Sunday, September 18, 2011

ബഹു. കള്ളുംകുപ്പി!





“മദ്യം വിഷമാണ്“! കേരളം കേട്ട ഏറ്റവും വലിയ വിവരക്കേട്! തോട്ടിലെ വെള്ളം എടുത്ത് മദ്യത്തിലൊഴിച്ചാലും വെള്ളം ശുദ്ധമായ് കിട്ടും! ചുമ്മ മോശമാക്കരുത്..! ഇനി ഈ വക വിവരക്കേടുകൾ ഒക്കെ ഈ മദ്യവിരോധികൾ വിളിച്ച് പറയുന്നത് കുടിയന്മാരെ കുടി നിർത്തിക്കാൻ ആണെങ്കിൽ അത് അതിലേറെ വിവരക്കേട്..! സ്വന്തം ഭാര്യയെ വെറുക്കാൻ പറഞ്ഞാൽ എളുപ്പം അനുസരിക്കും; പക്ഷേ കൂടപ്പിറപ്പായ കള്ളുംകുപ്പ്യെ പറ്റി അനാവശ്യം പറഞ്ഞാൽ വയറ്റിൽ കള്ളിന്റെ അംശം ഉള്ള ഏതെങ്കിലും മദ്യപാനി പൊറുക്കുവോ! അവന്റെ ചോരയിൽ അലിഞ്ഞതല്ലേ അത്! മദ്യം വിഷമാണ് എന്ന് പറയുന്നത് പ്രതികരണശേഷി ഇല്ലാതെ ബോധം കെട്ട് കിടക്കുന്ന കുടിയന്മാർക്കെതിരെ എന്തും പറയാം എന്ന ചിലരുടെ ധാർഷ്ട്യം മാത്രമല്ലേ!

മദ്യംഅത് ബഹുമാനിക്കപെടേണ്ടതാണ്!
എന്ത്കൊണ്ട്..? അത് മനുഷ്യനെ കൂടുതൽ അയവുള്ളവനാക്കുന്നു കൂടുതൽ സ്നേഹമുള്ളവനാക്കുന്നു.. കൂടുതൽ റിലാക്സ്ഡ് ആക്കുന്നു! ദഹന പ്രക്രിയ എളുപ്പമാക്കുന്നു! മസ്സിലു പിടിച്ച് നടക്കുന്നവനും ഒന്നര അടിച്ചാൽ കൂടുതൽ സോഷ്യൽ ആകുന്നെ കണ്ടിട്ടില്ലേ! കൊച്ച് കൊച്ച് ടെൻഷൻസ് ഉണ്ടാകുമ്പോൾ രണ്ടെണ്ണം അടിച്ചാൽ പുഞ്ചിരിക്കാൻ കഴിയുന്നതും! തെളിയിക്കപെട്ട സത്യങ്ങൾ തന്നെ ആണ് ഇവയെല്ലാം!
ഇനി ദഹനത്തിന്റെ കാര്യം ആണേൽ രാവിലെ വെളിക്ക് പോവാൻ ചെന്നിരിക്കുമ്പം സ്കൂൾ തുറപ്പിന്റന്ന് സ്കൂളിൽ പോവാൻ മടിച്ച് നിൽക്കണ പിള്ളാരെ പോലെ എത്ര ഉന്തി തള്ളി വിട്ടാലും പോവുല്ലാന്ന് പറഞ്ഞ് ശങ്കിച്ച് ഇരിക്കുന്നതിനേം, തലേ ദിവസം വൈകീട്ട് ഒരു ഒന്നര അടിച്ചിട്ടുണ്ടേൽ, അതേ പിള്ളാര് ടൂർ പോകാൻ പോണ ഉഷാറോടെ കാര്യങ്ങൾ നടക്കുന്നതിനേം പറ്റി അറിയണമെങ്കിൽ അനുഭവമുള്ളവരോട് ചോദീര്! മാത്രവുമല്ല ചില ഡാക്കിട്ടർമാര് വരെ ഇത് ഒരു ഒന്നര പ്രിസ്ക്രൈബ് ചെയ്യണുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം ആണ്! അപ്പൊ ഇനി പറ.. കള്ളുംകുപ്പി ബഹു. കള്ളുംകുപ്പി തന്ന്യോ?

എന്നിട്ട് ഇത്രേം ഡീസന്റ് ആയ സാധനത്തിനെ നമ്മുടെ നാട്ടിലെ ചില പിന്തിരിപ്പന്മാർ വിഷമാണെന്നും അപകടമാണെന്നും പറയുന്നു വിഷമാവണു! ശരിക്കും വിഷമം തന്നെ ആവണു! :(

അപ്പോൾ ഇവിടെ എന്താണ് പ്രശ്നം…? നമ്മുടെ നാട്ടിലെ പ്രശ്നം? ഈ മുഴുകുടിയന്മാർ കുടിക്കുന്ന സാധനത്തെ ബഹുമാനിക്കുന്നില്ല! അതാണ് സത്യത്തിൽ പ്രശ്നം! എന്താ ശരിയല്ലെ? ഒരു ബഹുമാനവും ഇല്ലാതെ മദ്യത്തെ ഇങ്ങനെ ഒരുമാതിരി ഭോഗിക്കരുത്! അവന്റെ വിവരക്കേട്! അത് അവനെ നശിപ്പിക്കുന്നുറോഡിൽ കിടത്തുന്നു.. കരളു വാട്ടുന്നു.. ഭാര്യയെ തല്ലിക്കുന്നു!

പീഡിപ്പിച്ചാൽ മദ്യവും പ്രതികാരം ഒക്കെ ചെയ്യും! 

2 പെഗ്ഗിൽ കുസൃതി.. 3 പെഗ്ഗിൽ വികൃതി.. 4 പെഗ്ഗിൽ തകൃതി..5 പെഗ്ഗിൽ കൃതി! അതാണ് ഈ സാധനത്തിന്റെ ഒരു സെറ്റ് അപ്! സ്വന്തം കയ്യിലെ കാശ് ചിലവാക്കി ഉടുതുണി ഉരിഞ്ഞ് റോഡിൽ കിടക്കുന്ന ഇനത്തെ ഇങ്ങ് നമ്മുടെ നാട്ടിൽ മാത്രേ കാണൂ! ശെരിക്ക് അവരുടെ കുടിയുടെ ലക്ഷ്യം എന്ത് എന്ന് പോലും മദ്യ സ്നേഹി എന്നുള്ള നിലയിൽ  ഈയുള്ളവന് പിടി കിട്ടുന്നില്ല മദ്യത്തിന് ചീത്തപേരുണ്ടാക്കാൻ പിറന്ന ഒരോരോ ജന്മങ്ങള്!

ഇതൊന്നും പോരാഞ്ഞിട്ട് പണ്ടൊക്കെ സുഹ്ര്ത്തുക്കൾക്കിടയിൽ മാത്രം നടന്നിരുന്ന വെള്ളടി മത്സരം ഇന്ന് മാധ്യമ സിൻഡിക്കേറ്റുകളുടെ സഹായത്തോടെ സംസ്ഥാന തലത്തിൽ തന്നെ ഒരു മത്സര ഇനമായി മാറുകയും ചെയ്തു പ്രത്യേകിച്ച് ഓണം ക്രിസ്മസ് കാലങ്ങളിൽ! ഇനി കള്ളുകുടി മത്സരത്തിൽ ട്രോഫി വാങ്ങി ആ സന്തോഷത്തിനു കുടിക്കുന്ന അവസ്ഥയും വിദൂരമാന്ന് തോന്നണും ഇല്ല! കരുനാഗപിള്ളിക്കാരുടേം ചാലക്കുടിക്കാരുടേം ഫാഗ്യം! ഓണത്തിന് വീടിനുമ്മറത്തും റോഡിലും പൂക്കളമാണോ അതൊ പൂവാളാണോ എന്ന് തിരിച്ചറിയാത്ത വിധം വീശിയതൊക്കെ കമിഴ്ത്തുവേം ആയപ്പൊ ആഘോഷം പൊടിപൂരം! കുഴഞ്ഞ് മൂലയ്ക്കിരിക്കുന്ന ഓണത്തപ്പന്മാരും അവൈലബിൾ! ഓണത്തിനിത്രേം റിയാലിറ്റി, മഹാബലി പാതാളത്തോട്ട് പോയതിന്റെ പിറ്റേ കൊല്ലം പോലും ഉണ്ടായി കാണില്ല!

ഇനി ഞാൻ ഉള്ള കാര്യം അങ്ങ് പറയാം.. മദ്യം വിഷമാണ് എന്ന് പറഞ്ഞ് ചെന്നിട്ട് ഈ കാലം വരെ ഈ കാലമാടന്മാരെ ഒന്ന് ഒതുക്കാൻ പറ്റിയില്ലല്ലൊ! അതുകൊണ്ട്..
കുടി നിർത്താൻ പറഞ്ഞിട്ട് ഗുണമില്ല.. എന്നാൽ പിന്നെ നിങ്ങൾ അവരെ കുടിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്ക്! ഗ്ലാസ്സിൽ പകർന്ന് തീരുന്നതിന് മുൻപ് ഒരു ചിയേഴ്സ് പോലും പറയാൻ നിക്കാതെ ഒരൊറ്റ വലിയ്ക്ക് അകത്താക്കി അടുത്ത പെഗ്ഗിനു ഗ്ലാസ് വച്ച് മോന്ത തുടയ്ക്കുന്ന ഈ വയ്യാവേലികളെ ഒക്കെ ഒതുക്കാൻ മാർഗ്ഗം നോക്കണം ഇവനൊക്കെ സോഷ്യൽ ഡ്രിങ്കിങ്ങ് എന്താന്ന് അറിയണം.. സാമൂഹ്യ കുടി എന്ന് മലയാളം.. നമ്മടെ നാട്ടുകുടിയന്മാർ അത് കേട്ട് കേൾവി പോലും ഉണ്ടൊ! (അടച്ചാക്ഷേപിക്കുവല്ല) നാലഞ്ചാളു കൂടി ഇരുന്ന് ഇത്തിരി ഇത്തിരി ആയി മുത്തി മുത്തി രുചി അറിഞ്ഞ് കുടിച്ച് വിശേഷം പറയുന്ന ആ സുഖം! രണ്ട് രണ്ടര പെഗ്ഗിന്റെ അനുഭൂതിയിൽ മനസ്സ് തുറന്നിരുന്ന് സംസാരിക്കുന്നതിന്റെ സുഖം!

നമ്മൾ ബിരിയാണി തിന്നുന്നതെന്തിനാ.. നാവിന്റെ രുചിക്ക്..അല്ലെങ്കിൽ ഉപ്പിടാത്ത കപ്പ കിഴങ്ങ് കഴിച്ചാലും പോരെ വയറ് നിറയാൻ! എന്ന പോലെ എന്ത് സാധനം തേവുമ്പോഴും അതിന്റെ ഗുണം അറിയണം.. ബോധം കെടാ‍ൻ ആണേൽ അര കുപ്പി ക്ലോറോ ഫോം വാങ്ങി വച്ചാ പോരോ..?! അതുകൊണ്ട് ബോധം കെടുന്നത് വരെ കുടി അല്ല ശരിക്കുള്ള കുടി എന്ന് അവരെ പഠിപ്പിക്കണം.. നല്ല ചൂടിലും ഇളം തെന്നൽ തഴുകുന്നത് പോലെ അനുഭവപ്പെടുന്ന; പൂതനയായ ഭാര്യ പോലും മാലാഖയായ് അനുഭവപെടുന്ന ആ സുന്ദര അനുഭൂതി വരേയെ കുടി പോകാവൂ!

ആയതിനാൽ ഇനി വേണ്ടത് റോഡിൽ കിടക്കുന്ന പാമ്പുകളെയും വാൾ വച്ച് കീഴടങ്ങി കടന്ന് പോയവരേയും (രൂപഭാവങ്ങൾ നോക്കി അത് ആരുടെ പുടവാളാണ് എന്ന് കൃത്യമായ് പറയുന്ന വിദഗ്ദർ ഇന്ന് ഓരോ പഞ്ചായത്തിലും ഉണ്ട്) വാരികൂട്ടി എവിടെയെങ്കിലും കൊണ്ട് പോയ് ഇട്ട് തലയിൽ വെള്ളമൊഴിച്ച് മോരു കലക്കി കൊടുത്ത് ചാക്കിട്ട് കുതിർത്തി വയ്ക്കണം ബോധം വരുന്നത് വരെ.. ബോധം വന്നതിന് ശേഷം അവർക്ക് ഒരു ഓറിയന്റേഷൻ അങ്ങ് കൊടുക്കണം! ഓറിയെന്റേഷൻ എന്ന് പറഞ്ഞാൽ ‘മദ്യം വിഷമാണ്’ എന്നല്ല! (ചുമ്മ കെട്ടെറങ്ങാത്ത ഏതേലും ഒരുത്തനുണ്ടേൽ തെറി കേൾക്കണ്ട) മദ്യത്തിന്റെ ഗുണ ഗണങ്ങളെ പറ്റി ഒരു ഓറിയെന്റേഷൻ ക്ലാസ്! അത് ഇഷ്ടപെടാത്ത ഒരു കുടിയനും ഉണ്ടാവില്ല!

പിന്നെ അതിൽ സൈന്റിഫിക് റിസർച് ഫലങ്ങളും രേഖകളും എന്നൊക്കെ പറഞ്ഞ് എന്തെങ്കിലും ഒക്കെ കുത്തി തിരുകണം..! എന്നിട്ട് ആദ്യം മദ്യം പവിത്രം ആണ് എന്ന് സ്ഥാപിക്കണം! സ്വന്തം കെട്ടിയവൾടെ തലയിൽ വരിയ്ക്ക ചക്ക വീണ അത്ര സന്തോഷം ഉണ്ടാവും അവർക്ക്! പിന്നെ അവരോട് മദ്യത്തെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പറയണം..! ബഹുമാനിച്ചാൽ മദ്യം തിരിച്ച് നൽകുന്ന ഗുണങ്ങൾ പറയണം.. സിപ് ചെയ്ത് കുടിക്കുന്ന പരിപാടിയിൽ പ്രാവീണ്യരായ പാശ്ചാത്യരെ ആരെയെങ്കിലെയും ഒരു പ്രാക്ടിക്കൽ സെഷന് ക്ഷണിക്കാം! ആ കോവളത്തെങ്ങാൻ ചെന്നാൽ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ തെണ്ടിതിരിഞ്ഞ ഏതെങ്കിലും സായിപ്പിനെ കിട്ടും ഈ ക്ലാസിനായ്..! പിന്നെ അച്ചാർ.. ചുണ്ണാമ്പ് ചുവരിലെ കുമ്മായം ഇതൊന്നും ടച്ചിങ്ങ്സ് ഇല്ലാതെ എങ്ങിനെ ക്ഷമയോടെ കുടിക്കാം എന്ന് പഠിപ്പിക്കണം..! കുടിക്കുന്ന നേരം ഗ്ലാസിന് അപ്പുറത്ത് കൂടെ ഇരിക്കുന്നതാരൊക്കെ എന്ന് ശ്രദ്ധിക്കുന്നതിലും അവരോട് സംസാരിക്കുന്നതിലും പരിശീലനം നൽകണം. കുപ്പിയോടെ വച്ച് കൊടുക്കരുത് കൂതറകൾക്ക്.. പെഗ്ഗ് പെഗ്ഗ് ആയേ കൊടുക്കാവൂ.. 2 പെഗ്ഗ് കഴിയുമ്പോൾ (കപ്പാസിറ്റി കൊട്ടക്കുള്ളവർക്ക് 2-3) കഴിയുമ്പോൾ ഒന്ന് പുറത്തോട്ടിറക്കണം അവരെ.. എന്നിട്ട് ഒന്ന് കറങ്ങി ചുറ്റുമുള്ളതൊക്കെ ആസ്വദിച്ച് വരാൻ പറയണം.. ആദ്യമൊന്നും ഈ പറഞ്ഞത് അങ്ങ് ദഹിക്കൂല്ല കുറച്ച് നാൾ നിയന്ത്രിത പരിശീലനം നൽകണം! എന്തൊക്കെ ആയാലും കള്ളിന്റെ യഥാർത്ഥ സുഖം അറിഞ്ഞാൽ പിന്നെ അവര് പഠിച്ചോളും.., എങ്ങിനെ ബഹുമാനിക്കണം എന്ന്! പിന്നെ പരിശീലനം ഒക്കെ കഴിഞ്ഞ് ചെല്ലുമ്പോൾ ആത്മസംയമനം കുടുംബത്തുള്ള പെണ്ണുങ്ങൾക്കും ഉണ്ടാവണം.. ഒരുമാതിരി ചൊറിയാൻ ചെല്ലരുത്! പാവം കുടിയന്മാരെ പരീക്ഷിക്കരുത്..! അവർക്ക് മാലാഖമാരെന്ന് തോന്നുമ്മെ നിങ്ങൾ മാലാഖ തോലിട്ട പിശാശുമോറികൾ ആവരുത്! അവരും ഡീസന്റ് ആയിക്കോട്ടേ!

മദ്യം ബഹുമാനിക്കപ്പെടട്ടെ!
മാന്യമായ ഒരു മദ്യപാന സംസ്കാരം നമുക്കെല്ലാവർക്കും ഒന്നിച്ചിരുന്ന് സ്വപ്നം കാണാം!

5 comments:

2 പെഗ്ഗിൽ കുസൃതി.. 3 പെഗ്ഗിൽ വികൃതി.. 4 പെഗ്ഗിൽ തകൃതി..5 പെഗ്ഗിൽ കൃതി!......അതെനിക്ക് ഭയങ്കര ഇഷ്ടായി ...

"എന്നിട്ട് ഇത്രേം ഡീസന്റ് ആയ സാധനത്തിനെ നമ്മുടെ നാട്ടിലെ ചില പിന്തിരിപ്പന്മാർ വിഷമാണെന്നും അപകടമാണെന്നും പറയുന്നു"…ഇതിനെ ഒരിക്കലും കേരളത്തിലെ കുടിയന്മാര്‍ അങ്ങീകരിക്കില്ല.മദ്യമില്ലങ്കില്‍ നമ്മുടെ കേരളത്തിന്റെ സാമ്പത്തിക അടിത്തറ വെറും"തറ"ആയാനെ അല്ലെ ഉണ്ടെംസ്?

അല്ല പിന്നെ...മുത്തേ..! മദ്യത്തിന്റെ ഗുണഗണങ്ങൾ അറിയാത്ത പിന്തിരിപ്പൻ ബൂർഷകൾ!

മദ്യം വിഷം ആണ് മോനെ ,അത് കുടിക്കരുത് ,അത് കുടിക്കുന്നതിനെ പ്പറ്റി ബ്ലോഗ്‌ എഴുതരുത് എന്ന് ഗൂഗിള്‍ ഗുരു പറഞ്ഞത് കേട്ടിട്ടില്ലേ ?ആശംസകള്‍ ,നല്ല രചനാശേഷി ഉണ്ടല്ലോ ,കുറെ കൂടി നല്ല വിഷയം എടുത്തു എഴുതൂ ...വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റിയാല്‍ കൂടുതല്‍ പേര്‍ കമന്റ്‌ എഴുതും..

"നല്ല ചൂടിലും ഇളം തെന്നൽ തഴുകുന്നത് പോലെ അനുഭവപ്പെടുന്ന; പൂതനയായ ഭാര്യ പോലും മാലാഖയായ് അനുഭവപെടുന്ന ആ സുന്ദര അനുഭൂതി വരേയെ കുടി പോകാവൂ!" - അത് കറക്റ്റ്‌. അതുപോലെ ഭാര്യമാര്‍ക്കുള്ള ഉപദേശം അവസാനം പറഞ്ഞതും. പക്ഷെ ഇങ്ങനെ രണ്ടിലും മൂന്നിലുമൊക്കെ നിര്‍ത്തി കുടിച്ചാല്‍, നമ്മുടെ സര്‍ക്കാരിന്റെ ഖജനാവ് നിറയുമോ? ഇന്ത്യാമഹാരാജ്യം അമേരിക്കയേക്കാള്‍ മേലെയാവില്ലേ? അതുകൊണ്ട് സര്‍ക്കാരും ബൂര്‍ഷ്വാസികളും മൂക്കറ്റം കുടിയെ മൂക്കറ്റം തന്നെ പ്രോത്സാഹിപ്പിക്കും.

Post a Comment