന്റെ ഹൈടെക്ക്നോളജി സെറ്റ് അപ് ആയ റിയാലിറ്റി ഷോകളുടെ പിറകേയാ! 


റിയാലിറ്റി ഷോകളുടെ കാര്യം ആണേൽ ഒന്നുമൊട്ട് പറയേം വേണ്ട! കണ്ണീർ സീരിയൽ കണ്ട് കരഞ്ഞ് തളർന്ന് കണ്ണ് ഡ്രൈ ആവണ അസുഖത്തിന് ഡോക്ടർ കൊടുത്ത മരുന്നും വാങ്ങി വന്ന യെന്റമ്മച്ചി കണ്ണീര് തോർന്നിത്തിരി നേരോണ്ടാവാൻ സീരിയൽ ചാനൽ മാറ്റി റിയാലിറ്റി ചാനൽ എടുത്തപ്പോ അവിടെ പന്തം കുളത്തി കണ്ണീർ! കണ്ണീരിന്റെ ഗാഗുൽത്താമല! എന്തുവാ... എലീമിനേഷൻ റൌണ്ട്! നെഞ്ചത്തിടീം നെലവിളീം! വിധി വിളയാട്ടം കൊണ്ട് മാത്രം പുറത്താകേണ്ടി വന്ന പാവം കണ്ടക്സ്റ്റണ്ടിന് സമ്മാനം കിട്ടിയില്ലെങ്കിലും സമാധാനത്തിന് സെലിബ്രറ്റി ഗസ്റ്റ് ജഡ്ജി ചേച്ചീന്റെ വക അമർത്തി ഒരു കെട്ടിപിടി! (ഇനിയെന്ത് കുന്തത്തിനാ ഫ്ലാറ്റും കാറും സ്വർണ്ണോം ഒക്കെ!) അച്ഛൻ ചത്ത് പുലകുളി കഴിഞ്ഞെത്തിയ കുടുംബാംഗങ്ങടെ മട്ടിൽ നാടൊട്ടുക്ക് മൌനം തേങ്ങൽ കരച്ചിൽ! എന്നാ ഒരു റിയാലിറ്റി ആന്നേയ്!


പക്ഷേ കുബുദ്ധികളുടെ ലേറ്റസ്റ്റ് പാഷാണം അതൊന്നും അല്ല....


വന്ന് വന്നിപ്പം അവസാനം റിയാലിറ്റി ഷോ കണ്ടാൽ മലയാറ്റൂർ മല കേറാൻ പോയ പ്രതീതിയാണെന്നാ അവർ പറയണെ..! എസ് എം എസ് യാചനാ സംഘത്തിന് സഹതാപ തരംഗം കുറയാതിരിയ്ക്കാനാണോ എന്നൊന്നും ചോദിച്ചേക്കരുത്.. കണ്ണില്ലാത്തവരും കയ്യില്ലാത്തവരും കാലില്ലാത്തവരും ധാരാളം ആയി ഇപ്പം റിയാലിറ്റി സംഘത്തിൽ കൂടി വരുന്നു! കേരളത്തിലെ ചില റിയാലിറ്റി ഷോകളുടെ പരസ്യം കണ്ടാൽ ശരിയ്ക്കും മലയടിവാരത്തെ ചില്ലറകിലുക്കം ആണ് ഓർമ്മ വരുന്നത് എന്ന് കുബുദ്ധികൾ പറഞ്ഞാൽ കുറ്റം പറയാൻ പറ്റുവോ...!

പിച്ചക്കാർക്കും ടെക്നോളജി വന്ന കാലം ആണിത്..! സ്വീകരണമുറിയിലെ കൊച്ച് പെട്ടിയിലിരുന്ന് പാട്ടും പാടി എസ് എം എസ് യാചിക്കുമ്പോൾ കണ്ണീചോരയില്ലാതെ തിരിഞ്ഞിരിക്കുന്നതെങ്ങിനെ! അയച്ച് പോകും..! ബി എസ് എൻ എൽ ഉം ബാക്കി പരിവാരങ്ങളും സഹായിച്ചിപ്പൊ നാടൊട്ടുക്ക് റേഞ്ച് ആയത് കൊണ്ട് പഴേ പോലെ പടിഞ്ഞാറേ പാടത്തോട്ടിറങ്ങണ്ടേം കാര്യം ഇല്ല തെങ്ങേൽ ഒന്നും വലിഞ്ഞ് കേറേണ്ടേം കാര്യം ഇല്ല..പണ്ട് ചക്കസീസണിൽ വീടും പറമ്പും നെറച്ച് ചക്കക്കുരു എന്നപോലെ ഇപ്പൊ പെരയ്ക്കകം നിറച്ച് മൊബീൽ ഫോണും! അഞ്ചടി അഞ്ചിഞ്ച് നീളത്തിൽ പൊതിയാൻ 2 മുഴം ഉടുപ്പ് വാങ്ങാൻ പണം ഇല്ലാത്ത പാവം ആ‍ങ്കർ കുട്ടി, പണ്ടേതൊ കവി പാടിയ പോലെ, ‘പുഴകൊണ്ടൊരു മുലക്കച്ച ചുറ്റിയ മല’യെന്ന മാതിരി എന്തോ ഒരു തുണി കഷണം മേമ്പൊടിക്ക് ഉടലേലൊന്നുഴിഞ്ഞെന്ന് വരുത്തി നിന്ന്, അവളും തെണ്ടുന്നു തൊണ്ട പൊട്ടി.., “ഇച്ചിരി ഏഷ് എമ്മെഷ്ഷ് തര്യോ”! “ജഡ്ജിമാർ പീഡിപ്പിച്ച ഈ പാവം ഞങ്ങടെ കണ്ടക്സ്റ്റന്റ്സിന് ഇനി അരിഷ്ടിച്ച് മുന്നോട്ട് പോവാൻ ഇങ്ങടെ ഏഷ് എമ്മഷ് കൂടിയേ തീരൂ..അത് കൊണ്ട് പ്ലീസ്...പ്ലീസ്...പ്ലീസ്സുമ്പുറത്ത് പ്ലീസ്!” (കോടതി അലക്ഷ്യം അല്ല.. റിയാലിറ്റി ഷോന്റെ ജഡ്ജീടെ കാര്യാ ഇമ്മള് പറഞ്ഞേട്ടാ) ലവള് പറയുന്ന പോലത്തെ മല്യാളം പര്യാൻ ഇപ്പം നാട്ടിൽ IELTS പോലത്തെ കോഴ്സുകൾ ഉണ്ടെന്നാ കേട്ടെ.. ഇപ്പം ആങ്കർ ആവാൻ ഹാങ്കറിൽ ഇട്ട പോലെ വയററ്റം കാണുന്ന ഉടുപ്പിട്ട ഒരു ബോഡീം ഈ മലയാളവുമാണത്രേ തേവൈ!


എന്തൊക്കെ ആണേലും ഇപ്പറഞ്ഞ മാതിരി എസ് എം എസ് തെണ്ടൽ തകൃതി ആയ് നടക്കണേണ്! ഇനിയെന്നാണാ ആവോ പ്രൈവറ്റ് ബസ്റ്റാന്റിൽ നിർത്തിയിട്ട ബസിനകത്ത് താലൂക്ക് തഹസീൽദാര് കൊടുത്ത നോട്ടീസുമായ് കേറുന്ന ഇടക്കാലത്ത് വന്ന ഫാഷൻ റിയാലിറ്റിയിലും വരണെ! എന്തൊക്കെ ആയാലും എസ് എം എസിന് വേണ്ടി അല്ലെ.. പട്ടിണി മാറ്റാൻ അല്ലേ..ആയിക്കോട്ടെ...!


പക്ഷേ കുബുദ്ധികളുടേ പൌശന്യം ഇത്തിരി വേറേം ഉണ്ട്..! ഏരിയ തിരിച്ച് പിച്ചക്കാരെ വിട്ട് തെണ്ടിക്കുന്ന ഏജൻസികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്! തെണ്ടി കൊണ്ട് വരുമ്പം മുഴുവനും കൊടുത്തില്ലേലും കിട്ടിയതീന്ന് ഒരു വീതം ആ കണ്ണീചോരയില്ലാത്തവന്മാരും തെണ്ടികൊണ്ട് വന്നോരുക്ക് കൊടുക്കും! അപ്പറഞ്ഞ മാതിരി അഞ്ച് പത്ത് എപ്പിസോഡുകളിൽ പരമാവധി തെണ്ടിച്ച് കിട്ടാവുന്ന എസ് എം എസ് ഒക്കേം വാങ്ങി കഴിയുമ്പോൾ കറിവേപ്പില എടുത്ത് കളയുന്ന പോലെ അവരെ എടുത്ത് കളയുമ്പം... കിട്ടിയതീന്നിത്തിരി കമ്മീഷൺ എങ്കിലും കൊടുത്ത് ഇറക്കി വിടുവാണേൽ എത്ര നന്നാരുന്നെന്ന അവര് പറയണേ!


കുബുദ്ധികൾ അങ്ങനെ പലതും പറയും... കണ്ണുകടിയാ! റിയാലിറ്റി ഷോകളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സമത്വ സുന്ദര സമ ഭാവനയുടെ കിരണങ്ങൾ അവർ കാണുന്നില്ല..! എല്ലാവർക്കും ഒരേ പോലെ അവസരം നൽകുന്ന എല്ലാവരേയും ഒരു പോലെ കരയിക്കുന്ന ഈ സുന്ദര ദൃശ്യാവിഷ്കരണത്തെ അവർ കണ്ണീചോരയില്ലാതെ വിമർശിക്കുന്നു... വിമർശിക്കട്ടെ..!

6 comments:

അപ്പോള്‍ ഈ പോസ്റ്റിനു ഇനി മുന്നോട്ട് പോകണമെങ്കില്‍ നിങ്ങളുടെ എസ്.എം.എസ് കൂടിയേ കഴിയൂ ,അയക്കേണ്ട ഫോര്‍മാറ്റ് കമെന്റ്സ് സ്പേസ് നിങ്ങളുടെ id ,വേഗമാകട്ടെ ,ങ്ങീ (പൊട്ടിക്കരയുന്നു )

അല്ല പിന്നെ...സിയാഫ്! പ്ലീസ് പ്ലീസ്...പ്ലീസുമ്പുറത്ത് പ്ലീസ്... :((

Padachone,ini bloggers-ntte oru reality show vrumo aavo???.....good work unduzzzzz....

താങ്ക്സ് പുള്ളികുത്തേ...

നാളത്തെ നമ്മുടെ തലമുറയെ ഓര്‍ത്തു വേവലാതി വേണ്ട,
അവര്‍ തെണ്ടിയെങ്കിലും ജീവിച്ചോളും.
രസകരമായി എഴുതിയിരിക്കുന്നു.

"കുബുദ്ധികൾ അങ്ങനെ പലതും പറയും... കണ്ണുകടിയാ! റിയാലിറ്റി ഷോകളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സമത്വ സുന്ദര സമ ഭാവനയുടെ കിരണങ്ങൾ അവർ കാണുന്നില്ല..! എല്ലാവർക്കും ഒരേ പോലെ അവസരം നൽകുന്ന എല്ലാവരേയും ഒരു പോലെ കരയിക്കുന്ന ഈ സുന്ദര ദൃശ്യാവിഷ്കരണത്തെ അവർ കണ്ണീചോരയില്ലാതെ വിമർശിക്കുന്നു... വിമർശിക്കട്ടെ..!"
valareshariyaanu

Post a Comment